ചെറു ചിന്ത: വിശ്വാസികളും ഓട്ടക്കളവും | ഷിജി തോമസ്, പത്തനംതിട്ട

വിശ്വാസ ജീവിതം നയിക്കുന്ന നാം ഓരോരുത്തരും സ്വർഗ്ഗീയ സീയോനെ ലക്ഷ്യം വച്ചോടുന്ന ഒരു ഓട്ടക്കളത്തിൽ ആയിരിക്കെ നമ്മുടെ ഓട്ടത്തെ ഒന്നു വീക്ഷിക്കുവാൻ ശ്രമിക്കാം. ദൈവവചനം അനുശാസിക്കുന്നതു പോലെ ഓട്ടക്കളത്തിൽ ഓടുന്നവർ അനേകർ… എന്നാൽ ഒരുവൻ മാത്രമേ വിരുതു പ്രാപിക്കുന്നുള്ളൂ. വിരുത് അല്ലെങ്കിൽ വിജയം എല്ലാവർക്കും അവകാശപ്പെട്ടതല്ല. വിജയം കൈവരിക്കണമെങ്കിൽ ഓട്ടക്കാരൻ ചില കടമ്പകളും കർത്തവ്യങ്ങളും നിറവേറ്റണം.

ലോകത്തിൽ അനേക ഓട്ടമത്സരങ്ങൾ നടക്കാറുണ്ട്. ഒളിംപിക്സ് പോലെയുള്ള വലിയ സ്പോർട്ടിംഗ് ഇവന്റ് തന്നെയുണ്ട്. ഇവയിൽ പങ്കെടുക്കാൻ വരുന്നവരെ നിരീക്ഷിക്കുകയാണെങ്കിൽ ദീർഘകാലത്തെ പരിശ്രമവും പരിശീലനം കൊണ്ടാണ് അവർ ട്രാക്കിൽ എത്തുന്നത്. ജീവിത സാഹചര്യത്തിൽ പരിക്കുകളാലും മറ്റു അസൗകര്യങ്ങളാലും അനേക പ്രതിസന്ധികളെ തരണം ചെയ്താണ് അവർ നിലനിൽക്കുന്നത്. മറ്റെല്ലാത്തിനുമുപരി അവർ തങ്ങളുടെ കായിക ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നു. അതിനായി പലതും ത്യജിക്കുന്നു. ജീവിതം തന്നെ അതിനായി സമർപ്പിക്കുന്നു.
ഓട്ടക്കളത്തിലായിരിക്കുന്ന വിശ്വാസികളും ഇതുപോലെയാണ്. നാം നിത്യജീവങ്കലോട്ടുള്ള ഒരു മാരത്തൺ ഓട്ടത്തിലാണ്. ഇതിൽ നാം വിജയം കൈവരിക്കണമെങ്കിൽ പ്രതിസന്ധികളെയും കഷ്ടങ്ങളെയും വിശ്വാസത്താൽ അതിജീവിക്കണം. നമ്മുടെ ജീവിതം അതിനായി സമർപ്പിക്കാം.
ഓട്ടമത്സരത്തിൽ 100 മീറ്റർ 200 മീറ്റർ 400, 5000 തുടങ്ങി ധാരാള മത്സര ഇനമുണ്ട്. ഇന്നു പല വിശ്വാസ ജീവിതങ്ങളും ചെറിയ മത്സരങ്ങളിൽ മാത്രം ഓടി പിൻവാങ്ങുന്നു. എന്നാൽ യഥാർത്ഥ വിശ്വാസിയുടെ ഓട്ടം ഒരു മാരത്തൻ പൊലെ ആണ്. ലക്ഷ്യസ്ഥാനം കൈവരിക്കാൻ ഒരായുസ്സു മുഴുവൻ ഓടണം. തിരുവെഴുത്തു പറയുന്ന ലക്ഷ്യസ്ഥാനം വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തവനുമായ യേശുക്രിസ്തുവത്രെ.

ഓട്ടക്കാരൻ തന്റെ ഫിറ്റ്നെസ്സ്‌ (fitness) കാത്തു സൂക്ഷിക്കുന്നം. ഉത്തേജക മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല. ഭക്ഷണക്രമം നിയന്ത്രിക്കണം. നിയമാവലികൾ പാലിക്കണം. എന്നതുപോലെ നാം നമ്മുടെ ജീവിതം വിശുദ്ധിയിലും നിർമ്മലതയിലും സൂക്ഷിക്കണം. പാപത്തെ വിട്ടൊഴിയണം. രക്ഷ എന്ന ട്രാക്കിൽ നിൽക്കണം. അപ്പോസ്തലനായ പൌലൊസ് പറയുന്നു ഞാൻ നല്ല പോർ പൊരുതി വിശ്വാസം കാത്തു. നീതിയുടെ കിരീടം എനിക്കായ് വച്ചിരിക്കുന്നു. ആ വാടാത്ത കീരീടം പ്രാപിക്കാൻ ആത്മശക്തിയോടെ നമുക്ക് നമ്മുടെ ഓട്ടം തുടരാം.

ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക, (എബ്രാ 12:1 – 2) വിരുതു പ്രാപിക്കുന്നവരുടെ കൂട്ടത്തിൽ കാണാം എന്ന പ്രത്യാശയോടെ ഈ ചിന്തകൾ പര്യവസാനിപ്പിക്കുന്നു.

ഷിജി തോമസ്, പത്തനംതിട്ട.

-ADVERTISEMENT-

-ADVERTISEMENT-

You might also like