ലേഖനം: അമ്മമാർക്കും സ്ത്രീകൾക്കും ലോകത്തെ മാറ്റുവാൻ കഴിയും | സൂസി റോയി, ഹൈദരാബാദ്

പത്തൊൻപതാം നൂറ്റാണ്ടിൽ ദൈവത്തോട് ആഴമായ അഭിനിവേശം ഉണ്ടായിരുന്ന ഒരു മാതാവ് ഒരിക്കൽ തൻ്റെ സണ്ടേസ്കൂൾ ക്ലാസ്സിൽ വേദപുസ്തകത്തിലെ അമ്മമാരെക്കുറിച്ച് പഠിപ്പിച്ചനന്തരം ക്ലാസിൻ്റെ സമാപനത്തിൽ ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി: “സ്വർഗ്ഗീയ പിതാവേ, മാതാവ് എന്ന പദവിയിൽ ആക്കിയിരിക്കുന്നവർക്കായി സ്തോത്രം! ഈ ലോകത്തിൽ ആരെങ്കിലും എന്നെങ്കിലും അമ്മമാർ ചെയ്യുന്ന ത്യാഗപൂർണവും ആത്മാർത്ഥവുമായ പ്രവൃത്തികളെ ഓർത്ത് അമ്മമാരെ ആദരിക്കുന്ന ഒരു മാതൃദിവസം വേർതിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അതേ ക്ലാസ്സിൽ ഉണ്ടായിരുന്ന അവരുടെ മകളുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് ആ പ്രാർത്ഥന തുളച്ചുകയറി. അവൾ അത് തൻ്റെ ഹൃദയത്തിന്റെ പലകയിൽ കുറിച്ചിട്ടു.

1850-കളിൽ ആഭ്യന്തര യുദ്ധത്തിൽ പിളർന്ന കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനായി ‘മദേഴ്സ് ഫ്രണ്ട്ഷിപ്പ് ഡേ’യും മുറിവേറ്റവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ‘മദേഴ്സ് വർക്ക്‌ ക്ലബ്ബുകളും’ സംഘടിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്ന ആൻ ജർവീസ് റീവ്സ്നെയും ‘മദേഴ്സ് ഡേ’ സഫലമാക്കുവാൻ ഒരു ജീവിതം മുഴുവൻ കഠിനാദ്ധ്വാനം ചെയ്ത അവരുടെ മകൾ അന്നായെക്കുറിച്ചുമാണ് മുകളിൽ പ്രതിപാദിച്ചത്.

അമ്മമാരെ ആദരിക്കാനും അഭിനന്ദിക്കാനും, അവരുടെ സ്നേഹം, ത്യാഗം, പ്രാർഥനകൾ, ക്ഷമ, പരിചരണം എന്നിവയെ സ്മരിക്കാനും വേണ്ടിയുള്ള ദിവസമാണ് മാതൃദിനം. അല്ലാതെ വാടിപ്പോകുന്ന പൂവുകളുടെയും നിഷ്പ്രഭമാർന്ന ദാനങ്ങളുടെയും മാത്രം ദിനമല്ല അത്.

1905-ൽ തൻ്റെ പ്രിയ മാതാവ് ആൻ ഇഹലോകവാസം വെടിഞ്ഞതിനുശേഷം അമ്മമാരുടെ ത്യാഗപൂർണമായ ജീവിതത്തെ മനസ്സിലാക്കി അവരെ ജനങ്ങൾ ബഹുമാനിക്കേണം എന്ന് അന്ന ആഗ്രഹിച്ചു. അതിൻപ്രകാരം 1908-ൽ വെസ്റ്റ് വിർജീനിയായിലെ ഒരു ചർച്ചിൽ അവൾ ഒരു മെമ്മോറിയൽ സർവീസ് ക്രമീകരിച്ചു. ഒരു കമ്യൂണിറ്റി ആക്ടിവിസ്റ്റും ദീർഘവർഷങ്ങൾ സണ്ടേസ്കൂൾ അധ്യാപിയും ആയിരുന്ന തൻ്റെ മാതാവ് ആൻ ജർവീസിനോടുള്ള ബഹുമാനസൂചകമായിട്ടാണ് ആ പരിപാടി അവൾ ക്രമീകരിച്ചത്. എന്നാൽ 1914-ൽ അമേരിക്കൻ പ്രസിഡണ്ട് വൂഡ്രോ വിൽസനാണ് എല്ലാ വർഷവും മെയ് മാസം രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായിട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അമ്മമാരുടെ സേവനങ്ങളെ ഓർക്കേണ്ടത് വർഷത്തിലൊരിക്കൽ മാത്രമല്ല, എല്ലാ ദിവസവും ഓർക്കേണ്ടതാണെന്നും പ്രത്യേകിച്ച് ആ ദിവസം അമ്മമാർക്കുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞ് പ്രാർഥിക്കണമെന്നും ഒക്കെയായിരുന്നു അന്ന ആഗ്രഹിച്ചിരുന്നത്. എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ മാതൃദിനവും വാണിജ്യ ദിനമായി–കാർഡുകളുടെയും പൂവുകളുടെയും സമ്മാനങ്ങളുടെയും കച്ചവടമായി മാറിയതിൽ അന്ന കുണ്ഡിതപ്പെട്ടിരുന്നു.

