ലേഖനം: സണ്ടേസ്കൂളിനും ട്യൂഷൻ വേണ്ടായോ? | റോയ് ഇ. ജോയ്, ഹൈദരാബാദ്

യേശു ഒരു സണ്ടേസ്കൂൾ അധ്യാപകൻ:
ങേഹ്! അതാരാ പറഞ്ഞേ? യേശുവിൻ്റെ കാലത്ത് സഭ ഉണ്ടായിരുന്നില്ല, പിന്നെയാണോ സണ്ടേസ്കൂൾ അഥവാ ജൂനിയർ ചർച്ച്. താങ്കൾ പറഞ്ഞത് ശരി തന്നെയാണ്. ഒരു സംശയവുമില്ല, യേശു ഒരു സണ്ടേസ്കൂൾ അധ്യാപകനെക്കാൾ വലിയവനാണ്. അദ്ദേഹം ഒരു ‘മാസ്റ്റർ ടീച്ചറാ’യിരുന്നു. അദ്ദേഹത്തിന് കുട്ടികളുടെ ഭാഷയിലും അതുപോലെ സദൂക്യരുടെയും (യുക്തിവാദികൾ) ശാസ്ത്രിമാരുടെയും (ന്യായപ്രമാണ അധ്യാപകർ) പരീശന്മാരുടെയും (പാരമ്പര്യവാദികൾ) ഭാഷയിലും അനായസമായി സംസാരിക്കാനാവുമായിരുന്നു. അതു ശരിയാണ് യേശു കുട്ടികൾക്കായി ശബ്ബത്തുസ്കൂളോ സണ്ടേസ്കൂളോ എടുത്തിരുന്നില്ല. എന്നാൽ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ ഹൃദയവും മനോഭാവവും മനസ്സിലാക്കുവാൻ ലളിതവും വ്യക്തവുമാണ്.

കുട്ടികളോടുള്ള യേശുവിന്റെ മനോഭാവം

a. യേശു കുട്ടികളോട് വളരെ സൗമ്യനാണ്: “ഒരു ഇടയനെപോലെ അവൻ തൻ്റെ ആട്ടിൻക്കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും” (യെശ. 40.11; മർക്കൊസ് 9.36). ഇതു വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്, ബൈബിൾ വാക്യങ്ങൾ മനഃപാഠമാക്കുന്ന കുട്ടികളെല്ലാംതന്നെ “യഹോവ എൻ്റെ ഇടയനാകുന്നു” എന്ന വാക്യത്തിലാണ് മിക്കപ്പോഴും തുടങ്ങുന്നത്. അവർ ബൈബിൾ അധ്യായങ്ങൾ മനഃപാഠമാക്കുന്നുവെങ്കിൽ ഉറപ്പായും പറയാം ആദ്യം കാണാതെ പഠിക്കുന്നത് 23-ാം സങ്കീർത്തനമായിരിക്കും. യഹോവ എന്റെ ഇടയനാകുന്നു എന്നു കുട്ടികൾ പഠിക്കുന്നത് എത്ര വലിയ സത്യമാണ്.

യേശുവിന്റെ അരികിലേക്ക് നിങ്ങളുടെ കുട്ടികളെ കൊണ്ടുവരിക അവൻ അവരെ മൃദുവായിട്ടായിരിക്കും നയിക്കുന്നത്. മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ മൃദുവായി നയിക്കുന്നത് എങ്ങനെയെന്ന് ചിലപ്പോൾ മറന്നുപോകാറുണ്ട്. യേശുവിന്റെ ദിവ്യമായ സൗമ്യത കുനിഞ്ഞു നമ്മുടെ മക്കളെ എടുത്തുപൊക്കുവാൻ പ്രേരിപ്പിക്കുന്നു. സഭയുടെ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പരസ്യമായി കുനിഞ്ഞ് കുഞ്ഞുങ്ങളെ പൊക്കിയെടുക്കുന്നത് അപൂർവമായി മാത്രമേ നാം കാണാറുള്ളൂ. എന്നാൽ എനിക്കറിയാം കുട്ടികളെ ഏറെ ഇഷ്ടമുള്ള ഒരു ബിഷപ്പിനെ. ‘നല്ല ഇടയന്’ കുട്ടികളുടെ കൂട്ടത്തിൽ ആയിരിക്കുവാൻ പ്രയാസമില്ല, എന്തുകൊണ്ടെന്നാൽ അവന്റെ കുട്ടികളാണ് അവർ. ഒരു കുട്ടിയെ സഹായിക്കുവാൻ ഒരുവൻ താണുവരുമ്പോൾ അവന് ഉയരം കൂടുകയാണ്!

