വീടാണ് വിദ്യാലയം – നാട്ടിൻപുറത്തെ പ്രധാനധ്യാപികയായി ജിൻസി | എഡിസൺ ബി. ഇടയ്ക്കാട്

വിദ്യാർത്ഥികളുടെ പഠന മികവിൽ ക്രെഡിറ്റ് സ്വന്തമാക്കുന്ന ട്യൂഷൻ സെന്ററുകൾക്കിടയിൽ വേറിട്ട് നിൽക്കുകയാണ് നാട്ടിൻപുറത്തുകാരി ജിൻസി. ഒരു നാട്ടിലെ രണ്ടു തലമുറയിൽപ്പെട്ട കുട്ടികൾക്ക് വിജയവഴി തെളിയിച്ച ഈ അധ്യാപിക വീടിന്റെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾക്ക് പഠനസഹായം നൽകുന്നു. വിവാഹ ശേഷവും അധ്യാപനം തുടരുന്ന ജിൻസി വിദ്യാർത്ഥികളുടെ ഹീറോ ആണ്.

കൊല്ലം ജില്ലയിലെ ഗ്രാമപ്രദേശമായ ഇടയ്ക്കാടാണ് ജിൻസിയുടെ സ്വദേശം. ഡിഗ്രി പഠനാനന്തരമാണ് ട്യൂഷൻ വിദ്യാഭ്യാസത്തിലേക്ക് കടന്നത്. നാട്ടിലെ പ്രമുഖ വി ബി എസിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചതാണ് തന്നിലെ അധ്യാപക മികവ് തിരിച്ചറിയാൻ സഹായിച്ചത്. ബി കോം വിദ്യാഭ്യാസത്തിന് ശേഷം കടമ്പനാടുള്ള സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ കോഴ്സിന് ചേർന്നു. പഠനശേഷം അധ്യാപികയായി പരിവർത്തനം ചെയ്യാനുള്ള അവസരം ആ സ്ഥാപനം നൽകി. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം പകർന്നു നൽകിയ ജിൻസി തന്റെ മേഖല അധ്യാപനമാണെന്ന് ഉറപ്പിച്ചു.

2001 ലാണ് ട്യൂഷൻ ക്ലാസുകൾക്ക് തുടക്കമിട്ടത്. ജെഫിൻ, ജെയ്സ് എന്നിവരാണ് ആദ്യ വിദ്യാർത്ഥികൾ. ഇതിൽ ജെഫിന്റെ മരണം അധ്യാപന ജീവിതത്തിലെ ദുഃഖം കൂടിയാണ്. പ്രമുഖ ട്യൂട്ടോറിയൽ കോളേജുകൾ അടുത്ത പ്രദേശങ്ങളിലുണ്ടായിട്ടും രക്ഷിതാക്കൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായി ജിൻസിയുടെ വീട് മാറി. കണക്ക് ഇംഗ്ലീഷ് സബ്ജക്ടുകളാണ് ഏറെ പ്രിയപ്പെട്ടത്. വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങളിലുള്ള ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ മികച്ച അധ്യാപികയിലേക്ക് വഴി തുറക്കുകയായിരുന്നു.

21 വർഷത്തെ ട്യൂഷൻ അധ്യാപനത്തിനിടയിൽ നാട്ടിലെ 700 ലേറെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞത് നേട്ടമാണ്. നാളിതുവരെയുള്ള അധ്യാപന ജീവിതത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ടവളായ ഈ അധ്യാപിക, വിദ്യാർത്ഥികളിൽ നിന്നും അധിക്ഷേപങ്ങളോ പ്രതിഷേധങ്ങളോ, രക്ഷിതാക്കളിൽ നിന്ന് വിമർശനങ്ങളോ നേരിട്ടിട്ടില്ലെന്ന് ജിൻസി അഭിമാനത്തോടെ പറയുന്നു. തന്റെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസവും ജോലിയും കരസ്ഥമാക്കുമ്പോൾ അഭിമാനിക്കുകയും, നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയാത്തവരെ പ്രോത്സാഹിപ്പിക്കുകയും, പരിശ്രമങ്ങൾ നടത്താത്തവർക്ക് ഉപദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.

നിലവിൽ ഏഴാംമൈൽ സെന്റ് തോമസ് സ്കൂളിലെ ഗണിത അധ്യാപികയാണ്. നേരം പുലരുമ്പോൾ തുടങ്ങുന്ന ക്ലാസുകൾ പൂർത്തിയാകുന്നത് രാത്രി ഏറെ വൈകിയാണ്. രാവിലെ ഭർതൃ ഭവനത്തിലും, പകൽ സ്കൂളിലും, വൈകിട്ട് സ്വന്തം വീട്ടിലുമായി അധ്യാപനവൃത്തി തുടരുന്നു. തിരക്കുകൾ മൂലം ഈ വർഷം തന്റെ വീട്ടിലെ ക്ലാസുകൾ ആരംഭിച്ചിട്ടില്ല. പോരുവഴി ബ്രദറൻ അസംബ്ലി സഭാംഗമായ ജിൻസി, ജോയി – സാലി ദമ്പതികളുടെ മകളാണ്. ഭർത്താവ് ബിനോയ് ജോർജ് പിന്തുണയുമായി കൂടെയുണ്ട്. ബിജിൻ, സൂസൻ എന്നിവർ മക്കളാണ്.

എഡിസൺ ബി ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.