ലേഖനം: മാറ്റം നമ്മിൽ നിന്ന് ആരംഭിക്കട്ടെ | സ്റ്റെർലിൻ ജോർജ്

നമ്മുടെ സമൂഹത്തിലും, നമ്മുടെ സഭയിലും മാറ്റങ്ങൾ ഉണ്ടാകണം എന്ന് നമ്മൾ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ ചിന്ത ഇങ്ങനെയായിരിക്കും: “എല്ലാവരും മാറിയതിന് ശേഷം മാറ്റങ്ങൾ നടക്കട്ടെ.” അത്തരമൊരു ചിന്താഗതിയോടെ നമ്മൾ മുന്നോട്ട് പോകുകയാണെങ്കിൽ, യഥാർത്ഥമായ മാറ്റങ്ങൾക്ക് ഒരിക്കലും അവസരം ലഭിക്കുകയില്ല.

News Middle Advt Banner

നമ്മൾ ആഗ്രഹിക്കുന്ന ഓരോ മാറ്റവും ആദ്യം എന്നിൽ നിന്ന് ആരംഭിക്കണം. മറ്റുള്ളവർ മാറിയതിനുശേഷം ഞാനും മാറാം എന്നല്ല, മറിച്ച് “എന്നിൽ എന്താണ് മാറേണ്ടത്?” എന്ന് ഓരോരുത്തരും സ്വയം പരിശോധിക്കണം.

എന്നിൽ മാറ്റം ഉണ്ടാകുമ്പോൾ, അത് എന്റെ കുടുംബത്തിലേക്കും, എന്റെ സമൂഹത്തിലേക്കും, എന്റെ സഭയിലേക്കും വ്യാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ മാത്രമേ സഭയിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങൾക്ക് നമ്മളും സാക്ഷികളാകാൻ സാധിക്കുകയുള്ളൂ.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കുക എന്നത് ഒരു മനുഷ്യനും സാധിക്കുന്ന കാര്യമല്ല. ഓരോ വ്യക്തിക്കും വ്യത്യസ്തമായ സ്വഭാവവും ചിന്തകളും കാഴ്ചപ്പാടുകളും ഉണ്ട്. അതുകൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കാനും, എല്ലാവരുടെയും പ്രശംസ നേടാനും, എല്ലാവർക്കും അനുകൂലമായി നിൽക്കാനും ശ്രമിച്ചുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുക സാധ്യമല്ല.

എന്നാൽ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല എന്നതും, എല്ലാവരെയും തുല്യമായി കാണണം എന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.

സഭയുടെ വളർച്ചയ്ക്കായി കർത്താവിന്റെ ദാസന്മാർക്ക് സഭയിലെ എല്ലാ വ്യക്തികളെയും, എല്ലാ വിശ്വാസികളെയും ഒരുപോലെ ചേർത്തുനിർത്താനും, സ്നേഹത്തോടെയും വിവേചനമില്ലാതെയും എല്ലാവരെയും പരിഗണിക്കുവാനും ദൈവകൃപ ആവശ്യമാണ്.

അതുപോലെതന്നെ, സഭയിലെ ഓരോ വിശ്വാസിയും മറ്റുള്ളവരെ സ്വന്തം സഹോദരങ്ങളായി കാണുകയും, ഒരുപോലെ സ്നേഹിക്കുകയും, ഒരുപോലെ പരിഗണിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നമ്മുടെ സഹോദരന്റെ സന്തോഷത്തിൽ സന്തോഷിക്കാനും, അവന്റെ വിഷമത്തിൽ കൂടെ നിൽക്കാനും, അവന്റെ പ്രയാസത്തിൽ കൈത്താങ്ങാകാനും നമുക്ക് കഴിയണം.

ഒരാളെ മാത്രം ചേർത്തുപിടിക്കുകയും മറ്റൊരാളെ അകറ്റിനിർത്തുകയും ചെയ്യുന്ന മനോഭാവം സഭയുടെ വളർച്ചയ്ക്ക് അനുയോജ്യമല്ല.

സഭയിൽ പല തരത്തിലുള്ള കൂട്ടങ്ങൾ രൂപപ്പെടുന്നതും, “നമ്മൾ” എന്നും “അവർ” എന്നും വേർതിരിവുകൾ ഉണ്ടാകുന്നതും സഭയുടെ ആത്മീയ വളർച്ചയ്ക്ക് നല്ലതല്ല.