b. കുട്ടികളോട് അഥവാ ശിശുക്കളോടു കാരുണ്യം കാട്ടുന്നവർക്ക് പ്രതിഫലം യേശു വാഗ്ദത്തം ചെയ്യുന്നു: “ഈ ചെറിയവരിൽ ഒരുത്തന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെ പോകയില്ല” (മത്തായി 10.42). അവൻ അനാഥനെയും വിധവയെയും സംരക്ഷണചെയ്യുന്ന ദൈവമാണ് (സങ്കീ. 146.9). മക്കളെ സ്നേഹം കൊണ്ടു കുമിഞ്ഞുമൂടുന്ന ചില മാതാപിതാക്കളുണ്ട്. അനാഥരും പാവപ്പെട്ടവരുമായ കുട്ടികളുമുണ്ട് സ്നേഹമുള്ള മാതാപിതാക്കളുടെ അൽപ്പസ്നേഹത്തിനായി കാത്തിരിക്കുന്നവർ. അത്തരത്തിലുള്ള കുട്ടികളെ സഹായിക്കുന്നവർക്ക് പ്രതിഫലം ലഭിക്കാതെ പോകയില്ല. വൈവിധ്യമാർന്ന തരത്തിലുള്ള കുട്ടികളുടെ ശുശ്രൂഷയിൽ ഏർപ്പെടുന്നവർക്ക് പ്രതിഫലം ലഭിക്കാതെ പോകയില്ല.

c. താഴ്മയുടെ പ്രതീകമായി യേശു ഒരു ശിശുവിനെ ഉപയോഗിച്ചു: സാധാരണക്കാരായ മുക്കുവന്മാർ യേശുവിന്റെ ശിഷ്യന്മാർ ആയപ്പോൾ അവർ വലിയവരായി. യേശുവിന്റെ ശിഷ്യന്മാരിൽ “ആരാകുന്നു ഏറ്റവും വലിയവൻ” എന്ന് ഒരു തർക്കം ഉണ്ടായി. അതുകൊണ്ടു യേശുവിന് അവരോടു പറയേണ്ടതായി വന്നു, “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു…നിങ്ങളോടു പറയുന്നു” (മത്തായി 18.3 cf. 19.14). കുട്ടികളിൽ പാപസ്വഭാവത്തിൻ്റെ എല്ലാ പ്രകൃതങ്ങളും കാണുന്നുണ്ടെങ്കിലും അവരിൽനിന്ന് നമുക്കു വിധേയത്വവും ആശ്രയവും സുതാര്യതയും ലാളിത്യവും ഒക്കെ പഠിക്കുവാനാകും. യേശു തൻ്റെ ശിഷ്യന്മാരോടു പറഞ്ഞത് നിങ്ങൾ തിരിഞ്ഞു ശിശുക്കളെപോലെ ആയിവരുവാനാണ്, ശിശുക്കളെ അവരെപോലെ ആക്കുവാനല്ല.

