ലേഖനം: ചരിത്രത്തിന് മറുപടിയില്ലാത്ത ദൈവ പ്രവർത്തി | ഷാബിൻ കടുത്തുരുത്തി

പ്രപഞ്ച ശക്‌തികൾ ഒരു മനുഷ്യ ആജ്ഞയെ അനുസരിച്ചിട്ടുള്ള സംഭവങ്ങൾ നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഒരു മനുഷ്യന്റെ പ്രാർത്ഥനക്ക് പ്രപഞ്ച ശക്തികളെ പോലും നിശ്ചലമാക്കാൻ കഴിയും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?….

News Middle Advt Banner

അങ്ങനെയുള്ള ഒരു കഥയാണ് ഞാൻ നിങ്ങളോടു പറയാൻ പോകുന്നത്. ഇത് വളരെ പഴക്കമുള്ള, അതായതു നൂറ്റാണ്ടുകൾ തന്നെ പഴക്കമുള്ള ഒരു കഥയാണ്. വെറുമൊരു കഥയല്ല കേട്ടോ, മറിച്ചു ഇതൊരു സംഭവ കഥയാണ്. ഈ കഥയിൽ ചില മനുഷ്യ കഥാപാത്രങ്ങളും മാനവീകരിച്ച ചില കഥാപാത്രങ്ങളുമുണ്ട് (Personified Characters). ഒരു പക്ഷെ നിങ്ങൾ ചിന്തിച്ചേക്കാം ഇദ്ദേഹം ആരെക്കുറിച്ചൊക്കെയാണ് ഇവിടെ പറയുവാൻ പോകുന്നത്? അവർ എങ്ങനെയുള്ളവരായിരിക്കും? അങ്ങനെ അനേക ചോദ്യങ്ങൾ.

ഇവിടെ, മൂന്ന് സ്നേഹിതരെ ഞാൻ ആദ്യമായി നിങ്ങൾക്ക് പരിചയപ്പെടുത്താം. അവർ ഓരോരുത്തരും വളരെ പ്രസിദ്ധരും നമ്മുടെ സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുള്ളവരുമാണ്. ഇന്നും അവരുടെ സ്വാധീനവും സാന്നിദ്ധ്യവും നമ്മുടെ സമൂഹത്തിൽ വളരെ വലുതാണ്. അതുകൊണ്ട് അത്ര പെട്ടെന്ന് അവരെ ആരും മറക്കുമെന്ന് തോന്നുന്നില്ല. (എന്നാൽ ഈ കഥയിലെ ഹീറോ ഇവരിൽ ആരുമല്ല കേട്ടോ).

അവരിൽ ഒന്നാമൻ: അവൻ വളരെ ഉർജ്ജസ്വലനും ഒരു നല്ല ഓട്ടക്കാരനുമാണ്. ഒരു മണിക്കൂറിൽ ഏകദേശം 1,670 km വേഗത്തിൽ ഒടുമത്രേ. ആ ഓട്ടം ഇന്നും നിർത്താതെ ഓടിക്കൊണ്ടിരിക്കുന്നു. അവന്റെ ഓട്ടത്തിന്റെ ഫലമാണ് നമുക്കിന്ന് വർഷങ്ങളും കാലങ്ങളും എന്തിനേറെ രാത്രിയും പകലുമൊക്കെ ലഭിക്കുന്നത്. ദൈവത്തിന്റെ ഒരു പുരാതന സൃഷ്ടിയായിട്ടാണ് വിശുദ്ധ ഗ്രന്ഥങ്ങളിൽ അവനെ കാണുന്നത്.

അവരിൽ രണ്ടാമൻ: അവന് ഉഷ്ണ പ്രകൃതവും ചൂടൻ സ്വഭാവവുമാണ്. അവനോട് അടുക്കാൻ എല്ലാവർക്കും ഭയമാണ്. കാരണം, അവന്റെ കത്തിജ്വലിക്കുന്ന സ്വഭാവം തന്നെ. ആരെയും ഭസ്മമാക്കിക്കളയും. വിശുദ്ധ ഗ്രന്ഥങ്ങളിൽ അവനെ പല രൂപേണ പല സ്ഥലങ്ങളിലും ഉപമിച്ചിട്ടുണ്ട്.

