ലേഖനം: ദൈവം കാക്കയോട് കല്പിച്ചിരിക്കുന്നു | സിബി ബാബു , യു. കെ

(1 രാജാക്കന്മാർ 17:3-4) എലിയാവിന് യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക. തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.

അന്നത്തെ രാജാവായ ആഹാബിൽ നിന്ന് ഏലിയാവിനെ രക്ഷിക്കാനായി ദൈവം അവനെ മറച്ചു വെച്ചത് കെരീത്ത് തൊട്ടിലാണ്. ദൈവം ഏലിയാവിനോട് പറഞ്ഞു: “പോയി അവിടെ പാർക്കുക.”

എന്ത് കൊണ്ടാണ് ദൈവമേ കെരീത്ത് തോട് ? അവിടെ എന്ത് സംഭവിക്കും? എന്നൊന്നും ചോദിക്കാതെ ഏലിയാവ് ദൈവം പറഞ്ഞത് പോലെ തന്നെ അനുസരിച്ചു.

കാക്കയോട് ഒരു മനുഷ്യനുവേണ്ടി ഭക്ഷണം കൊണ്ടുവരാൻ ദൈവം കല്പിച്ചു എന്നു പറഞ്ഞു കേൾക്കുമ്പോൾ തന്നെ അതൊരു കഥപോലെയും, മാനുഷിക യുക്തിക്ക് അതീതമായ ഒന്നുപോലെയും നമുക്ക് തോന്നാം. കാരണം കാക്കയുടെ സ്വഭാവം നമുക്കറിയാം, അത് കൊടുക്കുന്ന ഒരു പക്ഷിയല്ല, മറ്റുള്ളവരിൽ നിന്നും ആഹാരം തട്ടി എടുക്കുന്ന ഒരു പക്ഷിയാണ്. കാക്കയുടെ കൈയിൽ ഒരു അപ്പമോ, ആഹാര സാധനമോ കിട്ടിക്കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് കൊടുക്കാതെ അത് സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു പക്ഷി ആണ്. അതിനാൽ ദൈവം ഏലിയാവിന് വേണ്ടി ഒരു കാക്കയെ ഉപയോഗിച്ചു എന്നു പറയുമ്പോൾ തന്നെ അത് മനുഷ്യബുദ്ധിക്ക്‌ ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

നമ്മുടെ യുക്തി പോലും നമ്മേ ചോദ്യം ചെയ്യതു എന്ന് വരാം.

എന്നാൽ ദൈവത്തിന്റെ വഴികൾ മനുഷ്യന്റെ വഴികളല്ല. അവിടുത്തെ ആലോചനകൾ നമ്മുടെ ചിന്തകളെക്കാൾ ഉയർന്നതാണ്. ചരിത്രത്തെ സാക്ഷി നിർത്തി ഏലിയാവിന്റെ ജീവിതത്തിൽ കാക്കയെ സൃഷ്ടിച്ച ദൈവത്താൽ അത് സംഭവിച്ചു. അതെ ഏലിയാവ് എന്ന ദൈവ പുരുഷന് വേണ്ടി ദൈവം കാക്കയെ ഉപയോഗിച്ചു!

ദൈവം ഏലിയാവിനോട് പറഞ്ഞത് “നിനക്കായി ഞാൻ സമ്പന്നരെ ഒരുക്കിയിരിക്കുന്നു” എന്നല്ല. നിനക്കു ഭക്ഷണം ലഭിക്കുന്ന ഒരു സ്ഥലം ഞാൻ ഒരുക്കും” എന്നും അല്ല. അവിടുന്ന് പറഞ്ഞത് ഇത്ര മാത്രം: “നിനക്ക് വേണ്ടി കാക്കയോട് ഞാൻ കല്പിച്ചിരിക്കുന്നു,” നീ കെരീത്ത് തൊട്ടിലേക്കു പോക….

ദൈവത്തിന്റെ ഈ ഒരു വാക്കിൽ നമുക്ക് മനസിലാക്കാൻ കഴിയുന്നത്, ദൈവത്തിന്റെ പ്രവർത്തികൾ നമുക്ക് സുപരിചിതമായ വഴികളിൽ കൂടി അല്ല നടക്കുന്നത് എന്നതാണ്. നമ്മൾ പ്രതീക്ഷിക്കുന്ന ഉറവിടങ്ങളിൽ നിന്ന് അല്ല ദൈവം പ്രവർത്തിക്കുന്നത് എന്ന് ഇവിടെ വ്യക്തം ആണ്. പ്രിയ ദൈവ ജനമേ ദൈവത്തിനു അവന്റെ മഹത്വം തെളിയിക്കാൻ ദൈവത്തിന്റെതായ വഴികൾ ഉണ്ട്. നാം ചിന്തിക്കാത്ത വഴികളിലൂടെ, നാം കരുതാത്ത വ്യക്തികളിലൂടെ, നാം ഒരിക്കലും ആസൂത്രണം ചെയ്യാത്ത മാർഗങ്ങളിലൂടെ ദൈവം തന്റെ ഉദ്ദേശങ്ങൾ, തന്റെ പദ്ധതികൾ നിറവേറ്റുന്നു.

ദൈവം ഏലിയാവിനോട് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ കാക്കയോട് കല്പിച്ചിരിക്കുന്നു…” സമയത്തിന് മുമ്പേ ഉള്ള ദൈവത്തിന്റെ ഒരുക്കം ആണ് ഈ വാക്കുകളിലൂടെ പ്രകടമാകുന്നത്. മനുഷ്യൻ ഒരു സമയ ക്രമത്തിൽ ഒതുങ്ങുന്നവനാണെങ്കിലും, ദൈവം സമയങ്ങൾക്കും അതീതനാണ്. സർവ്വശക്തനായ ദൈവം നിത്യനാണ്. “ഞാൻ കാക്കയോട് കല്പിച്ചിരിക്കുന്നു…” എന്ന ദൈവത്തിന്റെ ഈ വാക്കുകൾ അത് ഒരു ഭാവികാല വാക്യമല്ല, അത് ദൈവത്തിന്റെ ഒരു വാഗ്ദത്തം അല്ല, അത് ദൈവത്തിന്റെ പൂർത്തിയായ ഒരു ദൈവീക പ്രവർത്തി ആണ്.

ഏലിയാവ് ആ കെരീത്ത് തോട്ടിൽ എത്തുന്നതിന് മുമ്പേ, ക്ഷാമം അതിന്റെ പരമാവധി എത്തുന്നതിന് മുമ്പേ, ഏലിയാവിന് വേണ്ടി ദൈവം തന്റെ ഒരുക്കം പൂർത്തിയാക്കിയിരിക്കുന്നു. അതായത് ഏലിയാവിന്റെ പ്രശ്നങ്ങൾക്ക് മുമ്പേ തന്നെ ദൈവം “കാക്കയോട് കല്പിച്ചിരുന്നു ” പ്രിയ സഹോദരാ, പ്രിയ സഹോദരീ ഇത് നിന്നോടുള്ള ദൈവത്തിന്റെ ദൂത് ആണ്. നിന്റെ നല്ല നാളേക്കായി, നിന്റെ കുടുംബത്തിനായി, നിന്റെ മക്കളുടെ ഭാവിക്കായി, നിത്യതയിലേക്കുള്ള നിന്റെ ഈ മരുഭൂ യാത്രക്കായി, നീ അറിയാതെ തന്നെ ദൈവം പല കാര്യങ്ങളും ഇതിനകം കല്പിച്ചിരിക്കുന്നു.