d. യേശു പറഞ്ഞു ശിശുക്കളെപോലെയുള്ള ആത്മാവിനാണ് ക്രിസ്തീയ ജീവിതത്തിൽ പ്രാധാന്യം (മത്തായി 18.3,4): കുട്ടികൾ സ്മാർട്ടായിരിക്കും പക്ഷേ, നയതന്ത്രജ്ഞത അവരുടെ പെരുമാറ്റത്തിൽ കാണിക്കാറില്ല. കുട്ടികൾക്ക് വിശക്കുമ്പോൾ അവർ ഒട്ടും നടിക്കാറില്ല, ഇപ്പോൾ ജനിച്ച ശിശുക്കളെപോലെ പാലിനായി (ചോക്ലേറ്റിനായി) അവർ കരയുന്നു. പൗലൊസ് പറയുന്നതെന്താണ്, “തിന്മയ്ക്കു ശിശുക്കൾ ആയിരിപ്പിൻ” എന്നാണ് (1 കൊരി. 14.20). കുട്ടികൾ അവർക്കു ചുറ്റുമുള്ള എന്തിനെക്കുറിച്ചും അറിയുവാൻ കൗതുകമുള്ളവരാണ്. ചില സമയങ്ങളിൽ കുട്ടികൾ പഠിക്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ ക്ഷമയെ പരീക്ഷിക്കും എന്നാൽ അവർ വേഗത്തിൽ പഠിക്കുകയും ഉത്സാഹത്തോടെ പഠിക്കുകയും ചെയ്യുന്നു.
e. കുട്ടികളെ തുച്ഛീകരിക്കാതിരിപ്പാൻ നോക്കണമെന്ന് യേശു മുന്നറിയിപ്പു തരുന്നു (മത്തായി 18.10) കുട്ടികൾ ദൈവത്തിനു വിലയേറിയവരാണ്. അവരെ ദുരുപയോഗിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു, കുട്ടികളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്ത് ഏറെ നടക്കുന്നുണ്ട്. രൂത്ത് ടട്ടിൽ കൊണാർഡ് ‘Devotions for New Moms’ എന്ന പുസ്തകത്തിൽ ഒരു കഥ പറയുന്നുണ്ട്. അവരുടെ മകൾ ഒരു ദിവസം ഹൈസ്കൂളിൽ പോകുവാനായി സ്ട്രീറ്റ് കോർണറിൽ ബസ് കാത്തു നിൽക്കുകയായിരുന്നു. ഒരു കാർ അവളുടെ അടുത്തുകൂടെ വളരെ പതുക്കെ പോയി, അവൾ അതിനു വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. ഉടൻ തന്നെ ആ കാർ തിരിച്ച് അവളുടെ അടുത്തു വന്നു നിർത്തി. ഇപ്പോൾ ആ കാറിൽനിന്ന് രണ്ടു ചെറുക്കന്മാർ അവളെ നോക്കി വിസിലടിക്കുകയും എന്തൊക്കെയോ അശ്ളീലം പറയുകയും ചെയ്തു. അവൾ നിന്നിരുന്ന സ്ഥലത്തുനിന്ന് അവൾ മാറി, ബസ് എത്രയും പെട്ടെന്ന് വന്നിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു. കാർ അവളുടെ മുമ്പിൽ വലിയ ശബ്ദത്തോടെ ഡോർ വലിച്ചു തുറന്നു നിന്നു. ഒരു നിമിഷം അവൾ മരവിച്ചുപോയി. ഒരുത്തൻ കാറിൽനിന്ന് എന്തൊക്കെയോ ശാപവാക്കുകൾ പറഞ്ഞുകൊണ്ട് അവളെ സമീപിച്ചു. “എടീ കൊച്ചേ, നീ ഇന്നു ഞങ്ങൾക്കുവേണ്ടി കൊറേ പണിയേണ്ടി വരും.” അവളെ അവന്റെ ശക്തമായ ബലമുള്ള കൈക്കുള്ളിൽ ആക്കി തുറന്നു കിടന്ന കാറിന്റെ ഡോറിലേക്കു നീങ്ങി. അപ്പോഴാണത് സംഭവിച്ചത്, അതിഭയങ്കര ശബ്‌ദം ഉണ്ടാക്കിക്കൊണ്ട് അതിബലിഷ്ഠമായ കരങ്ങൾ ആ കാപാലൻ്റെ കരങ്ങളിൽനിന്ന് അവളെ വേർപെടുത്തി. അതിവേഗം കാറിന്റെ ഡോർ വലിച്ചടിച്ച് അവന്മാർ കടന്നുകളഞ്ഞു. അവൾ സംസാരിക്കാനാവാതെ അവിടെനിന്നു. അവളുടെ ഇരുവശത്തും രണ്ട് ‘പങ്ക് റോക്ക്സ്റ്റാർ’ പോലെയുള്ള ബലിഷ്ഠകായന്മാർ നില്ക്കുന്നു. രണ്ടു മിനിറ്റിനു മുമ്പ് അവരവിടെ ഇല്ലായിരുന്നു. അവരെ അവൾ മുമ്പെങ്ങും കണ്ടിട്ടുമില്ല. അവളുടെകൂടെ അവരും വരാമെന്നു പറഞ്ഞു. അവർ വന്നു. പിന്നെ അവർ ഒന്നും സംസാരിച്ചില്ല. അവർ ബസ് കയറി അവളോടൊപ്പം ഇരുന്നു. അവർ അവളെ സ്കൂൾ ഗേറ്റിനുള്ളിൽ കടത്തി. പിന്നെ അവരെ കണ്ടില്ല. രൂത്ത് പറയുന്നു, “ഞങ്ങളുടെ മകളെ സംരക്ഷിക്കാൻ എത്തിയവർ കടന്നുപോയി. അവർ പോയി…പക്ഷേ, അവർ ദൂരെ പോയിട്ടില്ല.”

