ലേഖനം : മുള്ളും പറക്കാരയും | രാജൻ പെണ്ണുക്കര
“ആത്മീക ജീവിതത്തിൽ നാം മുള്ളും ഞെരിഞ്ഞിലും പറക്കാരയും” (Throns, Briers, Thistles) ആയിട്ടുണ്ടോ?. സുവിശേഷങ്ങളിൽ വളരെ അർത്ഥവത്തും ചിന്തനീയവുമായ “വിതെക്കുന്നവൻ വിത്തു വിതെപ്പാൻ” പുറപ്പെട്ട ഉപമയിൽ നാല് വ്യത്യസ്ത പ്രതലങ്ങളിലും സാഹചര്യത്തിലും വീണ വിത്തുകളെ കുറിച്ച് പറയുന്നുണ്ട്. ഈ നാലിടത്തും വീണത് “അവൻ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കുന്ന തത്വം പോലെ” ഒരേ വിത്തും, മഞ്ഞും, മഴയും ആയിരുന്ന സത്യവും ഓർത്തുകൊൾക.
വഴിയരികിൽ വീണിട്ടും കിളിർക്കണമെന്നാശിച്ച വിത്തിനേയും, മണ്ണില്ലാത്ത പാറയിൽ വീണ് ഉണങ്ങിവരണ്ട വിത്തിനേയും, നല്ല നിലത്തു വീണ് ഫലം കായ്ക്കാൻ തിടുക്കം കൂട്ടുന്ന വിത്തിനേയും നോക്കുമ്പോൾ മുള്ളിന്നിടയിൽ വീണുകിടന്ന് നൊന്തു പിടയുന്ന പാവം വിത്തിന്റെ അവസ്ഥ കണ്ട് ഉള്ളം പിടഞ്ഞു പോയി. ഇവിടെ ഈ വിത്തിന് വളരാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും മഴയും മഞ്ഞും വളക്കൂറുള്ള മണ്ണും ഉണ്ടായിട്ടും മുള്ളും കൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു എന്ന് വായിക്കുന്നു.
ഇവിടെ നാം ശ്രദ്ധിക്കാതെ പോകുന്ന ചില മർമ്മങ്ങൾ കൂടി ഉണ്ട്. പാവം വിത്തിന്റെ കൂടെ ഒരുമിച്ച് ഒരേ പ്രതലത്തിൽ കിളിർത്ത് ഒരേ മണ്ണിലെ ആഹാരവും വെള്ളവും കഴിച്ചും കുടിച്ചും വളർന്ന് മുട്ടിയുരുമി നിന്ന് മിണ്ടിയും പറഞ്ഞും, ആടിയും പാടിയും, സ്നേഹപ്രകടനം കാണിച്ച് ഞാനെന്നും കൂടെയുണ്ടെന്ന് കൃത്രിമ തോന്നൽ ഉണ്ടാക്കി സഹകരിച്ച് നിന്നവർ നല്ല സുഹൃത്താകും, ഉടപ്പിറപ്പ് ആകും എന്ന് അന്ധമായി വിശ്വസിച്ചതു തന്നേ അബദ്ധം ആയിപോയി. കിളിർത്തപ്പോൾ അവയ്ക്ക് മുള്ളുകൾ ഉണ്ടാകാം ഉണ്ടാകാതിരിക്കാം, എന്നാൽ കാലങ്ങൾ കഴിയുമ്പോൾ മുള്ളുകൾ നോവിക്കാനും മുറിക്കാനും പാകത്തിൽ ശക്തിപ്രാപിച്ച് കൂർത്ത മൂർച്ചയുള്ള ആയുധമായി മാറി അതിന്റെ തനിരൂപത്തിലേക്കും ഭാവത്തിലേക്കും മാറ്റപ്പെട്ട് അതൊരു ഞെരിഞ്ഞിലായി പറക്കാരയായി മാറുമെന്ന് പാവം വിത്ത് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഈ വില്ലനെ, അഥവാ പ്രതിയോഗിയായ മുള്ളിനെ തിരിച്ചറിയാൻ വൈകിയതാണ് അതിവേദനയുടെ പ്രധാന കാരണം.
മറ്റുള്ളവരുടെ വളർച്ചയിൽ അസൂയയുള്ള, വളർത്തരുതെന്ന് മനോഭാവമുള്ള അതിന്റെ ദ്രംഷ്ടങ്ങൾ പോലുള്ള കൂർത്ത മുള്ളുകൾ, എന്തിനും ഏതിനും എതിർക്കുന്ന അതിന്റെ പരുപരുക്കൻ സ്വഭാവം, നല്ലതിനും തീയതിനും മറ്റുള്ളവരെ വേദനിപ്പിക്കുന്ന പെരുമാറ്റരീതി, സ്നേഹത്തിന്റെ പേരിലുള്ള മന്ദ സ്പർശനത്തിൽ പോലും രക്തം പൊടിപ്പിച്ച് വേദന ഉളവാക്കി ആനന്ദം കൊള്ളുന്ന അവസ്ഥ, സാന്ത്വനമായി, ആശ്വാസമായി, സ്നേഹത്തിന്റെ തലോടലായി, സുഗന്ധവുമായി കടന്നുവരുന്ന ഇളംതെന്നലിന്റെ മൃദുസ്പർശനം പോലും ആഴമുള്ള മുറിവാക്കി മാറ്റുന്ന അതിന്റെ തനിസ്വഭാവം വളരാൻ കൊതിച്ച കുഞ്ഞു വിത്തിന്റെ ഇളം തണ്ടിനെ ഞെരുക്കി ഇല്ലാതാക്കി നശിപ്പിച്ചു കളഞ്ഞു എന്നു വായിക്കുന്നു. ഇവകൾക്ക് പൂക്കണം ഫലം കായ്ക്കണം എന്ന ഉദ്ദേശം ഇല്ലേ ഇല്ല, ഇവർ പൂക്കത്തുമില്ല മറ്റുള്ളവരെ പൂക്കാൻ അനുവദിക്കത്തുമില്ല. പൂക്കാൻ തുടങ്ങുന്നതിനു ദോഷം ചെയ്യുന്ന (വിചാരിക്കുന്ന) ഇങ്ങനെയുള്ള പ്രതിയോഗികളുടെ വളർച്ച അതിവേഗത്തിലാണ് കൂടാതെ അതിന്റെ അവസാനം എങ്ങനെയെന്ന് വചനം വായിച്ച് നോക്കുക.
ഈ ഉപമയുടെ സാരംശം തേടിയുള്ള യാത്രയിൽ സുപ്രധാനമായ ചില കാര്യങ്ങളും മർമ്മങ്ങളും കൂടി നാം തിരിച്ചറിയണം ‘വിത്തിന്റെ കുഴപ്പം അല്ല ഈ മൂന്നിടത്തും പരാജയ കാരണം’ മറിച്ച് അതിന്റെ “ചുറ്റുപാട്” (സാഹചര്യം) ആണ് വില്ലനായി മാറിയത്. കിളിർക്കണം എന്ന പരമമായ ഉദ്ദേശത്തോടെ ഒരുക്കി പാകമാക്കി വളരെ കാലങ്ങൾ അതിനുവേണ്ടി മാത്രം കേടുകൂടാതെ സൂക്ഷിച്ചുവെച്ച ഊനമില്ലാത്ത വിത്താണ് വിളനിലത്ത് വിതച്ചതെന്ന സത്യം ഒരിക്കലും മറക്കരുത്. മറ്റുള്ളവർക്ക് പ്രയോജനം ആകണം, ഇത്തിരിയെങ്കിലും വളരണം, ഒത്തിരി ഒന്നും ചെയ്തില്ലായെങ്കിലും എന്നാലാകുന്ന രീതിയിൽ പ്രാപ്ത്തിപോലെ മനസ്സോടെ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ശുഭാപ്ത്തി വിശ്വാസം ഉണ്ടായിരുന്ന വിത്ത്, ഒത്തിരി ചെയ്യുന്നതിലല്ല കാര്യം, ഒരു ഫലമെങ്കിൽ അതുമതി, അത് ആരുടേയും നിർബന്ധത്താൽ അല്ല സ്വമനസോടെ ഏറ്റവും നന്നായിരിക്കണമെന്ന് മനസ്സിൽ നല്ല സ്വപനം കണ്ട വിത്ത്, നാളെയുടെ പ്രതീക്ഷയായിരുന്ന വിത്ത്, ഭാവിയുടെ വാഗ്ദാനം ആയിരുന്ന വിത്ത്, നാളെ അതിൽ നിന്നും അനേക ജീവന്റെ തുടിപ്പുകൾ ജീവന്റെ കണികകൾ വെളിയിൽ വരേണ്ടുന്ന വിത്തുകൾ, മറ്റുള്ളവർക്ക് ആശ്വാസവും സാന്ത്വനവും സഹായവും ഉത്തേജനവും ആകുമല്ലോ, ആകാമല്ലോ എന്നാശിച്ച വിത്ത്. അത്യാഗ്രമെന്ന് പറയാനും പറ്റില്ല മുപ്പതും അറുപതും നൂറും മേനി വിളയണം എന്നു പോലും കൊതിച്ച വിത്തുകൾ കിളിർത്തിട്ട് വളരാൻ ആവതും ശ്രമിച്ചു പക്ഷെ നടന്നില്ല. അതിന്റെ സകല ശ്രമവും നിഷ്ഫലമായിപോയി എന്ന് വായിക്കുന്നു.
നമ്മുടെ ആത്മീക ജീവിതത്തിലും ഇങ്ങനെയുള്ള ധാരാളം പ്രതലങ്ങൾ, അനുഭവങ്ങൾ കാണുവാൻ കഴിയും. ഭൂമിൽ പെയ്യുന്ന (മത്തായി 5:45ലെ) മഴയും മഞ്ഞും പോലെ വചനമാകുന്ന വിത്തുകൾ സന്ദേശങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലേ ലഭിക്കുന്നത്. എന്നാൽ ചിലർ അതിനെ കേട്ടമാത്രയിൽ ആരാധനാലയത്തിൽ വെച്ചു തന്നേ പുശ്ചിച്ച് തള്ളിക്കളഞ്ഞ് പുറകാലുകൊണ്ട് ചവുട്ടിയരച്ച് അലക്ഷ്യമാക്കി അവഗണനയോടും തിരസ്ക്കാര മനോഭാവത്തോടും അശ്രദ്ധയോടും അനാദരവ് കാണിക്കുന്ന ദുഃഖകരമായ (Just neglect) അവസ്ഥ കാണുന്നില്ലേ. ഇതൊന്നും എന്നോടല്ല, എന്നേ ബാധിക്കുന്ന വിഷയവും അല്ലായെന്ന് സ്വയം നീതികരിച്ച് വിശുദ്ധരാകുന്ന മാനസാന്തരം ഒട്ടുമേ ഇല്ലാത്ത ചിന്താഗതിക്കാർ.
ഒരുകൂട്ടർ നീ എത്ര പ്രസംഗിച്ചാലും ഒരുപ്രയോജനവും ഇല്ല, എന്റെ ഉള്ളം പാറപോലെയാണ് കേട്ടയുടനെ അൽപ്പം പശ്ചാത്താപം ചിലപ്പോൾ വന്നേക്കാം പക്ഷെ ആരാധനക്ക് ശേഷം ഞാൻ വീണ്ടും തഥൈവ എന്ന അവസ്ഥയിൽ ആയി മാറുന്നു. സ്വയനീതികരണ അഥവാ സ്വയന്യായീകരണ തൊഴിലാളികൾ എന്നവിശേഷണ പദത്തിന് യോഗ്യരായ ഇവർ പറയുന്നതാണ് എപ്പോഴുമെപ്പോഴും ശരിയെന്നു ശാഠ്യം പിടിച്ച് ഹൃദയത്തിലെ നനവും മൃദുലതയും നഷ്ടപ്പെട്ട് ക്രമേണ പാറപോലെ ദൃഢമായി തീരുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല മക്കളേ! എന്ന അവസ്ഥ.
