ലേഖനം: പുത്രനെ ചുംബിച്ചുവോ? | ജയ്സൺ തോമസ്

ദൈവവചനത്തിൽ ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള യാത്രയിലുടനീളം സ്നേഹത്തിൻ്റെയും പരിഗണനയുടെയും വാക്കും ഭാഷണവും ഇല്ലാത്ത പല പ്രകടനങ്ങളും കാണാം അതിൽ പ്രഥമ ഗണനീയമായത് ചുംബനം ആണ്. എന്നാൽ ഇത് തിരുവെഴുത്തിന്റെ അധരങ്ങളിൽ പതിഞ്ഞുകിടക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാത്രമല്ല നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിൽ ചതിയുടെയും വഞ്ചനയുടെയും കൂടി അടയാളമാണ്. “ക്രൂശിൽ ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റ് നീതിയും സമാധാനവും തമ്മിൽ ചുംബിച്ചപ്പോൾ” ഏദനിൽ വീണു പോയ മനുഷ്യൻ്റെ വീണ്ടെടുപ്പ് കാൽവറിയിൽ സാധ്യമായി.

രണ്ട് ചുംബനങ്ങൾക്ക് നടുവിലെ അല്പനേരം മാത്രമാണ് ഭൂമിയിലുള്ള നമ്മുടെ ജീവിതം.
ഒരു ചിന്തകൻ തൻ്റെ വാക്കുകളിൽ ചുംബനത്തെ നിർവ്വചിച്ചിരിക്കുന്നത് ഹൃദയം കൊണ്ട് ഹൃദയത്തെ തൊടുവാൻ സാധിക്കാത്തതിനാൽ അധരം കൊണ്ട് അധരത്തെ തൊടുന്നു എന്നാണ്,
ആത്മാവ് ചുണ്ടിലൊളിപ്പിച്ച മനോഹരമായ ഒരു കവിതയെന്ന് ചുംബനത്തെക്കുറിച്ച് ഒരു കവി വചനവുമുണ്ട്.

ഒരു വ്യക്തിയുടെ ആപത്ഘട്ടങ്ങളിൽ കൊടുക്കുന്ന കൃത്രിമ ശ്വാസോച്ഛ്വാസത്തിന് ജീവന്റെ ചുംബനം എന്ന ഒരു വിളിപേരുമുണ്ട്. ഒരായിരം വാക്കുകൾ കൊണ്ട് ഒരു വ്യക്തിക്ക് പറയുവാൻ സാധിക്കാത്തത് ഒരു ആലിംഗനത്തിലൂടെ പറയുവാൻ സാധിക്കും.

ഈ ലേഖനത്തിൽ നാം ചുംബനത്തെ ഒരു വികാരമായി മാത്രം വീക്ഷിക്കാതെ അതിനെ ഒരു പ്രതീകമായി ഹൃദയത്തിന്റെ ഭാഷയായി കണ്ട് പരിശോധിക്കുന്നു. ചുംബനം എന്നത് സ്നേഹ പ്രകടനത്തിൻ്റെ ഒരു ബാഹ്യ ചേഷ്ടയായി കാണുന്നുണ്ടെങ്കിലും ദൈവവചനത്തിൽ പല അവസരങ്ങളിലായി ഇതിന് വ്യത്യസ്ത അർത്ഥതലങ്ങൾ കാണാം.

1. അനുഗ്രഹത്തിൻ്റെ ചുംബനം.

യിസഹാക്ക് തൻ്റെ മകനായ യാക്കോബിനെ അനുഗ്രഹിക്കുന്ന സമയത്ത് മകനെ നീ അടുത്ത് വന്ന് എന്നെ ചുംബിക്ക എന്ന് പറഞ്ഞപ്പോൾ (ഉല്പ 27:27) അവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു. ഈ അനുഗ്രഹത്തിൻ്റെ ചുംബനത്തിന് പിന്നിൽ യാക്കോബിൻ്റെയും തൻ്റെ അമ്മയുടെയും ഒരു ഉപായം ഒളിഞ്ഞിരിക്കുന്നതിനാൽ ഇതൊരു ഉപായത്തിൻ്റ ചുംബനം കൂടിയാണ്.

