ശാസ്ത്രവീഥി: പ്രതിദ്രവ്യവും ദൈവപരിപാലിത പ്രപഞ്ചവും | പാസ്റ്റർ സണ്ണി പി. സാമുവൽ

കഴിഞ്ഞ ദിവസം പ്രതിദ്രവ്യം അഥവാ
ആൻറിമാറ്റർ സംബന്ധിച്ചു വളരെ
നിർണ്ണായകമായ ഒരു കണ്ടെത്തൽ നടത്തുകയുണ്ടായി.
ഭൂഗുരുത്വബലത്തിൻ്റെ വലിവിനാൽ ആൻറിമാറ്റർ താഴെക്കു പതിക്കുന്നു എന്നായിരുന്നു കണ്ടെത്തിയത്. സ്വിറ്റ്സർലാൻഡിലെ CERN ലാബിൽ നടത്തിയ പരീക്ഷണത്തിലാണു ഈ കണ്ടെത്തൽ നടത്തിയത്. ഇതോടെ ഐൻസ്റ്റീൻ്റെ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ നിഗമനം അനുസരിച്ചു ആൻറിമാറ്റർ താഴേക്കു പതിക്കും എന്നായിരുന്നു സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിൽ അദ്ദേഹം സമർത്ഥിച്ചിരുന്നത്. എന്നാൽ മറ്റു ചില ശാസ്ത്രജ്ഞർ ആൻറിമാറ്റർ പ്രതിസ്വഭാവമുള്ളതാകയാൽ ഭൂഗുത്വബലത്തിനു വിപരീതമായി ചലിക്കുമെന്നും ആകയാൽ മുകളിലേക്കു പോകുമെന്നും വാദിച്ചിരുന്നു. ഇതാണു തിരുത്തപ്പെട്ടത്.

1915-ൽ ആപേക്ഷികതാ സിദ്ധാന്തത്തിൽ ഐൻസ്റ്റീൻ ആണ് പ്രതിദ്രവ്യത്തെക്കുറിച്ചു പറഞ്ഞുവച്ചത്. 1928-ൽ പോൾ ഡിറാക് എന്ന ഭൗതികശാസ്ത്രജ്ഞൻ ആണു ഇതു സംബന്ധിച്ച കുറ്റമറ്റ സിദ്ധാന്തം ആവിഷ്കരിച്ചത്. ഒരു ഗ്രാം ആൻറിമാറ്ററിനു 10,00,000 കോടി ഡോളർ വിലയുണ്ടെന്നു കണക്കാക്കപ്പെടുന്നു.
നിലവിലെ ശാസ്ത്ര സാഹചര്യം അനുസരിച്ചു ഒരു ഗ്രാം പ്രതിദ്രവ്യം ഉണ്ടാക്കുവാൻ 10 കോടി വർഷം വേണ്ടിവരും.

ശരിക്കും എന്താണ് ആൻറിമാറ്റർ അഥവാ പ്രതിദ്രവ്യം? ഭൗതികശാസ്ത്രം (Physics) അനുസരിച്ചു
ദ്രവ്യം, ഊർജ്ജം, സമയം, സ്ഥലം, ചലനം എന്നിവയാണു നമ്മുടെ പ്രപഞ്ചത്തിന്റെ
അടിസ്ഥാനം. ഇവ തമ്മിലുള്ള പ്രവർത്തനങ്ങളെയും പ്രതിപ്രവർത്തനങ്ങളെയും എതിർപ്രവർത്തനങ്ങളെയും അഥവാ വിപരീത പ്രവർത്തനങ്ങളെയും കുറിച്ചുള്ള ആധികാരിക പഠനമാണ് ശാസ്ത്രം. ശാസ്ത്ര തത്വപ്രകാരം ദ്രവ്യം, ഊർജം എന്നിവയെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ ഇല്ലായ്മ   ചെയ്യുവാനോ കഴിയുകയില്ല- രൂപമാറ്റം വരുത്തുവാനേ കഴിയൂ. മേല്പറഞ്ഞ അഞ്ചു ഘടകങ്ങളിൽ സമയം ഏറ്റവും പ്രധാനപ്പെട്ടതാണ്. മറ്റു നാലുവിഷയങ്ങളും തമ്മിലുള്ള ബന്ധങ്ങളിലും പ്രതിപ്രവർത്തനങ്ങളിലും സമയപരിധി നിർണായകമാണ്. ഫിസിൿസിൽ സമയത്തെ നാലാം മാനം (ഫോർത്ത് ഡയമെൻഷൻ) എന്നാണു വിളിക്കുന്നത്. നീളം,വീതി, ഉയരം എന്നിവയാണു ത്രീ ഡയമെൻഷൻസ്. ഈ മൂന്നു ഡയമെൻഷൻസിലും നമുക്കു മുന്നോട്ടും പിന്നോട്ടും ഉയരത്തിലേക്കും ആഴത്തിലേക്കും ഒക്കെ സഞ്ചരിക്കാം. എന്നാൽ സമയത്തിൽ അതു സാദ്ധ്യമല്ല. സമയം ഒഴുകുകയാണ്. ആ ഒഴുക്കിനെ പിടിച്ചു നിറുത്തുക സാദ്ധ്യമല്ല. സമയം എന്ന ഏകത്വത്തെ കേന്ദ്രീകരിച്ചാണ് മറ്റെല്ലാ ഘടകങ്ങളും
ചലിക്കുന്നത്. ആകയാൽ പ്രപഞ്ചത്തിൻ്റെ ചുഴിക്കുറ്റിയാണു സമയം എന്നു വിശേഷിപ്പിക്കാം.