ദൈവത്തിനു മഹത്വം! എനിക്ക് ദൈവം മറുപടി തരുന്നില്ല, ദൈവം എന്നെ കാണുന്നില്ല എന്ന് നീ ഇനി ദൈവത്തോട് പറയരുത്. നീ നിനയ്ക്കുന്നതിനു മുമ്പേ ദൈവം ചിലതിനെ കല്പിച്ചാക്കിയിരിക്കുന്നു. അതായത് ഏലിയാവ് കെരീത്ത് തോട്ടിൽ എത്തുന്നതിനു മുമ്പേ കാക്കകൾ ഇതിനകം തയ്യാറായിരുന്നു. നിനക്ക് ദൈവത്തിന്റെ വഴി കാണാനാവാത്തതുകൊണ്ട് വഴി ഇല്ലെന്ന് അർത്ഥമില്ല. നിനക്ക് ദൈവത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തതുകൊണ്ട്

ഉറവിടം ഇല്ലാതാകുന്നില്ല. പ്രിയ സഹോദരാ, പ്രിയ സഹോദരീ സ്വർഗ്ഗത്തിൽ നിന്നും നിനക്ക് വേണ്ടി ദൈവത്തിന്റെ പ്രവർത്തി ആരംഭിച്ചുകഴിഞ്ഞു.

ഏലിയാവ് ആ ക്ഷാമത്തിനിടയിൽ വിശന്നില്ല. പരിസ്ഥിതികൾ ഏലിയാവിന് പ്രതികൂലമായിരുന്നു.

വരൾച്ച കഠിനമായിരുന്നു. എങ്കിലും ഏലിയാവ് ദൈവത്താൽ നിലനിന്നു. കാരണം ഏലിയാവ്, തന്നെ വിളിച്ച ദൈവത്തിന്റെ വാക്കിൽ അനുസരണയോടെ നടന്നു. പ്രിയ സഹോദരാ, പ്രിയ സഹോദരീ നീ ദൈവത്തിന്റെതായിക്കഴിഞ്ഞാൽ നിന്റെ ആവശ്യങ്ങൾ ദൈവത്തിന്റെ ഉത്തരവാദിത്വമാകും. നിന്റെ ഇല്ലായ്മയുടെ നടുവിലും അവൻ കരുതും. നിനക്കാവശ്യമായ വെള്ളം, നിനക്കാവശ്യമായ അപ്പം, നിനക്ക് മുന്നോട്ടുപോകാൻ വേണ്ട ശക്തി അതിന്റെ ഒക്കെ അളവ് ദൈവത്തിനു കൃത്യമായി ആയി അറിയാം, നീ ദൈവത്തെ ഉപദേശിക്കാൻ നിൽക്കണ്ട, ദൈവം നിനക്കു വേണ്ടി കരുതിക്കൊള്ളും. നീ അറിയുന്നതിന് മുന്നമേ ദൈവം ചിലതിനോട് കല്പിച്ചിരിക്കുന്നു. ഓർക്കുക നിന്റെ ജീവിതത്തെ നിർണ്ണയിക്കുന്നത്, നിന്റെ ചുറ്റുപാടുകളോ, സാഹചര്യങ്ങളോ അല്ല മറിച്ച് ദൈവത്തോടുള്ള നിന്റെ അനുസരണമാണ്, ദൈവ വചന പ്രകാരം ഉള്ള നിന്റെ ജീവിതമാണ്. ദൈവം തിരഞ്ഞെടുക്കുന്ന ഉപകരണങ്ങൾ, വ്യക്തികൾ നമ്മുടെ മാനദണ്ഡങ്ങൾക്കൊത്ത് വരണമെന്നില്ല.

കാക്ക എലിയാവിന് രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ വെള്ളം കുടിക്കും. എന്തൊരു മഹത്വകരമായ കാര്യാമാണിത്. നമ്മുടെ ദൈവം പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിൽ പ്രവർത്തിക്കുന്ന ദൈവമാണ് എന്ന് നാം മറന്നു പോകരുത്, നമ്മുടെ ദൈവത്തിനു ആരെയും ഉപയോഗിക്കാൻ കഴിയും. ദൈവത്തിനു മഹത്വം!

