സൗത്ത് സോൺ സൺഡേ സ്‌കൂൾ ക്യാമ്പിന് അനുഗ്രഹീത തുടക്കമായി

വട്ടപ്പാറ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ് സൗത്ത് സോൺ സംഘടിപ്പിച്ച സൺഡേ സ്‌കൂൾ ക്യാമ്പ് ഏപ്രിൽ 30 മുതൽ മേയ് 2 വരെ വട്ടപ്പാറയിലെ വൈ.എം.സി.എ ഹാളിൽ ആത്മീയ ഉണർവ്വോടെയും അനുഗ്രഹീത അന്തരീക്ഷത്തോടെയും ആരംഭിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അസിസ്റ്റന്റ് ഓവർസീയർ ഡോ. ഷിബു കെ. മാത്യു നിർവഹിച്ചു.

“നാവിഗേറ്റ്” എന്ന ക്യാമ്പ് പ്രമേയം ആസ്പദമാക്കി യേശയ്യാവു 42:16 ലെ വചനത്തിൽ നിന്നുള്ള സന്ദേശം അവതരിപ്പിച്ച അദ്ദേഹം, ഇരുളിൽ നടക്കുന്നവരെ പ്രകാശത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ വഴികാട്ടലും കരുതലും ജീവിതത്തിൽ അനുഭവിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.
ലക്ഷ്യത്തിലെത്തുന്നതിനുള്ള ആത്മീയ ദിശാബോധം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ക്യാമ്പ് മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ആത്മീയ പരിശീലനങ്ങളും പഠന ക്ലാസുകളും സംഘടിപ്പിച്ചു. അധ്യാപകർക്കായി ഡോ. പി.ആർ.ഡി. പ്രഭു വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. പോസ്റ്റ്മോഡേൺ കുട്ടികളെ മനസ്സിലാക്കി ശുശ്രൂഷ ചെയ്യുന്നതും, കൃത്രിമ ബുദ്ധിയും വിശ്വാസ രൂപീകരണവും, സൃഷ്ടിപരമായ അധ്യാപന രീതികളും ഉൾപ്പെടെ ഇന്നത്തെ തലമുറ കുട്ടികളെ ആത്മീയമായി നയിക്കേണ്ടതിന്റെ മാർഗങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ശാർലറ്റ് പി. മാത്യു “സൺഡേ സ്‌കൂളിന്റെ പ്രാധാന്യം” എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ ആത്മീയ വളർച്ചയിൽ സൺഡേ സ്‌കൂളിന്റെ നിർണായക പങ്കും അധ്യാപകരുടെ ഉത്തരവാദിത്വവും അവർ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിനോദപരിപാടികളും ഒരുക്കിയിരുന്നു. ക്യാമ്പ് സൈറ്റിലെ ടർഫിൽ നടന്ന ഫുട്ബോൾ മത്സരം കുട്ടികൾക്ക് ഏറെ ആനന്ദകരമായ അനുഭവമായി. സൗഹൃദവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ ക്യാമ്പിന് കൂടുതൽ ഉണർവ് പകർന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading