ലേഖനം: കൃപയും വരങ്ങളും | റ്റോജോ തോമസ്, ദുബായ്

സഭ എന്നത് ജീവനുള്ള ഒരു ആത്മീയ ശരീരമാണ് , ക്രിസ്തുവിന്റെ ശരീരം. ആ ശരീരത്തിന് ജീവനും ചലനാത്മകതയും നൽകുന്നത് പരിശുദ്ധാത്മാവാണ്. ഒരു ശിൽപി നിർജ്ജീവമായ കളിമണ്ണിൽ അത്ഭുതരൂപങ്ങൾ തീർക്കുന്നതുപോലെ, പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയിലും സവിശേഷമായ ദൈവിക കൃപകളും കൃപാവരങ്ങളും നിക്ഷേപിച്ചിരിക്കുന്നു. അതുകൊണ്ടാണ് അപ്പോസ്തലൻ പൗലോസ് എഴുതുന്നത്: “കൃപാവരങ്ങളിൽ വ്യത്യാസമുണ്ടു എങ്കിലും ആത്മാവു ഒന്നു തന്നേ” (1 കൊരിന്ത്യർ 12:4).

ഈ വരങ്ങൾ മനുഷ്യന്റെ സ്വാഭാവിക കഴിവുകളുടെ വികസനം മാത്രമല്ല; മറിച്ച് ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി സ്വർഗ്ഗത്തിൽ നിന്നു നൽകപ്പെട്ട ആത്മീയ ആയുധങ്ങളാണ്. അവ സഭയെ ഉണർത്തുവാനും, സുവിശേഷത്തിന്റെ ആധികാരികത വെളിപ്പെടുത്തുവാനും, വിശ്വാസികളെ ശക്തിപ്പെടുത്തുവാനും, അന്ധകാരത്തിൽ കഴിയുന്ന ലോകത്തിന് ക്രിസ്തുവിന്റെ വെളിച്ചം പകരുവാനുമാണ് നൽകിയിരിക്കുന്നത്.

കൃപ എന്നത് ദൈവത്തിന്റെ അർഹതയില്ലാത്ത സ്നേഹമാണ്. മനുഷ്യൻ തന്റെ പ്രവൃത്തികളാൽ നേടാനാകാത്ത രക്ഷ ദൈവം സൗജന്യമായി നൽകിയത് കൃപയിലൂടെയാണ്. “നിങ്ങൾ വിശ്വാസം മൂലം കൃപയാൽ രക്ഷിക്കപ്പെട്ടിരിക്കുന്നു; അത് നിങ്ങളുടെ പ്രവർത്തിയല്ല, ദൈവത്തിന്റെ ദാനമത്രേ” (എഫെസ്യർ 2:8). കൃപ ഇല്ലാതെ ക്രിസ്തീയ ജീവിതമില്ല. അതിൽ നിന്നാണ് കൃപാവരങ്ങൾ ഉദ്ഭവിക്കുന്നത്. അതുകൊണ്ട്, കൃപാവരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, കൃപയുടെ ഉറവിടം തിരിച്ചറിയണം. ദൈവത്തിന്റെ സ്നേഹത്തിൽ വേരൂന്നാത്ത വരങ്ങൾ ഒടുവിൽ മനുഷ്യപ്രശസ്തിയിലേക്കു വഴിമാറും.

പൗലോസ് പറയുന്നു: “ഓരോരുത്തർക്കും ആത്മാവിന്റെ വെളിപ്പെടൽ പൊതുപ്രയോജനത്തിനായിട്ടാകുന്നു കൊടുക്കപ്പെടുന്നത്” (1 കൊരിന്ത്യർ 12:7). അതായത്, വരങ്ങൾ വ്യക്തിപ്രശസ്തിക്കല്ല; സഭയുടെ നന്മയ്ക്കാണ്.

അപ്പോസ്തലപ്രവൃത്തികൾ 5-ാം അധ്യായത്തിൽ, അനന്യാസും സഫീറയും നിലം വിറ്റ തുകയിൽ ഭാഗം ഒളിച്ചുവെച്ചപ്പോൾ, പത്രോസ് അത് സ്വാഭാവിക അറിവുകൊണ്ടല്ല മനസ്സിലാക്കിയത്; പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലാൽ ആയിരുന്നു. ഇവിടെ നാം കാണുന്നത് ദൈവത്തിന്റെ ആത്മാവ് മനുഷ്യഹൃദയത്തിന്റെ മറഞ്ഞിരിക്കുന്ന ഭാഗങ്ങളും വെളിപ്പെടുത്താൻ ശേഷിയുള്ളവനാണ്.

