നീരോട്ടമുള്ള സ്ഥലം | രാജൻ പെണ്ണുക്കര

നീരോട്ടമുള്ള പ്രദേശം എല്ലാവരുടെയും ലക്ഷ്യമാണ്. എല്ലാവരുടെയും ദൃഷ്ടി അതിന്മേലാണ്. നീരോട്ടമുള്ളതും പ്രയോജനമുള്ളതും നേടാൻ, സ്വന്തമാക്കാൻ അവിടെ സ്ഥിരമാകാൻ, അല്ലെങ്കിൽ കൈവശം ആക്കാൻ മനുഷ്യൻ എന്തും ചെയ്യും. ഞാൻ പരദേശി എന്റെ ദേശം ഇവിടെയല്ല എന്നൊക്കെ എത്ര അനായാസം പറയുവാനും പാടുവാനും എല്ലാവർക്കും കഴിയും,പക്ഷെ പ്രവർത്തിപദത്തിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് നാം പലപ്പോഴും കാണാറില്ലേ.

വചനം പറയുന്നു യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; (ഉല്പ 12:4). ഇവരെ രണ്ടുപേരെയും ഇങ്ങനെയും വിശേഷിപ്പിക്കാം “വിളികേട്ടവനും”, “വിളിയില്ലാത്തവനും”. ഇവിടെ അബ്രാമിന്റെയും ലോത്തിന്റെയും ഒരുമിച്ചുള്ള യാത്രമദ്ധ്യേ ഉടലെടുത്ത പ്രത്യേക വിഷയത്തോടെനുബന്ധിച്ച് അബ്രാം ലോത്തിന് തിരെഞ്ഞെടുക്കാനുള്ള അവകാശവും അധികാരവും സ്വാതന്ത്ര്യവും കൊടുക്കുന്നതായി വായിക്കുന്നു. “ലോത്ത് നോക്കി പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു;” ലോത്ത് തനിക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു (ഉല്പ 13:10,11).

“വിളിയില്ലാത്ത” ലോത്ത് അബ്രാം പറഞ്ഞപ്പോൾ നോക്കിയെങ്കിൽ, “വിളികേട്ട” അബ്രാം യഹോവ പറഞ്ഞപ്പോൾ “തലപൊക്കി” നാലുദിക്കിലും നോക്കിയതായി വായിക്കുന്നു. ഇതാണ് വിളികേട്ടവനും വിളിയില്ലാത്തവനും തമ്മിലുള്ള വ്യത്യാസം.

യഥാർത്ഥത്തിൽ ദർശനവും ദൈവശബ്ദവും കേട്ടിറങ്ങിയവൻ പറയുന്നു, നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ട്, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ട്, അതാണ് ദർശനം, അതു തന്നേ ആയിരിക്കണം കാഴ്ചപ്പാട്. എന്നുവെച്ചാൽ എവിടെയും പോകുവാൻ ഒരു യോദ്ധാവിനെ പോലെ തയ്യാറാകണമെന്ന് ചുരുക്കം. അല്ലാതെ ഞാൻ ഇപ്പോൾ പോകുന്നില്ല, കുറച്ചു നാൾ കൂടി ഇവിടെ പാർക്കണം എന്നു പറയുന്നതല്ല ദർശനവും കാഴ്ചപ്പാടും. എന്നാൽ ദർശനവും കാഴ്ചപ്പാടും വിളിയും ഇല്ലാതെ ഉണ്ടെന്ന് അഭിനയിക്കുന്നവന്റെ ഉദ്ദേശം എന്തെന്നുകൂടി ആ തിരഞ്ഞെടുപ്പിൽ നിന്നും മനസ്സിലാകുന്നുണ്ട്.

ഇവിടെത്തെ പ്രശ്നക്കാരൻ ലോത്താണോ, അവന്റെ നോട്ടമാണോ, നീരോട്ടമുള്ള സ്ഥലം ആണോ എന്ന ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾ കണ്ടെത്തു!. അതേ നമ്മുടെ നോട്ടം ഒന്ന് പിഴച്ചാൽ, മാറിപോയാൽ, തെറ്റിയാൽ, നാം ലോകത്തു കാണുന്ന പച്ചപ്പിൽ നോക്കിയാൽ നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ലക്ഷ്യവും നിശ്ചയം മാറുമെന്ന മഹാസത്യം ലോത്ത് വിളിച്ചറിയിക്കുന്നു.

ലോത്തിന് ഇവിടെ കുറേകാലം കൂടി നിന്നാൽ പ്രയോജനം ഉണ്ടാകും, നല്ല വരുമാനമുള്ള സ്ഥലം, കുറച്ചു കൂടി സമ്പാദിക്കാൻ പറ്റിയ ഇടം, ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമില്ലാതെ ആടുമടുകളെ വളർത്താം, സുഗമമായി (Smoothly) കാര്യങ്ങൾ നടക്കും, മക്കളുടെ കാര്യങ്ങൾ നന്നായി ചെയ്തു കൊടുക്കാം, കൂടാതെ അവരുടെ ഭാവികൂടി സുരക്ഷിതമാക്കാമെന്നു നന്നായിട്ട് മനസ്സിലായപ്പോൾ അതുവരെയും തുടർന്ന യാത്രയുടെ ദിശ മാറി ദിക്ക് മാറി, കാരണം പ്രദേശം നീരോട്ടമുള്ളത്, വരുമാനമുള്ളത്. പിന്നെ ലോത്തിന്റ യാത്രയുടെ വേഗത കുറഞ്ഞു, പ്രതിജ്ഞ മറന്നു, ലക്ഷ്യം തെറ്റി, നോട്ടം മാറി, ഉദ്ദേശവും മാറി ആരുടെ കൂടെ ഇറങ്ങി, എവിടെപ്പോകാൻ ഇറങ്ങി, എന്തിനുവേണ്ടി ഇറങ്ങി എന്ന ചോദ്യങ്ങളും പാടേ മറന്നു പോയി, പിന്നെ എങ്ങനെയെങ്കിലും എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി സ്ഥിരതാമസം ആക്കാനുള്ള വ്യാമോഹം ഉള്ളിൽ ജനിക്കുന്നു എന്നു പറഞ്ഞാലും തെറ്റില്ല, ആരെയും കുറ്റം പറയുവാനും സാധിക്കില്ല.

