നിയുക്തനായ വ്യക്തിയെ പൂർണ്ണ ഉത്തരവാദിത്വം ഭരമേൽപ്പിച്ചുകൊണ്ട് ഒരു പ്രത്യേക ചുമതല നൽകി സ്ഥാനാരോഹണം ചെയ്യുന്ന പ്രക്രിയയാണ് “നിയമനം” (Appointment). ഏതൊരു നിയമന ഉത്തരവിലും നിയമിക്കാൻ അധികാരം ഉള്ളവന്റെ ഒപ്പും മേൽവിലാസവും നിർബന്ധമായും ഉണ്ടായിരിക്കണം എന്നതും വ്യവസ്ഥ. അതില്ലാത്ത ഒരു നിയമനവും യഥാർത്ഥത്തിൽ നിയമനമേ അല്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കയ്യൊപ്പിട്ടിരിക്കുന്ന വ്യക്തിയുടെ (Appointment Authority) അധികാര പരിധിയിൽ നിന്നുകൊണ്ട് അദ്ദേഹത്തിനു പകരക്കാരനായി കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചുകൊണ്ട് യോഗ്യമാംവണ്ണം കൃത്യനിർവഹണം ചെയ്യുന്ന വ്യക്തി എന്നും കൂടി വിളിക്കാം. എന്നാൽ ആ നിയമനത്തേ അംഗീകരിക്കാതെ ധിക്കരിച്ച് പുശ്ചിച്ചു തള്ളി മൂല്യം കുറച്ച് കാണുന്നത് ആ നിയമന ഉത്തരവിൽ ഒപ്പിട്ടിരിക്കുന്ന വ്യക്തിയോടും പദവിയോടും കാണിക്കുന്ന ഏറ്റവും വലിയ അനാദരവും നിന്ദയും ആയി കണക്കാക്കും എന്നൊരു നിയമവും ഉണ്ട്.
ലോകപരമായ ഏതൊരു അധികാരത്തേയും നിയമനത്തേയും നിയമത്തേയും മനുഷ്യൻ മാനിക്കുന്നതും കീഴ്പ്പെടുന്നതും ഉള്ളിലെ ഭയം കൊണ്ടാകുന്നു എന്നതാണ് വാസ്തവം. എന്നാൽ ആത്മീക വിഷയത്തിൽ ഭയം ലേശവും ഇല്ലാത്തതിനാൽ എല്ലാത്തിനെയും നിസ്സാരവത്കരിച്ച് യുക്തിക്കനുസരിച്ച് പുശ്ചിച്ച് തള്ളി തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് നിന്ദിക്കുന്നതായി കാണുന്നു. ആത്മീക തലങ്ങളിൽ ദൈവ നിർണയപ്രകാരം ദൈവനിയോഗത്താൽ ഏൽപ്പിക്കപ്പെടുന്ന ഏതൊരു ചുമതലയും നിയമനവും അദൃശ്യനായ ദൈവത്തിന്റെ അദൃശ്യമായ കയ്യൊപ്പോടു (Signature) കൂടിയതായിരിക്കും എന്ന് നാം വിശ്വസിക്കുന്നെങ്കിൽ ഇവിടെ നിന്ദിക്കുന്നത് മനുഷ്യനെ അല്ല മറിച്ച് പരിശുദ്ധത്മാവിനെയാണെന്ന സത്യം മറക്കരുത്. പൗലോസിന്റ ഭാഷയിൽ അധികാരത്തിന്റെ ശുശ്രുഷയോടൊപ്പം അതിനെ ദൈവശുശ്രൂഷക്കാരനായും ചിത്രീകരിക്കുന്നതു കൊണ്ട് “ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം കൊടുപ്പിൻ” എന്ന മുന്നറിയിപ്പ് തരുന്നു.
പൗലോസ് അപ്പോസ്തോലന്റെ വാക്കുകളിൽ “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും… അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.: നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക;.. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം….ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം കൊടുപ്പിൻ…”
അതുപോലെ പത്രോസ് അപ്പോസ്തോലനും പറയുന്നു “സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും… നാടുവാഴികൾക്കും കീഴടങ്ങുവിൻ. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.”
എന്നാൽ എബ്രാ 13:17-ൽ പറയുന്നത് “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല” എന്നും, 1 തിമൊ 5:17-ൽ “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.” അങ്ങനെ ചെയ്യാത്തതൊന്നും ആർക്കും നന്നല്ല എന്നാകുന്നു വചനം കർക്കശമായ മുന്നറിയിപ്പ് തരുന്നത്.
ഇടയനോ പരിപാലകനോ ശുശ്രുഷകനോ രാജാവോ നേതാവോ ആകട്ടെ കണക്ക് കൊടുക്കണമെന്ന് നിബന്ധന വെച്ചെങ്കിൽ അതവർക്കുള്ള അധികാരത്തിന്റെ ശുശ്രുഷയും പരിധിയും കാണിക്കുന്നു. ദൈവസഭയിലെ ഏതൊരു സ്ഥാനവും പദവിയും വചനപ്രകാരം നിന്റെ നന്മെക്കായിട്ട് അവർ ദൈവശുശ്രൂഷക്കാരായി (റോമ 13:4) ദൈവത്താൽ നിയോഗിക്കപ്പെടുമ്പോൾ അതിന് അർഹിക്കുന്ന പവിത്രതയും മൂല്യവും ബഹുമാനവും അധികാരവും കൊടുത്തുകൊണ്ട് അതിൽ മനുഷ്യന്റേതല്ലാത്ത പരിശുദ്ധത്മാവിന്റേയും കൂടി അദൃശ്യമായ കയ്യൊപ്പ് (Signature) ഉണ്ടെന്ന സത്യം മറന്നുപോകരുത്. ഇവിടെ വ്യക്തിക്കല്ല പ്രാധാന്യം വഹിക്കുന്ന സ്ഥാനത്തിനാണ് പ്രാധാന്യം.
