ലേഖനം: അമ്മ… ഗുരു | സേബ ഡാർവിൻ

ബൈബിൾ ഒരു വിശുദ്ധഗ്രന്ഥമായിരിക്കെത്തന്നെ ഒരുപാട് വിമർശനങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. വിമർശനങ്ങൾ എല്ലാം തന്നെ തെറ്റിധാരണമൂലമോ, സ്ഥാപിതതാത്പര്യങ്ങൾ മൂലമോ ആയിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ ഒന്നാണ് ബൈബിൾ പുരുഷകേന്ദ്രീകൃതമാണെന്നത്. സ്ത്രീകൾക്ക്, അമ്മ എന്ന സ്ഥാനത്തിന് ഒക്കെ പ്രത്യേക മൂല്യം അവർണ്ണനീയമായി പ്രകീർത്തിക്കുന്ന വിശുദ്ധഗ്രന്ഥമാണ് ബൈബിൾ എന്നതാണ് യാഥാർഥ്യം. ഗുരുവിനും ചെറിയ സ്ഥാനമല്ല. അപ്പോൾ അമ്മ തന്നെ ഗുരു ആയാലോ? സഞ്ചിത സ്ഥാനം എന്ന പ്രയോഗം യോഗ്യമെന്ന് നമുക്ക് വിലയിരുത്താം. ഒരു വ്യക്തിയുടെ ജീവിതത്തിൽ മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് പ്രസവിച്ച അമ്മക്കുള്ള സ്ഥാനം പവിത്രമാണ്, അവഗണിക്കാനാവാത്തതാണ്. എന്നാൽ പല കുഞ്ഞുങ്ങളും വഴിതെറ്റുന്നതിന് ചില കാരണങ്ങൾ അമ്മയുടെ/ പിതാവിന്റെ ശ്രദ്ധക്കുറവ്, സമയക്കുറവ്, ആർദ്രതയില്ലായ്മ, ഉത്തരവാദിത്വമില്ലായ്‌മ തുടങ്ങിയവയാണ്.

ഭിക്ഷ യാചിക്കുന്ന മാതാപിതാക്കൾ പോലും അവരുടെ മക്കളെക്കുറിച്ച് സ്വപ്നം കാണുന്നവർ ആയിരിക്കും. അതിന് വിരുദ്ധമായി അവർ സഞ്ചരിക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യും. നാം എല്ലാവരും അങ്ങനെതന്നെ. ദുഃഖിച്ചതുകൊണ്ട് അവരുടെ ജീവിതം നന്നാകുകയില്ല എന്ന സത്യം ഗ്രഹിച്ച് സമയബന്ധിതമായും, ക്രിയാത്മകമായും അവരിലെ നന്മ, കഴിവ്, താലന്ത്, ദൈവീക പദ്ധതി എന്നിവ തിരിച്ചറിയുന്നവർ മക്കളെ നേടും എന്നത് വിശ്വസനീയമായ സത്യമാണ്. അതിന് ഏറെ ഉദ്ദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്. ലളിതമായ ഉദ്ദാഹരണങ്ങൾ….

ചതുരംഗ പോരാട്ടത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ പ്രഗ്നാനന്ത എന്ന കുട്ടിയുടെ വിജയങ്ങൾ വാർത്തയായപ്പോൾ ആ വിജയഗാഥയുടെ പിന്നിൽ ചെറിയ തിരുത്തലുകൾകൊണ്ട് ആ കുട്ടിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കിയ അമ്മ എന്ന ഗുരുവും ഒരു ചർച്ചാവിഷയമായി. മണിക്കൂറുകൾ കാർട്ടൂൺ ചിത്രങ്ങൾക്ക് മുൻപിൽ ചിലവഴിക്കുന്ന കുഞ്ഞുങ്ങളുടെ ഉള്ളിലെ ആവേശത്തെ വഴിതിരിച്ച് വിട്ട് അവരിലെ കഴിവിനെ ഉണർത്തി നേട്ടങ്ങളുടെ പടവുകൾ നടന്നു കയറുന്നതിന് നാന്ദിയായ ഒരു ഗുരു. നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിലും കഴിവ്, താലന്ത്, ദൈവീക നിയോഗം ഒക്കെയുണ്ട്. ആരെയും ദൈവം വെറും കൈയ്യോടെ ഈ ലോകത്തിലേക്ക് അയക്കുന്നില്ല. അവനവനെത്തന്നെയും, തന്നിലെ ആ നാളവും, ദൈവീക നിയോഗവും തിരിച്ചറിയുന്നതിന് അവരുടെ ചെറിയ മനസ്സിന് കഴിഞ്ഞെന്ന് വരില്ല.

ഗുരുസ്ഥാനത്ത് വരുന്നവരിൽ അമ്മക്കുള്ള സ്വാധീനം മറ്റാർക്കുമില്ല. ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, നമുക്ക് എത്ര മക്കൾ ഉണ്ടെങ്കിലും നമ്മുടെ സ്നേഹം അവരോടെല്ലാം തുല്യമായി പ്രകടിപ്പിക്കുന്നത് അവർക്ക് നമ്മിലുള്ള വിശ്വാസത്തെയും, അവർ തമ്മിലുള്ള സ്നേഹം നിലനിൽക്കുന്നതിനും ഒരുപാട് സഹായിക്കും എന്നത് മറക്കരുത്. ആയിരം മക്കളിൽ ഒരാളെങ്കിലും വഴിതെറ്റിപ്പോയാൽ അത് നമ്മുടെ എല്ലാ സന്തോഷവും കെടുത്തിക്കളയും എന്നതും മറക്കരുത്. നൂറാടുകളിൽ ഒരെണ്ണത്തിനായി അന്വേഷിച്ച് പോയ ഇടയന്റെ ഉപമ പറഞ്ഞ കർത്താവാണ് നമുക്കുള്ളത്. പ്രഗ്നാനന്തയുടെയും വൈശാലിയുടെയും അമ്മ രണ്ടു മക്കളെയും അവരുടെ കഴിവുകളെയും തിരിച്ചറിഞ്ഞ് ഉത്സാഹിപ്പിക്കുന്നതിൽ വിജയിച്ചു. ഒരു സാധാരണ വീട്ടമ്മ ഗുരുസ്ഥാനീയയായി….. തിളങ്ങുന്ന നേട്ടങ്ങൾ കൈവരിച്ച് ലോകത്തിന്റെ നെറുകയിൽ തന്റെ മക്കൾ നിൽക്കുമ്പോൾ, ആ അമ്മ അവരിലും എത്രയോ ഉയരെയാണ്. ശിഷ്യഗണങ്ങളുടെ നേട്ടങ്ങൾ ഗുരുവിന്റേതുകൂടെ ആണല്ലോ….

2 തിമൊഥെയൊസ് 1:5. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.6. അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.

നമ്മുടെ കുഞ്ഞുങ്ങളിൽ ദൈവീകനിയോഗങ്ങളാൽ പകരപ്പെടുന്ന കൃപാവരങ്ങൾ ജ്വലിപ്പിക്കുന്നതിനും അമ്മയുടെ വിശ്വാസത്തിന്റെ പങ്ക് വളരെ വലിയതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.