ദൂതന്മാർക്ക് മനുഷ്യരോട് ഒരു അതുല്യമായ ശുശ്രൂഷയുണ്ട്. അവർ സേവകാത്മാക്കളാണ്, നമ്മുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്നവരാണവർ (എബ്രാ. 1.14). ദൂതന്മാർ നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും ശുശ്രൂഷചെയ്യുന്നു നാം ഒരു രാജാവിന്റെ മക്കളെന്നപോലെ. കുട്ടികളെ മുറിവേല്പിച്ചശേഷം രക്ഷപ്പെടാമെന്ന് ആരും ചിന്തിക്കരുത്. ‘പീഡോഫൈൽസ്’ (കുട്ടികളെ ഉപദ്രവിക്കുന്നവരേ) ചെറിയവരിൽനിന്ന് വളരെ ദൂരെ മാറി നിലക്കുക. വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ, “സൂക്ഷിക്കുക, ഗാർഡിയൻ ഏഞ്ചൽസുണ്ട്.” ഓർത്തുകൊള്ളുക, ഒരിക്കലും കുട്ടികളെ തുച്ഛീകരിക്കരുത്. അവരുടെ സേവകാത്മാക്കളെ കണ്ടാൽ രണ്ടു കാലും പറിച്ച് നിങ്ങൾ ഓടും. നമുക്ക് ദൈവത്തിനു നന്ദിപറയാം നമ്മുടെ ചുറ്റിനുമുള്ള സേവകാത്മാക്കൾക്കായി, അവരുടെ വിശ്രമമില്ലാത്ത സേവനത്തിനായി.

f. യേശു കുട്ടികളെ സംരക്ഷിച്ചു (മത്തായി 19.13,14; മർക്കൊസ് 10.14; ലൂക്കൊസ് 18.15-17): കീറിയ നോട്ടുകൾ കുട്ടികൾക്കും സ്ത്രീകൾക്കും ഒരിക്കലും കൊടുക്കരുത് എൻ്റെ പിതാവ് എന്നോടു പറഞ്ഞിട്ടുണ്ട്, കാരണം അവർ ദുർബലരാണ്. (സ്മാർട്ടായിട്ടുള്ളവർ അത് സ്തോത്രകാഴ്ച പാത്രത്തിലിട്ടു തടിതപ്പും.)

