ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ചൊവ്വാഴ്ച തുറക്കും

ഗുവാഹത്തി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍ ചൊവ്വാ’ഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പാലത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ രണ്ട് തട്ടുകളായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍-റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ് 4.94 കിലോമീറ്റര്‍ നീളമുള്ള ഭീമന്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

അരുണാചല്‍പ്രദേശില്‍നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ലഘൂകരിക്കാന്‍ ബോഗിബീല്‍ മേല്‍പ്പാലം ഉപകാരപ്രദമാകും.
ഇപ്പോള്‍ അരുണാചലില്‍ നിന്ന് അസമിലേക്ക് പോകാന്‍ 500 കിലോമീറ്റര്‍ ദൂരമാണെങ്കില്‍ ഡിസംബര്‍ 25 മുതല്‍ 100 കിലോമീറ്ററായി ദൂരം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

യാത്രാ സൗകര്യത്തിന് പുറമേ വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതുവഴിയാകും.

ഫണ്ടിന്‍റെ അപര്യാപ്തത ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കാരണം 1997ല്‍ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീല്‍ പാലം 21 വര്‍ഷത്തിന് ശേഷമാണ് പണി പൂര്‍ത്തിയാക്കുന്നത്.

1997ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്‌. ഡി. ദേവഗൗഡ തറക്കല്ലിടുമ്ബോള്‍ 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്.

ഇടയ്ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നിന്നു പോകുകയും 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സി൦ഗ് ബോഗിബീല്‍ പാലം ദേശീയ പദ്ധതിയായി ഉയര്‍ത്തുകയും ചെയ്തു.

2014 ആയപ്പോഴേക്കും നിര്‍മാണച്ചെലവ് 3230 കോടിയായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു.

2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത ബോഗിബീല്‍ പാലം 5920 കോടി രൂപ മുതല്‍മുടക്കിലാണ് പണി പൂര്‍ത്തിയാക്കിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.