നമ്മൾ എല്ലാവരും ഒരേ ശരീരത്തിലെ അവയവങ്ങളാണ്. അതുകൊണ്ട് ഒരാളെ മറ്റൊരാളേക്കാൾ ഉയർന്നവനായി കാണാതെ, എല്ലാവരെയും തുല്യകണ്ണോടെ കാണുവാൻ നമുക്ക് കഴിയണം.

അതിന് ഒരു ചെറിയ തിരിച്ചറിവ് നമ്മുടെ ഉള്ളിൽ ഉണ്ടാകേണ്ടത് വളരെ ആവശ്യമാണ്.

സഭയുടെ വളർച്ചയ്ക്ക് യുവാക്കൾ മാത്രം ഉത്തരവാദികളല്ല. സഭയിലെ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഓരോ വ്യക്തിക്കും അതിൽ പങ്കുണ്ട്.

ഒരു വ്യക്തിയുടെ തെറ്റുകൊണ്ട് ഒരു സഭയ്ക്ക് ചീത്തപ്പേര് കേൾക്കേണ്ടി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ, ഒരാൾ ചെയ്ത ഒരു നല്ല പ്രവൃത്തിയിലൂടെ ഒരു സഭ ഉയർത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട് നമ്മുടെ സഭയിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങളെ സ്വീകരിക്കുവാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടായിരിക്കണം.

അത് ഒരു കുഞ്ഞ് ചെയ്യുന്ന നല്ല കാര്യമാണെങ്കിലും, ഒരു യുവാവ് മുന്നോട്ടുവയ്ക്കുന്ന നല്ല ആശയമാണെങ്കിലും, ഒരു മുതിർന്ന വ്യക്തി നൽകുന്ന നല്ല നിർദ്ദേശമാണെങ്കിലും — അത് ദൈവവചനത്തിന് അനുസൃതവും സഭയുടെ നന്മയ്ക്കുള്ളതുമാണെങ്കിൽ, അത് സ്വീകരിക്കുവാനുള്ള വിനയവും വിശാലമായ മനസ്സും നമ്മിൽ ഉണ്ടായിരിക്കണം.

പാരമ്പര്യങ്ങളെ ബഹുമാനിക്കാം; എന്നാൽ പാരമ്പര്യത്തിന്റെ പേരിൽ ദൈവവചനത്തിന് വിരുദ്ധമായ കാര്യങ്ങളെ മുറുകെപ്പിടിക്കരുത്.

പഴയ രീതികളേക്കാൾ ദൈവവചനത്തിന് പ്രാധാന്യം നൽകാം.

മനുഷ്യരുടെ അഭിപ്രായങ്ങളേക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകാം.

എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് നമ്മുടെ ലക്ഷ്യമാകരുത്.

ദൈവത്തെ തൃപ്തിപ്പെടുത്തുക, ദൈവത്തിന്റെ ഇഷ്ടം ചെയ്യുക, ദൈവവചനം അനുസരിച്ച് ജീവിക്കുക അതാണ് നമ്മുടെ പ്രധാന ഉത്തരവാദിത്വം.

നമ്മുടെ ജീവിതത്തിൽ മാറ്റം വേണമെങ്കിൽ, അത് മറ്റൊരാളിൽ നിന്ന് ആരംഭിക്കട്ടെ എന്ന് കാത്തിരിക്കരുത്.

മാറ്റത്തിന്റെ തുടക്കം നമ്മിൽ നിന്ന് തന്നെയാകട്ടെ.

തകർന്നതും വിനയമുള്ളതുമായ ഹൃദയത്തോടെ, നീതിയുള്ള മനസ്സോടെ, പരസ്പരം സ്നേഹിച്ചും തുല്യമായി പരിഗണിച്ചും ദൈവരാജ്യത്തിന്റെ അവകാശികളായി മുന്നോട്ട് പോകുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

മാറ്റം മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കാതെ, മാറ്റത്തിന്റെ തുടക്കം നമ്മിൽ തന്നെയാകട്ടെ.

എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കാതെ, എല്ലാവരെയും സ്നേഹത്തോടെ തുല്യമായി കാണുവാൻ ദൈവം നമ്മെ പഠിപ്പിക്കട്ടെ.

മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനേക്കാൾ ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതം നയിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

 

സ്റ്റെർലിൻ ജോർജ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading