ലേഖനം : അവൻ എത്രയോ മാന്യൻ | രാജൻ പെണ്ണുക്കര

വചനത്തിൽ വ്യത്യസ്ത സ്വാഭാവക്കാരുടെ നിരവധി ചിത്രങ്ങൾ പരിശുദ്ധത്മാവ് വരച്ചു കാട്ടിയിട്ടുണ്ട്. അവരെ പറ്റി ന്യുതനമായ ആശയങ്ങൾ നിരത്തിയുള്ള ഒത്തിരി പ്രസംഗങ്ങളും നൂറ്റാണ്ടുകളായി കേൾക്കുന്നുമുണ്ട്. അതിൽ ഒരാളാണ് ലോകം അപരനാമത്തിൽ വിളിക്കുന്ന മുടിയനായ പുത്രൻ. എന്നാൽ വചനത്തിൽ അവനെ ഇളയവൻ എന്നുമാത്രം അഭിസംബോധന ചെയ്തിരിക്കുന്നു. അവന്റെ ദുർന്നടപ്പും, സ്വഭാവവും, ചെയ്തികളും, പെരുമാറ്റരീതിയും വെച്ച് അവൻ ദൂർത്തപുത്രൻ എന്ന പേരിനും യോഗ്യൻ.

ലൂക്കോസിന്റെ സുവിശേഷത്തിൽ യേശു പറഞ്ഞ ഒരുപമയിൽ, ഒരപ്പന്റെ രണ്ടു ആൺമക്കളിൽ ഇളയവൻ അപ്പനോടു; ‘അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു’ അവൻ അവർക്കു മുതൽ പകുത്തു കൊടുത്തു എന്ന് വായിക്കുന്നു.

എന്തിനെന്നും ഏതിനെന്നും മറുചോദ്യം ചോദിക്കാതെ വീതം വെച്ചു കൊടുക്കുന്ന സ്നേഹനിധിയായ അപ്പൻ. ചില മക്കൾ ചതിവിലൂടെ മൊത്തം കരസ്ഥമാക്കുമ്പോൾ തന്റെ കാലിലെ പൊടി മാത്രം അവിടെ തട്ടിയിട്ടിട്ട് ഒന്നും ഉരിയാടാതെ കണ്ണീരോടെ ഇറങ്ങി പോകുന്ന ഒത്തിരി അപ്പന്മാരുടെ കഥകൾ കേട്ടിട്ടുണ്ട്. പക്ഷെ ആ പൊടി നാളെ ഓരോരുത്തരോടും എണ്ണിയെണ്ണി കണക്കു ചോദിക്കും എന്ന സത്യം പലരും മറക്കുന്നു.

ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ എല്ലാവരും ഇളയവന്റെ ദൂഷ്യവശങ്ങൾ മാത്രം ഉയർത്തി കാണിക്കുമ്പോൾ, അവന്റെ നല്ലവശങ്ങൾ കൂടി കാണേണ്ടത് നമ്മുടെ അവകാശമല്ലേ. എന്നാലിവിടെ ദൂർത്തപുത്രനെ ന്യായികരിക്കാനോ വിശുദ്ധനായി പ്രഖ്യാപിക്കാനോ ശ്രമിക്കുന്നില്ല എന്ന കാര്യം കൂടി ആദ്യമേ തുറന്നു പറയുമ്പോൾ തന്നേ, ഏതൊരു കാര്യത്തിന്റെയും എല്ലാവശങ്ങളും വിശദമായി പഠിക്കേണ്ടത് നമ്മുടെ മൗലിക അവകാശം ആകയാൽ അതിനൊരു ശ്രമം നടത്തുന്നു എന്നുമാത്രം. മാത്രവുമല്ല അവനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിച്ചപ്പോൾ ചിലവരികളിൽ നിരത്തി വെച്ചിരിക്കുന്ന അവന്റെ ദുർഗുണങ്ങൾ കൂടാതെ നാം കാണാത്തതും വായിക്കാത്തതും, എഴുതാതെ എഴുതിവെച്ചതുമായ കുറെ സൽഗുണങ്ങൾ മറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ് ഈ ലേഖനം എഴുതുവാൻ പ്രേരണയായ ഘടകം. ചിലപ്പോൾ എന്റെ അഭിപ്രായത്തോട് വായനക്കാർ എത്രമാത്രം യോജിക്കും എന്നറിയില്ല.

