“തുയത്തൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു” (പ്രവൃത്തികൾ 16:14). ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, “അവരുടെ ഹൃദയം കർത്താവ് തുറന്നു’ എന്ന വാചകം ശ്രദ്ദേയമായ ഒരു വസ്തുതയാണ്. പൗലോസിന്റെ സന്ദേശത്തോട് പ്രതികരിക്കാൻ കർത്താവ് അവളുടെ ഹൃദയം തുറന്നു. സുവിശേഷം കേൾക്കുന്നതിലല്ല, ആന്തരികമായി സ്വീകരിക്കുന്നതിലാണ് ജീവിതം മാറുന്നതെന്ന് ലുദിയയെ ഉദ്ധരിച്ച് ഇത് സൂചിപ്പിക്കുന്നു. അവളുടെ അനുഭവം ഒരു ആത്മീയ സത്യം വെളിപ്പെടുത്തുന്നു; ദൈവം എല്ലാവരോടും സംസാരിക്കുന്നു, എന്നാൽ ഹൃദയം തുറക്കുമ്പോൾ മാത്രമാണ് പരിവർത്തനം ആരംഭിക്കുന്നത്. വിശ്വാസത്തിന്റെ ആരംഭത്തെക്കുറിച്ചു മാത്രമല്ല; വിശ്വാസത്തിൽ തുടർച്ചയായ ജീവിതത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. രക്ഷയുടെ പ്രാരംഭമായി മനസ്സൊരുക്കവും ഹൃദയത്തിന്റെ തുറവിയും പലരും അനുഭവിക്കുന്നു. എന്നാൽ, ക്രിസ്തീയ നടത്ത, ഒരുവന്റെ ദൈവശബ്ദത്തോടുള്ള നിരന്തരമായ തുറന്ന സമീപനത്തെയും, അവന്റെ തിരുത്തലിനെയും, ഉള്ളിലെ ആഴമേറിയ പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു.
“ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും” (വെളിപാട് 3:20). ഇവിടെ, ഒരുവനെ വാതിൽ തുറക്കാൻ നിർബന്ധിക്കുന്ന കർത്താവായിട്ടല്ല, മറിച്ച് ക്ഷമയോടെ ക്ഷണിക്കുന്ന ഒരാളായി കർത്താവിനെ ചിത്രീകരിച്ചിരിക്കുന്നു. “വാതിൽ’ ഹൃദയമാണ്; നമ്മുടെ ഇഷ്ടം, സ്നേഹം, ആന്തരികജീവിതം എന്നിവയുടെ സ്പന്ദന കേന്ദ്രമാണ്. വചനം, ആത്മാവ്, ജീവിതം എന്നിവയിലൂടെ ബോധ്യവും സത്യവിവേചനവും ദൈവിക പ്രചോദനവും ലഭിച്ചാൽ വാതിൽ തുറന്ന് അവന്റെ അടുക്കൽ എത്താം. കർത്താവിന്റെ “വാതിൽ മുട്ടൽ’ പല രൂപങ്ങളിൽ വരുന്നു; വചനത്തിലൂടെ, ഒരു വാക്യത്തിലൂടെ, സത്യാത്മാവിലൂടെ വിമർശ്ശിക്കുകയോ പ്രകാശിപ്പിക്കുകയോ ചെയ്യുമ്പോൾ, ആന്തരിക പ്രേരണയിലൂടെ, നിയന്ത്രണ സാഹചര്യങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ, അനുഗ്രഹങ്ങളിലൂടെ, ദൈവിക പദ്ധതിയാലൂള്ള കാലതാമസ്സങ്ങളിലൂടെ, ദൈവിക തിരുത്തലിലൂടെ, സ്നേഹപൂർവകമായ ശിക്ഷണത്തിലൂടെ. “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” (എബ്രായർ 12:6).