ദർശനവും യഥാർത്ഥ വിളിയും ഇല്ലാത്തവർ ഈ ലോകത്തിലെ നിരോട്ടമുള്ളതും ഫലഭൂഷ്ഠിയുള്ളതും കണ്ടാൽ വിട്ടു പോകില്ല, അവന് പോകാനൊട്ടും തോന്നില്ല. പിന്നെ കേൾക്കുന്നവർക്ക് ന്യായം എന്നു തോന്നുന്ന വിധത്തിൽ “ദൈവം ആണ് എന്നെ ഇവിടെ ആക്കിയത്, ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇവിടെത്തെ വേല ഇനിയും തീർന്നിട്ടില്ല, ഇനിയും ഒത്തിരി വേല തികക്കുവാൻ ഉണ്ട്” എന്നൊക്കെ വിളംബരം ചെയ്ത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് കേട്ടിട്ടില്ലേ. അതിനെ അരക്കിട്ട് ഉറപ്പിക്കാൻ ഒരു കള്ളപ്രവചനം കൂടിയായാൽ സംഗതി ഭദ്രം.

ഭൗതീക നന്മകളും നീരോട്ടവും, ഫലഭൂഷ്ഠിയും മനസ്സിൽ വെച്ചുകൊണ്ട് ആത്മീകതയുടെ പരിവേഷവും വർണ്ണങ്ങളും, വർണ്ണകടലാസ്സും പൊതിഞ്ഞു ചെയ്തുകൂട്ടുന്ന പ്രവർത്തികൾ ദൈവസന്നിധിയിൽ കൊടുംപാപം ആണെന്ന സംഗതിയും നമ്മുടെ പരമാർത്ഥത അറിയേണ്ടത്തിന് ഹൃദയങ്ങളെയും പ്രവർത്തികളെയും ഒത്ത ത്രാസിൽ ദൈവം തൂക്കിനോക്കുന്ന ദിവസം ഉണ്ടെന്ന സത്യവും മനുഷ്യൻ മനഃപൂർവ്വം ഓർക്കുന്നില്ല. ഓർത്താൽ തന്നേ ഒന്നും സംഭവിക്കില്ല എന്നതോന്നൽ ആകാം ഇങ്ങനെയൊക്കെ ചെയ്യുവാനുള്ള പ്രേരിത ഘടകം.

നീ വിളിയും ദൈവശബ്ദവും യഥാർത്ഥത്തിൽ കെട്ടിട്ടുണ്ടെങ്കിൽ നീ കണ്ട ദർശനം യാഥാർഥ്യം ആണെങ്കിൽ ദൈവത്മാവ് പറയുന്നതിന് കീഴ്പ്പെടും, അത് ദൈവാലോചനയായിരുന്നു എന്ന് തിരിച്ചറിയും. മാത്രവുമല്ല, ഒരിക്കലും ഇനിയും എനിക്ക് ഇവിടെതന്നേ നിൽക്കണം എന്ന് നിർബന്ധം പിടിക്കാൻ പരിശുദ്ധത്മാവ് നിന്നേ അനുവദിക്കില്ല. പലപ്പോഴും ദൈവത്മാവ് സംസാരിക്കുന്നത് ഒരുവ്യക്തിയിൽ കൂടിയായിരിക്കും, ഭൂരിപക്ഷത്തിൽ കൂടിയല്ല എന്ന മഹാസത്യം തിരിച്ചറിയാതെ പോകുന്നതാണ് മനുഷ്യന്റെ പരാജയം.

‘നീരോട്ടം’ നോക്കി നിന്നാൽ ‘നേരോട്ടം’ തെറ്റി പോകുമെന്ന സത്യവും, “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു”; എന്ന വാക്യത്തിന്റെ പ്രസക്തിയും പലരും മറന്നു പോകുന്നു !!. ഇന്നത്തെ നീരോട്ടവും നേട്ടവും മറ്റും ആഹ്ലാദിക്കാനുള്ളതല്ല, ദൈവത്തിന് നമ്മേ അന്വേഷിച്ചു വരേണ്ടുന്ന അവസ്ഥ ഉണ്ടാകുന്ന ദിനമുണ്ടെന്നു ലോത്ത് മറന്നപോലെ നാമും മറക്കുന്നു.

അപ്പോൾ അബ്രാം മുന്നോട്ട് വെച്ചതു പോലെയുള്ള ഒരു തിരഞ്ഞെടുപ്പ് പരിശുദ്ധത്മാവ് നമ്മുടെ മുന്നിലും വെച്ചാൽ, നാം അബ്രാം ആയി മാറുമോ അതൊ ലോത്ത് ആയി മാറുമോ?. അതേ, നമ്മുടെ തിരഞ്ഞെടുപ്പ് ദൈവഹിത പ്രകാരം തന്നെ ആയിരിക്കുമോ എന്നുകൂടി ആത്മപരിശോധന ചെയ്യുന്നത് ഉത്തമം ആയിരിക്കും. ആമേൻ…

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.