ശക്തമായ മഴ ദുബൈയ്ക്ക്‌ വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക

ദുബായ് : അതിശക്തമായ മഴയും കാറ്റും നിമിത്തം ദുബൈയിലും പ്രാന്ത പ്രദേശങ്ങളിളും ഉണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപകമായി നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ചില റോഡുകളിലും വെള്ളം കയറി. വളരെ അധികം വാഹനങ്ങൾ വെള്ളപൊക്കത്തിൽ മുങ്ങി പോയി. ദുബായ് മാളിലും ചില മെട്രോ സ്റ്റേഷനുകളിളും വെള്ളം കയറിത് മൂലം നാശ നഷ്ടങ്ങൾ സംഭവിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളത്തിന്റെ വിമാനങ്ങളുടെ പാർക്കിംഗ് ബേയിൽ വെള്ളം കയറിയതിനാൽ എമിരേറ്റ്സ് ഉൾപ്പടെ നൂറ് കണക്കിന് വിമാനങ്ങളുടെ പോക്ക് വരവിനെയും യാത്രക്കാരെയും ശക്തമായ മഴ സാരമായി ബാധിച്ചു. അഗ്നിശമന സേനയുടെ സഹായത്തോട് കൂടി രക്ഷാ പ്രവർത്തനങ്ങൾ നടന്ന് വരുന്നു.

ഗൾഫ് രാജ്യങ്ങളുടെ കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിൽ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം മഴയാണ് തിങ്കളാഴ്ച്ച അർധരാത്രി മുതൽ പെയ്തു കൊണ്ടിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുട അടിസ്ഥാനത്തിൽ ഖത്മ് അൽ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തിട്ടുള്ളത്. ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടർന്ന് റദ്ദാക്കിയത്. ഇന്ത്യ, പാകിസ്താൻ, സൗദി, ബ്രിട്ടൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സർവീസ് റദ്ദു ചെയ്തത്. ബുധനാഴ്ച രാവിലെ 10 മണി മുതൽ ദുബായിൽ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കൊച്ചിയിൽ നിന്നടക്കം കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയിൽ ദുബായ് അബുദാബി ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ആകെ മരണം 18 ആയി. അതിൽ പത്തുപേർ ഒമാനിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളാണ്.

ഏപ്രിൽ 17ന് ദുബൈയിൽ നിന്ന് പുറപ്പെടേണ്ട ഫ്ലൈ ദുബൈ വിമാനങ്ങൾ മുഴുവൻ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ദുബായിലേക്ക് അടിയന്തരമായി എത്തേണ്ട ആളുകളെ മാത്രമേ തങ്ങൾ ഇപ്പോൾ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു എന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ന്യൂസ് ഏജൻസികളെ അറിയിച്ചത്. ദുബായിലേക്ക് വരുന്ന വിമാനങ്ങളെ കഴിയാവുന്നത്ര വഴി തിരിച്ചു വിടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.

ഏപ്രിൽ 16 ചൊവ്വാഴ്ച മാത്രം ദുബായ് വിമാനത്തവാളത്തിൽ 100 വിമാനങ്ങൾ ഇറങ്ങാനുണ്ടായിരുന്നു. അത്രയും വിമാനങ്ങൾ വഴി തിരിച്ചു വിട്ടാണ് വിമാനത്താവളം പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നത്. ദുബൈയിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടേണ്ട പല വിമാനങ്ങളും റദ്ദാക്കിയിരുന്നില്ല. എന്നാൽ വിമാനങ്ങൾ പുറപ്പെടുന്നതിന് വലിയ കാല താമസം നേരിടേണ്ടി വന്നു. വിമാനത്താവളത്തിലേക്കെത്തേണ്ട റോഡുകൾ വെള്ളത്തിനടയിലായതും സ്ഥിതി കൂടുതൽ വഷളാക്കി.

തിങ്കളാഴ്ച്ച രാത്രി ആരംഭിച്ച മഴ ബുധനാഴ്ച വരെ നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്. അസന്തുലിതമായ കാലാവസ്ഥ തരംഗങ്ങൾ രണ്ടുതവണ ഈ പ്രദേശത്തു കൂടി കടന്നു പോയതും ഉപരിതല സമ്മർദം കുറവായതുമാണ് ഇത്തരത്തിൽ ശക്തമായ മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ദുബായിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളായ ദുബായ് മാളിലും മാൾ ഓഫ് എമിറേറ്റിസിലും വെള്ളം കയറിയതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലും മഴ കാരണം അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.