പുരാതന യിസ്രായേലിൽ കുട്ടികൾക്ക് വലിയ ബഹുമാനം കൊടുത്തിരുന്നില്ല. യേശുവിന്റെ അടുത്തേക്ക് ശിശുക്കളെ കടത്തിവിടാതിരുന്നത് സാധാരണമായ ഒരു പ്രവൃത്തി ആയിരുന്നു. മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളെ യേശുവിന്റെ ‘ഓട്ടോഗ്രാഫിനു’വേണ്ടിയല്ല കൊണ്ടുവന്നത്, യേശു അവരെ തൊട്ട് അനുഗ്രഹിക്കുവാനാണ്. യേശു സന്തോഷത്തോടെ അവരെ തൻ്റെ അരികിലേക്ക് സ്വീകരിച്ചു. ശിശുക്കളെ അനുഗ്രഹിക്കുന്നതിൽ അവൻ ഒട്ടും ക്ഷീണിച്ചിരുന്നില്ല (മർക്കൊസ് 10.13-16). ശിശുക്കളോടുള്ള ബന്ധത്തിലാണ് യേശു കോപിക്കുന്നത് (മുഷിയുന്നത്). യേശു ദൈവാലയം ശുദ്ധീകരിച്ചപ്പോൾ അവൻ കോപിക്കുകയായിരുന്നില്ല, തൻ്റെ പിതാവിന്റെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണതയായിരുന്നത് (യോഹ. 2.12-17) ഇത് കുഞ്ഞുങ്ങളോടുള്ള യേശുവിന്റെ ഹൃദയമാണ് കാണിക്കുന്നത്. എന്തുകൊണ്ടെന്നാൽ യേശുവിനു കുട്ടികളുടെ ഹൃദയം അറിയാം.

യേശു തൻ്റെ അത്ഭുതങ്ങളിൽ കുട്ടികളെയും പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ അത്ഭുതകരമായി പോഷിപ്പിച്ച കഥയിൽ അപ്പവും മീനും ഒരു ബാലകൻ്റെ കൈയിൽനിന്നാണ് ലഭിച്ചത്. മൂന്നു പേരെ യേശു ഉയിർപ്പിച്ചതിൽ ഒന്ന് 12 വയസ്സുള്ള യായീറോസിൻ്റെ മകളായിരുന്നു. ഈ അത്ഭുതം പെൺകുട്ടികളും ആൺകുട്ടികളെപോലെ പ്രാധാന്യമുള്ളവരാണെന്ന ഒരു പോസിറ്റീവ് സിഗ്നൽ തരുന്നു. അനവധി പെൺകുട്ടികൾ നമ്മുടെ ചുറ്റുപാടും ഉയർത്തപ്പെടുവാനായുണ്ട്. പെൺകുഞ്ഞുങ്ങൾ എന്നു മനസ്സിലാക്കിയാൽ അബോർഷനും പെൺകുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതും നമ്മുടെ രാജ്യത്ത് പലയിടങ്ങളിലും നടക്കുന്നുണ്ട്. എത്രയും ഖേദകരമെന്നേ പറയാനുള്ളൂ.

g. കുട്ടികൾ കളിക്കുന്നത് യേശു നിരീക്ഷിച്ചു (മത്തായി 11.16). കുട്ടികൾക്ക് സ്പോർട്സും ഗെയിംസും കൊണ്ട് ഉല്ലാസഭരിതമായ ഒരു ജീവിതമുണ്ട്. അവർ മാതാപിതാക്കളെയും മുതിർന്നവരെയും അനുകരിച്ച് കളിക്കാറുണ്ട്. അവർ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കാറുണ്ട്! കുട്ടികൾ പ്രസംഗം കേൾക്കുന്നതിനെക്കാൾ കൂടുതൽ ഉദാഹരണങ്ങൾ, മാതൃകകൾ ശ്രദ്ധിക്കാറുണ്ട്. ആരോ സരസമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്, “കുട്ടികളെ വളർത്തുന്നത് വളരെ പ്രയാസമാണ്. അവരെപ്പോഴും അമ്മയപ്പന്മാരെ അനുകരിച്ചോണ്ടിരിക്കുകയാണ്.”