മൂന്നാമത്തെ കൂട്ടർ, ദൈവസന്നിധിയിൽ വളരുവാൻ ആഗ്രഹിക്കുന്നവർക്കും ദൈവവേലക്ക് സഹായവും സഹകരണവും സ്വമനസ്സോടെ ചെയ്യുവാൻ മനസ്സുള്ളവരുടെ മുന്നിൽ മുള്ളും ഞെരിഞ്ഞിലും, പറക്കാരയും മാർഗ്ഗതടസ്സവുമായി മാറുന്നു എന്ന് അതി വ്യസനത്തോടെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം. ദൈവസന്നിധിയിൽ വളരുവാനും കർത്താവിന്റെ വേലക്ക് ഉള്ളതിൽ നിന്ന് വിധവയുടെ ഒരു വെള്ളികാശുപോലെ കൊടുക്കുവാനും താല്പര്യവും തുറന്ന മനസ്സും ഉള്ളവരുടെ മുന്നിൽ പോലും കീറാമുട്ടിയായി, മാർഗ്ഗതടസ്സമായി നിന്ന് വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഞെരിച്ച് അവരെ നിരുത്സാഹപ്പെടുത്തി, അധൈര്യപ്പെടുത്തി സ്വയം പിൻവലിഞ്ഞ് മറ്റുള്ളവരെക്കൂടി പിന്തിരിപ്പിക്കുന്ന മുള്ളുപോലുള്ള ശക്തികളായി മാറുന്നു എന്ന് തോന്നിയാൽ ശുനകൻ പുല്ല് തിന്നത്തുമില്ല പശുവിനെ തിന്നാൽ അനുവദിക്കത്തുമില്ല എന്ന പഴഞ്ചൊല്ല് പോലെ തോന്നിപോകും. അവർ കൊടുക്കത്തുമില്ല കൊടുക്കാൻ താല്പര്യം ഉള്ളവരെകൊണ്ട് കൊടുപ്പിക്കത്തുമില്ല, കൂടാതെ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവരെ നിരുത്സാഹപ്പെടുത്തിയും തടസ്സപ്പെടുത്തിയും വിജയിച്ച് സന്തോഷിക്കുന്നവർ. പലപ്പോഴും പുഷ്‌പ്പിക്കാനും സുഗന്ധം പരത്താനും പലർക്കും കൈത്താങ്ങായി മാറണം എന്നാശിച്ചിട്ടും പലരുടേയും വാക്കുകളിൽ മുറിവേറ്റ് നീരും രസവും ഊർജ്ജവും ചോർന്നുപോയിട്ട് മുരടിച്ചു ക്ഷീണിച്ച് ഉണങ്ങി വാടി പോകുന്ന ഒരു കൂട്ടം.
എന്നാൽ കേട്ട വചനം നല്ല നിലത്തുവീണ വിത്തുപോലെ സ്വയം ഏറ്റെടുത്ത് ശിരസ്സാവഹിച്ച് സമർപ്പണബോധത്തോടെ നൂറുമേനി ഫലം കയ്ക്കുന്ന വേറെ ഒരു കൂട്ടം. അറിയാതെയും പറയാതെയും വിതച്ചവൻ വയൽ പ്രേദേശത്ത് ഉലാത്തുവാൻ വരുന്ന ഒരു ദിനം ഉണ്ടെന്ന സത്യം ആരും മറക്കരുത്. അപ്പോൾ നാം ഏതു ഗണത്തിൽ കാണും, നാം കേട്ട ആദ്യത്തേ ചോദ്യത്തിന്റെ ഉത്തരം സ്വയം കണ്ടുപിടിക്കുക.
രാജൻ പെണ്ണുക്കര

- Advertisement -



Comments are closed, but trackbacks and pingbacks are open.