ലേഖനം: കാവൽക്കാരൻ | പാസ്റ്റർ സജി ജോൺ, മസ്കറ്റ്

ഉല്പത്തി 4:9
പിന്നെ യഹോവ കയീനോട്: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്ന് അവൻ പറഞ്ഞു.

ദൈവത്തിന്റെ ചോദ്യത്തിന് മറുചോദ്യം ചോദിക്കുന്ന കയീൻ. ഇത് ജീവിതത്തിൽ പരാജയപ്പെട്ടവൻ്റെ പ്രകൃതമാണ്. ഇവനെ ആരും മത്സരിച്ച് തോല്പിച്ചതല്ല; ദൈവഹിതം തേടാതെ സ്വയമായി അനീതിയുടെ വഴിവെട്ടി പരാജയത്തിൻ്റെ പടുകുഴിയിൽ വീണവനാണ്. അതുകൊണ്ടുതന്നെ ദൈവവഴിയിൽ നടന്ന് വിജയിച്ചവനോട് അസൂയയും പകയുമാണവന്. ദൈവത്തോടുപോലും കോപിക്കുന്നതിന് അവന് യാതൊരു ഭയവുമില്ല. സഹോദരൻ്റെ കാവൽക്കാരൻ ആയിരിക്കേണ്ടവൻ അവൻ്റെ ഘാതകനായിത്തീർന്ന ചരിത്രം.

നമ്മൾ സംരക്ഷകരായിരിക്കേണ്ട വിവിധ മേഖലകൾക്കു ചുറ്റുമാണ് നാം നിൽക്കുന്നത്. ദൈവഭക്തിയിൽ വളർത്തപ്പെടേണ്ടതിന് ദൈവം കൈകളിൽ തന്ന മക്കളെക്കുറിച്ച് മാതാപിതാക്കളോട് നിശ്ചയമായും ചോദിക്കും “നിൻ്റെ മകൻ എവിടെ? നിൻ്റെ മകൾ എവിടെ?”. നാം കണക്കു ബോധിപ്പിക്കേണ്ടവരാണ്. ദൈവജനത്തിൻ്റെയും സത്യ ഉപദേശത്തിൻ്റെയും സംരക്ഷകരായിരിക്കേണ്ട ശുശ്രുഷകന്മാർ “നിൻ്റെ പക്കൽ ഏല്പിക്കപ്പെട്ട എൻ്റെ ജനവും എൻ്റെ ഉപദേശവും എവിടെ” എന്നുള്ള ചോദ്യത്തിന് നാം മറുപടി പറയേണ്ടവരാണ്. കൂട്ടുസഹോദരങ്ങളുടെ സംരക്ഷകരായിരിക്കേണ്ട ദൈവമക്കൾക്ക് ഈ ചോദ്യത്തെ ഒഴിഞ്ഞു പോകാൻ കഴിയുകയില്ല: “നിൻ്റെ സഹോദരൻ എവിടെ?, നിൻ്റെ സഹോദരി എവിടെ?”.

കയീൻ്റെ വഴി (യൂദാ.11) തെരഞ്ഞെടുത്താൽ സംരക്ഷകരായിരിക്കേണ്ട സഹോദരങ്ങളുടെ അന്തകരായി, അവരുടെ വീഴ്ചയ്ക്ക് കാരണക്കാരായി നമ്മൾ മാറിയേക്കാം. എന്നാൽ ഹാബേൽ വിശ്വാസത്താൽ ദൈവത്തിന് കയീൻ്റേതിലും ഉത്തമമായ യാഗം കഴിച്ചു. അപ്രകാരം ബുദ്ധിയുള്ള ആരാധനയായി സ്വന്ത ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി ദൈവമുമ്പാകെ സമർപ്പിക്കുന്നുവെങ്കിൽ നമ്മൾ നിയോഗിതമായ കാര്യങ്ങളുടെ സംരക്ഷകരായി മാറും.

ഒരുമിച്ച് ആരാധിക്കുന്ന കൂട്ടുസഹോദരങ്ങളെ കൂട്ടായ്മയിൽ, ആത്മിക പ്രവർത്തനത്തിൽ കണ്ടില്ലെങ്കിൽ കർത്താവിൻ്റെ ചോദ്യം വരുന്നതിനു മുമ്പ് സ്വയം ചോദിക്കണം; എൻ്റെ സഹോദരൻ എവിടെ?,സഹോദരി എവിടെ? അന്വേഷിക്കണം.
” ശക്തരായ നാം അശക്തരായവരുടെ ബലഹീനതകളെ ചുമക്കണം” (റോമ.15:1 ). “നിങ്ങളിൽ ഒരുവനു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും” (യാക്കോബ് 1:5 ). കൂട്ടു സഹോദരങ്ങളുടെ പോരായ്മ കണ്ട് കുറ്റപ്പെടുത്തുകയും ഒറ്റപ്പടുത്തുകയുമല്ല; ചേർത്തുപിടിച്ച് സ്നേഹത്തിൽ ഉപദേശിച്ച് ഉറപ്പിക്കുന്നവരാകാം, പ്രാർത്ഥിച്ച് ബലപ്പെടുത്തുന്നവരാകാം, അകന്നു മാറിപ്പോകാതെ കൂടെക്കൂട്ടി ഉത്സാഹിപ്പിക്കുന്നവരാകാം. അതെ, വീഴുന്നവൻ വീഴട്ടെ, തകരുന്നവൻ തകരട്ടെ, വഴി തെറ്റുന്നവൻ ആ വഴി പോകട്ടെ എന്നു വിചാരിക്കാതെ നമുക്ക് സഹോദരങ്ങളുടെ കാവൽക്കാരാകാം. അവരെ കോലപാതകന് വിട്ടുകൊടുക്കാത്തവരാകാം.

 

പാസ്റ്റർ സജി ജോൺ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.