ലേഖനം: ക്രിസ്തു ഉള്ള ക്രിസ്ത്യാനിയോ? | രാജൻ പെണ്ണുക്കര

സംഭാഷണമദ്ധ്യേ അവിചാരിതമായി കടന്നുവന്ന ചില വാക്കുകൾ എന്നേയും ഒരു സ്വയപരിശോധനക്ക് വിധേയനാക്കി. നാം “ക്രിസ്തു ഉള്ള ക്രിസ്ത്യാനിയോ”, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മേ വീക്ഷിക്കുന്നവർക്ക് “ക്രിസ്തുവിനെയൊ ക്രിസ്തുവിന്റെ മനോഭാവമോ, സ്വഭാവമോ, സ്നേഹമോ, ഗുണങ്ങളോ, സാദൃശ്യമോ” നമ്മിലോ നമ്മിൽകൂടിയോ ദർശിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം?.

ക്രിസ്ത്യാനി എന്നാൽ ക്രിസ്തുവിന്റെ അനുയായി/ അനുഗമിക്കുന്നവൻ എന്നൊക്കെയല്ലേ അർത്ഥം. അപ്പോൾ നമ്മേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന അഥവാ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും പ്രേത്യേകതകൾ നമ്മിൽ ഉണ്ടാകേണ്ടത് അനിവാര്യം അല്ലേ.

ഇവിടെ നമ്മുടെ രാഷ്ട്രപിതാവിന്റെ വാക്കുകൾ വളരെ ശ്രേദ്ധേയമാണ് “ഞാൻ നിങ്ങളുടെ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നു, ഞാൻ നിങ്ങളുടെ ക്രിസ്ത്യാനികളെ ഇഷ്ടപെടുന്നില്ല, നിങ്ങളുടെ ക്രിസ്ത്യാനികൾ നിങ്ങളുടെ ക്രിസ്തുവിനെ പോലേ അല്ല” ( ‘I like your Christ, I do not like your Christians. Your Christians are so unlike your Christ.’).

ഇതിലെ So Unlike എന്ന ഇംഗ്ലീഷ് പദപ്രയോഗം വളരെ ചിന്തനീയവും എത്ര വാസ്തവം എന്നു പലപ്പോഴും തോന്നിപോകാറില്ലേ. ഇങ്ങനെ കേൾപ്പിക്കാൻ ആരാണ് കാരണക്കാരും ഉത്തരവാദികളും എന്ന് സ്വയം പരിശോധിച്ചാൽ തന്നേ ചില പരിവർത്തനങ്ങളും വ്യതിയാനങ്ങളും നമ്മുടെ ജീവിതത്തിലും കൊണ്ടുവരാൻ നിശ്ചയം സാധിക്കും.

യഥാർത്ഥത്തിൽ നാം ആരാണെന്നകാര്യം പലർക്കും അറിയില്ല. വചനം നമ്മെകുറിച്ച് പറയുന്നത് “രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ., ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ… എഴുതിയിരിക്കുന്നതു” (2 കൊരി 2:15, 3:2, 3:3).

നാം ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു എന്നു വചനം ഉപമിക്കുമ്പോൾ, നാം മനുഷ്യരുടെ ഇടയിലും ക്രിസ്തുവിന്റെ സൗരഭ്യവാസന ആകണം എന്നുകൂടി പറയേണ്ടി വരുന്നു.

മറ്റുള്ളവരെ നമ്മിലേക്ക്‌ ആകർഷിക്കുന്ന വീണ്ടും നമ്മുടെ അടുക്കലേക്ക് വരാൻ കൊതിപ്പിക്കുന്ന, മുറിവുകളെ കെട്ടുന്ന, മറ്റുള്ളവരുടെ ഹൃദയത്തിന് ചൈതന്യവും സന്തോഷവും, കുളിർമ്മയും സ്വന്തനവും, സൗഖ്യവും, ആശ്വാസവും പ്രദാനം ചെയ്യുന്നതും ആത്മീക വർദ്ധനവ് വരുത്തുന്നതുമായ സൗരഭ്യവാസന നമ്മിൽ നിന്നും പുറത്ത്‌ വരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് ഉത്തമം ആയിരിക്കും.

നാം തികച്ചും മാതൃക ആകേണ്ടിയ സ്ഥാനത്ത് നമ്മുടെ മനോഭാവമോ, പ്രവർത്തിയൊ, പെരുമാറ്റമോ, തീരുമാനമോ, ജീവിതമോ, ശുശ്രുഷയോ, വാക്കുകൾ കൊണ്ടോ മറ്റൊരാൾ ഒടുങ്ങി പോകുന്നെങ്കിൽ, മുറിപ്പെടുന്നെങ്കിൽ, ആ മുറിവുകൾ ഉണങ്ങാതെ ഒരു വലിയ വൃണമായി മാറുന്നെങ്ങിൽ, വിശ്വാസത്തിൽ മടുത്തും തളർന്നും ക്ഷീണിച്ചും പോകുന്നെങ്കിൽ നാം കരുതുന്നതും വിചാരിക്കുന്നതുമായ സൗരഭ്യവാസന അല്ല മറിച്ച് ആരോഗ്യത്തിനു ഹാനികരമായ വാസനയാണ് നമ്മിൽ നിന്നും ബഹിർഗമിക്കുന്നതെന്ന് പറയേണ്ടി വരുന്നു. അപ്പോൾ അതെങ്ങനെ ക്രിസ്തുവിന്റെ സൗരഭ്യവാസന എന്നു വിളിക്കപ്പെടും.