*കണികാഭൗതികം*

പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും അണു നിർമ്മിതം ആണ്. അണുക്കൾ (ആറ്റം) ആകട്ടെ
സബ് ആറ്റോമിക് പാർട്ടിക്കിൾസിനാൽ നിർമ്മിതവും. ഉപകണങ്ങളെ ഉന്നതവേഗത്തിൽ കൂട്ടിയിടിപ്പിച്ചു അവയെ വീണ്ടും വിഭജിച്ചു ചെറുകണങ്ങളാക്കി മാറ്റുന്നു. ഇങ്ങനെയുള്ള പഠനശാഖയാണു പാർട്ടികൾ ഫിസിക്സ്. ഫിസിക്സ് ഫിസിക്സ്  അനുസരിച്ചു ദ്രവ്യത്തിനും ഊർജത്തിനും എതിർഘടകങ്ങളുണ്ട്. ദ്രവ്യത്തിൻ്റെ എതിർഘടകം ആൻറിമാറ്ററും ഊർജ്ജത്തിൻ്റെ പ്രതിഘടകം തമോർജ്ജവും (ഡാർൿ എനർജി) ആണ്. പ്രപഞ്ചത്തിൽ നാം കാണുന്ന, അനുഭവിക്കുന്ന ഊർജ്ജത്തെ ധവളോർജ്ജം (വൈറ്റ് എനർജി)
ആയതിനാലാണ് എതിർഊർജ്ജത്തെ ഡാർൿ എനർജി എന്നു വിളിക്കുന്നത്.

*പ്രതിദ്രവ്യം*

ദ്രവ്യത്തിൽ എപ്രകാരമാണോ കണികകൾ അടങ്ങിയിരിക്കുന്നതു അതിൻ്റെ വിപരീതമായിട്ടാണു പ്രതിദ്രവ്യത്തിൽ കണികകൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. പ്രപഞ്ചത്തിൻ്റെ തുടക്കത്തിൽത്തന്നെ പ്രതിദ്രവ്യവും രൂപപ്പെട്ടുവന്നു എന്നാണു കരുതപ്പെടുന്നത്. സാധാരണ അറ്റങ്ങളിൽ പ്രോട്ടോണും ന്യൂട്രോണും ചേർന്ന ന്യൂക്ലിയസും അതിനെ വലംവയ്ക്കുന്ന ഇലക്ട്രോൺ വിന്യാസവും ആണുള്ളത്. പ്രോട്ടോണുകൾക്കു പോസിറ്റീവ് ചാർജ്ജും
ഇലക്ട്രോണുകൾക്കു നെഗറ്റീവ് ചാർജ്ജും ആണുള്ളത്. എന്നാൽ, പ്രതിദ്രവ്യത്തിൽ ഇതിനു കടകവിരുദ്ധമാണ് കാര്യങ്ങൾ. പ്രോട്ടോണിൻ്റെ സ്ഥാനത്തു നെഗറ്റീവ് ചാർജ്ജുള്ള ആൻ്റിപ്രോട്ടോണും,
ഇലക്ട്രോണിൻ്റെ സ്ഥാനത്തു പോസിറ്റീവ് ചാർജ്ജുള്ള പോസിട്രോണും ആണുള്ളത്. ദ്രവ്യം ദൃശ്യം ആണെങ്കിൽ ആൻറിമാറ്റർ അദൃശ്യമാണ്. പ്രപഞ്ചത്തിലെ അദൃശ്യമണ്ഡലങ്ങളിൽ ആൻറിമാറ്ററാണ് പ്രബലം. ഇവ തമ്മിലുള്ള തുലനാവസ്ഥയെ ബെർയോൺ പ്രതിസമത (Baryon Asymmetry) എന്നാണ് പറയുന്നത്.

