ലേഖനം: ദൈവത്തിൻറെ ആവശ്യങ്ങൾ | ബിജോ മാത്യു പാണത്തൂർ.

ആവശ്യങ്ങൾ നാം ഇടവിടാതെ ദൈവത്തോട് അറിയിക്കുന്നവരാണ്. ചെറുതും വലുതുമായ വിഷയങ്ങൾ കണ്ണുനീരിൽ ചാലിച്ച് പ്രാർത്ഥനാമുറിയിൽ പകരപ്പെടുമ്പോൾ സർവ്വശക്തൻ നമ്മോട് മനസ്സലിഞ്ഞ് അത്ഭുതം പ്രവർത്തിച്ച നാൾവഴികൾ നാം മറന്നിട്ടുണ്ടാകില്ല.

എന്നാൽ ചിലപ്പോൾ ദൈവം നമ്മോട് ചില കാര്യങ്ങൾ ആവശ്യപ്പെടും.”നിങ്ങൾ പോയി നമുക്ക് പെസഹ കഴിക്കാനുള്ള സ്ഥലം ഒരുക്കുക”(ലൂക്കോ22:7-13)എന്ന് പറഞ്ഞ് യേശു രണ്ട് ശിഷ്യന്മാരെ അയക്കുന്നു. അവർ പോകുന്നു. യേശു പറഞ്ഞ അടയാളം പോലെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് വരുന്ന ഒരു മനുഷ്യനെ അവർ കാണുകയും, അയാൾ അവർക്ക് വിരിച്ചൊരുക്കിയ ഒരു മാളിക മുറി കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.

നോക്കൂ! ദൈവത്തിൻറെ ആവശ്യം നിവർത്തിക്കാൻ പോയ ശിഷ്യന്മാർ അവിടെ അലയേണ്ടി വരുന്നില്ല.അവർക്കായി നേരത്തെ അതൊക്കെയും ദൈവം ഒരുക്കി വെച്ചിരുന്നു. ദൈവീക പദ്ധതിയുടെ ഭാഗമായി, ദൈവത്തിൻറെ ആവശ്യങ്ങളുമായി നാം മുന്നോട്ട് പോകുമ്പോൾ വഴിയിൽ നാം നിസ്സഹായരാവുകയില്ല.പകരം എല്ലാം കൃത്യമായി പ്ലാൻ ചെയ്തതുപോലെ ദൈവത്താൽ സംഭവിക്കും.

യേശു ബേത്ഫാഗയിൽ എത്തിയപ്പോൾ ഒരു കഴുതയെ തനിക്കുവേണ്ടി അഴിച്ച് കൊണ്ട് വരുവാൻ രണ്ട് ശിഷ്യന്മാരെ അയക്കുന്നു(ലൂക്കോ-19:28-35).അതും യേശുവിൻറെ ആവശ്യമായിരുന്നു.പക്ഷേ അവർ കഴുതയെ അന്വേഷിച്ച് ഇവിടെ അലയേണ്ടി വരുന്നതായി നാം കാണുന്നില്ല. അവർ അതിനെ കണ്ടെത്തുന്നു.

ഉടമസ്ഥൻ ഉള്ളതും കെട്ടിയിടപ്പെട്ടതുമായ ആ കഴുതയെ അവർ അഴിക്കുമ്പോൾ ആരും അവരോട് കയർക്കുന്നില്ല.ആരും അതിനെ കൊണ്ടു പോകരുത് എന്ന് ശിഷ്യന്മാരോട് പറയുന്നില്ല.അർത്ഥം: ദൈവത്തിൻറെ ആവശ്യങ്ങൾക്കായി ദൈവനാമത്തിൽ നാം മുന്നിട്ടിറങ്ങുമ്പോൾ നമുക്ക് വേണ്ടി ഓരോ വഴികളെ ദൈവം തുറന്നു തരും.

വലിയ പുരുഷാരം ഗലീല
കടൽക്കരയിൽ തിക്കി തിരക്കിയപ്പോൾ “പുരുഷാരത്തോട് പ്രസംഗിക്കാൻ ഒരിടം” യേശുവിൻറെ ഒരു ആവശ്യമായിരുന്നു. അങ്ങനെ കർത്താവ് പത്രോസിനോട് തൻറെ ആവശ്യം പറയുന്നു. “നിൻ്റെ പടക് കരയിൽ നിന്ന് അല്പം നീക്കുക”(ലൂക്കോ -5:3)എന്ന് പറഞ്ഞു.

അങ്ങനെ യേശു പത്രോസിന്റെ വള്ളത്തിലിരുന്ന് പുരുഷാരത്തോട് പ്രസംഗിച്ചു. കർത്താവിൻറെ ആവശ്യം പത്രോസ് സാധിച്ചു കൊടുത്തു. എന്നാൽ ആ സ്ഥലത്ത് നിന്ന് പോകുമ്പോൾ പത്രോസിനെ യേശു മറന്നില്ല. രാത്രി മുഴുവനും അധ്വാനിച്ചിട്ടും ശൂന്യമായ പടകിൽ ഇരുന്നിരുന്ന പത്രോസിന്റെ വലയിൽ “നിറയെ മീൻ കൂട്ടത്തെ” കർത്താവ് നൽകി.

നാം ദൈവത്തിൻറെ ആവശ്യങ്ങളെ അംഗീകരിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങളിൽ അത്ഭുത ഇടപെടലുകൾ നടത്താൻ യേശു മതിയായവനാണ്.

ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.