ഏതായാലും അവന് ധുർത്തപുത്രൻ എന്ന പേര് കൊടുത്തെങ്കിലും, അവന്റെ സ്വഭാവവും പെരുമാറ്റവും വെച്ച് വളരെ ഔചിത്യം (Decent) ഉള്ള വ്യക്തിയെന്ന് തോന്നിപോകുന്നു. കാരണം അവൻ ന്യായമായതു മാത്രം ആഗ്രഹിക്കുന്നു, അവന് അവകാശപ്പെട്ടതും അർഹമായതുമായ പങ്കു മാത്രം തരേണമേ എന്നു യാചിക്കുന്നു. അവന് ജേഷ്ഠന്റെ പങ്ക് വേണ്ട, അന്യന്റെ മുതൽ വേണ്ടാ, അപ്പന്റെയും അമ്മയുടേയും ഓഹരിയും വേണ്ട, മൊത്തവും അടിച്ചു മാറ്റാനുള്ള വ്യഗ്രതയും ആർത്തിയും അത്യാഗ്രഹവും പരിശ്രമവും പരാക്രമവും കാണിക്കുന്നില്ല എന്നുതും അവന്റെ സ്വഭാവവൈശിഷ്ട്യമായി കണക്കാക്കാം.

ഇവിടെ ഒരുകാര്യം നിങ്ങൾ
ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, സാധാരണ ദുർനടപ്പ്, ദുർമാർഗ്ഗം അല്ലെങ്കിൽ മോശം കൂട്ടുകെട്ടിൽ പോകുവാൻ തയ്യാറായി നിൽക്കുന്നവന് എത്രമാത്രം വീണ്ടുവിചാരവും മനഃസാക്ഷിയും ദയയും കരുണയും ഉണ്ടാകുമെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം. എന്നാൽ നമ്മുടെ കണക്കുകൂട്ടൽ മൊത്തം തെറ്റിക്കുന്ന രിതിയിൽ അല്ലേ അവൻ പെരുമാറുന്നത്. അവനെല്ലാം വാങ്ങിയെടുത്താൽ നാളെ അവന്റെ സ്വന്ത സഹോദരനും അപ്പനും അമ്മയും എങ്ങനെ കഴിയുമെന്നും അവരുടെ ഗതി എന്തായി തീരുമെന്ന തോന്നൽ തീർച്ചയായും അവന്റെ മനസ്സിനെ ഭരിച്ചിട്ടുണ്ടാകാം, അതല്ലേ അവന്റെ ഓഹരി മാത്രം വാങ്ങിയാൽ മതി എന്ന് സ്വയം തീരുമാനിച്ചത്. അല്ലെങ്കിൽ ഭീഷണിപ്പെടുത്തി മൊത്തം അപഹരിച്ച് അന്യദേശത്തേക്ക് ഓടിപോകാമായിരുന്നില്ലേ?. സുബോധം ഉള്ള നമുക്ക് ഇങ്ങനെയുള്ള നല്ല മനഃസാക്ഷി ഉണ്ടോ എന്ന ചോദ്യം ബാക്കിയായി നിൽക്കുന്നു.