തിരുവചനത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ തിരിക്കുമ്പോൾ, മക്കൾക്കുവേണ്ടിയും കൊച്ചുമക്കൾക്കുവേണ്ടിയും ദൈവമക്കൾക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും എന്തിനധികം രാഷ്ട്രത്തിനുവേണ്ടിയും തങ്ങളുടെ ജീവിതം സമർപ്പിച്ച വല്യമ്മച്ചിമാരെ, അമ്മച്ചിമാരെ, സഹോദരിമാരെ നമുക്കവിടെ കാണാം. മക്കൾക്കുവേണ്ടി അവർ ജനിക്കുന്നതിനു മുമ്പേ പ്രാർത്ഥിക്കാൻ തുടങ്ങിയ അമ്മ, മക്കളെ വചനം പഠിപ്പിക്കുന്ന അമ്മയും വല്യമ്മയും, മക്കൾ എന്ന ദാനം സ്വീകരിക്കാൻ കാൽനൂറ്റാണ്ട് കാത്തിരുന്ന അമ്മ, അപാരമായ ധൈര്യത്തോടും ദൈവാശ്രയത്തോടുംകൂടെ വലിയ സാഹസീകത കാട്ടിയ അമ്മ, വലിയ വിശ്വാസമുള്ള അമ്മമാർ ഇങ്ങനെ അമ്മമാരുടെ നിര തിരുവചനത്തിൽ തുടരുന്നു. അമ്മമാരുടെ ജീവിതം കേവലം തങ്ങളുടെ മക്കൾക്കു മാത്രമല്ല, അവരുടെ തലമുറകൾക്കും രാഷ്ട്രത്തിനും തന്നെ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രം എടുത്തു പറയട്ടെ: തൻ്റെ മൂന്നു മക്കളെയും ഒരു രാഷ്ട്രത്തെ നയിക്കുവാൻ ഒരുക്കിയ യോഖേബേദ് എന്ന മാതാവ് (പുറപ്പാട് പുസ്തകം കാണുക). ശത്രുരാജ്യങ്ങൾ ദൈവജനത്തെ ഞെരുക്കിക്കൊണ്ട് ഇരുന്നപ്പോൾ, സൈന്യത്തെ നയിക്കാനും ദൈവജനത്തെ വിടുവിക്കാനും ദൈവം യിസ്രായേലിൽ മാതാവായിത്ഥ ഉപയോഗിച്ച ദെബോര (ന്യായാധിപന്മാർ), മക്കൾക്കുവേണ്ടി എങ്ങനെ, എപ്പോൾ പ്രാർത്ഥിച്ചു തുടങ്ങണം എന്നു നമ്മെ പഠിപ്പിക്കുന്ന ഹന്ന (1 ശമൂവേൽ), താൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ എന്ന് കഠിനമായ തീരുമാനമെടുത്ത് സമൂലനാശത്തിൽനിന്ന് യഹൂദജനതയെ വിടുവിക്കുവാൻ കാരണമായിത്തീർന്ന എസ്ഥേർ, “എനിക്ക് എന്തിന് ഇതൊക്കെ ഭവിച്ചു” എന്ന ചോദ്യത്തിന് പകരം “മുന്നോട്ട് എന്ത്” എന്നതിന് ഉത്തരമാകാൻ നവോമിയോട് ഒപ്പം കൂടിയ രൂത്ത്, (“എനിക്കെന്തു കിട്ടും” എന്ന് അവൾ ഒരിക്കലും ചോദിച്ചിരുന്നില്ല എന്നതിനാൽ അവളുടെ പ്രവൃത്തികൾക്ക് നൂറുമേനി തന്നെ പ്രതിഫലമുണ്ടായി). ജനിപ്പാൻ പോകുന്ന മകനുവേണ്ടി തങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ എന്ന് ദൈവത്തോട് ചോദിച്ചറിയാൻ താല്പര്യപ്പെട്ട മാനോഹയ്ക്കു കൂട്ടുനിന്നത്ത ഭാര്യ, ജീവിതത്തിന്റെ വളരെ ചെറുപ്പത്തിൽതന്നെ കയ്പ് അനുഭവിക്കേണ്ടി വന്നുവെങ്കിലും ദൈവാലയത്തിൽ ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ കാലം കഴിച്ചു വയസ്സാം കാലത്ത് ഏറ്റവും വലിയ മിഷനറിദൗത്യം നിർവഹിച്ച ഹന്ന എന്ന മാതാവ് (ലൂക്കൊസ് 2). പിന്നെ നമ്മുടെ (പൗലൊസിൻ്റെ) പ്രിയപ്പെട്ട ചെറുപ്പക്കാരൻ തിമോഥെയോസിനെ വചനം പഠിപ്പിച്ച് ഉത്തമനാക്കിത്തീർത്ത ലോവീസിനെയും യൂനീക്കയെയും ഒന്ന് സല്യൂട്ട് ചെയ്തു കൊള്ളട്ടെ!

