ഭാവന: കല്ലുകൾക്കു നാവുണ്ടെങ്കിൽ… | ജോബിൻ പി.കെ

ബലിഷ്ഠമായ വിരലുകളാൽ എന്നെ ഇറുകിയെടുക്കുമ്പോഴാണ് ഉറക്കത്തിൽ നിന്നും ഞാനുണർന്നത്. എന്തെങ്കിലുമൊന്നു ചിന്തിക്കും മുൻപേ ഏതോ മായലോകത്തേയ്ക്കെന്നപോലെ ഞാൻ പിടിച്ചെടുക്കപ്പെട്ടു കഴിഞ്ഞിരുന്നു. തഴുകിയും തലോടിയും പകലിലെൻ കൂട്ടുകാരായി കഴിഞ്ഞ മൺപൊടികൾ പോലും “ഞങ്ങളില്ലേ” എന്ന ഭാവത്തിൽ വീണ്ടും മണ്ണിലേയ്ക്കമർന്നു. പിരിയാൻ കഴിയാതെയെന്നോടു പറ്റിച്ചേർന്ന മൺപൊടികളിൽ ചിലരാവട്ടെ ബലിഷ്ഠമായ കരത്തിന്റെ കുടച്ചലിൽ തെറിച്ചുവീണു. ഒന്നും പിടികിട്ടുന്നില്ല.

post watermark60x60

ആരാണിയാൾ…???? എന്നെ എന്തിനെടുത്തു…??? എവിടേക്ക് കൊണ്ടുപോകുന്നു…????
ചോദ്യങ്ങൾ ഉള്ളിലൊതുക്കി ആ കരത്തിനുള്ളിൽ അമർന്നിരിക്കുവാനേ എനിക്ക് കഴിഞ്ഞുള്ളൂ.

കൂട്ടമായ ബഹളവും ആരവാരങ്ങളും കേൾക്കുനെങ്കിലും ഒന്നും മനസ്സിലാവുന്നില്ല. ഓട്ടത്തിനിടയിൽ പല തവണ എനിക്ക് അയാളുടെ കയ്യിൽ നിന്നും കുതറി മാറുവാൻ അവസരം വന്നപ്പോഴൊക്കെ കരുത്തുറ്റ ആ വിരലുകളാൽ അയാൾ എന്നെ മുറുകെ പിടിച്ചു.

Download Our Android App | iOS App

“ഇനി രക്ഷയില്ല”… രാവും പകലും നിലത്തെ മൺപൊടിയോടുകൂടെ സല്ലപിച്ചു കഴിഞ്ഞ എന്റെ സ്വപ്നങ്ങളാണ് അയാൾ തകർക്കുന്നത്. എന്റെ ആഗ്രഹങ്ങളാണ് കുടഞ്ഞു കളഞ്ഞത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത, ആരെയും കൂസാതെ പോകുന്ന ക്രൂര മനുഷ്യ ഹൃദയത്തെ അയാളിൽ ഞാൻ കണ്ടു.

എന്നെ അമർത്തിയിരുത്തിയ കരം ഉയരങ്ങളിലേക്ക് ഉയർന്നപ്പോൾ എവിടേക്കോ പായുവാനെന്നു മനസുറപ്പിച്ചു എന്റെ കണ്ണുകൾ ഇറുകിയടച്ചു……
ഉയർത്തിയ കരങ്ങൾ നിശ്ചലമാകുമാറു ഒരു കനത്ത ശബ്ദം ഞാൻ കേട്ടു:

“നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ…..!”

അതുവരെയും ഇറുകിപ്പിടിച്ച ബലിഷ്ഠമായ വിരലുകൾ ബലഹീനമാകുന്നത് പോലെ തോന്നി. അയാളുടെ ഹൃദയസ്പന്ദനത്തിൽ ഒഴുകിയെത്തിയ രക്തം പോലും ദശയുടെ മറവിൽ ഒളിച്ചു നിന്നുകൊണ്ടു എന്നോട് മന്ത്രിച്ചു. ഇടിമുഴക്കം കണക്കെ മുഴങ്ങിയ ആ ശബ്ദത്തിനു മുന്നിൽ അയാളുടെ ഹൃദയസ്പന്ദനം പോലും തടുതിയിലോടിയ നിമിഷങ്ങൾ….

അയാൾ ആകെ വിയർത്തിരിക്കുന്നു. ശരീരം തളർന്നുമിരിക്കുന്നു. വാക്കുകൾക്ക് ശരീരത്തെ ഇത്രക്ക് തളർത്താൻ കഴിയുമെന്നു ഞാൻ അറിഞ്ഞിരുന്നില്ല…! കുറ്റബോധത്തിന്റെയും സ്വയം തിരിച്ചറിവിന്റെയും തിരത്തളളലിൽ അയാളുടെ അതിരുകടന്ന മതതീവ്രവാതത്തിന്റെയും സ്വയനീതീകരണ സ്വാർത്ഥ ചിന്തയുടെയും പായിക്കപ്പലുകൾ തകർന്നുപോയി….!

വീണുകിട്ടിയ സൗഭാഗ്യം പോലെ ബലഹീനമായ ആ കരത്തിൽ നിന്നും ഞാനെന്റെ സ്വപ്നങ്ങളിലേക്കു വഴുതിവീണു… വീണ്ടുമൊരു പുതിയ തുടക്കത്തിലേക്കു കടക്കുമ്പോൾ അറിയാതെ മനസിൽ അങ്കുരിച്ചൊരു ആഗ്രഹം:

“ആഞ്ഞുവീശിയടിച്ചു അയാളുടെ അന്ധമായ ആത്മവിശ്വാസത്തെ തകർത്തുടച്ച ഈ തിരമാലകൾ പലരിലും ഒന്നു വീശിയിരുന്നെകിൽ നിറഞ്ഞ സ്വപ്നങ്ങളുമായി അമർന്നു കഴിയുന്ന പലരും എന്നെപോലെ എന്നേ സ്വതന്ത്രമായേനേ….”

ജോബിൻ പി.കെ

-ADVERTISEMENT-

You might also like