ലേഖനം: ബാൽപെയോരും ആധുനിക മഹാമാരിയും | പാ. സണ്ണി പി. സാമുവൽ

കനാനിലേക്കുള്ള യാത്രാമദ്ധ്യേ യിസ്രായേൽ മക്കൾ മോവാബ് സമഭൂമിയിലെ ശിത്തീമിൽ വച്ച് -അത് യെരീഹോവിന് സമീപം – ബിലെയാമിന്റെ വഞ്ചനയിൽ കുടുങ്ങി ബാൽപെയോരിനോട് ചേർന്നു (സംഖ്യ 25:1-8). ഒരു മുഴു അദ്ധ്യായവും ഈ സംഭവം വിവരിക്കുന്നതിന് മാറ്റിവെച്ചു എന്ന് മാത്രമല്ല പഴയനിയമത്തിലും പുതിയനിയമത്തിലും ഈ ദുരന്ത സംഭവത്തെക്കുറിച്ചു ആവർത്തിച്ചു പ്രതിപാദനം ഉണ്ടു എന്നത് സംഭവത്തിന്റെ ഗൗരവത്തെ കാണിക്കുന്നു. ബാൽപെയോരിന്റെ സംഗതി (സംഖ്യാ 25:16, 31:16, ആവർത്തനം 4:3) ബിലെയാമിന്റെ ഉപദേശം (സംഖ്യാ 31:16, വെളിപ്പാട് 2:14) ബിലെയാമിന്റെ അപേക്ഷ (യോശുവ (24:10), കൂലി കൊതിച്ച ബിലെയാമിന്റെ ശാപം (നെഹെ 13:2), ബിലെയാമിന്റെ ഇടർച്ച (വെളി 2:14), നേർ വഴി വിട്ടു തെറ്റിയ ബിലെയാമിന്റെ വഴി (2പത്രോസ്2:15), ബിലെയാമിന്റെ വഞ്ചന (യൂദാ 11), അനീതിയുടെ കൂലി കൊതിച്ച പ്രവാചകന്റെ ബുദ്ധിഭ്രമം (2പത്രോസ് 2:16), എന്നിങ്ങനെ ഈ സംഭവത്തെ ബൈബിൾ വലിയ പ്രാധാന്യത്തോടെ, ഒപ്പം മുന്നറിയിപ്പായും; ഗുണീകരണ ശാസനയായും എഴുതിയിരിക്കുന്നു. അതിനാൽ തന്നെ അത് വളരെ ഗൗരവമുള്ള ഒരു അപരാധമായി നമുക്ക് ഗ്രഹിക്കാം. “അനന്തരം അവർ ബാൽപെയോരിനോട് ചേർന്ന്; ———ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവർക്ക് തട്ടി” (സങ്കീ:106:28) 24000 പേര് പട്ടുപോയി എന്ന് സംഖ്യാ 24:9 -ൽ വായിക്കുമ്പോൾ 23000 പേർ എന്ന് 1 കൊരിന്ത്യർ 10:8-ൽ കാണുന്നു. പെട്ടെന്ന് പടർന്ന് 24 മണിക്കൂർ കൊണ്ട് അസ്തമിച്ച ഈ മഹാമാരി എന്താണെന്ന് ബൈബിൾ പറയുന്നില്ല. ഒരു മഹാമാരിയുടെയും പേരുവിവരം ബൈബിളിൽ പ്രതിപാദിക്കുന്നുമില്ലല്ലോ.

