ചന്ദ്രയാന്‍ 3 കുതിച്ചുയരുക ജൂലൈ 14ന്; സ്ഥിരീകരിച്ച്‌ ഐ.എസ്‌.ആര്‍.ഒ

തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യം ജൂലൈ 14ന് വിക്ഷേപിക്കും. ഉച്ചകഴിഞ്ഞ് 2.35നായിരിക്കും വിക്ഷേപണമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച്‌ ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന. ഐഎസ്‌ആര്‍ഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്.

സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ച്‌ ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു. ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എല്‍വിഎം 3ല്‍ സംയോജിപ്പിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നു രാവിലെ എല്‍വിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി.

ചന്ദ്രയാന്‍-2 ദൗത്യം 2019 ജൂലൈയ് 22നാണ് നടത്തിയത്. എന്നാല്‍, പേടകത്തിന്റെ ലാന്‍ഡറും റോവറും ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് അതിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായി ബാധിച്ചിരുന്നു.

എല്‍വിഎം3:

ലാന്‍ഡര്‍, റോവര്‍, പ്രോപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാന്‍-3യില്‍ ഉള്ളത്. ഇവയെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള വാഹനമാണ് എല്‍വിഎം3. സാറ്റലൈറ്റ് പോലുള്ള ഭാരമേറിയ വസ്തുക്കള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തിയേറിയ പ്രൊപ്പല്‍ഷന്‍ (മുന്നോട്ട് തള്ളുന്ന) സംവിധാനം ആവശ്യമാണ്. ഭൂഗുരത്വബലം മറികടക്കുന്നതിന് വേണ്ടിയാണിത്. ഈ സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള റോക്കറ്റാണ് എല്‍വിഎം3.

ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എല്‍വിഎം3. 650 ടണ്‍ ആണ് ഇതിന്റെ ഭാരം. 43.5 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വ്യാസവും ഇതിനുണ്ട്. എട്ട് ടണ്‍ ഭാരമുള്ള വസ്തുക്കള്‍ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓര്‍ബിറ്റില്‍ എത്തിക്കാന്‍ കഴിയും. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. അതേസമയം, ഭൂമിയില്‍ നിന്ന് 35,000 കിലോമീറ്റര്‍ അകലെയുള്ള ജിയോസ്‌റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റുകളില്‍ (ജിടിഒ) സാറ്റലൈറ്റ് എത്തിക്കുമ്ബോള്‍ കുറഞ്ഞ ഭാരം മാത്രമാണ് അതിന് വഹിക്കാന്‍ കഴിയുക, പരമാവധി 5 ടണ്‍ മാത്രം.

2014ലായിരുന്നു എല്‍എംവി3യുടെ ആദ്യ ബഹിരാകാശ യാത്ര. 2019ലെ ചന്ദ്രയാന്‍-2വിന്റെ വിക്ഷേപണത്തിനും ഇത് തന്നെയാണ് ഉപയോഗിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ 36 വണ്‍വെബ് സാറ്റലൈറ്റുകള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു.

സാറ്റലൈറ്റ് വിക്ഷേപണത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, വേര്‍പ്പെടുത്താന്‍ കഴിയുന്ന ഒട്ടേറെ ഭാഗങ്ങള്‍ റോക്കറ്റുകള്‍ക്കുണ്ട്. പലതരത്തിലുള്ള ഇന്ധനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്ധനം തീര്‍ന്ന് കഴിയുമ്ബോള്‍ ഇവ റോക്കറ്റില്‍ നിന്ന് അടര്‍ന്ന് മാറി അന്തരീക്ഷത്തിലെ വായുവുമായി ഉരസി കത്തിനശിക്കുകയാണ് പതിവ്. റോക്കറ്റിന്റെ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് ചന്ദ്രയാന്‍-3 പോലുള്ള സാറ്റ്‌ലൈറ്റുകള്‍ക്കൊപ്പം ലക്ഷ്യസ്ഥാനത്ത് എത്തുക. സാറ്റ്‌ലൈറ്റ് വേര്‍പ്പെട്ട് കഴിയുമ്ബോള്‍ റോക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം അന്തരീക്ഷത്തില്‍വെച്ച്‌ കത്തിനശിക്കുകയോ ബഹിരാകാശ അവശിഷ്ടമായി മാറുകയോ ചെയ്യും. എല്‍വിഎം3ക്ക് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. രണ്ട് സോളിഡ് ബൂസ്റ്റേഴ്സും (എസ്2000), പ്രധാനപ്പെട്ട ദ്രാവക രൂപത്തിലുള്ള ഇന്ധനം നിറക്കുന്ന ഭാഗവും (എല്‍110) ക്രയോജനിക്ക് അപ്പര്‍ ഭാഗവും (സി25).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.