2. ക്ഷമയുടെ ചുംബനം

പഴയനിയമത്തിൽ രണ്ട് അവസരങ്ങളിലായി ഏശാവ് തൻ്റെ സഹോദരനായ യാക്കോബിനെയും, യോസഫ് തൻ്റെ സഹോദരന്മാരേയും, ദീർഘ നാളുകൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ മുൻകാല പ്രവർത്തികൾക്കൾക്കുള്ള വലിയ ഒരു പകരം വീട്ടലിനുള്ള അവസരം ഉണ്ടായിരുന്നിട്ടു കൂടെ ഒരു ചുംബനത്തിലൂടെ എല്ലാം അവിടെ അവസാനിക്കുകയാണ് ഇവിടെ ക്ഷമയുടെ രണ്ട് ചുംബനങ്ങൾ നമുക്ക് കാണാം(ഉല്പ-33:4, 45:15)

3. വേർപിരിയലിൻ്റെ ചുംബനം

നവൊമി തൻ്റെ ഭർത്താവിൻ്റെയും മക്കളുടെയും മരണശേഷം മരുമക്കളായ രൂത്തിനെയും ഓർപ്പയെയും തിരികെ തങ്ങളുടെ ഭവനത്തിലേക്ക് പോകുവാൻ നിർബന്ധിച്ച് ചുംബിച്ച് യാത്രയാക്കുവാൻ ശ്രമിക്കുമ്പോൾ, രൂത്ത്
നവൊമിയോട് ചേർന്ന് നിന്ന് ബെത്ലഹേമിലേക്ക് കടന്നു പോയപ്പോൾ ഓർപ്പ അമ്മായിഅമ്മയെ ചുംബനം ചെയ്ത് മടങ്ങി തൻ്റെ ഭവനത്തിലേക്ക് പോകുകയും ചെയ്തു ഇവിടെ നാം കാണുന്നത് ഒരു വേർപിരിയലിൻ്റെ ചുംബനമാണ്. (രൂത്ത് 1:14)

4. അന്ത്യചുംബനം.

യോസേഫ് തൻ്റെ അപ്പനായ യാക്കോബ് (യിസ്രായേൽ)
മരിച്ചപ്പോൾ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു. സുഗന്ധ വർഗ്ഗം ഇട്ട് തൻ്റെ അപ്പനെ മക്‌പേല ഗുഹയിൽ അടക്കം ചെയ്തു
ഇവിടെ നമുക്ക് ഒരു വ്യക്തിക്ക് ഭൂമിയിൽ നിന്ന് നൽകാവുന്ന അന്ത്യ ചുംബനം അഥവാ യാത്രയയപ്പിൻ്റെ ചുംബനം കാണാം. (ഉല്പ50:1)

5. അഭിഷേകത്തിൻ്റെ ചുംബനം

പ്രവാചകനായ ശമൂവേൽ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുമ്പോൾ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഇവിടെ അഭിഷേകത്തിന് മുൻപിലും ഒരു ചുംബനം നമുക്ക് ദർശിക്കാം.

6. പാപമോചനത്തിൻ്റെ ചുംബനം

യേശു പരീശൻ്റെ ഭവനത്തിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ പാപിനിയായ ഒരു സ്ത്രീ കണ്ണുനീരു കൊണ്ട് യേശുവിൻ്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ച് പരിമള തൈലം പൂശിയപ്പോൾ പരീശൻ തൻ്റെ മനസ്സിൽ പറയുന്നുണ്ട് ഇവൾ എത്തരക്കാരിയെന്ന് ഇവൻ അറിയുന്നില്ലയോ? അപ്പോൾ യേശു ഒരു ഉപമ പറഞ്ഞതിന് ശേഷം ശീമോനോട് പറഞ്ഞത്
“ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.
പിന്നെ അവൻ അവളോടു: “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു.ഈ സന്ദർഭത്തിൽ നാം കാണുന്നത് ക്രിസ്തു നൽകിയ പാപമോചനത്തിൻ്റെ ചുംബനമാണ്.