അവൻ അപ്പനിൽ നിന്നും അകന്ന് ദൂരദേശത്തേക്കു യാത്രയാകുന്ന നിമിഷം വരെ സൽസ്വഭാവി ആയിരുന്നു എന്നുവേണം കരുതാൻ. അതല്ലേ അപ്പാ എന്ന് ബഹുമാനത്തോടെ പോലും വിളിക്കുന്നതും, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു മാത്രം തരേണമേ എന്നു പറയുന്നതും. അപ്പനിൽ നിന്നും അകന്നാലും അപ്പനെ പുറത്താക്കി ജീവിച്ചാലും എല്ലാവരുടേയും ഗതി ഇതുതന്നെ എന്നുകൂടി ഇത്തരുണം പറയേണ്ടി വരുന്നു. ഇന്നത്തെ ദൂർത്തപുത്രന്മാർ അപ്പനെ എന്തു വിളിക്കുമായിരുന്നു അല്ലെങ്കിൽ എന്തു ചോദിക്കുമായിരുന്നു എന്ന് നമുക്ക് ഊഹിക്കാമല്ലോ?.

ഈ കാലഘട്ടത്തിൽ അന്യരെ ഒരു രാത്രി നമ്മുടെ വീട്ടിൽ അന്തി ഉറങ്ങാൻ അനുവദിച്ചാൽ രാവിലെ എഴുന്നേറ്റ് ഇത് എന്റേതാണ് ഞാൻ ഇറങ്ങില്ല എന്ന അവകാശവാദം (Claim) പോലും പറയാൻ മടിക്കാത്ത മനുഷ്യരുടെ ലോകം. ഒരിക്കൽ സ്ഥാനമാനവും അധികാരവും കിട്ടിയാൽ വിട്ടുകൊടുക്കാനോ ഇറങ്ങാനോ മനസ്സില്ലാത്ത മനുഷ്യർ (അധികാര കൊതി ഒരുതരം ലഹരി പോലെയാണെന്നു പറഞ്ഞാലും തെറ്റില്ല). കൂടാതെ ഏതു കുതന്ത്രവും കാട്ടിക്കൂട്ടി മുഴുവൻ അധികാരവും അന്യന്റെ കഠിനാധ്വാനവും പരിശ്രമങ്ങളും അവകാശങ്ങളും അവസരങ്ങളും അട്ടിമറിയിലൂടെ (Sabotage) കൈക്കലാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആത്മീക/ലൗകീക ലോകത്തെ വലിയ ശ്രേഷ്ഠന്മാർ എന്ന് കരുതുന്നവർ എങ്ങനെ ദൂർത്ത പുത്രനേക്കാൾ നല്ലവരും മാന്യന്മാരും മാതൃക ഉള്ളവരും ആത്മീകന്മാരും വിശുദ്ധരും നീതിമാന്മാരും ന്യായം ചെയ്യുന്നവരും ആകും.

യഥാർത്ഥത്തിൽ ഇന്നത്തെ ലോകവും ആത്മീക ചുറ്റുപാടും അനുഭവങ്ങളും വച്ച് ഇളയവനെ ഒത്തിരി ബഹുമാനിക്കാൻ തോന്നി പോകുന്നില്ലേ. ഇന്നത്തെ ആത്മീക ഗോളത്തിലും ശുശ്രുഷാമണ്ഡലത്തിലും കണ്ടിട്ടുള്ള ചിലരെക്കാൾ ഒക്കെ അവൻ എത്രയോ മാന്യൻ എന്നും തോന്നുന്നുമില്ലേ.

