ലേഖനം: വിലപിക്കുന്ന അരീയേൽ | പാസ്റ്റർ സണ്ണി പി സാമുവൽ

എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരിയേലായി തന്നെ ഇരിക്കും (യെശയ്യാ: 29:2). ‘അരിയേൽ’ എന്ന വാക്കു ഇംഗ്ലീഷിൽ എഴുതി ഉച്ചെരിക്കുമ്പോൾ ‘ഏരിയൽ’ എന്നു വികലമായി ഉച്ചെരിക്കാറുണ്ട് Ariel Sharon ഏരിയൽ ഷാരോൺ അല്ല. അരീ (Ariy/Aryeh=H738) ഏൽ എന്നീ വാക്കുകൾ കൂടിചേർന്നാണ് അരീയേൽ എന്ന വാക്കു ഉണ്ടായതു. അരീ എന്ന എബ്രായവാക്കിനു സിംഹം എന്നർത്ഥം. അരീയേൽ എന്നാൽ ദൈവത്തിന്റെ സിംഹം എന്നർത്ഥം. യെഹെ:43:15-ൽ യാഗപീഠത്തിനു Ha-Har-el (H2025) എന്ന വാക്കാണു ഉപയോഗിച്ചിരിക്കുന്നത്. Ha എന്ന വാക്കിന് The എന്നും Har എന്ന വാക്കിന് Mountain എന്നും El എന്നതിന് ദൈവം എന്നും അർഥം.

ഇതിനു The Mountain of GOD എന്നർത്ഥം നമുക്ക് കിട്ടുന്നു. Har എന്നതിന്റെ മൂലവാക്കായി ഹീബ്രൂ ലെക്സികോണിൽ Arieyl (H741) ആണ് കൊടുത്തിരിക്കുന്നത്. യെഹെ: 43:16-ൽ നാം വീണ്ടും യാഗപീഠം കാണുന്നു. അവിടെയും Arieyl കാണുന്നു. ഈ വാക്കിനു യാഗപീഠഅടുപ്പു (Altar Hearth) എന്നാണു അർത്ഥം കൊടുത്തിരിരിക്കുന്നതു. ചുരുക്കത്തിൽ H738 മുതൽ H741 വരെ അരീ, അരീയേൽ എന്നീ വാക്കുകളുടെ വിവിധരൂപങ്ങളാണു നിഘണ്ടുവിൽ കാണുന്നത്. ഉച്ചാരണത്തിൽ അല്പം വ്യത്യാസം ഉണ്ടെന്നു മാത്രം.

ഈ വാക്കുകളുടെ വിവിധ പ്രയോഗങ്ങൾ അനുസരിച്ചു അരിയേൽ എന്ന വാക്കിനു ദൈവത്തിന്റെ നഗരം, ദൈവത്തിന്റെ പർവ്വതം, ദൈവത്തിന്റെ ജ്വലിക്കുന്ന യാഗപീഠം എന്നീ അർത്ഥങ്ങൾ ലഭിക്കുന്നു. ഇതു കൂടാതെ ദൈവത്തിന്റെ ക്രോധം, ന്യായവിധി, ദഹനം എന്നീ ആന്തരിക അർത്ഥങ്ങളും ഈ വാക്കിനുണ്ട്. യാഗപീഠം ദഹനത്തിന്റെ സ്ഥലം മാത്രമല്ലല്ലോ -പാപത്തിന്റെ മേലുള്ള ദൈവത്തിന്റെ ക്രോധത്തിന്റെയും ന്യായവിധിയുടെയും അടയാളം കൂടെയാണെല്ലോ. അരീയേൽ എന്നതു വാച്യാർത്ഥത്തിൽ യെരൂശലേമിനെ പ്രതിനിധീകരിക്കുന്നു. യെരൂശലേമിനെ, “യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം” (ആവ:12:11,21;14:23,24; 16:2,6,11 etc.,) എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഇർ (നഗരം) ശാലോം (സമാധാനം) എന്നീ വാക്കുകൾ ചേർന്നാണു യെരുശലേം ഉരുത്തിരിഞ്ഞു വന്നത്. അതിൽ ദൈവത്തിന്റെ നാമം ഇല്ല. എന്നാൽ ‘അരിയേൽ’ എന്നതിൽ ‘ഏൽ’ ഉണ്ട്. ഈ അരിയേലിനെ ദൈവം ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും. അതു എനിക്കു അരീയേലായി (ന്യായവിധിയായി, ദഹനമായി) തന്നെ ഇരിക്കും എന്നാണു പ്രവചനം.

2026 മാർച്ച് 14നു ഇറാൻ ബെൻ ഗൂറിയോൻ എയർപോർട്ടിലേക്കു 12 മിസൈൽസ് തൊടുത്തു വിടുകയുണ്ടായി. അതിൽ ഒന്നിനെപ്പോലും ഇന്റെർസെപ്റ്റു ചെയ്യുവാൻ യിസ്രായേൽ ഡിഫെൻസ് സിസ്റ്റത്തിനു കഴിഞ്ഞില്ല. അതിൽ നാലെണ്ണം റൺവേയിൽ തുളച്ചുകയറി 15 മീറ്റർ വ്യാസവും 5 മീറ്റർ ആഴവുമുള്ള ഗർത്തങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. റൺവേ ശരിയാക്കിയെടുക്കുവാൻ ആറു മാസം വേണ്ടിവരുമെന്നു കണക്കാക്കുന്നു. 2 മിസൈൽസ് ടെർമിനൽ-3 തകർത്തിരിക്കുന്നു. മൂന്നു മിസൈൽസ് എയർപോർട്ടിലെ പാർക്കിങ് ഏരിയായിൽ ഉണ്ടായിരുന്ന 23 യിസ്രായേൽ യാത്രാവിമാനങ്ങൾക്കും 31 വിദേശ യാത്രാവിമാനങ്ങൾക്കും 19 യിസ്രായേൽ മിലിറ്ററി വിമാനങ്ങൾ അടക്കം 73 വിമാനങ്ങൾ തകർത്തു. മറ്റൊരു മിസൈൽ എയർട്രാഫിക് കൺട്രോൾ ടവർ തകർത്തപ്പോൾ 2 മിസൈൽസ് എയർപോർട്ടിലെ ഇന്ധനടാങ്കിൽ ചെന്നിടിച്ചു പൊട്ടിത്തെറിച്ചു. ഈ സംഭവങ്ങളിലായി 89 പേർ മരിച്ചതായും 234 പേർക്കു പരിക്കേറ്റതായും പറയപ്പെടുന്നു. പൂർണ്ണതോതിൽ ഈ എയർപോർട്ട് പ്രവർത്തനസജ്ജം ആകണമെങ്കിൽ ഏറ്റവും കുറഞ്ഞതു ഒരു വർഷമെങ്കിലും വേണ്ടിവരും. യിസ്രായേലിലെ ഒരേ ഒരു അന്തർദേശീയ വിമാനത്താവളമാണു ബെൻ ഗൂറിയോൻ. ഒരു വർഷം 20 മില്യൺ യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്.
ഹൈഫയിലും ഏലാത്തിലും എയർപോർട്സ് ഉണ്ടെങ്കിലും അവ താരതമ്യേന ചെറുതാണ്. വലിയ വിമാനങ്ങളെ വഹിക്കാൻ അവയ്ക്കു ശേഷിയില്ല. കണക്കാക്കപ്പെടുന്ന നഷ്ടം 1500 കോടി അമേരിക്കൻ ഡോളറാണ്. ഇൻഷുറൻസ് കമ്പനീസ് ബെൻ ഗൂറിയോൺ എയർപോർട്ടിനെതിരെ മുഖം തിരിച്ചിരിക്കുകയാണ്. ഇറാന്റെ അധുനാധുനിക ഡാൻസിങ് ക്ലസ്റ്റർ മിസൈൽ ടെക്നോളജിയെ പ്രതിരോധിക്കുവാൻ എയർപോർട്ടിൽ ഉണ്ടായിരുന്ന അയൺഡോം സിസ്റ്റം പരാജയപ്പെട്ടു. ഒരു എയർപോർട്ടിൽ ഒരേ സമയം 73 വിമാനങ്ങൾ തകർന്നതു ലോക ഗതാഗത ചരിത്രത്തിൽ തന്നെ ഇദംപ്രഥമമാണ്. വ്യോമയുദ്ധരംഗത്ത് അമേരിക്കയുടെ നട്ടെല്ലായിരുന്ന KC 135 ടാങ്കർ വിമാനങ്ങൾ 7 എണ്ണം തകർന്നു. ഒരെണ്ണത്തിന്റെ വില 79 മില്യൺ യു എസ് ഡോളറാണ്. പുതിയ KC-46A Pegasus ഒരെണ്ണത്തിനു 270 മില്യൺ ഡോളറാണു വില.

18/3/26-ൽ യിസ്രായേലിലെ ഒരു പത്രപ്രവർത്തകനായ Alone Mizrah പുറത്തുവിട്ട രേഖ അനുസരിച്ചു യിസ്രായേലിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ടെൽ അവീവും തകർക്കപ്പെട്ടു. ഇതു ആഭ്യന്തരഗതാഗതത്തെ തകർക്കുകയും സൈനികനീക്കത്തെ ബാധിക്കുകയും ചെയ്തു. ഇതു സംഭവിക്കുമെന്നു ഒന്നര വർഷം മുമ്പു എഴുതിയിരുന്നു. ഇറാൻ സാധാരണക്കാരെയും ലക്ഷ്യമിടുന്നു ഏന്നു കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വടക്കൻ യിസ്രായേലിലെ ബെദൂവിയൻ ഗ്രാമമായ Zarzir ൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വീണു 80പേർക്കു, അധികവും കുട്ടികൾ, പരിക്കേല്ക്കുകയും 300 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്തു.

“അയ്യോ അരീയേലെ അരീയേലെ ദാവീദ് പാളയമിറങ്ങുന്ന നഗരമേ,” എന്നു പറഞ്ഞുകൊണ്ടാണ് 29-ആം അദ്ധ്യായം ആരംഭിക്കുന്നത്. ഒരു കാലത്തു കേമന്മാർ സൈനികനീക്കം നടത്തിയിരുന്ന നഗരമാണെന്നു വൃഥാ പ്രശംസിച്ചിട്ടു കഥയില്ല, യഹോവയുടെ ഉത്സവങ്ങൾ മുറയ്ക്ക് ആചരിച്ചിട്ടും കാര്യമില്ല, വിടുതൽ പ്രാപിക്കേണ്ടതിനു നീ താഴുക നിലത്തുനിന്നു സംസാരിക്കുക, നിന്റെ വാക്കു പൊടിയിൽനിന്നു പതുക്കെ വരട്ടെ, അപ്പോൾ യഹോവ നിന്റെ ശത്രുക്കളെ സന്ദർശിക്കും (വാക്യം 4-6) എന്നാണു പ്രവചനം. ഇതു യിസ്രായേലിനുള്ള മുന്നറിയിപ്പാണു അതേ മശിഹയിങ്കലേക്കു മടങ്ങിവരാനുള്ള മുന്നറിയിപ്പു തന്നേ. പക്ഷേ അവൻ ഇപ്പോൾ മടങ്ങിവരികയില്ലല്ലോ.

 

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.