വിശ്വാസം ചിലപ്പോൾ സാധാരണ മനുഷ്യബുദ്ധിക്കതീതമായി ദൈവത്തിൽ ഉറച്ചു നിൽക്കാനുള്ള ശക്തിയാണ്. സ്തെഫാനോസ് “വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവൻ” (അപ്പൊ. 6:5) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കല്ലെറിഞ്ഞുകൊല്ലപ്പെടുന്ന നിമിഷത്തിലും അവൻ സ്വർഗ്ഗം തുറന്നുകാണുകയും ക്രിസ്തുവിനെ ദർശിക്കുകയും ചെയ്തു.

അതുപോലെ, പത്രോസും യോഹന്നാനും ദൈവാലയവാതിൽക്കൽ കിടന്ന ജന്മനാ മുടന്തനോട് പറഞ്ഞു: “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക” (അപ്പൊ. 3:6). അവിടെ രോഗശാന്തിയുടെ വരം ഒരു മനുഷ്യനെ മാത്രമല്ല, ഒരു സമൂഹത്തിന്റെ വിശ്വാസത്തെയും ഉണർത്തി.

പ്രവചനം ദൈവഹൃദയത്തിന്റെ ശബ്ദമാണ്. എന്നാൽ, എല്ലാ ആത്മീയ ശബ്ദങ്ങളും ദൈവത്തിൽ നിന്നുള്ളതല്ല. അതുകൊണ്ടാണ് ആത്മാക്കളുടെ വിവേചനം ആവശ്യമായത്. അഗബൊസ് ക്ഷാമത്തെയും പൗലോസിന്റെ തടവിനെയും കുറിച്ച് ആത്മാവിനാൽ പ്രവചിച്ചു (അപ്പൊ. 11:28; 21:10-11).

അതേസമയം, ഫിലിപ്പിയിൽ ഒരു വെളിച്ചപ്പാടത്തി പെൺകുട്ടി പൗലോസിനെ പ്രശംസിച്ചുകൊണ്ട് പിന്നാലെ നടന്നപ്പോൾ, അത് ദൈവാത്മാവല്ലെന്ന് പൗലോസ് വിവേചിച്ചു (അപ്പൊ. 16:16-18).

നാം ആയിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഈ വിവേചനം അത്യന്താപേക്ഷിതമാണ്. കാരണം, ആത്മീയതയുടെ പേരിൽ അനവധി വ്യാജശബ്ദങ്ങൾ ഉയരുന്നു. ഇന്നത്തെ ആത്മീയ ലോകം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. പരിശുദ്ധാത്മാവിന്റെ വരങ്ങൾ പോലും പലപ്പോഴും ആത്മീയ വിനയത്തിനേക്കാൾ “ആത്മീയ പ്രദർശനങ്ങൾ” ആയി മാറുന്നു. രോഗശാന്തി, അത്ഭുതങ്ങൾ, പ്രവചനങ്ങൾ ഇവ ചിലപ്പോൾ വിശ്വാസികളെ ക്രിസ്തുവിലേക്കല്ല, വ്യക്തികളിലേക്കാണ് ആകർഷിക്കുന്നത്.

അത്ഭുതങ്ങൾക്കായുള്ള നെട്ടോട്ടം , “പ്രശസ്ത ശുശ്രൂഷകർ” എന്ന സംസ്കാരം , ദൈവമഹത്വത്തിന് പകരം മനുഷ്യപ്രശസ്തി ഇവ സഭയുടെ ആത്മീയ വിശുദ്ധിയെ ക്ഷയിപ്പിക്കുന്നു.യേശു മുന്നറിയിപ്പ് നൽകി: “അനേകർ എന്റെ നാമത്തിൽ അത്ഭുതങ്ങൾ ചെയ്യും; എന്നാൽ ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു പറയും” (മത്തായി 7:22-23).

പൗലോസ് സഭയെ ശരീരത്തോട് ഉപമിക്കുന്നു (1 കൊരിന്ത്യർ 12). കണ്ണ് കൈയോട് “എനിക്ക് നിന്നെ ആവശ്യമില്ല” എന്ന് പറയാനാവില്ല. എന്നാൽ ഇന്ന്: “എന്റെ ശുശ്രൂഷ വലിയതാണ്” , “എന്റെ വരം ശ്രേഷ്ഠമാണ്” എന്ന ആത്മീയ മത്സരങ്ങൾ സഭയിൽ വിഭജനങ്ങൾ സൃഷ്ടിക്കുന്നു.