ബൈബിളിൽ, “ഹൃദയം’ കേവലം വികാരകേന്ദ്രമോ രക്തചംക്രമണ ഉപാദിയോ മാത്രമല്ല; അത് ഇച്ഛാശക്തിയുടെയും ആഗ്രഹത്തിന്റെയും ആത്മീയ ധാരണയുടെയും കേന്ദ്രമാണ്. “സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു”(സദൃശവാക്യങ്ങൾ 4:23). ഇതിനർത്ഥം വിശ്വാസിയുടെ ജീവിതത്തിലെ എല്ലാം; അനുസരണം, വിവേകം, അനുഗ്രഹപ്രാപ്തി എന്നിവ ഹൃദയത്തിന്റെ അവസ്ഥയിൽ നിന്ന് ഉരുവാകുന്നു എന്നാണ്. രക്ഷയ്ക്ക് ശേഷവും ഹൃദയം മങ്ങുകയോ വ്യതിചലിക്കുകയോ അടയുകയോ ചെയ്യാം. അതുകൊണ്ടാണ് ജാഗ്രതയോടെ ആയിരിക്കാൻ വിശ്വാസികളെ ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നത്. അടഞ്ഞതോ പ്രതിരോധിക്കുന്നതോ ആയ ഹൃദയം ദൈവം നമ്മുടെ ഉള്ളിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ പരിമിതപ്പെടുത്തുന്നു.
ആത്മീയ ജീവിതത്തിലെ യാഥാർത്ഥ്യങ്ങളിലൊന്ന് ഹൃദയം തുറന്നിരുന്നാലും വ്യതിചലിക്കാൻ കഴിയും എന്നതാണ്. ഉദാഹരണത്തിന് അനുഗ്രഹത്തിനായി തുറന്നിരിക്കുന്നു; എന്നാൽ, തിരുത്തലിനെ പ്രതിരോധിക്കുന്നു. ആശ്വാസത്തിനായി തുറന്നിരിക്കുന്നു; പക്ഷേ, ത്യാഗസന്നദ്ധം അല്ല. സത്യത്തിലേക്ക് തുറന്നിരിക്കുന്നു; പക്ഷേ, പരിവർത്തനസജ്ജമല്ല. അതുകൊണ്ടാണ് ആഴത്തിലുള്ള ആത്മീയ വളർച്ചയും യഹോവ സമീപ്യവും പലപ്പോഴും ഹൃദയ തകർച്ചയിലൂടെ, നുറുക്കത്തിലൂടെയാണ് ഉണ്ടാകുന്നത്. അത് നാശത്തിനല്ല, മറിച്ച് ഹൃദയം മൃദുലമാക്കുന്നു. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല” (സങ്കീർത്തനം 34:18-20). കർത്താവ് ഹൃദയം തകർന്നവർക്ക് അടുത്തിരിക്കുന്നു. തകർന്ന ഹൃദയം വിട്ടുവീഴ്ചയുള്ളതാണ്, ദൈവത്തിന്റെ കൈ അത് ഇനി എതിർക്കുന്നില്ല. തുറന്ന മനസ്സ് ആത്മീയ ഫലപ്രാപ്തിയെ നിർണ്ണയിക്കുന്നു.
ബൈബിളിലുടനീളം നാം രണ്ട് വ്യത്യസ്തമായ ഹൃദയാവസ്ഥകൾ കാണുന്നു; തുറന്ന ഹൃദയങ്ങളും കഠിനമായ ഹൃദയങ്ങളും. തുറന്ന ഹൃദയം മൃദുവും പ്രതികരിക്കുന്നതും സ്വീകരിക്കുന്നതുമായിരിക്കും. 51-ാം സങ്കീർത്തനത്തിൽ ദാവീദ് രാജാവ് ഇങ്ങനെ പ്രാർത്ഥിക്കുന്നു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ”. പരാജയത്തിനു ശേഷവും തന്നെത്തന്നെ താഴ്ത്താനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത അദ്ദേഹത്തെ പുനഃസ്ഥാപിക്കാൻ ദൈവത്തെ അനുവദിച്ചു. അതുപോലെ, എമ്മാവുസിലേക്കുള്ള വഴിയിൽ ശിഷ്യന്മാർ പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു” (ലൂക്കോസ് 24:32). ജ്വലിക്കുന്ന ഹൃദയം ഏതു പ്രതിസന്ധിയിലും തളരാതെ ചേർന്ന് നടക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
ഇവയ്ക്കു വിപരീതമായി, അടഞ്ഞ ഹൃദയം ദൈവത്തിന്റെ ശബ്ദത്തെ എതിർക്കുന്നു. പുറപ്പാടിലെ ഫറവോൻ ദൈവത്തിന്റെ ശക്തിക്കു സാക്ഷ്യം വഹിച്ചിട്ടും ആവർത്തിച്ച് തന്റെ ഹൃദയത്തെ കഠിനമാക്കി. “എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല” (പുറപ്പാട് 8:32). അതുപോലെ, യേശു യെരുശലേമിനെക്കുറിച്ച് കരഞ്ഞു, അവർ “നിന്റെ സന്ദർശന സമയം’ അറിഞ്ഞില്ലെന്ന് പറഞ്ഞു. “അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും” (ലൂക്കാ 19:41-44). വെളിപ്പെടുത്തലിന്റെ അഭാവമായിരുന്നില്ല ആ ദുരന്തം, മറിച്ച് അവരുടെ സ്വീകാര്യതയുടെ അഭാവമായിരുന്നു അത്.
