ലേഖനം:ശുശ്രൂഷയിലെ പങ്കാളിത്തവും മോഷണത്തിലെ വൈദഗ്ധ്യവും | ബിജു പി. സാമുവൽ,ബംഗാൾ

ശവവസ്ത്രത്തിൽ പോക്കറ്റ്‌ ഇല്ല ( There are no Pockets in a Shroud ) എന്നത് ഒരു ഫ്രഞ്ച് പഴമൊഴിയാണ്. എത്ര സമ്പാദിച്ചാലും മരിക്കുമ്പോൾ ഒന്നും കൊണ്ടു പോകാൻ ആവില്ല എന്നാണതിന്റെ സൂചന. എങ്കിലും സമ്പത്തിന്റെ പിന്നാലെ പോയി ജീവിതം തകർത്തവർ അനവധിയാണ്. വിശുദ്ധ ബൈബിളിലും അങ്ങനെയുള്ള ധാരാളം ആളുകളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പോസ്തല പ്രവർത്തികളിൽ
( 1: 15-19) യേശുവിന്റെ ശിഷ്യനായിരുന്ന യൂദായെപ്പറ്റി അപ്പോസ്തലനായ പത്രോസ് വ്യക്തമാക്കുന്ന കാര്യങ്ങൾ നമുക്ക് മുന്നറിയിപ്പാണ്.
ശിഷ്യന്മാരിൽ ഒരാളായി യൂദാ എണ്ണപ്പെട്ടിരുന്നു.
മറ്റ്‌ ശിഷ്യരോടൊപ്പം ശുശ്രൂഷയിൽ പങ്കാളിത്തവും തനിക്ക് ലഭിച്ചിരുന്നു.

മറ്റെല്ലാ ശിഷ്യരെയും പോലെ ശുശ്രൂഷയിൽ പങ്കാളിത്തം ലഭിച്ചിരുന്നെങ്കിലും യൂദായുടെ കണ്ണും ഹൃദയവും പണസഞ്ചിയിൽ തന്നേ ആയിരുന്നു. യൂദാ കള്ളൻ ആയിരുന്നെന്നും പണസഞ്ചിയിൽ നിന്നും കൂടെക്കൂടെ സ്വന്ത ആവശ്യങ്ങൾക്കായി താൻ പണം എടുക്കാറുണ്ടായിരുന്നെന്നും യോഹന്നാൻ വ്യക്തമാക്കുന്നുണ്ട്‌ (12:6). എന്നാൽ അന്ന് അത്‌ ശിഷ്യർക്കാർക്കും അറിയില്ലായിരുന്നു. അത്ര വിദഗ്ധമായിട്ടാണ് യൂദാ മോഷണം നടത്തിയത്. മോഷണവും ശുശ്രൂഷയും ഒരുമിച്ചു കൊണ്ടുപോയ യൂദാ ദുരന്തത്തിലേക്കാണ് പോയത്.

post watermark60x60

യേശുവിനെ ഒറ്റിക്കൊടുത്ത അനീതിയുടെ കൂലിയായി യൂദയ്ക്കു ലഭിച്ചത് 30 വെള്ളിക്കാശാണ്. പഴയനിയമ പ്രമാണം അനുസരിച്ചു 30 ശേക്കെൽ വെള്ളി ആയിരുന്നു ഒരു അടിമയ്ക്ക് അടിമച്ചന്തയിൽ ലഭിച്ചിരുന്ന വില
(പുറപ്പാട് 21:32). പാപത്തിന്റെ അടിമത്വത്തിൽ നിന്നും മനുഷ്യനെ വീണ്ടെടുക്കുവാൻ വന്ന യേശുവിനെ ഒരു അടിമയെപ്പോലെ വിറ്റുകളഞ്ഞു.

കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു എന്ന് പറഞ്ഞ് യൂദാ തനിക്കു കിട്ടിയ 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞ ശേഷം പോയി കെട്ടിഞാന്നു ചത്തു. താൻ തല കീഴായി വീണ് ഉദരം പിളർന്ന് അവന്റെ കുടലെല്ലാം ചിതറിപ്പോയി എന്ന്‌ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.

30 വെള്ളിക്കാശു കൊണ്ടു നല്ലൊരു കയർ വാങ്ങാൻ പോലും യൂദയ്ക്കു പ്രയോജനപ്പെട്ടില്ല എന്ന് പ്രൊഫ. മാത്യു പി. തോമസ് (ICPF) പറഞ്ഞത് വളരെ ചിന്തനീയമാണ്.