മിഷനറിമാരുടെ ചരിത്രം നോക്കുമ്പോൾ അവരിൽ അനേകരുടെയും പിന്നിൽ അമ്മമാരുടെ സ്വാധീനം വിലപ്പെട്ടതായിരുന്നു. ആഫ്രിക്കയിൽ മിഷനറിയും പര്യവേക്ഷകനുമായി പ്രവർത്തിച്ച ഡേവിഡ് ലിവിംഗ്സ്റ്റൺ വചനത്തെ അങ്ങേയറ്റം സ്നേഹിക്കുവാൻ കാരണം അദ്ദേഹത്തിന്റെ വല്യമ്മച്ചി ആയിരുന്നു. ഒൻപതു വയസ്സു മാത്രമുള്ളപ്പോൾ 119-ാം സങ്കീർത്തനം മനഃപാഠമാക്കുവാൻ അദ്ദേഹം തീരുമാനിച്ചത് വചനത്തോടുള്ള അഗാധമായ സ്നേഹം കൊണ്ടായിരുന്നു.

ഡേവിഡ് ലിവിംഗ്സ്റ്റണുശേഷം ആഫ്രിക്കയിലെ പ്രശസ്തയായ മിഷനറിയായിത്തീർന്നത് മേരി സെ്ളെഷർ ആണ്. സുവിശേഷത്തോടൊപ്പം സാമൂഹിക പരിവർത്തനത്തിൽ ഏർപ്പെടുവാനും ആയിരിക്കണക്കിന് കുഞ്ഞുങ്ങളുടെ അമ്മയായി മാറുവാനും അവൾക്കു സാധിച്ചു. ചെറുപ്രായത്തിലെ കയ്പു നിറഞ്ഞ ജീവിതാനുഭവങ്ങളെ ക്രിസ്തുയേശുവിലുള്ള അഗാധമായ വിശ്വാസം മൂലം മധുരമാക്കിത്തീർക്കുവാൻ അവളുടെ അമ്മ പഠിപ്പച്ചതുമൂലമാണ് അവൾ പ്രതിസന്ധികൾ നിറഞ്ഞ തൻ്റെ ദൗത്യത്തിൽ ഉറച്ചു നില്ക്കാൻ കാരണമായത്.

ജോൺ വെസ്ലിയുടെയും ചാൾസ് വെസ്ലിയുടെയും പിന്നിലെ വലിയ മാതാവ് സൂസന്നെയെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. രണ്ടാം ലോകമഹാ യുദ്ധകാലത്ത് തൻ്റെ വീട്ടിൽ യഹൂദന്മാരെ ഒളിപ്പിച്ചു വച്ചതിന് അതിക്രൂരമായ ജയിൽ വാസം അനുഭവിക്കേണ്ടിവന്ന കോറീ ടെൻബൂം എന്ന കോറിയുടെ വീട്ടിൽ ദൈവവചനം കാണാതെ പഠിക്കുന്നത് പതിവായിരുന്നു, മാതാവിന്റെയും പിതാവിന്റെയും നേതൃത്വത്തിൽ! ജീവിതത്തിൽ താനും സഹോദരങ്ങളും നേരിട്ട പ്രതിസന്ധികളിൽ സഹായമായത് കോറിക്ക് ചെറുപ്രായത്തിൽ പഠിച്ചിരുന്ന മനഃപാഠവാക്യങ്ങളായിരുന്നു. ഇക്വഡോറിൽ രക്തസാക്ഷിയാക്കപ്പെട്ട ജിം എലിയട്ടിൻ്റെ ഭാര്യ എലീസബേത്ത് ഭർത്താവിനെ കൊന്ന അതേ ഗോത്രക്കാരുടെ ഇടയിൽ സുവിശേഷം അറിയിച്ച് ജീവിച്ചതിനു പിന്നിൽ അവളെ ശക്തീകരിച്ചത് അവളുടെ അമ്മ ചെറുപ്പത്തിൽ അവളെ പഠിപ്പിച്ചിരുന്ന വേദവാക്യങ്ങളാണ്.