അവരിൽ മൂന്നാമത്തവൻ: അവൻ ദൂരെ നിന്ന് കാണാൻ സുന്ദരൻ ആണെങ്കിലും വളരെ പരുക്കൻ ശരീര ഘടനയാണുള്ളത്. അവനെ പകലൊന്നും നമുക്ക് അധികം കാണാൻ കിട്ടുകയില്ല. അവന് സ്വന്തം മുഖം മിനുക്കുവാൻ എപ്പോഴും മറ്റൊരുത്തനെ ആശ്രയിക്കേണ്ടി വരുന്നു. അവനെ അടുത്ത് കാണാൻ വലിയ ഭംഗിയൊന്നുമില്ലാത്തതുകൊണ്ടാകാം പണ്ട് ഏതോ ഒരു കവി ഏതോ ഒരു രാജാവിനെ കളിയാക്കുന്നതിന് വേണ്ടി അവന്റെ മുഖത്തോട് താരതമ്യം ചെയ്തുകൊണ്ട് പാടിയിട്ടുണ്ടത്രെ “മന്നവേന്ദ്ര വിളങ്ങുന്നു ………..പോലെ നിൻ മുഖം”. വിശുദ്ധ ഗ്രന്ഥങ്ങളിൽ അവനെയും പല രൂപേണ പല സ്ഥലങ്ങളിലും ഉപമിച്ചിട്ടുണ്ട്.

ഒരുപക്ഷേ, ഇപ്പോൾ നിങ്ങൾക്ക് അവനെ മനസ്സിലായി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. അവനെ മാത്രമല്ല ആ മൂന്ന് പേരെയും.

അതെ, ഭൂമി, സൂര്യൻ, ചന്ദ്രൻ ഞാൻ അവരെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അനാദികാലം മുതലേ, ദൈവം അവരെ നിർമ്മിച്ച സമയം മുതലേ തന്നെ ആ മൂവരും വളരെ നല്ല സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദവും ഐക്യമായ പ്രവർത്തനമാണ് നമ്മുടെ ഈ സൗരയൂഥത്തിന്റെ നിലനിൽപ്പിന് കാണം തന്നെ.

അവരുടെ ഫ്രണ്ട്ഷിപ്പ് ഇങ്ങനെ തുടരുന്ന കാലം. അവർ ഇങ്ങനെ മിക്കപ്പോഴും കണ്ടുമുട്ടും. പരസ്പരം നോക്കി ചിരിച്ചും കുശലാന്വേഷണങ്ങളൊക്കെ നടത്തിയും അങ്ങനെ പിരിഞ്ഞു പോകും, ഇതൊരു പതിവ് സംഭവമായി മാറി. അങ്ങനെ ഒരു ദിവസം അവർ മൂവരും കൂടി ഒരു തീരുമാനമെടുത്തു നമുക്ക് എന്നും ഇതേ സമയം ഇതേ സ്ഥലത്ത് കണ്ടുമുട്ടണമെന്ന്. മൂവരും പറഞ്ഞു; ശരി, എന്നും ഇതേ സമയം ഇവിടെ എന്നു പറഞ്ഞ് അവരവരുടെ സ്ഥലത്തേക്ക് മടങ്ങി.

അങ്ങനെ അടുത്ത ദിവസം എത്തിച്ചേർന്നു. പതിവുപോലെ മൂവരും അവരവരുടെ ജോലിക്കായി യാത്ര തിരിച്ചു, വഴിയിൽ പരസ്പരം കണ്ടുമുട്ടുവാനുള്ള തീരുമാനത്തിൽ യാത്ര തുടർന്നു. പക്ഷേ…. എന്ത് പക്ഷേ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. പ്രിയരേ, ആ ദിവസം അവർ പറഞ്ഞു ഉറപ്പിച്ച സമയത്ത് പരസ്പരം കണ്ടുമുട്ടുവാൻ അവർക്ക് കഴിഞ്ഞില്ല. അത് എന്താണെന്നല്ലേ… ആ യാത്ര ഒരു വലിയ സസ്പെൻസ് നിറഞ്ഞ ഒരു യാത്രയായിരുന്നു. ആ സസ്പെൻസ് എന്താണെന്നല്ലേ നിങ്ങൾക്കറിയേണ്ടത് ? അത് ഞാൻ പറഞ്ഞു തരാം.

ഏകദേശം ഉച്ചകഴിഞ്ഞ സമയം. അതാ കേൾക്കുന്നു ഒരു വലിയ മുഴക്കം. ആ ശബ്ദം ഓരോ നിമിഷവും കൂടിക്കൂടി വരികയായിരുന്നു. ഒരു വലിയ ജനാവലിയുടെ ആരവമായി, ആയിരങ്ങൾ പതിനായിരങ്ങളുടെ ശബ്ദമായി അത് മാറിക്കഴിഞ്ഞിരുന്നു. വലിയ രണ്ടു സൈന്യങ്ങൾ കൂട്ടമായി വരുന്നു. ഇതൊരു യുദ്ധത്തിനുള്ള പുറപ്പാടല്ലാതെ മറ്റൊന്നല്ല എന്നവർ തിരിച്ചറിഞ്ഞു. ഒരു സൈഡിൽ എഫ്രയീമ്യനായ നൂൻ എന്നയാളുടെ മകനായ യോശുവ എന്നൊരുത്തനും കൂട്ടരും മറു സൈഡിൽ അവരുടെ ശത്രു സൈന്യവും.