ഇന്നത്തെ എല്ലാ മേഖലകളിലും പ്രേത്യേകിച്ചു ആത്മീക ഗോളത്തിലെ ഇന്നലെ വന്ന കുറെ കിങ്കിരന്മാരും അവരുടെ കൂട്ടുകാരും ഒത്തുചേർന്ന് സഭക്ക് അടിത്തറ ഇട്ടവരെയും, സ്ഥാപിച്ചവരെയും, സഭക്കു വേണ്ടി പ്രാണൻ കളഞ്ഞവരെയും, നടുവൊടിച്ചവരെയും അടിച്ചു പുറത്താക്കി മുഴുവനും സ്വന്തമാക്കി നീണാൽ വാഴൻ കഠിനപ്രയത്നം ചെയ്യുന്നത് കണ്ടിട്ടില്ലേ. സഭയിലെ പിതാക്കന്മാരെ പൊലും പടിക്ക് പുറത്താക്കി പിറന്നമക്കളും ഇന്നലെ വന്നമക്കളും ഒന്നായിചേർന്ന്, അകത്തു കയറി കതക് അടച്ച് എല്ലാം പിടിച്ചുവാങ്ങി നീണാൽ വാഴൻ ശ്രമിക്കുമ്പോൾ അതിന് കൈത്താങ്ങലും പൂർണ്ണ ഒത്താശയും കൊടുക്കുന്നവരോട് ലജ്ജയും അറപ്പും വെറുപ്പും തോന്നിയാൽ തികച്ചും സ്വാഭാവീകം മാത്രം.

ഇവിടെ ഒരാൾ ന്യായമായ ഭൗതിക സമ്പത്ത് മാത്രം ചോദിച്ച് വാങ്ങിയും, വേറെ ഒരു സ്വന്തം ഇളയ സഹോദരൻ അമ്മയുടെ പൂർണ്ണ ഒത്താശയോടെ അപ്പന്റെ കൈയിൽ നിന്നും ഉപയത്താൽ ജേഷ്ഠന്റെ അവകാശമായ മുഴുവൻ അനുഗ്രഹവും തട്ടിപ്പറിച്ചും ഓടി പോകുന്ന കാഴ്ച കണ്ടില്ലേ. ഇന്നും ഇങ്ങനെഉള്ളവർ സമൂഹത്തിന്റെ എല്ലാ മേഖലകളിലും കാണുന്നില്ലേ.

സ്വാർത്ഥതയും, പിന്നെ സ്വയം അധ്വാനിക്കാത്ത മറ്റുള്ളവന്റെ മുതലും പിടിച്ചെടുക്കാനുള്ള അതിമോഹവും, അത്യാഗ്രഹവും ആർത്തിയും ആണ് ഇതിന്റെ മുഖ്യകാരണങ്ങൾ. അതിന്റെ കൂടെ പുറത്തുനിന്നും ചില ഒത്താശകളും സഹായങ്ങളും സപ്പോർട്ടും കൂടി കിട്ടിയാൽ കാര്യങ്ങൾ എത്ര എളുപ്പത്തിൽ നടക്കും. വചനം പറയുന്നു സ്നേഹം സ്വാർത്ഥം അന്വേഷിക്കുന്നില്ല, സ്വാർത്ഥം എന്നാൽ സ്വന്തം ഉദ്ദേശം സ്വന്തം കാര്യം സ്വന്തം പ്രയോജനം മാത്രം നോക്കുന്നവൻ എന്നാണ്.

മറ്റുള്ളവർക്കും അവകാശപ്പെട്ടത് കൈക്കൽ ആക്കുന്നതും, മറ്റുള്ളവന്റെ അധികാരം കൈയടക്കി വെക്കുന്നതും, മറ്റുള്ളവനും കൂടി അർഹമായത് പിടിച്ചു വാങ്ങി എടുക്കുന്നതും, മറ്റുള്ളവരും കൂടി അനുഭവിക്കേണ്ടിയതും, അവർക്കും അവകാശമായ അവസരങ്ങൾ മുടക്കുന്നതും, തടസ്സപ്പെടുത്തുന്നതും (Deprivation of rights) എന്ന നിയമ പരിധിയിലും, സ്വാർത്ഥം എന്ന വാക്കിന്റെ സീമയിലും വരുന്നു. മാത്രവുമല്ല ലോക നിയമ പ്രകാരം അത്‌ അനീതിയും അന്യായവും അധർമ്മവും കുറ്റവും ആകുന്നെങ്കിൽ സ്വർഗ്ഗിയ കോടതിയിൽ എങ്ങനെയായിരിക്കും നിങ്ങൾ തന്നേ തീരുമാനിക്കുക. അപ്പോൾ മറ്റുള്ളവർക്കും കിട്ടേണ്ടിയ അവസരങ്ങൾ ചൂഷണം ചെയ്യുന്നതും അവകാശങ്ങൾക്ക് തടയിണ ഇടുന്നതും, ആണോ ത്യാഗമനോഭാവം. അങ്ങനെ നാം ഒരിക്കൽ പൊലും ആകരുതെന്ന് ദൈവം ആഗ്രഹിക്കുന്നു.