മൂന്ന് ആൺമക്കളും പിതാവും സുവിശേഷ പ്രസംഗകരായിരുന്ന കുടുംബത്തിലെ ഒരു മകനോട് അയൽവാസികളിൽ ഒരാൾ ജിജ്ഞാസയോടെ ചോദിച്ചു, “നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രസംഗകൻ?” അവൻ ഒരുനിമിഷം ചിന്തിച്ചിട്ട് മറുപടി പറഞ്ഞു, “അത് ഞങ്ങളുടെ അമ്മയാണ്.” ചൈന ഇൻലാൻഡ് മിഷൻ (ഇന്നത് Overseas Mission Fellowship) ഹഡ്സൺ ടെയ്ലറെ അത്ര വലിയ ദർശനമുള്ള ഒരുവനാക്കി മാറ്റിയതിനു പിന്നിൽ തൻ്റെ മാതാവ് അമേലിയ വഹിച്ച പങ്ക് അനുകരണീയമാണ്. ഹഡ്സണ് ദൈവീകസ്പർശനം നേരിട്ടറിയാൻവേണ്ടി തൻ്റെ അമ്മയുടെ നാലു മണിക്കൂർ നീണ്ട പ്രാർത്ഥന പ്രശസ്തമത്രേ! (സഹപ്രാർത്ഥനക്കാരിയായ 13 വയസ്സുള്ള തൻ്റെ ഇളയ സഹോദരിയും ഉണ്ടായിരുന്നു.)

ഇന്ത്യയിൽ തമിഴ്നാട്ടിലെ ദോനാപൂറിൽ അശരണരായ ആയിരിക്കണക്ക് കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അപ്പവും വെള്ളവും മാത്രമല്ല, ഉപ്പും വെളിച്ചവും പകർന്ന എമി കാർമൈക്കിൾ ത്യാഗപൂർണമായ തൻ്റെ പ്രവൃത്തികൾക്ക് പിൻബലം പകർന്ന തൻ്റെ ആത്മീയ ഗുരുവായിരുന്ന മാതാവിന്റെ സ്വാധീനത്തെക്കുറിച്ച് അവർ കൂടെ കൂടെ പറയാറുണ്ടായിരുന്നു. ‘മദർ ഗ്രഹാം’ എന്നറിയപ്പെടുന്ന ‘മോറോ കോഫീ ഗ്രഹാം’ എന്ന മാതാവിന്റെ മകനാണ് ബില്ലി ഗ്രഹാം എന്നു പറഞ്ഞാൽ അതിന് കൂടുതൽ വിശദീകരണം വേണമെന്ന് എനിക്കു തോന്നുന്നില്ല.

“Put your hand in the hands of Jesus and never look back” എന്ന നിർദേശത്തോടുകൂടെ തൻ്റെ മക്കളെ കർത്താവിന്റെ വേലയ്ക്കായി പറഞ്ഞയച്ച അൽബേനിയക്കാരി ‘Dranafile Bojaxhiu’ എന്ന പാവങ്ങളുടെയും രോഗികളുടെയും കൂട്ടാളിയായിരുന്ന മാതാവ് നമുക്ക് പരിചിതയല്ല, എന്നാൽ ചെറുപ്പകാലത്ത് മാതാവിൽനിന്ന് ഉൾക്കൊണ്ട കാഴ്ചപ്പാടിന് ചിറക് മുളപ്പിച്ച് സേവനത്തിൻ്റെയും ത്യാഗത്തിന്റെയും പാതയിൽകൂടെ ഭാരതമണ്ണിൽ വെളിച്ചം പകർന്ന മദർ തെരേസാ എന്ന അവരുടെ മകൾ നമുക്ക് സുപരിചിതയല്ലേ?

ഒരു കഥയുംകൂടെ എഴുതിയിട്ട് നിർത്താമെന്നാണ് കരുതുന്നത്. പ്രസംഗികളുടെ പ്രഭു എന്നറിയപ്പെടുന്ന ചാൾസ് സ്പർജനെക്കുറിച്ചാണത്. അദ്ദേഹത്തിന്റെ മാതാവ് എലീസാ, പിതാവ് ജോൺ. സ്പർജൻ പറയുന്നു, “എന്റെ നല്ലവളായ മാതാവിന്റെ നല്ല വാക്കുകൾക്ക് ഞാൻ എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നു പറയാൻ വയ്യ.” ചാൾസിൻ്റെ പിതാവ് ഒരു ശുശ്രൂഷകനായിരുന്നു. ഒരു ദിവസം താൻ വീട്ടിൽ വന്നപ്പോൾ ആരെയും കണ്ടില്ല. അകത്തു കയറിപ്പോഴാണ് മനസ്സിലായത്‌ അമ്മയും മക്കളും പ്രാർത്ഥിക്കുകയായിരുന്നു. അവൾ ചാൾസിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നത് കേട്ടു. കുട്ടികൾ നല്ല കരങ്ങളിൽ തന്നെയാണ് എന്നു തനിക്കു മനസ്സിലായി.

ഇന്നത്തെ അമ്മമാർ തങ്ങളുടെ മക്കൾക്കായി പ്രാർത്ഥിക്കാൻ കൂടെ സമയമില്ലാത്ത വിധം തിരക്കുള്ളവരാണ്. എലീസായുടെയും സ്പർജൻ്റെയും കഥ മക്കൾക്കായുള്ള പ്രാർത്ഥന എത്രത്തോളം പ്രതിഫലം തരും എന്ന് കാണിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ കുട്ടികളുടെ ആത്മാക്കൾക്കുവേണ്ടി എത്രത്തോളം പ്രാർത്ഥിക്കുന്നു? ഈ മാതൃദിനത്തിൽ നമ്മുടെ കുട്ടികൾക്കായി പ്രാർത്ഥിക്കാം.

ഒടുവിൽ പറയട്ടെ, സ്റ്റേജിൽ കയറിനിന്ന് ഒരു വലിയ ജനക്കൂട്ടത്തോട് പ്രസംഗിച്ചു എന്നു വരികയില്ല, എങ്കിലും തൻ്റെ വീടിന്റെ നാലു ചുവരുകൾക്ക് അപ്പുറം ആരും തന്നെക്കുറിച്ച് അറിഞ്ഞെന്നും വരികയില്ലെങ്കിലും ചില അമ്മമാർ രൂപപ്പെടുത്തിയെടുക്കുന്ന വ്യക്തികളുടെ ജീവിതത്തിനു ലോകത്തിൽ മാറ്റം വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ശ്രേഷ്ഠരായ മകളുടെയും മകൻ്റെയും ഒക്കെ ജീവിതത്തിനു പിന്നിൽ പ്രാർത്ഥിക്കുന്ന അമ്മമാർ ഉണ്ടായിരുന്നു. മക്കളെ ദൈവവചനം പഠിപ്പിക്കുന്നതിന് അമ്മമാർ മുൻകൈ എടുക്കാൻ തയ്യാറാകണം. മക്കളുടെ ജീവിതത്തിനു രൂപവും ഭാവവും വരുത്തേണ്ടുന്ന പ്രായത്തിൽ അതു ചെയ്തു കൊടുക്കാൻ ദൈവവചനം അനുശാസിക്കുന്നത് മറന്നുപോകരുത്. പരിപൂർണരായ അമ്മമാരായി ആരും ഉണ്ടാകുകയില്ല. എന്നാൽ ദൈവവചനത്തോടും ദൈവീക ശുഷ്രൂകളോടും നിങ്ങൾക്ക് തീവ്രമായ ഒരു വിശപ്പും ദാഹവും ഉണ്ടെങ്കിൽ തിളച്ചുകൊണ്ടിരിക്കുന്ന ഒരു ചായ കെറ്റിൽപോലെ നിങ്ങൾ ആയിത്തീരും. ആ തീ ദൈവരാജ്യത്തിനുവേണ്ടി നിങ്ങളിൽനിന്ന് ബഹിർഗമിക്കും. അങ്ങനെ ഒരു അനുഭവത്തിൽ എത്തിക്കഴിഞ്ഞാൽ നിങ്ങൾ ഏറ്റവും ആദ്യം ചെയ്യുന്നത് ദൈവം നിങ്ങളുടെ കൈകളിൽ തന്നിരിക്കുന്ന മക്കളെ വചനം പഠിപ്പിക്കുക എന്ന വലിയ ദൗത്യമായിരിക്കും. സ്വന്തം വീട് ആദ്യം മിഷൻ ഫീൽഡ് ആക്കി മാറ്റുവാൻ അമ്മമാരായ നമുക്ക് സർവശക്തൻ്റെ സഹായം തേടാം.

 

സൂസി റോയി, ഹൈദരാബാദ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.