ഭാവന: ഞാൻ ഏറ്റവും അധികം നിലവിളിച്ചപ്പോൾ | ലിജി കോശി
പിറവിയിലെ ഞാനൊരു ഭാഗ്യഹീനനായിരുന്നു… ശബ്ദങ്ങൾ കേട്ടു..
ഞാൻ പലതും തിരിച്ചറിഞ്ഞു…
വിയർത്തിരുന്ന എന്റെ മുഖത്തെ തണുപ്പിച്ച കാറ്റുകളെയും,
പാടി നടക്കുന്ന പക്ഷി തൻ സ്വരവുമെല്ലാം പ്രകൃതി എന്തെന്ന് എന്നെ പഠിപ്പിച്ചു.
അമ്മ പറഞ്ഞു തന്ന യെരീഹോവിന്റെ കഥകൾ,
ആ ഉയർന്ന മതിലുകളുടെ സൗന്ദര്യം
കാറ്റത്ത് ആടി ഉലയുന്ന പനമരങ്ങളുടെ പച്ചപ്പ്, അങ്ങനെ പല പല കാണാ കഥകളും എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്
എന്നിരുന്നാൽ പോലും ഇതൊക്കെ കണ്ണാൽ കാണണമെന്നോ ഇതിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നോ എനിക്ക് തോന്നിയിട്ടേയില്ലായിരു ന്നു.
കാരണം ഞാനൊരു കുരുടൻ ആണെന്ന് എനിക്ക് അറിയാമായിരുന്നു…
ഒരു പ്രതീക്ഷയും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല…
പ്രതീക്ഷയുടെ ഒരു വിടവ് പോലും എന്റെ മുന്നിൽ പ്രത്യക്ഷമായിരുന്നില്ല.
എന്നാൽ, ഒരു മനുഷ്യന്റെ മൃദുവായ ശബ്ദം എന്നെ ഏറെ സ്വാധീനിച്ചു അവൻ ഒരു വൈദ്യനല്ല എന്നാൽ ഒരുപാട് രോഗികൾ അവന്റെ കൈയാൽ സൗഖ്യപ്പെട്ടിട്ടുണ്ട്.
അവൻ സുന്ദരനാണ്, അവന്റെ ശബ്ദം മാധുര്യമുള്ളതും അവന്റെ വാക്കുകൾ നിറവാക്കുന്നതും ആശ്വാസപ്രദവുമാണന്ന് ഞാൻ ഒരുപാട് കേട്ടു.
അനുദിനം അവനെന്ന ചിന്ത എന്നിൽ വളർന്നു തുടങ്ങി.ആദ്യമൊക്കെ അവനെ കാണണം എന്നത് എന്റെ ആഗ്രഹമായിരുന്നു. പിന്നെ അത് എനിക്ക് ആവേശമായി,ഒടുവിൽ അതെന്റെ ആവശ്യമായി മാറി.
അങ്ങനെ ഞാൻ ആഗ്രഹിച്ചതുപോലെ ആ ദിനം വന്നെത്തി. യെരീഹോവിന്റെ വീഥിയിലൂടെ അവൻ വരും എന്ന കേട്ടറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു.
ഈ കുരുടനായ അടിയനെ അവൻ നോക്കുമോ,വൃത്തിഹീനമായ എന്റെ അടുത്തേക്ക് അവൻ വരുമോ എന്നൊക്കെ ഞാൻ പലവട്ടം ചിന്തിച്ചു.
എന്റെ ചിന്തകളെ വിരാമമിട്ട് അവനാ വീഥിയിലൂടെ നടന്നു വന്നു.
കൂടി നിന്നവരുടെ ആർപ്പ് വിളികളും, ഒച്ചപ്പാടുകളും എന്നെ പിന്നെയും ആവേശനാക്കി.
അവനാണോ എന്നു ഉറപ്പുവരുത്താനായി, ഇത് എന്ത് ? എന്നു ഞാൻ ആരഞ്ഞു ഇതെന്ത് ?
ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെയായിരുന്നു ഒരുവനിലൂടെ എനിക്ക് കിട്ടിയത്. അതെ ഞാൻ ആഗ്രഹിച്ച നിമിഷം വന്നെത്തി.
