മണിപ്പൂർ: പ്രതിഷേധ സമാധാന റാലി നാളെ തലവടിയില്‍

എടത്വ: മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് എടത്വ, തലവടി, നെടുമ്പ്രം, മുട്ടാര്‍ എന്നീ പ്രദേശങ്ങളിലെ ക്രൈസ്തവ സഭകളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നാളെ ജൂലൈ 23 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് തലവടി ഗ്രാമ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും നീരേറ്റുപുറം ജംഗ്ഷനിലേക്ക് വമ്പിച്ച പ്രതിഷേധ സമാധാന റാലി നടക്കും.

മണിപ്പുരില്‍ പീഡനം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ ക്രൈസ്തവ സഭകളിലെ വൈദികരുടെയും പാസ്റ്റര്‍മാരുടെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ സമാധാന റാലി നീരേറ്റുപുറം ജംഗ്ഷനില്‍ സമാപിക്കുമ്പോള്‍ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിഷേധ സംയുക്ത സമിതി ചെയര്‍മാന്‍ റവ. ഡോ. വിജി വര്‍ഗ്ഗീസ് ഈപ്പന്‍ അധ്യക്ഷത വഹിക്കും. സി. അശോകന്‍ (പുരോഗമന കലാ സാഹിത്യ സംഘം) മുഖ്യപ്രഭാഷണം നടത്തും.

കൊടിക്കുന്നില്‍ സുരേഷ് എം.പി., തോമസ് കെ. തോമസ് എം.എല്‍.എ തുടങ്ങി സാമൂഹിക രാഷ്ട്രീയ മത മേഖലകളിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കും. സമാധാന ദീപം തെളിയിച്ച് ഇന്ത്യന്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയും എടുക്കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നല്‍കുന്ന നിവേദനം സിഎസ്‌ഐ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ എംപിയ്ക്ക് കൈമാറും. കഴിഞ്ഞ മൂന്നു മാസങ്ങളായി മണിപ്പൂരില്‍ പീഡിപ്പിക്കപെടുന്ന സഹോദരങ്ങള്‍, വീടുകള്‍, ദൈവാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കപ്പെടുകയും അനേകം ജീവനുകള്‍ ഹനിക്കപ്പെടുകയും മനുഷ്യാവകാശം ലംഘിക്കപ്പെടുകയും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന രീതിയില്‍ സ്ത്രീകളെ ബലാല്‍സംഗത്തിനു ഇരയാക്കപ്പെടുകയും ചെയ്യുന്ന മനുഷ്യത്വ രഹിതമായ പ്രവണതകള്‍ക്കെതിരെ ഭരണകൂട മനസാക്ഷി കണ്ണുതുറക്കുവാനും നീതിപീഠം ശക്തമായി ഇടപെടുവാനും വേണ്ടിയാണ് ഈ പ്രതിഷേധ കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നതെന്നും നാളെ നടക്കുന്ന പ്രതിഷേധ റാലിയുടെയും സമ്മേളനത്തിന്റെയും വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തതായും റവ ഡോ. വിജി വര്‍ഗ്ഗീസ് ഈപ്പന്‍, പാസ്റ്റര്‍ ബാബു തലവടി എന്നിവര്‍ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading