ലേഖനം: പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുമ്പോൾ | ബിജോ മാത്യു പാണത്തൂർ

കണ്ണുകൾ മങ്ങിയ വൃദ്ധനായ ഇസഹാക്ക് ഒരിക്കൽ യാക്കോബിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “നീ ആരാണ്?” ജേഷ്ഠന്റെ അനുഗ്രഹം തട്ടിയെടുക്കുക എന്ന അടങ്ങാത്ത ആഗ്രഹത്തിൽ, എന്തും ചെയ്യാൻ തയ്യാറായിരുന്ന യാക്കോബ് പറഞ്ഞു: “ഞാൻ നിൻ്റെ മൂത്തമകൻ ഏശാവാണ്”.

രോമാവൃതമായ ശരീരമായിരുന്നു ഏശാവിൻ്റെത്. എന്നാൽ ശരീരത്തിൽ അല്പം പോലും രോമം ഇല്ലാത്തവൻ ആയിരുന്നു യാക്കോബ്. അമ്മയുടെ ഉപദേശപ്രകാരം ശരീരം മുഴുവൻ രോമമുള്ള ആട്ടുതോൽ ചുറ്റി ഉപായരൂപേണ, അനുഗ്രഹം ചാക്കിലാക്കാൻ യാക്കോബ് ഇസഹാക്കിന്റെ മുൻപിൽ നിലയുറപ്പിച്ചു!! യഥാർത്ഥത്തിൽ അത് ആരാണെന്ന് ഇസഹാക്കിന് മനസ്സിലായില്ല. ഇസഹാക്ക് അനുഗ്രഹം നൽകി അവനെ പറഞ്ഞയച്ചു.

വർഷങ്ങൾ പലതു കഴിഞ്ഞു പോയി. യാക്കോബ് തന്റെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിൽ ഒരിക്കലും താൻ പ്രതീക്ഷിക്കാത്ത ഒരാളെ നേരിട്ട് കണ്ടുമുട്ടുന്നു. സാക്ഷാൽ ദൈവത്തെ..!അവൻ യാബ്ബോക്കിൻ്റെ അരികിലേക്ക് എത്തുമ്പോൾ, കാലങ്ങൾ മായിച്ചിട്ടും മായാതെ പോയതും, വർഷങ്ങൾക്കു പിറകിൽ ഇസഹാക്ക് ചോദിച്ചതുമായ അതേ ചോദ്യം ആ രാത്രിയിൽ ദൈവം യാക്കോബിനോട് ചോദിക്കുന്നു. “നീ ആരാണ്?” യാബ്ബോക്ക് നദി ഒഴുകിയിറങ്ങുന്ന വെള്ളപ്പാച്ചിലിൻ്റെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ ആ ശബ്ദം ഉയർന്നു കേട്ടു.

post watermark60x60

യാക്കോബിനെക്കാളും നന്നായി ദൈവത്തിന് യാക്കോബിനെ അറിയാം. പക്ഷേ യാക്കോബിന്റെ നാവിൽ നിന്ന് അവൻറെ യഥാർത്ഥ പേര് ദൈവത്തിന് കേൾക്കണം. തീപാറുന്ന കണ്ണുകൾ ഉപായ ബുദ്ധി തെളിഞ്ഞു നിൽക്കുന്ന യാക്കോബിൻ്റെ കണ്ണിലേക്ക് ആഴ്ത്തി വീണ്ടും ദൈവം ചോദിച്ചു “നീ ആരാണ്”?

ദൈവത്തിൻറെ ചോദ്യത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ ആവാതെ യാക്കോബ് സത്യം പറയുന്നു. “ഞാൻ യാക്കോബ് ആണ്”. തന്റെ പിതാവിനോട് താൻ ഏശാവാണെന്ന് കള്ളം പറഞ്ഞെങ്കിലും, അത്യുന്നതന്റെ മുൻപിൽ യാക്കോബിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു അവിടെ.

മനുഷ്യരെ നമുക്ക് കബളിപ്പിക്കാം. മനുഷ്യരെ നുണ പറഞ്ഞും,അഭ്യാസങ്ങൾ നടത്തിയും നമുക്ക് പറ്റിക്കാം. എന്നാൽ സകലവും ശോധന ചെയ്യുന്ന, അഗ്നി ജ്വാലയ്ക്ക് ഒത്തുള്ള അത്യുന്നതന്റെ കണ്ണുകൾക്ക് മുമ്പിൽ നമ്മുടെ മൂട് പടങ്ങൾ അഴിയും, പൊയ്മുഖങ്ങൾ വീഴും. അവിടെ നമുക്ക് പിടിച്ചുനിൽക്കാൻ ആവില്ല. ദൈവത്തെ നമുക്ക് പറ്റിക്കാൻ കഴിയില്ല.

ആരെയും മയക്കുന്ന ബാബിലോണ്യ മേലങ്കിയും, കണ്ണഞ്ചിപ്പിക്കുന്ന സ്വർണക്കട്ടിയും സ്വന്തം കൂടാരത്തിനകത്ത് കുഴിച്ചിടുന്നത് ഇസ്രയേൽ പാളയത്തിലെ ലക്ഷങ്ങൾ വരുന്ന മനുഷ്യരിൽ ആരും കണ്ടില്ല. എന്നാ ൽ ആ രഹസ്യം പിറ്റേ ദിവസം മറ നീക്കി ദൈവം പുറത്തുകൊണ്ടുവന്നു. ആഖാൻ്റ മുഖംമൂടി നീക്കി തൊണ്ടിമുതലോടുകൂടി ദൈവം അവനെ ഇസ്രായേൽജനത്തിന്റെ സമക്ഷത്തുനിർത്തുന്നു.

മനുഷ്യർ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും യാഥാർത്ഥ്യം കാണുന്ന ഒരു ദൈവം ഉണ്ട് സങ്കീ- 139:1 ൽ “നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു” എന്ന് കാണുന്നു.

അല്പം ഭയപ്പെടുത്തുന്ന ഒരു വചനമുണ്ട് ബൈബിളിൽ. അതിങ്ങനെയാണ്- “ഞാൻ നിന്നോട് കണക്ക് തീർക്കുന്ന നാളിൽ നിൻ്റെ കരം ബലപ്പെട്ടിരിക്കുമോ?” ഭൂമിയിൽ ജീവശ്വാസമുള്ള എല്ലാരോടുമുള്ള ഒരു ചോദ്യമാണിത്.

ആ വചനത്തിന്റെ മുന ഒരു വാൾ നെഞ്ചിൽ കുത്തിയിറക്കുന്നത് പോലെ നമ്മിലേക്ക് തുളഞ്ഞു കയറട്ടെ. നമ്മുടെ സിരകളിൽ ദൈവഭയം നിറയട്ടെ.ഉപായത്തിൻ്റെ മൂടുപടങ്ങൾ അഴിഞ്ഞുമാറി വിശുദ്ധിയുടെ വസ്ത്രങ്ങൾ നമ്മെ പൊതിയട്ടെ. അത്യുന്നതൻ സന്തോഷിക്കുന്ന ജീവിതത്തിനുടമകളായി ശാശ്വത തുറമുഖത്തേക്ക് നമുക്ക് പ്രയാണം തുടരാം.

ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like