നാം ജന്മദിനങ്ങൾ ഭയങ്കരസന്തോഷത്തിലും എന്നാൽ മരണവാർഷികങ്ങൾ പവിത്രഗംഭീരമായും ആണ് ആഘോഷിക്കാറുള്ളത്. അതുപോലെതന്നെ ക്രിസ്തുമസ് സീസൺ ഭയങ്കര സന്തോഷവും എന്നാൽ നൊയമ്പു കാലം (Lent season) ഭക്തിയുടെ കാലവുമാണ്. നിങ്ങൾക്ക് ഭക്തിയും സഹിഷ്ണുതയും ഉള്ളതിനാലാണ് ഈ ലേഖനം കുത്തിയിരുന്ന് വായിക്കുന്നത് തന്നെ. ഇത് യേശു ക്രൂശിൽവച്ചു പറഞ്ഞ ഏഴാമത്തെ മൊഴിയാണ്. രക്ഷകൻ എന്നുള്ള ക്രിസ്തുവിന്റെ ദൗത്യം ഈ ഭൂമിയിൽ തീർന്നിരിക്കുന്നു. അവൻ പ്രഖ്യാപിച്ചു “നിവൃത്തിയായി”. അവൻ വന്ന ഇടത്തേക്ക് അവൻ തിരിച്ചുപോവുകയാണ്.
യേശുവിന്റെ ജനനവും മരണവും തിരുവെഴുത്തുകളുടെ നിവൃത്തിയായിരുന്നു. ക്രൂശിൽ കിടന്ന് അവൻ മൊഴിഞ്ഞ ഏഴു മൊഴികൾ പ്രതീക്ഷ നഷ്ടപ്പെട്ട ഒരുവന്റെ പുലമ്പലുകളായിരുന്നില്ല, എന്നാലവ തിരുവെഴുത്തുകളുടെ പൂർത്തീകരണമായിരുന്നു. അതുകൊണ്ടല്ലേ യേശു സങ്കീർത്തനത്തിൽനിന്ന് രണ്ടു വാക്യങ്ങൾ ഉദ്ധരിക്കുന്നത് സങ്കീർത്തനം 22.1; 31.5. ഈ മൊഴിയോടുകൂടെ അവന്റെ അവന്റെ ആത്മാവ് അവന്റെ ശരീരം വിട്ടു. എന്നാൽ ആരും പ്രതീക്ഷിച്ചില്ല യേശു ഇത്ര പെട്ടെന്ന് മരിച്ചുപോകുമെന്ന്.
യേശു യോഹന്നാൻ 10.17,18- ൽ പറഞ്ഞതുപോലെതന്നെ മരിച്ചു. “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു.” ക്രൂശുമരണം അങ്ങേയറ്റം സാവധാനത്തിലുള്ളതാണ് എന്നാൽ അത് അതിമനോഹരമായി മാറി. ഇത് മരിക്കുന്നതിൻ്റെ ഒരു കലയാണ്.
ആരുടെയെങ്കിലും മരണത്തിന്റെ അന്ത്യനിമിഷങ്ങൾ നിങ്ങൾക്ക് കാണേണ്ടതായി വന്നിട്ടുണ്ടോ? ഞാനൊരു മനുഷ്യന്റെ കഥ വായിച്ചിട്ടുണ്ട്. അയാൾ മരിക്കും മുമ്പ് കയ്യിലുണ്ടായിരുന്ന പണസഞ്ചി മരണവെപ്രാളത്തിൽ അണ്ണാക്കിൽ കുത്തിക്കയറ്റിയത്രേ. നാം ഡോക്ടർമാരെയും നേഴ്സുമാരെയും അഭിനന്ദിക്കണം, കാരണം അവർ എത്രയോ ബുദ്ധിമുട്ടേറിയ ജനനങ്ങൾക്കും മരണങ്ങൾക്കും സാക്ഷികളാകേണ്ടി വന്നിട്ടുണ്ട്. അത്തരം മരണങ്ങൾ അങ്ങേയറ്റം പ്രത്യാശാഹീനതയുടെ ഉദാഹരണങ്ങളാണ്.
എന്നാൽ ഇവിടെ നമ്മുടെ രക്ഷകനായ യേശു മഹനീയ പ്രത്യാശയുടെ പ്രസ്താവന ഉദ്ഘോഷിക്കുന്നു. ഒരു കുഞ്ഞ് തൻ്റെ സ്നേഹനിധിയായ പിതാവിന്റെ കരങ്ങളിൽ എങ്ങനെ മയങ്ങിപോകുന്നോ അതുപോലെ യേശു തൻ്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിലേക്ക് ഏല്പിച്ചുകൊടുത്തു. ഇത് ഏതൊരു ദൈവപൈതലിനും ഏറ്റെടുക്കാവുന്ന ഒരു ചിത്രമാണ്. നമുക്ക് ഉറപ്പാക്കാം നാം മരിക്കുമ്പോൾ നമ്മൾ തൻ്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കുവേണ്ടി യാഗമായി നല്കിയ സ്വർഗസ്ഥനായ പിതാവിന്റെ കരങ്ങളിലേക്കാണ് പോകുന്നത്.