കൃപാവരങ്ങൾ ദൈവത്തിന്റെ ദാനങ്ങളാണ്; അവ മനുഷ്യന്റെ മഹത്വത്തിനുള്ള മെഡലുകളല്ല.കൃപാവരങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞ ശേഷം പൗലോസ് 1 കൊരിന്ത്യർ 13-ലേക്ക് കടക്കുന്നു. അത് യാദൃശ്ചികമല്ല.

“ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ കിലുങ്ങുന്ന കൈത്താളമോ അത്രേ” (1 കൊരിന്ത്യർ 13:1). സ്നേഹമില്ലാത്ത പ്രവചനം ശൂന്യശബ്ദമാണ്. സ്നേഹമില്ലാത്ത രോഗശാന്തി ആത്മീയ പ്രകടനമാണ്.
സ്നേഹമില്ലാത്ത വിശ്വാസം അഹങ്കാരത്തിന്റെ മുഖംമൂടിയാണ്. സ്നേഹമാണ് എല്ലാ വരങ്ങളുടെയും ആത്മാവ്.

ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആത്മീയ സന്ദേശങ്ങൾ നിമിഷങ്ങൾക്കകം ലോകമെങ്ങും പടരുന്നു. എന്നാൽ എല്ലാ “പ്രവചനങ്ങളും” ദൈവത്തിൽ നിന്നല്ല , എല്ലാ “അത്ഭുതങ്ങളും” പരിശുദ്ധാത്മാവിന്റെ പ്രവർത്തിയല്ല , എല്ലാ “വചനങ്ങളും” സത്യവചനമല്ല അതുകൊണ്ട് വിവേചനം അനിവാര്യമാണ്. “ആത്മാക്കളെ പരീക്ഷിച്ചറിയുവിൻ” (1 യോഹന്നാൻ 4:1).

കൃപാവരങ്ങളുടെ ലക്ഷ്യം സഭയുടെ ആത്മീയ വളർച്ചയാണ്. അവ ക്രിസ്തുവിന്റെ മഹത്വത്തിനായാണ് നൽകിയിരിക്കുന്നത്. പൗലോസ് പറയുന്നു: “എല്ലാം സഭയുടെ ആത്മീയവർദ്ധനവിന്നായിരിക്കട്ടെ” (1 കൊരിന്ത്യർ 14:26). അതുകൊണ്ട്, കൃപാവരങ്ങളെ: വിനയത്തോടെ , ദൈവഭയത്തോടെ, പ്രാർത്ഥനയോടെ , സ്നേഹത്തോടെ കൈകാര്യം ചെയ്യണം. “ദൈവത്തിന്റെ വരം ജ്വലിപ്പിച്ചുകൊൾക” (2 തിമോത്തി 1:6).. സ്നേഹമില്ലാത്ത വരങ്ങൾ ആത്മീയതയെ നശിപ്പിക്കും.

കൃപയാണ് ഉറവിടം; കൃപാവരങ്ങൾ അതിന്റെ ഒഴുക്കുകൾ.
ഉറവിടത്തിൽ നിന്ന് വേർപെട്ടൊഴുകുന്ന നദി വരണ്ടുപോകും. അതുപോലെ, ക്രിസ്തുവിൽ നിലനിൽക്കാത്ത വരങ്ങൾ ആത്മീയ ശൂന്യതയിലേക്ക് നയിക്കും.

അതുകൊണ്ട്, നമുക്ക് ലഭിച്ചിരിക്കുന്ന കൃപയ്ക്കൊത്തവണ്ണം, വിനയത്തോടും ദൈവഭയത്തോടും കൂടെ കൃപാവരങ്ങളെ കൈകാര്യം ചെയ്യാം. അഹങ്കാരമില്ലാതെ, സഭയുടെ നന്മയ്ക്കായും, ക്രിസ്തുവിന്റെ മഹത്വത്തിനായും നമ്മുടെ സ്വർഗ്ഗീയ ദാനങ്ങളെ സമർപ്പിക്കാം.

അപ്പോൾ മാത്രമേ സഭ, പരിശുദ്ധാത്മാവാൽ ജീവൻ നിറഞ്ഞ ഒരു ആത്മീയ ശരീരമായി ഈ ഭൂമിയിൽ ക്രിസ്തുവിന് ശക്തമായ സാക്ഷ്യം വഹിക്കുകയുള്ളൂ.

 

റ്റോജോ തോമസ്, ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.