ഇത്ര പ്രാധാന്യം നൽകി രേഖപ്പെടുത്തക്ക വിധം മോവാബ് സമഭൂമിയിൽ എന്താണ് നടന്നത്? ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരെയുള്ള പെയോർ മലയുടെ മുകളിൽ കൊണ്ടുപോയി എന്ന് സംഖ്യ 23:28 -ൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ പെയോർ ഒരു സ്ഥലമാണെന്ന് ഗ്രഹിക്കാം. ബേത്ത്-പെയോർ (പെയോറിന്റെ ഭവനം) എന്ന പേരിലും സ്ഥലം ഉണ്ടായിരുന്നു (ആവർത്തനം 3:29, 4:46, യോശുവ 13:20). ഇതിൽ നിന്നും പെയോർ ഒരു വ്യക്തി ആയിരുന്നുവെന്നും ഗ്രഹിക്കാം. അബാരീം പർവ്വതനിരകളിൽ പിസ്ഗയുടെ സമീപത്തുള്ള ഒരു കൊടുമുടിയാണ് പെയോർ എന്നാണ് തന്റെ ഗ്രീക്ക് ലെക്സിക്കനിൽ ജെയിംസ് സ്ട്രോങ്ങ് പറയുന്നത്. അങ്ങനെയെങ്കിൽ യിസ്രായേൽ പെയോർ മലയിൽ കയറിപ്പോയി എന്നാണോ നാം അർത്ഥമാക്കേണ്ടത്? അല്ലവേ അല്ല. അത് ദൈവനീതിക്ക് നിരക്കാത്ത എന്തോ മ്ലേച്ഛത ആയിരുന്നു.

മോവാബ്യർ ആരാധിച്ചിരുന്ന ഒരു മിഥ്യാമൂർത്തി (false god) ആയിരുന്നു ബാൽ പെയോർ എന്ന് ജെയിംസ് സ്ട്രോങ് പറയുന്നത്. ബൈബിളിൽ ആവർത്തിച്ചു കാണുന്ന വാക്കാണ് ബാൽ. Lord എന്നർത്ഥം വരുന്ന ബാലിനെ ചരിത്രാതീത കാലം മുതൽ ആരാധിച്ചിരുന്നു. മെസൊപ്പൊട്ടോമിയൻ ചന്ദ്രദേവൻ ആയിരുന്ന ഈ മൂർത്തിയെ കനാന്യരും ആരാധിച്ചിരുന്നു. ബാൽ വിഗ്രഹങ്ങൾ യഹോവക്ക് അനിഷ്ടമായിരുന്നു (ന്യായാ :2:11, 3:7, 8:33), (യിരെമ്യാ:50:2, 44, ഹോശേയ 2:13). ബാൽ സെബൂബ് (2 രാജാ:1:2,3) ഈച്ചകളുടെ തമ്പുരാൻ എന്ന് പേർ വിളിക്കപ്പെട്ട മറ്റൊരു മിഥ്യാമൂർത്തി ആയിരുന്നു. ബാലിന്റെ ആരാധനയോട് ചേർന്ന് വരുന്ന മറ്റൊരു വിഗ്രഹമായിരുന്നു അശ്ശേര-അസ്തൊരെത് എന്നും വിളിക്കപ്പെട്ടിരുന്നു. ശുക്രഗ്രഹവുമായി ബന്ധപ്പെടുത്തി അറിയപ്പെട്ടിരുന്ന വീനസ് ദേവി ഇവൾ തന്നെ.(ന്യായാ:2:13, 10:6). കാമരൂപിണിയായ ഇവൾ സന്താന ദേവത കൂടിയായിരുന്നു. ചുരുക്കത്തിൽ ബാൽ പുരുഷ ലൈംഗികതയുടെയും അസ്തൊരെത്ത് എന്ന അശേര സ്ത്രീ ലൈംഗികതയുടെയും പ്രതീകമായി ആരാധിച്ചു വന്നിരുന്നു. ലിംഗ-യോനി വിഗ്രഹങ്ങളും ആരാധനയും ഈ സങ്കൽപ്പത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്.

‘ബാൽപെയോർ’ എന്ന വാക്ക് സെപ്റ്റു അജിന്റ് വിവർത്തനത്തിൽ ബീൽ ഫിഗോർ (BEEL PHEGOR) എന്നാണ് കാണുന്നത്. PEOR ഒരു demon ആണെന്ന് ജോൺ മിൽറ്റൻ ‘പറുദീസാ നഷ്ടം’ എന്ന തന്റെ മഹാകാവ്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു (Paradise Lost I 412-14). ‘Bel Phegor’ Lord of gap എന്ന ഒരു ദേവൻ ആയിരുന്നു. PEOR എന്ന വാക്ക് pa’ar എന്ന മൂലവാക്കിൽ നിന്നും ഉത്ഭവിച്ചതാണെന്ന് ഹീബ്രു ലെക്സിക്കനിൽ സ്ട്രോങ് പറയുന്നു. പിളർക്കുക (gape) വിശാലമായി തുറക്കുക (wide open)എന്നൊക്കെയാണ് ഈ വാക്കിന്റെ അർഥം. ഇതിന്റെ കൂടെ ബാൽ പെയോർ എന്ന വാക്ക് ചേർത്തു വായിക്കുമ്പോൾ അർഥം സുവ്യക്തമാകും. ഗൂഡാർത്ഥം, ദ്വയാർത്ഥം, പര്യായോക്തി (Euphemism) എന്നിങ്ങനെ പുരാതന കാലത്തും മാർമ്മിക രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഭാഷാപ്രയോഗം ഉണ്ടായിരുന്നു. പരുഷമായ, അശ്ലീലമായ കാര്യം മയപ്പെടുത്തി പറയുന്നതാണ് പര്യായോക്തി എന്ന യൂഫെമിസം. പര്യായോക്തിയിൽ ‘gap’ എന്നത് സ്ത്രീയുടെ ജനനേന്ദ്രിയത്തെ കുറിക്കുന്നു. Lord of gap എന്ന് പറഞ്ഞാൽ യോനിയുടെ കർത്താവ്, ഉടമസ്ഥൻ എന്നർത്ഥം. pa’ar എന്ന് പറഞ്ഞാൽ ഭേദിക്കുക, തുറക്കുക, വിശാലമായി പിളർക്കുക എന്നൊക്കെയാണ് അർത്ഥമെങ്കിൽ ബാൽപെയോർ എന്നതിൽ നിന്നും ‘കന്യകാത്വം ഭേദിക്കുന്ന ദേവൻ’ എന്നത്രെ അർത്ഥമാക്കേണ്ടുന്നത്. അതായത് രജസ്വലകളായ പെൺകൊടികളുടെ കന്യകാത്വത്തിന്റെയും ദേവൻ ആയിരുന്നു ബാൽപെയോർ. ഋതുമതികളായ പെൺകുട്ടികളുടെ കന്യകാത്വം ഭേദിക്കുവാനായി പെൺകുട്ടികളെ ദേവന്റെ മുൻപിൽ കൊണ്ടുവരും. അവിടെ ദേവന്റെ കൃത്രിമ ലിംഗങ്ങളിൽ അവരെ ബലമായി ഇരുത്തുന്ന ഒരു ദുരാചാരം അന്ന് നിലനിന്നിരുന്നു. ബാൽപെയോർ ദേവന്റേത് എന്ന പേരിൽ ദന്തം, തടി, കല്ല് എന്നിവ കൊണ്ടുള്ള ലിംഗങ്ങൾ ക്ഷേത്ര പരിസരങ്ങളിൽ ലഭിക്കുമായിരുന്നു. മേൽപറഞ്ഞ ചടങ്ങു നടന്നു കഴിഞ്ഞാൽ അവൾ പിന്നെ ദേവന്റെ ദാസിയായി വിശുദ്ധവേശ്യയായി(?) മാറുമായിരുന്നു. അവൾ അസ്തോരത്തായി – അശേരയായി മാറുന്നു. അവൾ പിന്നെ സമൂഹത്തിന്റെ പൊതുസ്വത്തായി. അവളുമായി ബന്ധപ്പെടുന്നത് ആരാധനയുടെ ഒരു ഭാഗവും ദേവനെ പ്രസാദിപ്പിക്കുന്ന ചടങ്ങുമായിരുന്നു.

ഇതിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നവരും ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ചോദിച്ചു നെറ്റി ചുളിക്കുന്നവരും ഉണ്ടാകാം. നിങ്ങളുടെ അറിവിനായി ഓർപ്പിക്കട്ടെ. നമ്മുടെ കേരളത്തിലും 80 വർഷം മുൻപ് വരെ തത്തുല്യമായ ഒരു മ്ലേച്ഛാചാരം നിലനിന്നിരുന്നു. ‘നിഷേകം’ എന്നാണ് ഈ ഹീനകൃത്യം വിളിക്കപ്പെട്ടിരുന്നത്. അർത്ഥാൽ കന്യകാത്വ ഭേദനം തന്നെ. ‘മണാളർ’ എന്ന ഒരു വംശക്കാർ ആയിരുന്നു ഈ കൃത്യം നടത്തിയിരുന്നത്. ഇത് വലിയ സാമൂഹ്യ ആഘോഷമായി കൊണ്ടാടിയിരുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ നിരന്തര ശ്രമഫലമായിട്ടാണ് ഈ ദുരാചാരം നിന്നുപോയത് എന്ന് ചരിത്രം!

