ഡോ. സജി കുമാർ കെ. പി ATA ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി നിയമിതനായി
കോട്ടയം: ഏഷ്യൻ തിയോളജിക്കൽ അസോസിയേഷൻ (ATA) ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി ഡോ. സജി കുമാർ കെ. പി. നിയമിതനായി. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയുടെ (IBTS) പ്രിൻസിപ്പലായ ഡോ. സജി കുമാറിന്റെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ ദീർഘകാല പ്രവർത്തനങ്ങൾക്കും നേതൃത്വത്തിനുമുള്ള അംഗീകാരമായാണ് പുതിയ ഉത്തരവാദിത്വം വിലയിരുത്തപ്പെടുന്നത്.


ദൈവശാസ്ത്ര അധ്യാപകൻ, എഴുത്തുകാരൻ, കൗൺസിലർ, പ്രഭാഷകൻ എന്നീ നിലകളിലും ഡോ. സജി കുമാർ പ്രവർത്തിച്ചുവരുന്നു. കുടുംബം, ബന്ധങ്ങൾ, മാനസികാരോഗ്യം, കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിവിധ വേദികളിൽ പ്രഭാഷണങ്ങൾ നടത്തിവരുന്നു. ‘Counseling: An Indian Approach’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും സെറാംപൂർ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്ര വിദ്യാഭ്യാസവും നേടിയ അദ്ദേഹം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ പി.എച്ച്.ഡി. കരസ്ഥമാക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി കൗൺസിലിംഗ് രംഗത്തും അദ്ദേഹം സേവനം ചെയ്തുവരുന്നു.
പുതിയ ഉത്തരവാദിത്വത്തിലൂടെ ഇന്ത്യയിലെ ദൈവശാസ്ത്ര സ്ഥാപനങ്ങളുമായുള്ള ATAയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ദൈവശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിലും ഡോ. സജി കുമാറിന് പ്രധാന പങ്കുവഹിക്കാനാകും. ATA ഇന്ത്യയുടെ വിവിധ അക്കാദമിക് പ്രവർത്തനങ്ങളിലും അദ്ദേഹം നേരത്തെ പങ്കെടുത്തിട്ടുണ്ട്; 2025ൽ IBTS-ൽ നടന്ന ATA എംപിറിക്കൽ റിസർച്ച് മെത്തഡോളജി വർക്ക്‌ഷോപ്പിലും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

- Advertisement -


Comments are closed.