കർത്താവിനായി ഹൃദയം തുറക്കുന്നതിന്റെ പ്രാധാന്യം വിസ്മരിക്കാനാവില്ല. ഒന്നാമതായി, അത് രക്ഷയുടെ കവാടമാണ്. “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല’ എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ” (റോമർ 10:9-11). വിശ്വാസം കേവലം ബൗദ്ധിക കരാർ മാത്രമല്ല, ഹൃദയംഗമമായ വിശ്വസ്തതയും ഏറ്റെടുപ്പുമാണ്.
ആഴ്ചതോറും വചനം കേൾക്കും; പക്ഷേ തുറന്ന ഹൃദയം മാത്രമേ അതിനെ വേരൂന്നാൻ അനുവദിക്കൂ. എല്ലാ ദിവസവും പ്രാർത്ഥന നടത്തും; പക്ഷേ തുറന്ന ഹൃദയത്തിൽ മാത്രമേ യഥാർത്ഥ കൂട്ടായ്മ അനുഭവപ്പെടുകയുള്ളൂ. സ്വീകരിക്കുന്നതും ആശ്രയിക്കുന്നതും പ്രതികരിക്കുന്നതുമായ ഒരു ഹൃദയം. ശുശ്രൂഷ ബാഹ്യമായി ചെയ്യാൻ കഴിയും, എന്നാൽ തുറന്ന ഹൃദയം മാത്രമേ നിത്യഫലം നൽകൂ. അനുസരിക്കുന്നത് തുറന്ന സമീപനമാണ്.
രണ്ടാമതായി, തുറന്ന ഹൃദയം പരിവർത്തനത്തിലേക്കുള്ള പാതയാണ്. “നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു” (മത്തായി 13:23). ഹൃദയം തുറക്കുമ്പോൾ, ദൈവവചനം നല്ല മണ്ണിലെ വിത്ത് പോലെ വേരൂന്നുന്നു; ആത്മീയ ഫലം ഉൽപാദിപ്പിക്കുന്നു. അവ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ എന്നിവയത്രേ. “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” (ഗലാത്യർ 5:22-23). എന്നാൽ, വിത്തുകൾക്ക് വേരൂന്നാൻ കഴിയാത്ത കഠിനമായ നിലം പോലെയാണ് അടഞ്ഞ ഹൃദയവും.
മൂന്നാമതായി, തുറന്ന ഹൃദയം ദൈവവുമായുള്ള അടുപ്പം വളർത്തിയെടുക്കുന്നു; കൂട്ടായ്മ അനുവദിക്കുന്നു. കേൾക്കുക, പ്രതികരിക്കുക, നിലനിൽക്കുക. “ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല” (യോഹന്നാൻ 15:5). ഈ പരസ്പരബന്ധം ആരംഭിക്കുന്നത് തുറന്ന ഹൃദയത്തോടെയാണ്; മനസ്സോടെയാണ്.