അനുഗൃഹീതരായ സണ്ടേസ്കൂൾ അധ്യാപകർ:

“ഈ പ്രവചനത്തിൻ്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ” (വെളി. 1.3). കുട്ടികളെ ബൈബിൾ പാഠങ്ങൾ പഠിപ്പിക്കുവാനായി സ്വമേധയാ സമയം നീക്കി വെക്കുന്ന സണ്ടേസ്കൂൾ അധ്യാപകർക്കായി സ്തോത്രം! പലയിടത്തും സണ്ടേസ്കൂളുകളും ആരാധനകളും ഒരേ സമയത്തു നടക്കുന്നതിനാൽ ആരാധന മുടക്കിയിട്ട് പഠിപ്പിക്കാൻ വരുന്ന അധ്യാപകരെ നന്ദിയോടെ ഓർക്കുന്നു. ‘മാസ്റ്റർ ടീച്ചറാ’യ യേശുവിന്റെ അടുത്തേക്ക് കടന്നു വരുവാൻ എണ്ണമറ്റ ബൈബിൾ കഥകളും വസ്തുതകളും കുട്ടികളെ നന്നായി മനസ്സിലാക്കുന്ന അധ്യാപകർ സഹായിക്കുന്നു. അനവധി സണ്ടേസ്കൂൾ വിദ്യാർത്ഥികൾ യേശുവിനെ രക്ഷിതാവും കർത്താവുമായി കണ്ടെത്തിയത് സണ്ടേസ്കൂളിലാണ്. ചില അധ്യാപകർ അവരുടെ കുട്ടികളിൽ എന്നേക്കും നിൽക്കുന്ന മതിപ്പ് മുദ്രപോലെ പതിപ്പിച്ചിട്ടായിരിക്കും പോകുന്നത്. ഇപ്പോഴും എന്നെ പഠിപ്പിച്ച സണ്ടേസ്കൂൾ അധ്യാപകരെ ഞാൻ മറന്നിട്ടില്ല… റേയ്ച്ചലമ്മാമ്മ, പൊന്നമ്മാമ്മ, ദാനിയേലച്ചായൻ. അവർ ഞങ്ങളെ പഠിപ്പിച്ചത് ലളിതമായ ബൈബിൾ പാഠങ്ങളാണ് പക്ഷേ, അത് വിലയേറിയ ആത്മീയ പാഠങ്ങളായിരുന്നു. ഞാനവർക്കായി കർത്താവിനെ സ്തുതിക്കുന്നു.

നൂറിലേറെ കുട്ടികളുള്ള ഒരു സണ്ടേസ്കൂളിലെ അധ്യാപകരെല്ലാംകൂടെ ഒരു ക്യാമ്പിനായി പോയി. അപ്പോൾ അവിടെ സരസമായ ഒരു പരാതി ഉയർന്നു, ഞങ്ങൾക്കാർക്കും ശമ്പളം കിട്ടുന്നില്ല എന്ന്. ഏതെങ്കിലും സഭയിൽ സണ്ടേസ്കൂൾ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതായി അറിയില്ല. എന്നാൽ ചില സഭകളിൽ ‘World Sunday School Day’ ആയ നവംബർ ഒന്നാം ഞായറാഴ്ച്ച അവരെ പ്രത്യേകം അഭിനന്ദിക്കുകയും അവർക്കു സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യാറുണ്ട്. അവരത് അർഹിക്കുന്നു. അവർക്ക് ഉപഹാരങ്ങൾ കൊടുക്കണം.

