തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി…! (ഭാഗം 9) | സജോ കൊച്ചുപറമ്പിൽ
ആ മലമുകളിലെ യാത്രയ്ക്ക് ശേഷം അവരുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി.
രാത്രികളിൽ മദ്യത്തിന്റെ രൂക്ഷഗന്ധവുമായി വീട്ടിലേക്ക് കയറിവന്നിരുന്ന മനുഷ്യൻ ഇപ്പോൾ വീട്ടുവാതിൽക്കൽ എത്തുമ്പോൾ ഒന്ന് മടിക്കും. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്റെ കൈയിലെ കുപ്പി അയാൾക്ക് ഭാരമായി തോന്നി.
ഒരു രാത്രി അവൾ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കെ അയാൾ ചോദിച്ചു,
“ഞാൻ മാറുമോ???”
അവൾ പുഞ്ചിരിച്ചു.
“മഴ പെയ്ത് തകർന്ന മണ്ണിൽ പോലും വീണ്ടും പുല്ല് മുളക്കുമെങ്കിൽ… മനുഷ്യൻ എന്തുകൊണ്ട് മാറാതിരിക്കും??”
ആ വാക്കുകൾ അയാളുടെ ഉള്ളിൽ പ്രത്യാശയുടെ വിത്തായി വീണു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. മദ്യത്തിന്റെ അളവ് കുറഞ്ഞു. കയ്യിലെ കുപ്പികൾ ഇല്ലാതായി. ഉറക്കമില്ലാത്ത രാത്രികൾ പ്രാർത്ഥനകളായി മാറി.
ഒരു ദിവസം രാവിലെ അവൾ കണ്ടു, വീട്ടിന്റെ പിന്നാമ്പുറത്ത് നിന്നുകൊണ്ട് അയാൾ കരയുകയാണ്.
അവൾ ഓടി ചെന്നു ചോദിച്ചു, “എന്തുപറ്റി??”
അയാൾ വിറയുന്ന ശബ്ദത്തിൽ പറഞ്ഞു,
“ഇന്നലെ രാത്രി ഞാൻ അവസാനമായി ആ കുപ്പി പൊട്ടിച്ചു കളഞ്ഞു… ഇനി എനിക്ക് സ്വാതന്ത്ര്യം വേണം.”
ആ നിമിഷം അവൾക്ക് ആ തുമ്പിയെ ഓർമ്മ വന്നു. വാലിൽ നൂൽ കെട്ടി കല്ലെടുപ്പിച്ച തുമ്പി… ഒടുവിൽ ആ ചരട് പൊട്ടിച്ചെറിഞ്ഞ് ആകാശത്തിലേക്ക് പറന്ന തുമ്പി…
അതെ… അയാളും ഇപ്പോൾ പറക്കാൻ പഠിക്കുകയാണ്.
അങ്ങനെ ഇരുവരും ചേർന്ന് സഭകളിലേക്ക് സാക്ഷ്യമായി യാത്ര തുടങ്ങി. ഒരിക്കൽ മദ്യത്തിൽ വീണു കിടന്ന മനുഷ്യൻ ഇന്ന് വേദികളിൽ നിന്ന് കണ്ണുനിറച്ച് പറഞ്ഞു,
“എന്നെ മനുഷ്യർ കൈവിട്ടപ്പോൾ ദൈവം കൈവിട്ടില്ല… എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഈ സ്ത്രീയാണ്.”
ആ സാക്ഷ്യം കേട്ട് അനേകർ കരഞ്ഞു. അനേകർ പ്രത്യാശ കണ്ടെത്തി.
ഒരിക്കൽ പരിഹസിച്ച നാട്ടുകാർ പോലും ഇപ്പോൾ പറഞ്ഞു,
“ദൈവം ഇവരെ അത്ഭുതമാക്കിയിരിക്കുന്നു.”
തുടരും…
സജോ കൊച്ചുപറമ്പിൽ


- Advertisement -


Comments are closed.