ത്രെഡ്: എന്താണ് മെറ്റയുടെ പുതിയ ആപ്പെന്ന് നോക്കാം

കാലിഫോർണിയ: ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് എത്തിരിക്കുകയാണ്. ബുധനാഴ്ച അർധരാത്രിയോടെ തന്നെ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങി. ആദ്യ ഘട്ടത്തിൽ 100 രാജ്യങ്ങളിലാണ് ത്രെഡ്സ് ലഭ്യമാകുക.യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ പിന്നീടായിരിക്കും ത്രെഡ്സ് അവതരിപ്പിക്കുക. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറുന്നത്.

ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ലോഗിൻ ചെയ്യണമെങ്കിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർബന്ധമാണെന്ന് സാരം. ചെറുവാചകങ്ങളായി കുറിപ്പുകൾ പങ്കുവെയ്ക്കാവുന്ന രീതിയിൽ ട്വിറ്ററിന് സമാനമായ അനുഭവമായിരിക്കും ത്രെഡ്സിലും ലഭിക്കുക.

ഡൗൺ ലോഡ് ചെയ്യുന്നത് എങ്ങനെ? ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലേസ്റ്റോറുകളിൽ നിന്ന് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അതിന് ശേഷം ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഇൻസ്റ്റഗ്രാം ഇല്ലാത്തവർക്ക് ത്രെഡ്സിൽ ലോഗിൻ ചെയ്യണമെങ്കിൽ പുതിയ ഇൻസ്റ്റ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുമ്പോൾ ആപ് അനുമതി തേടുക മാത്രമാണ് ചെയ്യുക. അതായത് വീണ്ടും ലോഗിൻ വിശദാംശങ്ങൾ ചേർക്കേണ്ടതില്ല.

ഉപയോഗിക്കുന്നത് എങ്ങനെ? ഇൻസ്റ്റഗ്രാം എന്നത് ഫോട്ടോ പങ്കുവെയ്ക്കാനുള്ള പ്ലാറ്റ്ഫോം ആണെങ്കിൽ ത്രെഡ്സ് എന്നത് ‘ടെക്സ്റ്റ്’ ആപ് ആണ്. ഫേസ്ബുക്ക് ഉണ്ടെങ്കിലും ട്വിറ്ററിനോട് സമാനമായ രീതിയിലായിരിക്കും ത്രെഡ്സ് പ്രവർത്തനം. ത്രഡ്‌സില്‍ ഉപയോഗിക്കാനാകുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററില്‍ ഇത് 280 ഉം. ഫോട്ടോകളും, 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളുമെല്ലാം ത്രെഡ്സിലും പങ്കുവെയ്ക്കാൻ സാധിക്കും. നിങ്ങളുടെ ത്രെഡ് പോസ്റ്റിന് ആർക്കൊക്കെ മറുപടി നൽകാമെന്ന് ഉപയോക്താക്കൾക്ക് നിയന്ത്രിക്കാനാകും. മാത്രമല്ല ആർക്കൊക്കെ ഫോളോ ചെയ്യാം എന്നതും നിയന്ത്രിക്കാം. ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ ബ്ലോക്ക് ചെയ്‌ത എല്ലാ അക്കൗണ്ടുകളും ത്രഡ്സിൽ ബ്ലോക്ക് ചെയ്യപ്പെടും. ത്രഡ്സിൽ നിലവിൽ ‘ജിഫ്’ ഉപയോഗിക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല നേരിട്ട് മെസേജ് അയക്കാനും സാധിക്കില്ല. അക്കൗണ്ടിൽ സ്റ്റോറിയും പോസ്റ്റ് ചെയ്യാൻ കഴിയില്ല. 200 കോടിയോളം ഉപയോക്താക്കളുളള പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ത്രെഡ്സ് ഇൻസ്റ്റയോട് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ വലിയ സ്വീകാര്യത ലഭിക്കുമെന്നതാണ് മെറ്റയുടെ കണക്കുകൂട്ടൽ. പൊതുചർച്ചകൾക്ക് മികച്ച ഇടമായി ത്രെഡ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ത്രെഡ്സ് അവതരിപ്പിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം തലവൻ ആഡം മൊസേരി ട്വീറ്റ് ചെയ്തു. പുതിയ പ്ലാറ്റ്ഫോം ഇലോൺ മസ്കിന്റെ ട്വിറ്ററിന് വലിയ വെല്ലുവിളി തീർത്തേക്കുമെന്നുള്ള വിലയിരുത്തലുകളും ശക്തമാണ്.

അതേസമയം ലോഞ്ച് ചെയ്ത് ആദ്യ 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ത്രെഡ് ആപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ. ത്രെഡ് തങ്ങളുടെ “ബൗദ്ധിക സ്വത്തവകാശം” (intellectual property rights) ലംഘിക്കുന്നുവെന്നാണ് ട്വിറ്ററിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ട്വിറ്റർ അധികൃതർ നല്‍കുന്നു. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരനാവുകയെന്ന ലക്ഷ്യത്തോടെ മാർക്ക് സുക്കർബർഗ് അവതരിപ്പിച്ച പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ് ത്രെഡ്.

ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഇലോൺ മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്പിറോ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സെമാഫോർ എന്ന വാർത്താ ഏജൻസി അലക്‌സ് സ്പിറോയുടെ കത്തിന്റെ ഉള്ളടക്കം പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.