യേശുവിനോടൊപ്പം നടന്നെങ്കിലും യൂദായുടെ സൗഹൃദം മുഴുവൻ അന്നത്തെ മതനേതാക്കളോടൊപ്പം ആയിരുന്നു. കർത്താവിനോടൊത്ത് നടക്കുന്നു എന്നു അവകാശപ്പെടുകയും രാഷ്ട്രീയ-മത നേതൃത്വങ്ങളുടെ പാദസേവ നടത്തി തങ്ങൾ ക്രിസ്ത്യാനിത്വത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന ആധുനിക യൂദമാർ നമുക്കു ചുറ്റും ഉണ്ടെന്നുള്ളതും മറക്കരുത്‌.

യൂദാ മന്ദിരത്തിലേക്കു എറിഞ്ഞ വെള്ളിക്കാശ് പുരോഹിതർ ഭണ്ഡാരത്തിൽ ഇട്ടില്ല. ( അന്നത്തെ പുരോഹിതർക്ക് അത്രയെങ്കിലും ബോധം ഉണ്ടായിരുന്നു ). അവർ അതുകൊണ്ട്‌ പരദേശികൾക്കായി ഒരു ശ്മശാനസ്ഥലം വാങ്ങി.

ഇന്നത്തെ രാജകീയ പുരോഹിത വർഗം ഏതു ഉറവിടത്തിൽ (source ) നിന്ന് ലഭിക്കുന്ന പണമായാലും സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്. അനീതിയുടെ കൂലി നമ്മുടെ കയ്യിലോ ദൈവാലയത്തിലോ എത്തരുത്. കൈകളിലെത്തുന്ന സമ്പത്ത്‌ ദൈവഹിതപ്രകാരം ഉള്ളത് മാത്രമാണെന്ന് ഉറപ്പാക്കുക. അതിന്റെ വിനിയോഗവും ദൈവേഷ്ടപ്രകാരം ആകണം.

ഒരു പ്രസ്ഥാനത്തിന്റെ വിശ്വസനീയത അളക്കുന്നത് അതിനു ഫണ്ട് നൽകുന്നവരുടെ എണ്ണക്കൂടുതൽ പരിഗണിച്ചാകരുത്. ആ പ്രസ്ഥാനം എത്ര പേരുടെ ഫണ്ട് നിഷേധിക്കാൻ തയ്യാറായി എന്നതായിരിക്കണം ഒരു മാനദണ്ഡം.

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ ഗുരുവായ യേശുവിനോടൊപ്പം നടക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിച്ച വ്യക്തിയായിരുന്നു യൂദാ. ഉന്നതരോടൊപ്പം വേദികൾ പങ്കിടുന്നതോ ശ്രേഷ്ഠമായ ശുശ്രൂഷാ അവസരങ്ങൾ ലഭിക്കുന്നതോ ആത്മീയതയുടെ അളവുകോൽ ആക്കരുത്.

പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന 4 ദുരന്തമരണങ്ങളിൽ
3-ഉം സാമ്പത്തിക അവിശ്വസ്തത മൂലം സംഭവിച്ചതാണ്.

സമ്പത്തിന്റെ ഉടമ ദൈവമാണ്. മനുഷ്യൻ കാര്യവിചാരകൻ മാത്രമാണ്. വിശ്വസ്തതയോടും വിശുദ്ധിയോടും കൂടെ പണം കൈകാര്യം ചെയ്യുക.

ഓ, പണത്തെപ്പറ്റി എന്ത് സംസാരിക്കാനാണ്, മറ്റു ആത്മീയ കാര്യങ്ങളെപ്പറ്റി സംസാരിച്ചുകൂടേ എന്നു ചിന്തിക്കുന്നവരോട് ഒരു വാക്ക് കൂടി. സ്വർഗം, നരകം എന്നിവയെപ്പറ്റി പുതിയ നിയമത്തിൽ പരാമർശിച്ചിട്ടുള്ളത്തിലും അധികം പണത്തെപ്പറ്റിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ധനം വഞ്ചിക്കുമെന്ന് യേശുക്രിസ്തുവും ധനം നമുക്ക് അനിശ്ചിതത്വം മാത്രമേ നൽകൂ എന്നു അപ്പോസ്തലനായ പൗലോസും പറഞ്ഞതു ചിലപ്പോഴെങ്കിലും ഓർക്കുന്നത് നല്ലതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like