ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസ്; പ്രതി ധാരാ സിങ്ങിന്റെ മോചനത്തിന് ശുപാർശ
ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധാരാ സിങ്ങിന് ശിക്ഷായിളവ് നൽകി മോചിപ്പിക്കാൻ ഒഡീഷ ശിക്ഷാ അവലോകന ബോർഡ് ശുപാർശ ചെയ്തതായി റിപ്പോർട്ട്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷായിളവിന് ശുപാർശ നൽകിയിരിക്കുന്നത്. മോചനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ കോടതി സംസ്ഥാന സർക്കാരിന് സമയം അനുവദിച്ചിരിക്കുകയാണ്.
1999 ജനുവരി 22-ന് ഒഡീഷയിലെ മനോഹർപൂരിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഓസ്‌ട്രേലിയയിൽ നിന്നുള്ള ക്രൈസ്തവ മിഷനറി ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരും വാഹനത്തിൽ ഉറങ്ങിക്കിടക്കുന്നതിനിടെ വാഹനം വളഞ്ഞ അക്രമിസംഘം തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടാൻ കഴിയാതെ മൂവരും വാഹനത്തിനുള്ളിൽ വെന്തുമരിച്ചു.
കേസ് അന്വേഷിച്ച സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ധാരാ സിങ് ഉൾപ്പെടെ 18 പേരെയാണ് പ്രതികളാക്കിയത്. 2003-ൽ വിചാരണക്കോടതി ധാരാ സിങ്ങിന് വധശിക്ഷയും മറ്റ് 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. പിന്നീട് 2005-ൽ ഒഡീഷ ഹൈക്കോടതി ധാരാ സിങ്ങിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
ഗ്രഹാം സ്റ്റെയിൻസും കുടുംബവും ഒഡീഷയിൽ കുഷ്ഠരോഗികൾക്കിടയിൽ ദീർഘകാലമായി സേവനം ചെയ്തുവരികയായിരുന്നു. അദ്ദേഹത്തിന്റെയും രണ്ട് പിഞ്ചുമക്കളുടെയും കൊലപാതകം രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധത്തിനും ഞെട്ടലിനും കാരണമായിരുന്നു.


- Advertisement -


Comments are closed.