*പ്രതിപ്രവർത്തനം*

ദ്രവ്യവും പ്രതിദ്രവ്യവും അടുത്തുവന്നാൽ അവ അന്യോന്യം പ്രതിപ്രവർത്തിച്ചു പരസ്പരം ഇല്ലായ്മ (Annihilation)  ചെയ്യുകയും തൽഫലമായി ഉഗ്രസ്ഫോടനം നടക്കുകയും; അതിബൃഹത്തായ അതിഭീകരമായ ഊർജ്ജം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഫോട്ടോൺ വികിരണങ്ങൾ ആയിട്ടാണ് ഊർജ്ജം ഉൽസർജിക്കപ്പെടുന്നത്. ശേഷിക്കുന്ന പിണ്ഡം ഗതികോർജമായി മാറ്റപ്പെടുന്നു. ഒരു ഗ്രാം ആൻറിമാറ്റർ 1.8×10¹⁴ ജ്യൂൾ ഊർജ്ജമാണ് ഉല്പാദിപ്പിക്കുന്നത്. അതു 43 കിലോടൺ TNT-ക്കു തുല്യമായ ഊർജ്ജോൽത്സരണമാണ്.

*ദൈവകരം*
ബിഗ് ബാങ് സമയത്തു ദ്രവ്യവും പ്രതിദ്രവ്യവും ഉല്പാദിപ്പിക്കപ്പെട്ടു എങ്കിൽ, കണികാ സിദ്ധാന്തമനുസരിച്ചു, അവ പരസ്പരം ഇല്ലായ്മ ചെയ്തു ഇന്നു പ്രപഞ്ചത്തിൽ ദ്രവ്യമോ പ്രതിദ്രവ്യമോ കാണാൻ പാടില്ല, പ്രകാശോർജം മാത്രമേ അവശേഷിക്കുവാൻ പാടുള്ളൂ. സൃഷ്ടിയുടെ ആദ്യനിമിഷത്തിൽ ദ്രവ്യം എങ്ങനെ പ്രതിദ്രവ്യത്തെ അതിജീവിച്ചു ഇന്നത്തെനിലയിൽ പ്രപഞ്ചമായി, അണ്ഡകടാഹമായി നിലനില്ക്കുന്നു? ഈ ചോദ്യം ശാസ്ത്രലോകത്തെ കുഴയ്ക്കുന്ന ഒന്നാണ്. അതിനു മറുപടി ഇല്ല. ഇവിടെയാണു ദൈവസൃഷ്ടിയുടെ മഹത്വം വെളിപ്പെടുന്നത്. ദ്രവ്യവും പ്രതിദ്രവ്യവും; ധവളോർജ്ജവും തമോർജ്ജവും ഒക്കെ ദൈവം ദൈവം ആദിയിൽ തന്നെ സൃഷ്ടിച്ചു. ദൃശ്യമായതും അദൃശ്യമായതും (കൊലോ: 1:16) എന്നതിൽ ആൻറിമാറ്ററും ഡാർക് എനർജിയും ഒക്കെ ഉൾപ്പെട്ടിരിക്കുന്നു- ശാസ്ത്രലോകം ഇനിയും എന്തെല്ലാം കണ്ടെത്താൻ ഉണ്ടോ അവയും! ഉളവായതൊന്നും അവനെ കൂടാതെ ഉളവായല്ല, സകലവും അവൻ മുഖാന്തരം അവനുവേണ്ടി ഉളവായി. സമുദ്രത്തെയും കരയെയും തമ്മിൽ മണൽ നുള്ളിയിട്ടു അതിർ നിശ്ചയിച്ച ദൈവം പ്രതിദ്രവ്യത്തിൻ്റെ പിടിയിൽനിന്നു പ്രപഞ്ചത്തെ സംരക്ഷിച്ചു നിർത്തി. ഭാവിയിൽ പ്രതിദ്രവ്യത്തെ കൊണ്ടു ദൈവത്തിനു പ്രവർത്തനപദ്ധതി ഉണ്ടായിരിക്കും. അതു ഇപ്പോൾ വെളിപ്പെട്ടിട്ടില്ല. ഒരുനാൾ വെളിപ്പെടും.

യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു, ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു (സങ്കീ:93:1).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.