എല്ലാ സഭകളിലും അമിതാവേശവും അതിഭക്തിയും ഒത്തിരി ആത്മീകവും അഭിനയിക്കുന്ന പ്രേത്യേക സ്വഭാവവും മനോഭാവവും ദുശ്ശാഠ്യവും ദുർവാശിയും ഉള്ള ഒരു വ്യക്തിയെങ്കിലും ഉണ്ടാകും. അവർക്ക് സമയവും സാഹചര്യവും ഒന്നും ഒരു വിഷയമേ അല്ല, എന്നും എല്ലായ്പോഴും എല്ലാവരേയും കടത്തിവെട്ടി എല്ലാ കൂട്ടായ്മയിലും ആരാധനയിലും ഒന്നാമതാക്കണം എന്ന സ്വാർത്ഥചിന്തയും മറ്റുള്ളവർക്കും കൂടി കിട്ടേണ്ട അവസരവും അർഹമായ സമയവും ഒരുപൊടിക്കു പൊലും വിട്ടുകൊടുക്കാതെ എല്ലാദിവസവും കവർന്നെടുത്ത് എടുത്തുചാടി പ്രാർത്ഥിക്കണം, സാക്ഷിക്കണം എന്ന നിർബന്ധബുദ്ധി ഉള്ളവരായിരിക്കും. ഒരു നേരത്തേക്ക് ഒന്നു ഒതുങ്ങി മാറി മറ്റുള്ളവരും കൂടെ ഒരുവട്ടം പ്രാർത്ഥിച്ചോട്ട് എന്നുകരുതാൻ, അല്ലെങ്കിൽ വിട്ടുകൊടുക്കാൻ മനോഭാവം ഇല്ലാത്ത സ്വാർത്ഥരായ അമിതഭക്തിക്കാരെ എന്തു വിളിക്കണം. ഇതൊന്നും ഭക്തിയുടെ ലക്ഷണമേയല്ല മറിച്ച്, സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നതിരിച്ചറിവും, പരിസരബോധവും, പരിജ്ഞാനത്തിന്റേ കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രേത്യേക മാനസിക നിലവാരം എന്ന് മാത്രം തത്കാലം പറയുന്നു. ഇങ്ങനെയുള്ള വൈകൃത മനോഭാവത്തോടു കൂടിയ പ്രാർത്ഥന കേട്ടാൽ തന്നേ ഒരുതരം മത്സരവും വാശിയും പോലെ തോന്നിപ്പോകും.

മറ്റുള്ളവർ മരിച്ചാൽ എനിക്ക് എന്ത്, എന്റെ കാര്യം നടക്കണം എന്ന ചിന്താഗതി ദൈവപൈതലിനു യോജിച്ചതോ. മറ്റു കൂട്ടുവേലക്കാർക്കും അവസരങ്ങൾ വേണം അവരും നന്മകളുടെ ഒരംശം അനുഭവിക്കട്ടെ എന്ന തോന്നൽ ഇല്ലായെങ്കിൽ നിന്നിൽ ലേശവും ദൈവസ്നേഹം ഇല്ല എന്നു ചുരുക്കം. പിന്നെ നീ വെറും മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ, സ്നേഹമില്ല എങ്കിൽ നീ ഏതുമില്ല, സ്നേഹം ഇല്ല എങ്കിൽ ഒരു പ്രയോജനവും ഇല്ല, പിന്നെ നാം കാണിക്കുന്ന ആത്മീകം വെറും പ്രഹസനം മാത്രം.

എല്ലാവരും യേശുവിന്റെ സ്നേഹം പ്രസംഗിക്കുന്നു, ഒരുനാൾ അവന്റെ മുന്നിൽ രണ്ടു കയ്യും നീട്ടി നിന്ന് വലിയ കിരീടങ്ങളും തലയിൽ ചാർത്തി കൈനിറയെ പ്രതിഫലങ്ങളും വാങ്ങാൻ നിരനിരയായി (“Q”) നിൽക്കുന്ന സ്വപ്നവും കാണുന്നു. അങ്ങനെയുള്ളവർക്ക് ഈ ലോകത്ത് അന്യദുഖത്തിൽ കരുണയില്ലാതെ ജീവിച്ചപ്പോൾ തന്നേ എല്ലാ പ്രതിഫലങ്ങളും കിട്ടിപ്പോയി എന്ന സത്യം വിസ്മരിക്കുന്നു. പക്ഷെ അവിടെ എന്താണ് ഈ കൂട്ടുകൃഷിക്കാർക്ക് കിട്ടാൻ പോകുന്നതെന്ന് ആരും തന്നേ ചിന്തിക്കുന്നില്ല.

നിന്റെ കൂട്ടുസഹോദരനെ നിന്റെ സ്വന്ത സഹോദരനായി കാണുവാൻ കഴിയുന്നില്ലായെങ്കിൽ, അവനെ സ്നേഹിക്കാനും അവന്റെ കഷ്ടതയും ദുഃഖവും ഞെരുക്കവും നിന്റെ കഷ്ടതയും ദുഖവും ഞെരുക്കവും പോലെയായി മാറുന്നില്ലായെങ്കിൽ, ദൈവം ദാനം തന്ന നിന്റെ അവസരങ്ങൾ അവരുടേയും അവസരങ്ങൾ ആയി മാറുന്നല്ലയെങ്കിൽ നാം അവകളെ ചൂഷണം ചെയ്ത് മൊത്തം കൈക്കലാക്കാൻ ശ്രമിക്കുന്നെങ്കിൽ എന്തു പ്രയോജനം.

നമുക്ക് സ്വാർത്ഥത ഇല്ലാത്ത മനുഷ്യൻ ആകുവാൻ കഴിയുന്നില്ലായെങ്കിൽ നമ്മുടെ മനോഭാവം മാറുന്നില്ലായെങ്കിൽ നമ്മേക്കാൾ എത്രയോ നല്ലവനും മാന്യനും ആദരിക്കാൻ യോഗ്യൻ ആണ് ലൂക്കോസ് പറയുന്ന ഇളയവൻ അഥവാ ദൂർത്ത പുത്രൻ.

ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു (സഭാ 10:1); അൽപ്പം കൂടി വ്യക്തമായി പറഞ്ഞാൽ ഒരു ചത്ത ഈച്ച മൊത്തം തൈലം നശിപ്പിക്കുന്നു എങ്കിൽ, അതുപോലെ തിരിച്ചും ഒരാളുടെ മാറ്റം, തിരിച്ചറിവ്, മനസാന്തരം ഒരുകുടുബത്തിൽ ചെറുനാളമായി ജ്വലിച്ചു തുടങ്ങി പിന്നെയത് പടർന്ന് ഒരു സമൂഹത്തിന്റെ വിളിക്കായി, ഏറ്റവും ഒടുവിൽ ഒരു ദേശത്തിന്റെ അതേ മൊത്തം ഒരു ആത്മീക മണ്ഡലത്തിന്റെ തീജ്വാലയായി മാറണം എന്ന് ആശിക്കുന്നു.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.