അത്തരമൊരു ഹൃദയത്തിന്റെ ഫലപ്രാപ്തി ലുദിയയുടെ ജീവിതത്തിൽ പ്രകടമായി; മാത്യകയായി. ഹൃദയം തുറന്നപ്പോൾ അവൾ വിശ്വസിക്കുക മാത്രമല്ല ആതിഥേയത്വം നൽകുകയും ആദ്യകാല സഭയെ പിന്തുണയ്ക്കുകയും ചെയ്തു. “അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു” (പ്രവൃത്തികൾ 16:15). തുറന്ന ഹൃദയം മറ്റുള്ളവർക്കും അനുഗ്രഹത്തിന്റെ മാർഗ്ഗമായി മാറുന്നു.
ഹൃദയം തുറക്കുന്നത് ഒരു ദിവ്യപ്രവൃത്തിയും മാനുഷിക പ്രതികരണവുമാണ്. ദൈവം തുടക്കമിടുന്നു. അവൻ മുട്ടുന്നു; അവൻ വിളിക്കുന്നു; അവൻ സംസാരിക്കുന്നു; എന്നാൽ നമ്മൾ പ്രതികരിക്കണം. അതിന് വിശ്വാസം, വിനയം, അനുതാപം, നിയന്ത്രണം വിട്ടുകൊടുക്കാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണ്. ശബ്ദവും ശ്രദ്ധ തിരിപ്പിക്കലും നിറഞ്ഞ ഒരു ലോകത്തിൽ, ദൈവിക വിളി ഇന്നും നിലനിൽക്കുന്നു. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” (എബ്രായർ 3:15). കർത്താവ് ഇപ്പോഴും വാതിലിൽ മുട്ടുന്നു. അവിടുന്ന് വിളിക്കുന്നുണ്ടോ എന്നതല്ല; മറിച്ച് നാം വാതിൽ തുറക്കാൻ തയ്യാറാണോ എന്നതാണ്. കാര്യം. ഹൃദയം തുറക്കുമ്പോൾ, കർത്താവ് (കൃപ, വചനം) പ്രവേശിക്കുന്നു, സത്യം രൂപാന്തരപ്പെടുന്നു, ജീവിത പരിവർത്തനം ആരംഭിക്കുന്നു.
ഒരു വിശ്വാസിയിൽ തുറന്ന ഹൃദയത്തിന്റെ അടയാളങ്ങളായി; പാപത്തോടുള്ള സംവേദനക്ഷമത, ന്യായീകരണത്തിനു പകരം പെട്ടെന്നുള്ള അനുതാപം, വചനത്തിനോടുള്ള വിശപ്പും സ്വീകരിക്കാനുള്ള വാഞ്ഛയും, ആത്മാവിനോടുള്ള പ്രതികരണം, ചെറിയ കാര്യങ്ങളിൽപ്പോലും പെട്ടെന്നുള്ള അനുസരണം, താഴ്മ; തിരുത്തപ്പെടാനും പഠിക്കാനും ഉള്ള സന്നദ്ധത, സ്നേഹം, ഫലപൂണ്ണത എന്നിവ. ഇതിനു വിപരീതമായി, അടഞ്ഞുകിടക്കുന്ന ഹൃദയം ബാഹ്യമായി വിശ്വാപരമായ പ്രവർത്തനങ്ങൾ നിലനിർത്തുമ്പോഴും; നിസ്സംഗതയോ പ്രതിരോധമോ ആത്മീയമായി വരണ്ടതോ ആയിത്തീരുന്നു. ഹൃദയം തുറന്നിരിക്കുമ്പോൾ, ദൈവം വെളിപ്പെടുത്തുന്നതും, രൂപപ്പെടുത്തുന്നതും, ഉള്ളിൽ വസിക്കുന്നതും തുടരുന്നു. കാരണം, കർത്താവ് ഒരു വിശ്വാസിയുടെ ഹൃദയം തുറക്കുമ്പോൾ തുടക്കത്തിൽ മാത്രമല്ല, നിരന്തരം അവനിൽ പൂർണ്ണമായും സജീവമാകുകയും ചെയ്യുന്ന ഒരു ജീവിത പ്രവർത്തനമാണ്.


- Advertisement -


Comments are closed.