നാഗാലാൻഡിൽ ക്രൈസ്തവ മതചിഹ്നങ്ങളുള്ള വാഹനങ്ങൾക്കെതിരായ സർക്കാർ ഉത്തരവ്: പ്രതിഷേധം ശക്തം
നാഗാലാൻഡ്: ക്രിസ്ത്യൻ മിഷനറിമാരുടെയും സഭാവൈദികരുടെയും വാഹനങ്ങളിൽ മതപരമായ സ്റ്റിക്കറുകളും ലോഗോകളും പതിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന ഗതാഗത വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് ജോയിന്റ് ക്രിസ്ത്യൻ ഫോറം സർക്കാരിന് നിവേദനം നൽകി.
കഴിഞ്ഞ മാസം അവസാനമാണ് പൊതുവാഹനങ്ങളിലെയും സ്വകാര്യ വാഹനങ്ങളിലെയും അനധികൃത ലോഗോകൾ, മതചിഹ്നങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ നീക്കം ചെയ്യണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചത്. 45 ദിവസത്തിനുള്ളിൽ നിർദ്ദേശം
പാലിക്കാത്തവർക്ക് കർശന നിയമനടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ മെയ് 18-ന് വിവിധ ക്രിസ്ത്യൻ സംഘടനകൾ ഔദ്യോഗികമായി രംഗത്തെത്തി. പള്ളികളുടെ പേരുകളും ചിഹ്നങ്ങളും വാഹനങ്ങളിൽ ഉപയോഗിക്കുന്നത് പ്രത്യേക പദവി പ്രകടിപ്പിക്കാനല്ലെന്നും, അടിയന്തര പാസ്റ്ററൽ സന്ദർശനങ്ങൾ, ശവസംസ്കാര ചടങ്ങുകൾ, രാത്രികാല യാത്രകൾ തുടങ്ങിയ സാഹചര്യങ്ങളിൽ വാഹനങ്ങളെ തിരിച്ചറിയാൻ ഇത് സഹായകരമാണെന്നും സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ഭൂരിപക്ഷമുള്ള നാഗാലാൻഡിന്റെ സാംസ്കാരിക-മതപരമായ സ്വത്വത്തിന്റെ ഭാഗമാണ് ഇത്തരം ചിഹ്നങ്ങളെന്ന് സംഘടനകൾ വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങൾ സമാന രീതിയിൽ വാഹനങ്ങളിൽ മതപരമായ അടയാളങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും നാഗാലാൻഡിൽ മാത്രം ദേശീയ നിയമങ്ങളുടെ പേരിൽ ഇത് കർശനമായി നടപ്പാക്കുന്നതെന്തിനാണെന്ന് ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറി ഫാദർ ജോർജ് റിനോ ചോദിച്ചു.
സർക്കാർ തീരുമാനം മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി റവ. സെൽഹൗ കീഹോ ആരോപിച്ചു.
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും ഭാരതീയ ജനതാ പാർട്ടിയും ചേർന്ന സഖ്യമാണ് നിലവിൽ നാഗാലാൻഡ് ഭരിക്കുന്നത്. ഭൂരിഭാഗം വിശ്വാസികളെയും ബാധിക്കുന്ന ഈ ഉത്തരവ് സംസ്ഥാനത്തെ മതസൗഹാർദ്ദത്തെയും ഐക്യത്തെയും ബാധിക്കുമെന്ന ആശങ്ക വിവിധ ക്രിസ്ത്യൻ സംഘടനകൾ പ്രകടിപ്പിച്ചു.
സഭാ സേവനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിലെ അടയാളങ്ങൾ ആരെയും വേദനിപ്പിക്കാനോ ദോഷകരമായി ബാധിക്കാനോ ഉള്ളതല്ലെന്നും സംഘടനകൾ വ്യക്തമാക്കി.

- Advertisement -



Comments are closed, but trackbacks and pingbacks are open.