കാക്കയ്ക്കു ദൈവം അതിന്റേതായ ഒരു സൗന്ദര്യം കൊടുത്തിട്ടുണ്ടെങ്കിലും, ഒരു മനുഷ്യൻ പുറമെ നോക്കുമ്പോൾ കാക്ക ഒരു സൗന്ദര്യം ഉള്ള ഉള്ള ഒരു പക്ഷി അല്ല, അതിന്റെ ശബ്ദത്തിന് വലിയ മധുര്യവും ഇല്ല, കാണുന്ന മാലിന്യങ്ങൾ എല്ലാം കൊത്തി പെറുക്കി തിന്നുന്ന ഒരു പക്ഷി, കാക്ക വരുന്നത് കാണുമ്പോൾ തന്നെ ഒരു പ്രതീക്ഷക്കും വകയില്ല, എന്നാൽ

സൃഷ്ടാവായ ദൈവത്തിന്റെ കയ്യിൽ കാക്ക ദൈവത്തിന്റെ ഒരു ഉപകരണം ആയി മാറി.

ഇതിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത്, ആരെയും വില കുറച്ചു കാണരുത്, ആരോട് നിസ്സാര എന്ന് പറയരുത്. ചിലപ്പോൾ നീ അവഗണിച്ച ഒരാളിലൂടെയാകും ദൈവം നിന്റെ ആവശ്യങ്ങൾ നിറവേറ്റുക. നീ വിലകുറച്ച് കണ്ട ഒരു സാഹചര്യത്തിലൂടെയാകും നിന്റെ വിടുതൽ എത്തുക. അതിനാൽ നിന്റെ കണക്കുകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് മറക്കരുത്. അവൻ ഇന്നും കല്പിക്കുന്നു, നീ കാണാത്ത ഇടങ്ങളിൽ, നീ കരുതാത്ത വഴികളിൽ, നീ നിനയ്ക്കാത്ത ഇടങ്ങളിൽ.

ഒരുപക്ഷേ…

നിന്റെ ജീവിതത്തിനായുള്ള കാക്കകൾക്ക് ദൈവം ഇതിനകം കല്പിച്ചുകഴിഞ്ഞിരിക്കാം. ആർക്കറിയാം? അതെ നാം കാണാത്ത വഴികളിലും, നാം പ്രതീക്ഷിക്കാത്ത ഇടങ്ങളിലും, ദൈവം നമുക്കായി ചിലതു “കല്പിച്ചിരിക്കുന്നു”.

എന്നാൽ ഒന്നോർക്കുക, നാം ദൈവം അയച്ച കാക്കകളിലോ, മനുഷ്യരിലോ, ദൈവം ഉപയോഗിക്കുന്ന മാർഗങ്ങളിലോ ഒരിക്കലും നാം ആശ്രയം വയ്ക്കരുത്. കാക്കകൾ ഭക്ഷണം എത്തിച്ചെങ്കിലും, അത് ദൈവത്തിന്റെ കരുതലിന്റെ ഒരു ഉറവിടം മാത്രമാണ്. ഇവയൊക്കെ നിത്യതയുടെ തുറമുഖത്തു നമ്മേ എത്തിക്കാൻ ഈ മരുഭൂ പ്രയാണ യാത്രയിൽ ഉള്ള ദൈവത്തിന്റെ താൽക്കാലികമായ ഒരു കരുതൽ മാത്രം ആണ് എന്നോർക്കുക. ഇവയൊക്കെ നമുക്ക് തന്ന ദൈവം മാത്രം ആയിരിക്കട്ടെ നമ്മുടെ ആശ്രയം. അതെ നമ്മേ വിളിച്ച സർവ്വശക്തനായ ദൈവത്തിൽ മാത്രം ആശ്രയം വെച്ചുകൊണ്ട് നമുക്ക് നിത്യതയിലേക്ക് യാത്ര ചെയ്യാം. സർവശക്തനായ ദൈവം തന്നെ നമ്മേ സഹായിക്കട്ടെ.

 

സിബി ബാബു , യു. കെ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.