7. മനസ്സലിവിൻ്റെ ചുംബനം

മുടിയൻ പുത്രൻ എന്ന ഓമന പേരിൽ അറിയപ്പെടുന്ന വ്യക്തി തനിക്ക് സുബോധം വന്നപ്പോൾ
ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞ്, എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. ഇവിടെ നാം കാണുന്നത് സ്നേഹനിധിയായ ഒരു പിതാവിൻ്റെ മനസ്സലിവിൻ്റെ ചുംബനമാണ്. ദൈവ സന്നിധിയിൽ നിന്നും അകന്നു പോയ നമ്മൾ ഓരോരുത്തരും മടങ്ങി വന്ന് അനുതപിച്ചപ്പോൾ ഇതുപോലെ സ്നേഹ നിധിയായ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പക്കൽ നിന്നും മനസ്സലിവിൻ്റെ ചുംബനം ലഭിച്ചിട്ടില്ലേ?

8. ചതിയുടെ ചുംബനം.

മൂന്നര വർഷക്കാലം ശിഷ്യനായി കൂടെയുണ്ടായിരുന്നിട്ടും മുപ്പത് വെള്ളികാശിന് വേണ്ടി യൂദ തൻ്റെ ഗുരുവിനെ ഒറ്റികൊടുത്തപ്പോൾ, യേശു യൂദയോട് മുഖാമുഖമായി ചോദിക്കുക തന്നെ ചെയ്തു “യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു” എന്ന്”
യൂദക്ക് ഒരു പശ്ചാതാപവും അപ്പോൾ തോന്നിയതുമില്ല. ഇവിടെ നാം കാണുന്നത് ഭൂമിയിൽ സംഭവിച്ചിട്ടുളളതിൽ വെച്ച് ഏറ്റവും വലിയ ചതിയുടെ ചുംബനമാണ്.

9. കൂട്ടായ്മയുടെ ചുംബനം.

വിശുദ്ധ തിരുമേശക്ക് ശേഷം ദൈവദാസന്മാർ സ്ഥിരമായി നമ്മെ വായിച്ചു കേൾപ്പിക്കുന്ന ഒരു വചന ഭാഗമാണ് വിശുദ്ധ ചുംബനത്തെക്കുറിച്ചുള്ളത്.
(1 തെസ്സ 5:26) സകലസഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‍വിൻ.
ലേഖനങ്ങളിൽ ഉടനീളം പൗലോസ് അപ്പോസ്തോലൻ സഭയെ ഓർമ്മിപ്പിക്കുന്നത് കൂട്ടായ്മയുടെയും ഐക്യതയുടെയും ചുംബനത്തെക്കുറിച്ചാണ്.

10. മാനസാന്തരത്തിൻ്റെ ചുംബനം.

രണ്ടാം സങ്കീർത്തനത്തിൻ്റെ അവസാന ഭാഗത്ത് കാണുന്ന ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ എന്നുള്ള വചനഭാഗം മാനസാന്തരത്തിൻ്റെ ചുംബനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നശിച്ചു പോകുന്ന ഈ ലോകത്തിലുള്ളതിൻ്റെ പിന്നാലെ പോകാതെ മാനസാന്തരപെട്ട് ദൈവ വചനത്തിൽ അടിസ്ഥാനമിട്ട് ക്രിസ്തു ഉള്ളവരായി ജീവിക്കാം,

നമ്മുടെ എല്ലാം ജീവിതത്തിൽ മറ്റുള്ളവരോട് ക്ഷമിക്കുവാൻ കഴിയാത്ത ചില കാര്യങ്ങൾ കണ്ടേക്കാം എങ്കിലും അവയെല്ലാം ക്ഷമയുടെ ഒരു ആലിംഗനത്തിലൂടെ തീരുവാൻ ഈ നാളുകളിൽ ഇടയായി തീരട്ടെ ,നമ്മുടെ അരുമ നാഥനിൽ നിന്ന് മനസ്സലിവിൻ്റെ ചുംബനം സ്വീകരിച്ച് കൂട്ടായ്മയും, ഐക്യതയും ഉള്ളവരായി ജീവിക്കാം. ക്രിസ്തുവിൻ്റെ മടങ്ങിവരവിങ്കൽ കൈവിട പെട്ട് വഴിയിൽ വെച്ച് നശിച്ചു പോകാതിരിപ്പാൻ നമുക്കും പുത്രനെ ചുംബിച്ച് അവനെ ശരണമാക്കി ആ ഭാഗ്യപദവിയിൽ എത്തിചേരാം.

 

ജയ്സൺ തോമസ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.