കുട്ടികളുടെ ശുശ്രൂഷയിൽ ഏർപ്പെടാൻ താല്പര്യമുള്ളവർക്ക് ഈ പുസ്തകങ്ങൾ ഏറെ പ്രയോജനം ചെയ്യും. ‘What Every Sunday Teacher Should Know’ by Elmer L. Towns (OM Books), ‘First Steps’ by Sam Doherty ( India Bible Literature), ‘Hearts, Brains and Growing Pains’ by Lois Keffer and Dean Stone (Cook Communications).

‘സണ്ടേസ്കൂൾ വിശ്വാസം’ പ്രോത്സാഹിപ്പിക്കുക

ഇന്നു സഭകളുടെ അവിഭാജ്യഘടകമാണ് സണ്ടേസ്കൂൾ. സണ്ടേ സ്കൂളിൽ പഠിക്കുന്ന, ക്രിസ്തീയ ജീവിതത്തെപ്പറ്റിയുള്ള അടിസ്ഥാനപരമായ പല കാര്യങ്ങളും ഏറെ നാൾ നമ്മോടൊപ്പം നിലനിൽക്കും എന്ന് അജിത്ത് ഫെർണാണ്ടോ തൻ്റെ പുസ്തകത്തിൽ (‘Jesus Driven Ministry’) പറയുന്നു. “തിരുവചനം നമ്മോടു കല്പിക്കുന്നു അതിലെ സത്യങ്ങളെ കുട്ടികളെ പഠിപ്പിക്കുവാനും വലിയ സത്യങ്ങൾ തലമുറ തലമുറകളോളം കൈമാറ്റം ചെയ്യാനും പറയുന്നു” എന്ന് ചാൾസ് കോൾസൻ തൻ്റെ പുസ്തകമായ ‘How Now shall We Live?’ ൽ സൂചിപ്പിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ ഉത്തരവാദിത്വം ഇതാണെന്ന് തിരുവചനം പറയുന്നു: ദൈവവചനം കുട്ടികളെ പഠിപ്പിക്കുക (ആവ. 6.7), അവൻ നടക്കേണ്ടുന്ന വഴിയിൽ പോകേണ്ടതിന് അവനെ അഭ്യസിപ്പിക്കണം (സദൃ. 22.6), അവരെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളർത്തണം (എഫെ. 6.4; കൊലൊ. 3.21), നിയന്ത്രിക്കണം (1 തിമൊ. 3.4,12), അവരെ സ്നേഹിക്കുക (തീത്തൊസ് 2.4), അവർക്കു കൊടുക്കുക (2 കൊരി. 12.14), ശിക്ഷണം കൊടുക്കുക (സദൃ. 13.24; 19.18; 23.13) മുതലായവ.
ഉപദേശവും ശിക്ഷണവും (തിരുത്തൽ) ഈ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് മാതാപിതാക്കൾക്കു കഠിനമായി തോന്നുന്നത്. അത് രണ്ടു രീതിയിലും വേദന ഉളവാക്കുന്നതാണ്, തിരുത്തുന്നവനും തിരുത്തൽ അനുഭവിക്കുന്നവനും. വേദന ഉളവാക്കുന്ന പരിപാടിയായതിനാൽ നാം അത് പുറംജോലിക്കരാർ (outsource) രണ്ടു സ്ഥാപനങ്ങൾക്കു കൊടുക്കുന്നു, സ്കൂളും സണ്ടേസ്കൂളും. ഏറെ ഉപദേശങ്ങൾ/പഠിപ്പിക്കൽ ഈ രണ്ടു സ്കൂളിലും നടക്കുന്നുണ്ട് പക്ഷേ, അവർ ശിക്ഷണത്തിൽ (തിരുത്തലിൽ) കുറവുള്ളവരായി തീരുന്നു. (ശിക്ഷണം എന്നത് എല്ലായ്പ്പോഴും ശിക്ഷ അല്ല.) ദൈവഭയത്തിൽ കുട്ടികളെ വളർത്തുന്നതിനും അവരെ യേശുവിങ്കലേക്കു നയിക്കുന്നതിനും മാതാപിതാക്കൾക്ക് അനന്യമായ പ്രത്യേക അധികാരം ഉണ്ട്. ചാൾസ് കോൾസൻ പറയുന്നത്, “ഭവനത്തിൽ വച്ചു ചെയ്യേണ്ടുന്ന ഒരു വിദ്യാഭ്യാസ ദൗത്യം നമുക്കുണ്ട്, ഒരുതരം ഹോം സ്കൂളിങ്ങാണത്.”
ഒരു മാസികയിൽ ഞാൻ വായിച്ചതാണ് മർത്തോമാ സഭയിലെ ഒരു മെത്രാപോലീത്താ അമ്മമാരുടെ ഒരു മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു. “നിങ്ങളുടെ മക്കൾ സ്വർഗത്തിൽ പോകണമെന്ന് നിങ്ങൾ ചിന്തിക്കുന്നുവോ” എന്ന് ഒരു ചോദ്യം ചോദിച്ചു. എല്ലാവരും പറഞ്ഞു, “അതേ” എന്ന്. അങ്ങനെയെങ്കിൽ അവർക്കു ട്യൂഷൻ കൊടുക്കാൻ പറഞ്ഞു. അദ്ദേഹമത് വിശദീകരിച്ചു. നഴ്സറി ക്ലാസു മുതൽ കോളേജ് വരെ എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുന്നവരാണ് നാം. കാരണം കുട്ടികൾ ഒന്നിലും പിന്നോട്ടാകരുത് ഭാവിയിൽ എത്രയും നല്ല ജോലിയും അവർക്കു കിട്ടണം. അങ്ങനെയെങ്കിൽ ആത്യന്തികമായി നാം നോക്കി പാർക്കുന്ന നിത്യജീവൻ പ്രാപിക്കേണ്ടതിന് അവർക്കു ട്യൂഷൻ കൊടുക്കേണ്ടയോ? സണ്ടേസ്കൂൾ വളരെ പ്രധാനമുള്ളതാകയാൽ അതിനും ട്യൂഷൻ കൊടുക്കേണ്ടുന്ന സമയം അതിക്രമിച്ചു പോയില്ലേ? സ്കൂളും സണ്ടേസ്കൂളും മാതാപിതാക്കൾ ഒരേ പ്രാധാന്യത്തോടെ കാണണം. ഈ രണ്ടു സ്കൂളിലും കുട്ടികൾ പ്രഗല്ഭരായി നിത്യജീവൻ പ്രാപിക്കുവാൻ യേശു ആഗ്രഹിക്കുന്നു. ഒരു ദിവസം യേശു മാതാപിതാക്കളെയും മക്കളെയും കൊച്ചുമക്കളെയും അവൻ്റെ ഭവനത്തിൽ സ്വീകരിക്കും, എല്ലാവരും അവന്റെ മക്കൾ.

മക്കൾ അവൻ്റെ ഹൃദയത്തിൽ സ്ഥാനമുള്ളവരാണ്. പരിശുദ്ധാത്മാവ് “ദൈവമക്കൾ” (കൊച്ചുകുട്ടികളല്ല) എന്ന പ്രയോഗം അനവധി തവണ ബൈബിളിൽ ഉപയോഗിക്കുന്നുണ്ട്. ദൈവമക്കൾക്ക് ട്യൂഷൻ കൊടുക്കാൻ മറക്കരുത് അങ്ങനെ അവർ സ്വർഗരാജ്യത്തിന് അവകാശികൾ ആയിത്തീരും. അവരെല്ലാം “ദൈവമക്കൾ” ആയിത്തീരും (യോഹ. 1.12). നിർത്തട്ടെ. ആമേൻ!

 

റോയ് ഇ. ജോയ്, ഹൈദരാബാദ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.