തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി…! (ഭാഗം 10) | സജോ കൊച്ചുപറമ്പിൽ

ഒരു വൈകുന്നേരം സഭയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അയാൾ അവളുടെ മുന്നിലേക്ക് രണ്ട് ചെറിയ നീല പുസ്തകങ്ങൾ നീട്ടി വെച്ചു.
അവൾ അത്ഭുതത്തോടെ ചോദിച്ചു,
“ഇതെന്താ??”
അയാൾ ചിരിച്ചു.
“പാസ്പോർട്ട്…”
അവളുടെ കണ്ണുകൾ നിറഞ്ഞു.
ഒരിക്കൽ വീട്ടിലെ അടുക്കളയും മഴ ചോരുന്ന ഓടും മാത്രമായിരുന്നു അവളുടെ ലോകം. ഇന്ന് രാജ്യങ്ങളുടെ അതിരുകൾ കടക്കാനുള്ള വാതിൽ അവളുടെ മുമ്പിൽ തുറന്നിരിക്കുന്നു.
അങ്ങനെ മാസങ്ങൾക്കുശേഷം അവർ ആദ്യമായി വിമാനത്തിൽ കയറി.
മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയ അവൾക്ക് പഴയ ആകാശവും പറവകളും ഓർമ്മ വന്നു.
“ആകാശത്തിലെ പറവകളെ നോക്കുവിൻ…”
അവൾ പതിയെ മന്ത്രിച്ചു.
ഒരിക്കൽ അപമാനത്തിന്റെ നൂലിൽ കെട്ടിയിട്ട തുമ്പിയെപ്പോലെ ജീവിച്ചവൾ… ഇന്ന് ആകാശങ്ങൾക്ക് മുകളിലൂടെ പറക്കുകയാണ്.
രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് അവർ യാത്ര ചെയ്തു. സഭകളിൽ… കോൺഫറൻസുകളിൽ… ചെറിയ പ്രാർത്ഥനാ കൂട്ടായ്മകളിൽ… അവർ തങ്ങളുടെ ജീവിതസാക്ഷ്യം പറഞ്ഞു.
മുറിവേറ്റ കുടുംബങ്ങൾ അവരെ കേട്ടു. പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യർ അവരെ ചേർത്ത് പിടിച്ചു. മദ്യത്തിന്റെ അടിമകളായിരുന്നവർ വിടുതൽ തേടി പ്രാർത്ഥിച്ചു.
ഒരു ദിവസം യൂറോപ്പിലെ മഞ്ഞുമലകൾക്കിടയിൽ നിന്നുകൊണ്ട് അയാൾ അവളോട് പറഞ്ഞു,
“നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചുപോയേനെ…”
അവൾ പുഞ്ചിരിച്ചു.
“ഇല്ല… നമ്മളെ രണ്ടുപേരെയും ജീവിപ്പിച്ചത് ദൈവമാണ്.”
അവരുടെ മുന്നിൽ മേഘങ്ങൾ ഒഴുകി നീങ്ങി. തണുത്ത കാറ്റ് അവരിലൂടെ വീശി കടന്നു.
അപ്പോൾ അവളുടെ മനസ്സ് വീണ്ടും മന്ത്രിച്ചു,
“എന്റെ പ്രിയേ… ശൂലേംകാരത്തി… നീയെത്ര മനോഹരി…!”
അവസാനിച്ചു.

 

സജോ കൊച്ചുപറമ്പിൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.