പല പേരിലും സമയത്തും പലനിറത്തിലും പുറത്തു വരുന്നവയിൽ അന്തിപത്രം മഞ്ഞപത്രം ഇങ്ങനെ വിവിധ പേരുള്ള പത്രങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ. എന്നാൽ ആ പത്രങ്ങൾ ആകാൻ അല്ല ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

മറിച്ച്, മഷികൊണ്ടല്ല ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ എഴുതപ്പെട്ട പത്രങ്ങൾ ആയാൽ മാത്രമേ നമ്മേ വായിക്കുന്നവർക്ക് നമ്മിൽ കൂടി ക്രിസ്തുവിനെ കാണുവാൻ കഴിയു എന്നതിന് തർക്കം ഇല്ല.

നമ്മേ വായിക്കുന്നവർക്കും വീക്ഷിക്കുന്നവർക്കും ഒരുനല്ല സന്ദേശമോ, വാർത്തയോ, വ്യതിയാനമോ, പരിവർത്തനമോ, പശ്ചാത്താപമോ തിരിഞ്ഞുനോട്ടാമോ നൽകുവാൻ കഴിയുന്നെങ്കിൽ മാത്രമേ നാം “ക്രിസ്തുവിൻ പത്രം” എന്ന പേരിന് യോഗ്യരാകുകയുള്ളു എന്ന സത്യം മറക്കരുത്.

നാം ആകുന്ന പത്രം നിർഭയമെന്യേ സത്യവും നീതിയും ന്യായവും മാത്രം പ്രസ്താവിക്കുന്നതാകണം. നാളെയിൻ പ്രഭാതത്തിൽ ആ പത്രത്തിനു വേണ്ടി മറ്റുള്ളവർ പ്രതീക്ഷയോടും ആകാംഷയോടും കാത്തിരിക്കുന്ന അവസ്ഥയും സംജാതമാകുന്നെങ്കിൽ നാം യഥാർത്ഥത്തിൽ ദൈവത്തിന്റെ പത്രങ്ങൾ തന്നേ.

അല്ലാ, നാം തെറ്റായ സന്ദേശം തരുന്നതും, വ്യാജവും വിശ്വാസയോഗ്യമല്ലാത്തതും, നീതിയുക്തമല്ലാത്തതും വിരോധഭാവമുണ്ടാക്കുന്നതും, മുഖസ്തുതി പറയുന്നതും, പക്ഷപാതപൂര്‍ണ്ണമായതും സ്വന്തം പ്രയോജനത്തിനുവേണ്ടി മാത്രം മനുഷ്യരെ പ്രസാദിപ്പിക്കുന്ന പത്രമായി മാറുന്നെങ്ങിൽ എങ്ങനെ ക്രിസ്തുവിന്റെ പത്രം ആയി വിളിക്കപ്പെടും.

വചനത്തിൽ “നാം ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു”, “ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു” എന്നൊക്കെ വായിക്കുന്നില്ലേ. അപ്പോൾ നാം യഥാർത്ഥത്തിൽ ക്രിസ്തുവിനെയാണ് ധരിച്ചിരിക്കുന്നെങ്കിൽ അഥവാ നാം ദൈവത്തിൽ മറഞ്ഞിരിക്കുന്നെങ്കിൽ നമ്മേ വീക്ഷിക്കുന്നവർ ആദ്യം കാണേണ്ടിയതും രുചിക്കേണ്ടതും ക്രിസ്തുവിനെ അല്ലേ.

‘മാങ്ങാണ്ടിയോടടുത്താല്‍ അറിയാം മാങ്ങയുടെ പുളി’ എന്ന് പറഞ്ഞ പോലെയല്ലേ നമ്മോട് അടുക്കുന്നവർക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ. ഒരു നുള്ള് മണൽ വീണാലൊ തെറ്റുകൾ ചൂണ്ടി കാണിച്ചാലോ പുറത്തു പ്രകടമാകില്ലേ ഓരോരുത്തരുടേയും വിശ്വരൂപം. അപ്പോൾ നമ്മേ നോക്കുന്നവർക്ക് ക്രിസ്തുവിനെ കാണുവാൻ കഴിയുന്നില്ലായെങ്കിൽ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു എന്നുപറഞ്ഞു നടക്കുന്നതുകൊണ്ട് എന്തർത്ഥം?