യിസ്രയേല്യ കന്യകമാർ ബാൽ പെയോരിന്റെ ക്ഷേത്രം നിന്നിരുന്ന പെയോർമലയിൽ ചെന്ന് ഈ ഹീനാചാരം പരിശീലിച്ചോ എന്ന് നമുക്കറിയില്ല. എന്നാൽ അവിടെ നിന്നും ഇറങ്ങിവന്ന ദേവാംഗനകളുടെ നേതൃത്വത്തിൽ മോവാബ്യാസ്ത്രീകൾ യിസ്രായേൽ പാളയത്തിലേക്ക് പരസംഗത്തിനായി വന്നു. അവരുടെ കയ്യിൽ പ്രേതങ്ങൾക്കുള്ള (മരിച്ചുപോയവർക്കുള്ള) ബലികൾ ഉണ്ടായിരുന്നു. അവർ ധരിച്ചിരുന്ന ലോക്കറ്റുകളിൽ വശ്യഭസ്മം ഉണ്ടായിരുന്നുവെന്നാണ് ഒരു പുരാതന ലിഖിതത്തിൽ! വശീകരിക്കപ്പെട്ട ജനം അവരുടെ ദേവന്മാരെ നമസ്കരിച്ചു. മോവാബ്യർക്കൊപ്പം മിദ്യാന്യരും ഈ വഞ്ചനയിൽ പങ്കാളികളായി (സംഖ്യാ 25:6). മോശയുടെ അമ്മായപ്പന്റെ വംശവും ഗോത്രവും ഇത് ചെയ്തത് ചോദ്യചിഹ്നമായും പാഠഭേദമായും നിലനിൽക്കുന്നു.

ലൈംഗികതയെ പാപമായി ബൈബിൾ പഠിപ്പിക്കുന്നില്ല. എന്നാൽ വ്യഭിചാരം, പരസംഗം എന്നിങ്ങനെ വഴിവിട്ട ബന്ധങ്ങളെ കുറ്റകരമായി തന്നെയാണ് പഠിപ്പിക്കുന്നത്. മിഥ്യാമൂർത്തിയുടെ പ്രസാദത്തിനായി അവന്റെ അംഗനകളെ പ്രാപിക്കുന്നത് ഏകസത്യദൈവത്തെ ത്യജിച്ചു പിന്മാറുന്നതിന് തുല്യമായി ദൈവം കണക്കാക്കുന്നു! അത് അങ്ങനെതന്നെ ആണല്ലോ! അത് കൊടുംപാതകം.
യിസ്രായേൽ ദൈവത്തിന്റെ വിശുദ്ധജനം ആണ് (പുറപ്പാട് 19:6, ആവർത്തനം 7:6). പരിച്ഛേദന എന്ന ഉടമ്പടിയിലൂടെ ആണ് ദൈവം അത് ഉറപ്പിച്ചത്. പരിച്ഛേദനയിൽ പൊടിയുന്ന, കിനിയുന്ന രക്തം നിയമ രക്തത്തിന്റെ അടയാളമായിരുന്നു. അത് അവന്റെ പാതിവൃത്യത്തിന്റെ (modesty)അടയാളമായി ദൈവം പരിഗണിച്ചു. രണ്ടാം ഘട്ടമായി, പാതിവൃത്യത്തിന്റെ അടയാളമായി വസ്ത്രത്തിന്റെ കോൺതലക്കൽ പൊടിപ്പുണ്ടാക്കുകയും അതിൽ നീലച്ചരട് കെട്ടുകയും വേണം (സംഖ്യ15:38). പൊടിപ്പ് പരസംഗത്തിന് എതിരെ ജ്ഞാപകം ആയിരിക്കണം (സംഖ്യാ 15:39). നീലനിറം പുരുഷത്വത്തെ കുറിക്കുന്നു. അതായത് ആത്മസംയമത്തെ. തന്റെ കന്യകാത്വ രക്തത്താൽ തന്നോട് വൈവാഹിക ഉടമ്പടി ചെയ്ത സ്ത്രീക്ക് വേണ്ടിയല്ലാതെ ഒരു യിസ്രായേല്യ പുരുഷന്റെ വസ്ത്രം മാറുവാൻ പാടില്ലായിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിൽ നിന്നും അവനെ വിലക്കുകയും ഒപ്പം തടയുകയും ചെയ്യുന്നതിനായിരുന്നു പൊടിപ്പും തൊങ്ങലും നീലച്ചരടും. തീർന്നില്ല:-നീ പുതക്കുന്ന മേലാടയുടെ നാലുകോണിലും പൊടിപ്പുണ്ടാക്കേണം (ആവർത്തനം 22:12). അത് പരസ്ത്രീയുമായി പങ്കുവെക്കാനുള്ളതല്ല. ഭാര്യാ ഭർതൃ ബന്ധത്തിനിടയിൽ മറ്റൊരു വ്യക്തി വരികയില്ല എന്നതിന്റെ അടയാളമായി പൊടിപ്പും തൊങ്ങലും നീലച്ചരടും നിലകൊള്ളുന്നു. യിസ്രായേല്യന്റെ പതിവ്രത്യവും യഹൂദാ സ്ത്രീയുടെ കന്യകാത്വവും (ആവർത്തനം 22:14-20) ദൈവത്തിന് വിലപ്പെട്ടതും മാന്യവും അത്രേ. ആസക്തി രക്തത്തിൽ കലർന്ന് ജീനുകളിലൂടെ അത് അടുത്ത തലമുറകളിലേക്ക് പകരപ്പെടാതെ യഹൂദൻ തന്റെ വംശത്തെ വചന വ്യവസ്ഥയിൽ കാത്തുസൂക്ഷിക്കണമായിരുന്നു.

ബാൽപെയോരിനോട് ചേർന്ന ജനത്തിനെതിരെ ദൈവത്തിന്റെ ക്രോധം ജ്വലിച്ചു. പെട്ടെന്ന് ഒരു ബാധ അവരുടെ മദ്ധ്യേ വ്യാപരിച്ചു. വെറും 24 മണിക്കൂർ മാത്രം നിലനിന്ന മഹാമാരി 24,000 പേരെ കൊന്നുകളഞ്ഞു.

കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ദൈവകോപം ക്ഷണിച്ചുവരുത്തിയ ആധുനിക ബാൽപെയോർ എന്തെന്ന് ചിന്തിക്കാം. മഹാമാരി അമ്മവിളയാട്ടവും ദേവതാ പ്രസാദവും അല്ല അത് ദൈവത്തിന്റെ പ്രവൃത്തിയാണ്. ആധുനികലോകം പുതുപാപങ്ങൾ കണ്ടുപിടിക്കുന്നതിൽ നിപുണരാണെന്ന് വാർത്തകൾ നമ്മെ ഉൽബോധിപ്പിക്കുന്നു. ഭർത്താവിനെ പങ്കുവെക്കൽ (husband sharing), ഭാര്യയെ വെച്ചുമാറുക (wife swaping), മുഖംമൂടി ധരിച്ചു പ്രച്ഛന്നവേഷത്തിൽ ആഭാസനൃത്തം (masquerade) ആടുക, പച്ചകുത്തൽ എന്ന ടാറ്റൂ, കാതുകുത്തുന്ന പോലെ താടി, പൊക്കിൾ, കൃസരി എന്നിവ കുത്തി പ്രത്യേകതരം മുത്തുകൾ ധരിക്കുക; ഗേ, ജിഗോള എന്നിങ്ങനെ ആൺവേശ്യകൾ (പുരുഷ മൈഥുനക്കാർ എന്ന് ബൈബിൾ ഭാഷ്യം), ലെസ്ബിയൻ-ട്രാൻസ്ജെൻഡർ കൾച്ചർ, പോൺ വ്യവസായം എന്നുവേണ്ട ആധുനിക നവീനപാപങ്ങൾ വേശ്യകളെയും വ്യഭിചാരികളെയും സെലിബ്രിറ്റികളാക്കി ആഘോഷിക്കുകയാണ്. നെതർലണ്ടിൽ വ്യഭിചാരം നിയമവിധേയമാണ്. ആധുനികയുഗത്തിൽ ബാൽദേവന്റെ ലിംഗങ്ങൾ ‘സെക്സ് ടോയ്സ്’ എന്ന പേരിൽ ചൈന ലോകം മുഴുവൻ വിപണനം ചെയ്തു കൊണ്ടിരിക്കുന്നു. അതിനുള്ള അസംസ്കൃത വസ്തുക്കൾ പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. ഇപ്പോൾ കോറോണയും ചൈന കയറ്റുമതി ചെയ്യുന്നു.

വൻ സാമ്പത്തിക തട്ടിപ്പുകൾ, അഴിമതികൾ എന്നിവ ധനാഢ്യരും വമ്പന്മാരും നടത്തുമ്പോൾ എളിയവരും ദരിദ്രരും ഞെരിഞ്ഞമരുകയാണ്. അവന്റെ നിലവിളി കേൾക്കുവാൻ ആരുമില്ല. അവർക്കായി അധികാരികളുടെ കർണ്ണപുടങ്ങൾ ബധിരമാവുകയാണ്.

മാനുഷദേഹവും മാനുഷപ്രാണനും ഇന്ന് വില്പനച്ചരക്കാവുകയാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കായി മനുഷ്യശരീരം പഠനവിഷയം ആക്കേണ്ടതിനായി വൻ വിലകൊടുത്തു വാങ്ങുന്നുണ്ട്. എന്നാൽ ചില മൾട്ടിനാഷണൽ കമ്പനികൾ സൗന്ദര്യസംവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി മനുഷ്യഭ്രൂണം ഉപയോഗിക്കുന്നുണ്ട്. അവരുടെ ഏജന്റുമാർ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നിർബന്ധിത ഭ്രൂണഹത്യ നടത്തി ഭ്രൂണം ശേഖരിക്കുന്നുണ്ട്. അവിഹിത ഗർഭധാരണത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തികം നൽകുകയും ചെയ്യുന്നു എന്നാണ് രഹസ്യ റിപ്പോർട്ടുകൾ. മനുഷ്യപ്രാണൻ എന്നത് ബീജദാനത്തെ കുറിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഇത് വൻ ബിസിനസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ഗർഭപാത്രം വാടകക്ക് കൊടുക്കലും. മ്ലേച്ഛകരമായ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന് മനുഷ്യനെ പ്രേരിപ്പിക്കുന്ന ദേവനായിട്ടാണ് ഡീമെനോളജിയിൽ ബാൽപെയോർ (ബെൽ ഫിഗോർ, ബീൽ ഫിഗോർ) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വിദഗ്ധമായ ഉപായരൂപേണയുള്ള കൗശല കണ്ടുപിടുത്തങ്ങൾ നടത്തി സമ്പന്നരാകുവാനായി മനുഷ്യകുലത്തെ വശീകരിക്കുന്ന മൂർത്തി തന്നെ. അതിൽ കച്ചവടതാല്പര്യവും ഉണ്ടല്ലോ. അപ്പോൾ തന്നെ ആവാഹനം നടത്തിയാൽ ഇവൻ വ്യക്തികളെ തമ്മിൽ ഭിന്നിപ്പിക്കുകയും ഒപ്പം ഇരുകൂട്ടർക്കും സമ്പത്തു നൽകി വശീകരിക്കുകയും ചെയ്യുന്നു. കബാലിസ്റ് രേഖകളിലും ഇങ്ങനെതന്നെ കാണുന്നുണ്ട്. അതെന്തായാലും ബാൽപെയോരിന്റെ ആരാധനയും ഭോഗാസക്തിയിൽ മുഴുകിയ ജീവിതവും ആധുനികതയുടെ മുഖമുദ്രയായി മാറുകയാണ്. ബാൽപെയോരിനോട് ചേർന്ന യിസ്രായേൽ മക്കൾ മോവാബ് സമഭൂമിയിൽ ശിക്ഷിക്കപ്പെട്ടത് സത്യമാണെങ്കിൽ; അതിന് ദുരുപദേശം നൽകിയ ബിലെയാം വാൾകൊണ്ട് കൊല്ലപ്പെട്ടു എന്നത് ചരിത്രസംഭവം ആണെങ്കിൽ ഈ തലമുറയും ശിക്ഷിക്കപ്പെടാതെ പോകയില്ല. ശിത്തീം മുതൽ ഗില്ഗാൽ വരെ ബാൽപെയോരിന്റെ പ്രകമ്പനവും പ്രത്യാഘാതവും നിലനിന്നു (മീഖാ 6:5). അതായത് ആ മഹാമാരിയാൽ മരിക്കാത്തവരിലും അതിന്റെ പ്രത്യാക്രമണം ശരീരത്തിൽ നിലനിന്നു എന്നു സാരം. ഗില്ഗാലിൽ വെച്ച് ദൈവം യിസ്രായേലിന്റെ നിന്ദ ഉരുട്ടി നീക്കി കളയുന്നത് വരെ ആ ബാധയുടെ രോഗാവസ്ഥ നിലനിന്നു (യോശുവ 5:9). ദൈവം ആധുനികലോകത്തിൽ ഇടപെടുന്നില്ലെങ്കിൽ ഈ മഹാമാരിയിൽ നിന്നും കരകയറ്റം ഉണ്ടാകില്ല. നവീന വൈറസ് സകലവിധ രോഗങ്ങളുടെയും മാതാവായി മാറും. അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു (വിലാപ:1:13). ഈ വ്യസനം അതിക്രമങ്ങളുടെ നുകം കരണമത്രേ (വിലാപ:1:14). പ്രാണനെ തണുപ്പിക്കുന്ന ആശ്വാസപ്രദൻ വിട്ടകന്നുപോയി (വിലാപ:1:16, സങ്കീ:23:3 ഒത്തുനോക്കുക). ശരീരം മാത്രമല്ല ഹൃദയം കൂടെ രോഗാർത്ഥമായിരിക്കുന്നു (വിലാപ:1:22). മെഡിക്കൽ സയൻസ് കൈ മലർത്തുന്നു.

ലോകസാമ്പത്തിക രംഗവും തകർന്നുകഴിഞ്ഞു. ദൈവം മനുഷ്യനോട് സംവാദിക്കുകയാണ് (ഇയ്യോബ് 33:14). പക്ഷെ മനുഷ്യൻ അത് കൂട്ടാക്കുന്നില്ല. പിന്നെ ശിക്ഷ വിധിക്കാൻ ദൈവം എഴുന്നേൽക്കുകയാണ്. ഭൂമി അമർന്നിരിക്കുന്നു. ദമ്മേശെക്കിന്റെയും, ഗസ്സയുടെയും, സോരിന്റെയും, ഏദോമിന്റെയും, അമ്മോന്യരുടെയും മൂന്നോ നാലോ അതിക്രമം നിമിത്തം ദൈവം ആ രാജ്യങ്ങളെയും വംശങ്ങളെയും ശിക്ഷിച്ചു എങ്കിൽ (ആമോസ് 1:3,6,9,11,13) ഉത്തരാധുനിക ലോകത്തെയും ദൈവം ശിക്ഷിക്കാതെ വിടുകയില്ല. യിസ്രായേലിന്റെ അതിക്രമ ബാഹുല്യം നിമിത്തം ദൈവം അവൾക്കു സങ്കടം വരുത്തി എങ്കിൽ ഇന്ന് ആത്മിക ലോകം ഒഴിഞ്ഞിരിക്കുമോ. എന്നാൽ അവന്റെ ആലോചനാസഭയിൽ ഇരുന്നു ഉപദേശം പ്രാപിച്ചു ജീവിതത്തെ ക്രമീകരിക്കുന്നവൻ ഭാഗ്യവാൻ. ശിത്തീമിന് അപ്പുറത്തു ഗില്ഗാൽ കാത്തിരിക്കുന്നു. അവിടെ ദൈവിക രോഗശാന്തിയുണ്ട്. കാരണം യിസ്രായേൽ വാഗ്ദത്ത കനാനിൽ പ്രവേശിക്കുകയാണ്. അതിനായി ഭക്തിയോടെ ഒരുങ്ങാ൦.

പാ. സണ്ണി പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.