യേശുവിന്റെ കുരിശിലെ അവസാനത്തെ മൊഴി കാണിക്കുന്നത് അവൻ മരിച്ചപ്പോൾ അവന് വളരെ സമാധാനമുണ്ടായിരുന്നു എന്തെന്നാൽ അവനറിയാമായിരുന്നു അവൻ എവിടേക്കാണ് പോകുന്നത് എന്ന്–എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു. മനുഷ്യർ എന്ന നിലയിൽ നമുക്കു മരണഭയമുണ്ട്. നാം രക്ഷിക്കപ്പെട്ടവർ ആണെങ്കിലും അല്ലെങ്കിലും മരണഭയത്തിൻ്റെ ഒരംശം എങ്കിലും നമ്മിൽ ഉണ്ട് എന്തുകൊണ്ടെന്നാൽ അത് നമുക്ക് അജ്ഞാതമായ ഒരു മേഖലയാണ്. അനവധി മഹാന്മാരായ ക്രിസ്ത്യാനികൾ മരണത്തിന്റെ താഴ്വരയിൽ വളരെ പാടുപെട്ടവരാണ്.
‘പരദേശി മോക്ഷയാത്ര’യിലെ ക്രിസ്ത്യാനിയുടെ കഥ ഇത്തരുണത്തിൽ ചിന്തനീയമെന്നു തോന്നുന്നു. ക്രിസ്ത്യാനിയും തൻ്റെ സുഹൃത്തായ പ്രത്യാശയും ബെയൂലാ ദേശത്തേക്കുള്ള തങ്ങളുടെ യാത്രയുടെ അവസാന ഭാഗത്ത് എത്തിച്ചേർന്നു. അവരിരുവരും മരണത്തെ പ്രതിനിധീകരിക്കുന്ന ഒരു നദിയുടെ അടുത്തെത്തി. അവിടെ നിന്നിരുന്ന രണ്ടുപുരുഷന്മാർ അവരോടുപറഞ്ഞു ഈ നദിക്കു പാലമില്ലാത്തതിനാൽ അത് നീന്തി കടന്നെങ്കിലേ ഒക്കുകയുള്ളൂ. (ഹാനോക്കും ഏലീയാവും മാത്രമേ വേറൊരു വഴിയായി പ്രവേശിച്ചുള്ളൂ.) അവർ നദിയിലിറങ്ങി നീന്തുവാൻ ആരംഭിച്ചു. എന്നാൽ നിരാശനായ ക്രിസ്ത്യാനി മുങ്ങിപോകുവാൻ തുടങ്ങി. അനവധി പ്രോത്സാഹനത്തിൻ്റെ വാക്കുകളിലൂടെ പ്രത്യാശ തൻ്റെ സുഹൃത്തിന്റെ തല ഉയർത്തി പിടിക്കുവാൻ പാടുപെട്ടു. ഒടുവിൽ അവന് ലഭിക്കേണ്ടിയിരുന്ന ഉത്തേജനം ലഭിച്ചു. അവൻ യെശയ്യാവ് 43.2-ാം വാക്യം അവകാശമാക്കി. പെട്ടെന്നുതന്നെ അവർ അവരുടെ മഹത്വപൂർണമായ ആ പട്ടണത്തിൽ പ്രവേശിച്ചു. ഈ പ്രതീകാത്മകമായ കഥയിൽ ഒരു പാഠമുണ്ട്.
ഈ ക്രിസ്ത്യാനിയെപോലെ നമ്മുടെ ജീവിതത്തിൽ ചില സംശയത്തിന്റെ അവസരമുണ്ടായേക്കാം. യേശുവിനുപോലും അങ്ങനെ ഉണ്ടായില്ലേ? അതുകൊണ്ടല്ലേ അവൻ കരഞ്ഞത്, “എന്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” അക്കാരണത്താൽ ഭാരപ്പെടേണ്ടാ. യേശു മനസ്സിലാക്കുന്നു മരണനിഴലിൻ താഴ്വരയിലൂടെ കടന്നുപോകുന്നത് എങ്ങനെയെന്ന്. നമ്മുടെ ബലഹീനതകളിൽ സഹതപിക്കുന്ന മഹാപുരോഹിതനാണവൻ.