മരണശേഷം മറ്റുള്ളവരിൽ നിന്നും വാനോളം ഉയർത്തി കേൾക്കുന്ന പുകഴ്ത്തലും പ്രശംസയും അർത്ഥശൂന്യം ആണ്. അത് ആർക്കും ആരെ കുറിച്ചും പറയാം. എന്നാൽ നാം ജീവിച്ചിരിക്കെ യഥാർത്ഥത്തിൽ എങ്ങനെയാകുന്നു എന്ന് സ്വയം ശോധന ചെയ്യേണ്ടിയിരിക്കുന്നു.

ക്രിസ്തു ഇല്ലാത്ത ക്രിസ്ത്യാനിയെ കൊണ്ട് സ്വർഗ്ഗത്തിനും, ദേശത്തിനും സമൂഹത്തിനും എന്തു ഗുണം. ബിസ്കറ്റ് പാട്ടയിൽ എലി പ്രസവിച്ചാൽ ആ എലിക്കുഞ്ഞിനെ ബിസ്‌ക്കറ് എന്നു വിളിക്കാറുണ്ടോ?. ഒർജിനൽ തേൻ എന്നപേരുനോക്കി വാങ്ങിയ തേനിന് ശർക്കര പാനീയത്തിന്റെ രുചി ആയാൽ ഒർജിനൽ തേൻ എന്നുവിളക്കുവാൻ സാധിക്കുമോ?.

അതല്ലേ ഇന്നത്തെ ക്രിസ്ത്യാനിയുടെ അവസ്ഥ. ക്രിസ്തിയ കുടുംബത്തിൽ ജനിച്ചതുകൊണ്ടോ ക്രിസ്തിയ പേര് ഇട്ടതുകൊണ്ടോ ഒരിക്കലും ഒരുമനുഷ്യനും യഥാർത്ഥ ക്രിസ്ത്യാനി ആകുവാൻ കഴിയില്ല എന്ന സത്യം മനുഷ്യൻ മറക്കുന്നു.

സമൂഹത്തിൽ മാതൃക ആക്കാൻ യോഗ്യമായ ഒരു ഗുണവും പ്രദർശിപ്പിക്കാതെ മറ്റുള്ളവർക്ക് പരമാവധി ദ്രോഹം മാത്രം ചെയ്‌തും, അനുകമ്പയും, കരുണയും ദയയും ഇല്ലാത്ത ജീവിതം നയിച്ചാൽ എന്തു പ്രയോജനം?

ക്രിസ്തുവിലുള്ള ഭാവം തന്നേ നമ്മിൽ ഉണ്ടാകണം, ജീവിതത്തിൽ ചതിവും വഞ്ചനയും കളവും കൗശലവും, കാപട്യവും ഒളിയമ്പും, പൂണിയിൽ ഇട്ടുകൊണ്ട് നടക്കുന്നവരെയും, കമന്നു വീണാൽ കാൽ പണം എന്നചിന്താഗതിക്കാരെയും അന്യന്റെ മുതൽ ആഗ്രഹിക്കുകയും മോഷ്ടിക്കുകയും, കവരുകയും ചെയ്യുന്നവരെയും, ക്രിസ്തുവിനെയും അവന്റെ നാമത്തെ വിൽക്കുന്നവരെയും എങ്ങനെ ക്രിസ്ത്യാനി എന്നു വിളിക്കും. അങ്ങനെയുള്ള വേലയെ ക്രിസ്തിയ വേലയെന്നും അങ്ങനെയുള്ള ശുശ്രുഷക്കരെ കർത്താവിന്റെ ശുശ്രുഷകാരെന്നും വിളിക്കാൻ പറ്റുമോ? ഇതിനിടയിലും അൽപ്പം പോലും കറ പുരളാതെ ജീവിക്കുന്ന പാവങ്ങളെ കാണുമ്പോൾ അഭിമാനവും തോന്നാറുമില്ലേ.

“നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുമ്പോൾ” നമ്മിൽ നിന്നും വെളിച്ചം വരാതിരുന്നാലോ, നാം “സൗരഭ്യവാസന” ആയിരിക്കെ നമ്മിൽ നിന്നും സൗരഭ്യം ഇല്ലാത്ത വാസന വന്നാലോ, നാം തേൻ ആയിരിക്കെ വേറെ രുചിയായി മാറിയാലോ, “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെ പോയാലൊ”എന്തു പ്രയോജനം?

ഞാൻ നിന്നെ അറിയുന്നില്ലായെന്നു കേട്ടാലോ, കർത്താവിന്റെ വരവിൽ തള്ളപ്പെട്ടുപോയാലോ നമ്മുടെ ജീവിതം കൊണ്ട് എന്തു പ്രയോജനം. നാം യഥാർത്ഥത്തിൽ ക്രിസ്തുവുള്ള ക്രിസ്ത്യാനിയോ എന്ന് സ്വയ പരിശോധന നടത്തുവാനുള്ള സമയം അടുത്തിരിക്കുന്നു.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like