ലേഖനം: യെശൂരൂൻ ആരാണ്? ഒരു സമഗ്രമായ ആത്മീയ പഠനം | ജോൺ കെ. പോൾ

യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. ആവർ 33:26

ബൈബിളിൽ പ്രത്യക്ഷപ്പെടുന്ന ചില നാമങ്ങൾ സാധാരണ പേരുകളല്ല; അവ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ആത്മീയ പദങ്ങളാണ്. അത്തരത്തിലുള്ള ഒരു അർത്ഥസമ്പുഷ്ടമായ നാമമാണ് “യെശൂരൂൻ”. ഈ പേര് കുറച്ച് വചന ഭാഗങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും, അതിന്റെ സാരാംശം വളരെ ഗൗരവമുള്ളതാണ്.
യെശൂരൂൻ എന്ന പദം എബ്രായ ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്. ഈ പദത്തിന് “നേരുള്ളവൻ”, “നീതിമാൻ”, “പ്രിയപ്പെട്ടവൻ” എന്നീ അർത്ഥങ്ങൾ ഉണ്ട്. ദൈവം തന്റെ ജനത്തെ സ്നേഹത്തോടെ വിളിക്കുന്ന ഒരു പ്രത്യേക നാമമായി ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യാക്കോബിനെയും അവന്റെ സന്തതികളായ ഇസ്രായേൽ ജനങ്ങളെയും സൂചിപ്പിക്കാനാണ് “യെശൂരൂൻ ” എന്ന പേര് ഉപയോഗിക്കുന്നത്.
ദൈവം യാക്കോബിനെ തിരഞ്ഞെടുക്കുകയും അവനെ ഇസ്രായേൽ എന്ന പുതിയ നാമത്തിൽ വിളിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുക്കപ്പെട്ട ജനസമൂഹത്തെയാണ് പിന്നീട് ദൈവം സ്‌നേഹപൂർവ്വം “യെശൂരൂൻ” എന്ന് വിളിക്കുന്നത്. “നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
എന്ന വചനത്തിൽ ഈ സ്നേഹനാമത്തിന്റെ അർത്ഥം വ്യക്തമായി കാണാം. ഇതിലൂടെ യെശുരൂൻ എന്നത് ഒരു വ്യക്തിയുടെ പേര് മാത്രമല്ല, ദൈവത്തിന്റെ പ്രിയപ്പെട്ട ജനതയുടെ ആത്മീയമായ തിരിച്ചറിയലാണെന്ന് മനസ്സിലാക്കാം.

ഇസ്രായേൽ ജനതയുടെ യഥാർത്ഥ രാജാവ് ആരാണെന്ന് പരിശോധിക്കുമ്പോൾ, ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നത് ദൈവം തന്നെയാണ് അവരുടെ രാജാവെന്ന സത്യമാണ്. മനുഷ്യരാജാക്കന്മാർ പിന്നീട് ഉണ്ടായെങ്കിലും, ആത്യന്തികമായി ദൈവിക പദ്ധതിയിൽ ദൈവം തന്നെയാണ് യെശുരൂന്റെ ഭരണാധികാരി. അവൻ രക്ഷകനും സംരക്ഷകനും ആകുന്നു. അത്കൊണ്ട് യെശുരൂന്റെ മഹത്വം ദൈവത്തോടുള്ള ബന്ധത്തിലാണ് നിലനിൽക്കുന്നത്.
എന്നാൽ ദുഃഖകരമായ ഒരു സത്യവും ബൈബിൾ നമ്മോട് പറയുന്നു. ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചപ്പോൾ യെശുരൂൻ പലപ്പോഴും ദൈവത്തെ മറന്നുപോയി. “യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
എന്ന വചനത്തിൽ ഈ അവസ്ഥ വളരെ വ്യക്തമായി വരച്ചുകാട്ടുന്നു. സമൃദ്ധിയും സൗഖ്യവും ലഭിച്ചതോടെ അവൻ ദൈവത്തിൽ നിന്ന് വിട്ടുമാറി. അനുഗ്രഹം ലഭിക്കുമ്പോൾ മനുഷ്യൻ തന്റെ സൃഷ്ടാവായ ദൈവത്തെ മറക്കുന്നതിന്റെ ഒരു പ്രതീകമാണ് ഇത്.
ഇസ്രായേൽ ജനങ്ങൾ ദൈവത്തെ രാജാവായി കാണാതെ മനുഷ്യരാജാവിനെ തേടിയത് ഈ വഴിതെറ്റലിന്റെ മറ്റൊരു ഉദാഹരണമാണ്. ദൈവം അവരുടെ അഭ്യർത്ഥന അനുവദിച്ചെങ്കിലും അതിൽ അവൻ സന്തുഷ്ടനല്ലായിരുന്നു. “എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.”
എന്ന വചനത്തിലൂടെ ദൈവത്തിന്റെ നിരാശയും നീതിയും പ്രകടമാകുന്നു. ഇത് ഒരു ചരിത്രസംഭവം മാത്രമല്ല, ദൈവത്തെ ഉപേക്ഷിച്ചാലുണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പുമാണ്.

യെശൂരൂൻ നമ്മെ പഠിപ്പിക്കുന്നത് ദൈവവുമായി ഉള്ള ബന്ധം വിശുദ്ധവും സ്ഥിരവുമായിരിക്കണം എന്നതാണ്. ദൈവം നമ്മെ സ്നേഹത്തോടെ വിളിക്കുന്നു, പക്ഷേ ആ വിളിക്ക് യോജിച്ച ജീവിതം നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അനുസരണക്കേട് അനുഗ്രഹത്തെ അകറ്റും എന്ന സത്യവും ഇതിലൂടെ വ്യക്തമാണ്.

അവസാനമായി, യെശൂരൂൻ എന്ന പദം ഒരു നാമം മാത്രമല്ല, ഒരു വിളിയാണ്. അത് ദൈവത്തിന്റെ പ്രിയപ്പെട്ടവരായി ജീവിക്കാൻ ഉള്ള ക്ഷണമാണ്. ദൈവത്തെ രാജാവായി സ്വീകരിക്കുകയും അവനോട് വിശ്വസ്തരായി നിലനിൽക്കുകയും ചെയ്യുമ്പോൾ മാത്രമേ നാം യഥാർത്ഥ അർത്ഥത്തിൽ യെശൂരൂനായി മാറുകയുള്ളു.
ദൈവം നമ്മെ യെശൂരൂൻ എന്ന നിലയ്ക്ക് അറിയപ്പെടാൻ യോഗ്യരാക്കട്ടെ.

 

ജോൺ കെ പോൾ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.