ലേഖനം: വിശ്വാസത്തിന്‍റെ പരിശോധന | ബിനു ബെന്നി, ഡല്‍ഹി

മനുഷ്യരായി ഭൂമിയില്‍ പിറന്നവര്‍ക്കെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിശോധനകള്‍ ഉണ്ട്. ചിലര്‍ ആ പരിശോധനകളില്‍ വിജയിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ അതില്‍ പരാജയപ്പെട്ട് അവരുടെ ജീവിതം പോലും ഇല്ലാതെ പോകുന്നു. പരീക്ഷ എഴുതി വിജയം കണ്ടില്ല എങ്കില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. ആ പരിശോധനയില്‍ അവര്‍ തോറ്റുപോകുകയാണ് ചെയ്യുന്നത്.

എന്നാല്‍ വിശുദ്ധ വേദപുസ്തകത്തില്‍ നമ്മള്‍ നോക്കിയാല്‍ അനേക പരിശോധനകളില്‍ കൂടി കടന്നുപോയ ദൈവ ഭക്തന്മാരെ നമുക്ക് കാണാന്‍ കഴിയും. “എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍” (യാക്കോബ് 1:3). വിശ്വാസ ജീവിതം അനേക പരിശോധനകള്‍ നിറഞ്ഞതാണ്‌. ഭക്തനായ ഇയ്യോബിന്‍റെ ജീവിതം നമ്മള്‍ പഠിച്ചാല്‍ പരിശോധനയുടെ തീച്ചൂളയില്‍ കൂടി കടന്നുപോയ ഒരു വ്യക്തിത്വം ആണ്. തനിക്ക് ഉള്ളതെല്ലാം നഷ്ടമായിട്ടും വിശ്വാസത്തില്‍ ആ ഭക്തന്‍ ക്ഷീണിച്ചില്ല. “നിന്‍റെ ഭക്തി തള്ളികളഞ്ഞു ദൈവത്തെ ത്യജിച്ച് പറക” എന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്ത ഭാര്യപോലും തന്നോട് പറഞ്ഞു (ഇയ്യോബ് 2:9). തന്‍റെ ജീവിതത്തില്‍ ഒന്നും ഇല്ലാതെ വന്നപ്പോഴും താന്‍ വിശ്വസിച്ച ദൈവത്തെ അവന്‍ മുറുകെ പിടിച്ചു. ആ പരിശോധനയില്‍ അവന്‍ വിജയിച്ചു. തനിക്ക് നഷ്ടമായതിന്‍റെ ഇരട്ടിയായി കിട്ടി എന്ന് നമുക്ക് ബൈബിളില്‍ കാണുവാന്‍ സാധിക്കും. ഇയ്യോബിന്‍റെ പരിശോധനയെപ്പറ്റി യാക്കോബ് അപ്പോസ്തലന്‍ പറയുന്നത് “യോബിന്‍റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു” (യാക്കോബ് 5:11)

അബ്രഹാമിനെ നാം നോക്കുകയാണെങ്കില്‍ അവന്‍റെ ജീവിതത്തിലെ പരിശോധനയും ഏറ്റവും വലിയതായിരുന്നു. പുത്രോല്പാദനത്തിനുള്ള ശേഷി ഇല്ലാതിരിക്കെ ദൈവം അബ്രഹാമിനും സാറായിക്കും അവരുടെ വാര്‍ദ്ധക്യത്തില്‍ ഒരു മകനെ നല്‍കി അനുഗ്രഹിച്ചു. എന്നാല്‍ താന്‍ സ്നേഹിച്ച് വളര്‍ത്തിയ തന്‍റെ മകനെ തിരിച്ച് ചോദിച്ച് ദൈവം അവന് പരിശോധന കൊടുത്തു. എന്നാല്‍ ആ പരിശോധനയില്‍ അബ്രഹാം തളര്‍ന്നുപോയില്ല. മകനെ തന്ന ദൈവം തന്നെ അതിനെ എനിക്ക് യാഗം കഴിക്ക എന്ന് അവനോട് പറഞ്ഞപ്പോള്‍ അവന്‍ മടികൂടാതെ അത് അനുസരിച്ചു. താന്‍ വിശ്വസിച്ച ദൈവം മകനെ എടുത്താലും ഈ കല്ലുകളില്‍ നിന്ന് മക്കളെ ഉളവാക്കുവാന്‍ ദൈവത്തിനു കഴിയും എന്ന് അബ്രഹാമിന് അറിയാമായിരുന്നു. (മത്തായി 3:9).

പഴയനിയമ ഭക്തന്മാരായ മോശ, ഏലിയാവ്, ദാനിയേല്‍ എന്നീ പ്രവാചകന്മാരും പരിശോധനയില്‍ കൂടി കടന്നുപോയത് നമുക്ക് തിരുവെഴുത്തില്‍ കാണാന്‍ സാധിക്കും. വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്ത ഏലിയാവ് ഇസബെല്‍ എന്ന ഒരു സാധാരണ സ്ത്രീയുടെ വാക്കിനുമുന്നില്‍ തകര്‍ന്നുപോയി. അവന്‍റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു അത്. കര്‍മ്മേലില്‍ തീ ഇറക്കിയ എലിയാവിനാണ് ആ പരിശോധന വന്നത്. എന്നാല്‍ ആ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അവന്‍ അറിഞ്ഞിരുന്നു. പരിശോധനകള്‍ ഭക്തന്മാരുടെ ജീവിതത്തില്‍ വരുമ്പോഴും അവര്‍ ആരും വിശ്വാസത്തില്‍ തളര്‍ന്നില്ല. പുതിയനിയമത്തിലേക്ക് നോക്കിയാലും കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ ജീവിതത്തിലും പലവിധത്തിലുള്ള പരിശോധനകള്‍ വന്നതായി നമുക്ക് കാണാന്‍ സാധിക്കും. പത്രോസിനേയും അന്ത്രയാസിനേയും വിളിച്ച് ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് യേശു അവരോട് പറഞ്ഞു (മത്തായി 4:19). എന്നാല്‍ പലവിധമായ പരിശോധനകള്‍ അവരുടെ ജീവിതത്തില്‍ വന്നു. കൂടെ നടന്നു അത്ഭുതങ്ങളും അടയാളങ്ങളും കണ്ട്, ജീവന്‍റെ വഴി ഓതി കൊടുത്ത അരുമനാഥനെ തള്ളിപ്പറഞ്ഞു എങ്കിലും അവര്‍ ആരും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല. ഇതേ പത്രോസ്, ലേഖനം എഴുതിയപ്പോള്‍ ഇപ്രകാരം എഴുതി, “അതില്‍ നിങ്ങള്‍ അല്പനേരത്തേക്ക് നാനാപരീക്ഷകളാല്‍ ദുഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞു പോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനേക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ പുകഴ്ചക്കും തേജസ്സിനും മാനത്തിനുമായി കാണ്മാന്‍ അങ്ങനെ ഇടവരും” (1 പത്രോസ് 1:6-7).

നമ്മുടെ ജീവിതത്തിലും വിശ്വാസത്തെ ചോദ്യം ചെയ്യുന്ന അനേക വിധമായ പരിശോധനകള്‍ കടന്നുവരും. ഒന്നിലും തളര്‍ന്നുപോകാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ വലിയവനായ ദൈവം നമ്മെ സഹായിക്കട്ടെ. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like