ഒട്ടും വൈകിക്കാതെ ഞാൻ ഉറക്കെ നിലവിളിച്ചു എന്റെ നില വിളിയുടെ ഒച്ച ആ നഗരത്തെ നിശബ്ദമാക്കി. ഞാനിങ്ങനെ വിളിച്ചു
“യേശുവേ ദാവീദ് പുത്രാ.. എന്നോട് കരുണ ഉണ്ടാകേണമേ….
അപ്പോൾ മുൻ നടന്നവരെല്ലാം മിണ്ടാതിരിപ്പാൻ എന്നെ ശാസിച്ചു.
ഒരു നിമിഷം എന്റെ ഹൃദയത്തിൽ നിരാശയുടെ നിഴൽ പതിച്ചു, എന്റെ പ്രതീക്ഷകൾ എല്ലാം നശിച്ചു. ആ ദുഃഖം എന്റെ കവിൾ തടങ്ങളിൽ കണ്ണുനീരായി ഒഴുകിയിറങ്ങി.
എന്നാൽ മനുഷ്യരുടെ വാക്ക് കേൾക്കാൻ മനസ്സില്ലാതെ “ഞാൻ ഏറ്റവും അധികം നിലവിളിച്ചു..”
എന്റെ നിലവിളിയുടെ ശബ്ദം യേശുവിന്റെ കാതിൽ എത്തി,അത് മറുത്ത് പോകാതെ എന്റെ ശബ്ദത്തിന്റെ മുന്നിൽ യേശു നിന്നു.
“അവനെ എന്റെ അടുക്കൽ കൊണ്ടു വരിക” എന്നു പറഞ്ഞു.
അവന്റെ മാധുര്യമേറിയ ശബ്ദം എന്നിൽ പുതുജീവൻ ഏകി,മിണ്ടാതിരിപ്പാൻ എന്നെ ശാസിച്ചവർ എന്റെ മുന്നിൽ നിന്നവർ തന്നെ എന്റെ അടുക്കൽവന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. പരിഹസിച്ച, മിണ്ടാതിരിക്കാൻ എന്നെ ശാസിച്ചവരുടെ മുന്നിലൂടെ തന്നെ ഞാൻ ആ നായകനടുത്തേക്ക് നടന്നുനീങ്ങി.
അപ്പോൾ എന്റെ നിന്ദ മാറിയത് എനിക്ക് അറിയാൻ കഴിഞ്ഞു
അവൻ എന്നോട് ചോദിച്ചു ഞാൻ നിനക്ക് എന്ത് ചെയ്യണമെന്ന്…
ഞാൻ എന്റെ ആവശ്യം അവനോട് പറഞ്ഞു. “എനിക്ക് കാഴ്ച പ്രാപിക്കണം”
മറുത്തൊന്നും പറയാതെ അധികാരത്തിന്റെ സ്വരത്തിൽ അവൻ പറഞ്ഞു “കാഴ്ച പ്രാപിക്കാ” നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന്.
ക്ഷണത്തിൽ എന്റെ കണ്ണിൽ നിന്നും ഇരുട്ട് ഓടി മറഞ്ഞു.
ഞാൻ കണ്ണുകൾ ചിമ്മി നിറമാർന്ന അവന്റെ മുഖത്തേക്ക് നോക്കി. യേശുവിന്റെ മുഖം കണ്ട ആ നിമിഷം എന്റെ ആദ്യ പ്രഭാതം പോലെ എനിക്ക് തോന്നി,
തന്റെ മുഖത്ത് ഞാൻ ദൈവത്തെ കണ്ടു.
അവന്റെ കണ്ണുകളിൽ കരുണ ഒഴുകുന്നതായി എനിക്ക് തോന്നി.
എന്റെ സന്തോഷത്തിൽ അവനും സന്തോഷിച്ചു, ഞാൻ അവനെ കെട്ടിപ്പിടിച്ചു.
ഏതൊരു മനുഷ്യനെയും ചേർത്തുനിർത്തുന്ന അവന്റെ സ്വഭാവം എന്നെ ആകർഷിച്ചു… ഞാനവനെ അനുഗമിക്കാൻ ഒരുങ്ങി
എന്റെ മാറ്റം കണ്ട് ജനം എല്ലാം അവനെ പുകഴ്ത്തി അങ്ങനെ എന്റെ അനുഭവം ആ നാടെങ്ങും പരന്നു…
ലിജി കോശി


- Advertisement -


Comments are closed.