എല്ലാവർക്കും കാർമികത്വം ചെയ്യുവാൻ കഴിയാത്ത ചിലതിൽ, അടക്കത്തിന്റെ ശുശ്രുഷ ഒരു ശുശ്രുഷകൻ ചെയ്തത് പിന്നീട് സാധാരണ ചോദ്യം ചെയ്യപ്പെടുന്നില്ല എങ്കിൽ, ഒരു ശുശ്രുഷകൻ വിവാഹശുശ്രുഷ നടത്തിയിട്ട് കയ്യൊപ്പിടുന്ന വിവാഹ രേഖകൾ സർക്കാർ അംഗീകരിക്കുന്ന പക്ഷം അതിനെ അധികാരത്തിന്റെ ശുശ്രുഷ എന്നുതന്നെ വേണം പറയാൻ. ഭൂതങ്ങളുടെ മേൽ അധികാരം കൊടുത്തത് തലോലിക്കാൻ അല്ല മറിച്ച് ശാസിച്ച് പുറത്താക്കാൻ ആണ്. അധികാരം കർത്താവ് കൊടുത്തെങ്കിൽ പരിപാലനത്തോടൊപ്പം ഭരിക്കാനുള്ള അവകാശവും തനിയെ ഉണ്ടാകും. ചട്ടങ്ങളും നിയമങ്ങളും പഴുതടച്ച് പാലിക്കപ്പെടുന്നുവോ എന്ന് കൃത്യമായി ഉറപ്പ് വരുത്തുന്നതാണ് ഭരണവും ഭരണനിർവ്വഹണവും. ഇല്ലെങ്കിൽ എല്ലാവരും കുത്തഴിഞ്ഞ പുസ്തകം പോലെയായി കണ്ടവഴിയേ പോയി പോയവഴിയേ ചാടും!!.
നിഘണ്ടു പ്രകാരം പരിപാലനം, ഭരണം ഓരേ അർത്ഥത്തിലും മൂല്യത്തിലും വരുന്ന വാക്കുകൾ ആണെങ്കിലും സാഹചര്യം അനുസ്സരിച്ച് തൂക്കത്തിനും പ്രയോഗത്തിനും വ്യത്യാസം വരുന്നുണ്ട്. ആടുമാടുകളുടെ വിഷയത്തിൽ പരിപാലനം എന്ന വാക്ക് തികച്ചും യോജിക്കുമെങ്കിലും മനുഷ്യരാക്കുന്ന ആടുകളുടെ വിഷയത്തിയിൽ അനുയോജ്യമല്ലാത്ത വാക്കായി തോന്നുന്നത്തിന്റെ കാരണം നമ്മുടെ സ്വഭാവവും മനോഭാവവും അല്ലേ!!. അവിടെയാണ് പരിപാലനത്തിന് പകരം ഭരണനിർവ്വഹണം (Governance) അതായത് കാര്യങ്ങൾ സംരക്ഷണം ചെയ്തുകൊണ്ട് നയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന രീതി തന്നേ അവലംഭിക്കാൻ നിർബന്ധിതരാകുന്നത്.
മിണ്ടാപ്രാണിയായ ആടുകളിൽ കാടുകയറി മേയുന്നതിനേയും വേലിചാടി പോകുന്നതിനെയും അനുസരണയില്ലാത്തതിനെയും, ദുർവാശിയുള്ളതിനെയും ഉപദ്രവിക്കുന്നതിനെയും പച്ചയായ പുല്പുറങ്ങളിൽ കിടത്തി സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു നടത്തി പരിപാലിക്കാൻ ഇടയന് വടിയും കൊലും പര്യാപ്തം എങ്കിൽ, മിണ്ടുകയും എന്തിനും ഏതിനും പ്രതികരിക്കുകയും ശാഠ്യം പിടിക്കുകയും ചെയ്യുന്ന ആടുകളായ നാം ആ സ്വഭാവക്കാരായാൽ അവരെ നിലക്ക് നിർത്തി മേയ്ക്കാൻ വടിയും കോലും തികച്ചും അപര്യാപ്തം ആകുമ്പോൾ അധികാരത്തിന്റെയും ഭരണത്തിന്റെയും ലാത്തി എടുക്കേണ്ട അവസ്ഥയും ശുശ്രുഷയും അനിവാര്യം ആയി വരും. ഇല്ലെങ്കിൽ സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയായി ഏത് ദുഷ്ടതയും അനുസ്സാരണക്കേടും ക്രമക്കേടും പാപവും ചെയ്യാൻ ഒരു മനുഷ്യനും മടിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് ദൈവ വ്യവസ്ഥയോടു മറുതലിച്ച് ശിക്ഷാവിധി വലിച്ചുവെക്കാതെ ദൈവവിഷയമായി സമ്പന്നൻ ആക്കുവാൻ ശ്രമിക്കുക.

- Advertisement -



Comments are closed, but trackbacks and pingbacks are open.