ഇവിടെ യേശു ഒരു കാര്യം നമുക്ക് വെളിപ്പെടുത്തുന്നു മരണം ഒരു ഇരുണ്ട ഗുഹയിലേക്കുള്ള പ്രവേശനമല്ല, എന്നാലത് പിതാവിന്റെ കരങ്ങളിലേക്ക് പോവുകയാണ്. പ്രകാശത്തിൻ്റെ ഒരിക്കലും മങ്ങാത്ത ഒരു ശ്രോതസ്സിലേക്ക്.
ക്രൂശീകരണത്തിൻ്റെ ഏകദേശം ഉച്ചയായ സമയത്ത് ആ പ്രദേശത്തെല്ലാം ഇരുട്ട് പരന്നു, യെരൂശലേം ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ഛേദിക്കപ്പെട്ടു. ഒരു നാടകത്തിന്റെ ഒടുവിൽ കർട്ടൻ താഴുകയാണ്. എന്നാലിവിടെ സംഭവിക്കുന്നത് കർട്ടൻ രണ്ടായി വിഭജിക്കപ്പെടുകയാണ്. അതു കാണിക്കുന്നത് യേശുക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർക്ക് ആ തിരശ്ശീലയ്ക്ക് അപ്പുറത്തേക്ക് ഒരു തടസ്സുവുമില്ലാതെ പ്രവേശനമുണ്ട് (എബ്രാ. 10.19).
ഇത് രക്ഷയുടെ ഒരു ഉറപ്പാണ്. ഏതു തരത്തിലുള്ള മരണമാണ് നിനക്കുവേണ്ടി കാത്തിരിക്കുന്നതെങ്കിലും നീ ഒരിക്കലും നഷ്ടപ്പെടാൻ പോകുന്നില്ല, ദൈവകരങ്ങളിൽ നീ സുരക്ഷിതനാണ് (യോഹ. 10.28,29).
നമ്മുടെ കരങ്ങളിൽ മരക്കുരിശോ സ്വർണക്കുരിശോ ഉണ്ടായിരിക്കാം വിലക്കൂടിയതോ വിലക്കുറഞ്ഞ കുരിശോ കണ്ടേക്കാം എന്നാൽ കുരിശിനെ അനുഗമിക്കുന്നത് വിലയേറിയ ഒരു കാര്യമാണ്. യേശുവിന്റെ ശിഷ്യന്മാരെല്ലാം ആ വില കൊടുത്തവരാണ്.
സഭാചരിത്രത്തിൽ നിങ്ങൾക്കു കാണുവാനാകും അനവധി രക്തസാക്ഷികൾ യേശുവിന്റെ ക്രൂശിലെ മൊഴിയെ തങ്ങളുടെ അവസാനത്തെ മൊഴിക്ക് മാതൃകയാക്കി. ഉദാ:…
സ്തെഫാനോസ്: “കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ” (അപ്പൊ. 7.59,60).
ജോൺ ഹസ്: എന്റെ ശത്രുക്കളോട് ദയകാണിക്കണമേ എന്ന് പ്രാർഥിക്കുന്നു.
മാർട്ടിൻ ലൂതർ: രക്തസാക്ഷി ആയില്ലെങ്കിലും യോഹന്നാൻ 3.16 ഉരുവിട്ടുകൊണ്ടാണ് മരിച്ചത്.
യേശുവിന്റെ കുരിശിലെ മൊഴി നമ്മെ ആത്മവിശ്വാസത്തോടുകൂടെ മരിക്കുവാൻ തയ്യാറാക്കുകയും നമ്മുടെ പ്രിയപ്പെട്ടവരുടെ മരണത്തെ ധീരതയോടെ അഭിമുഖീകരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ യേശുവിൽ പ്രത്യാശയുള്ളവരായി ജീവിക്കാൻ ഉത്തേജനം തരുന്നു. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാമെങ്കിൽ, നിങ്ങളുടെ മരണവേളയിൽ നിങ്ങളുടെ ആത്മാവിനെ ദൈവത്തിന്റെ കരങ്ങളിൽ അർപ്പിക്കാം.
കർത്താവിനോടൊപ്പം നടക്കുവാൻ നിങ്ങൾ തുടങ്ങിയില്ലെങ്കിൽ അവന് നിങ്ങളെ സമർപ്പിച്ചുകൊണ്ട് പ്രാർഥിക്കാം.
(ലൂക്കൊസ് 23.46 , സങ്കീ. 31.5; മത്തായി 27.50; മർക്കൊസ് 15.37)

- Advertisement -



Comments are closed, but trackbacks and pingbacks are open.