പിന്നെയെന്താണ് അവിടെ സംഭവിച്ചതെന്നു ഞാൻ നിങ്ങളോട് പറയേണ്ടതില്ലല്ലോ. അങ്ങനെ ഇരു കൂട്ടരും യുദ്ധം ആരംഭിച്ചു, ചുറ്റുപാടും വെളിച്ചം മങ്ങാൻ തുടങ്ങി, സമയം രാത്രിയോട് അടുക്കാറായി വന്നു. അപ്പോൾ യോശുവ എന്നവൻ സൂര്യനോടും ചന്ദ്രനോടും യുദ്ധം കഴിയുന്നതുവരെ അവരവരുടെ സ്ഥാനങ്ങളിൽ നിൽക്കുവാൻ ദൈവത്തോട് അപേക്ഷിച്ചുവത്രെ. (യോശുവ 10:12-13, എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നിൽക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി…… ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു).

അങ്ങനെ ഒരു പകൽസമയം മുഴുവൻ സൂര്യനും ചന്ദ്രനും നിശ്ചലമായി നിന്നുപോയി. ഇത്, നാം പഠിച്ചിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, ദൈവം ഭൂമിയുടെ ഭ്രമണത്തെ അക്ഷരാർഥത്തിൽ നിർത്തി എന്നു തന്നെ പറയാം. ഇവിടെയാണ് നമ്മുടെ കഥയുടെ ട്വിസ്റ്റ്. അതെന്താണെന്നല്ലേ? കാരണം, ഈ രീതിയിൽ ഭൂമിയെ നിശ്ചലമാക്കി നിർത്തുന്നത് ഗ്രഹങ്ങളുടെ വലിയ നാശമായിരിക്കും വരുത്തിവക്കുകയെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. പിന്നെ ഇതെങ്ങനെ സാദ്ധ്യമായി എന്നതായിരിക്കും സ്വാഭാവികമായി എല്ലാവരുടെയും ചോദ്യം.

അതെ! നാം വിശ്വസിക്കുന്ന നമ്മുടെ ദൈവം സർവ്വശക്തിയുള്ളവനും അത്‍ഭുതങ്ങളുടെ ദൈവവുമാണ്. വിശുദ്ധ ദൈവവചനം ദൈവത്തിന്റെ അത്‍ഭുത പ്രവർത്തികളുടെ പുസ്തകവുമാണ്. ദൈവത്തെക്കൊണ്ട് അസാദ്ധ്യമായത് ഒന്നുമില്ല. ചരിത്രത്തിൽ മുൻപും പിൻപും ഇങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടില്ല ഇനി സംഭവിക്കുകയില്ല എന്ന് ദൈവത്തിന്റെ വചനം പറയുന്നു. ആ സംഭവം ദൈവം തന്റെ ജനത്തിന് വേണ്ടി ചെയ്ത, മാനുഷിക ബുദ്ധിക്കും ചരിത്രത്തിനും അസാദ്ധ്യമായ, ചരിത്രത്തിന് മറുപടിയില്ലാത്ത ഒരു വലിയ അത്‍ഭുതമായി ഇന്നും നിലനിൽക്കുന്നു.

‘പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ സമയം തികയാതെ നമ്മൾ പതറിപ്പോകാറുണ്ട്. എന്നാൽ പ്രകൃതിയെയും സമയത്തെയും നിയന്ത്രിക്കുന്ന ഒരു ദൈവമുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതാണ് യോശുവയുടെ ചരിത്രം. അന്ന് ഇസ്രായേലിനായി സൂര്യനെപ്പോലും നിശ്ചലമാക്കിയ ദൈവം ഇന്ന് നമ്മുടെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കാൻ ശക്തനാണ്.’ അതുകൊണ്ട്, പ്രതിസന്ധികളിൽ പതറാതെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് യോശുവയെപ്പോലെ പ്രാർത്ഥനയിലൂടെ ദൈവത്തോട് അപേക്ഷിച്ച് നമുക്കും വിജയം നേടാം..

 

ഷാബിൻ കടുത്തുരുത്തി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading