ലേഖനം: അറിഞ്ഞോ? വീണ്ടും തല്ലുമാല! | റോജി തോമസ്, ചെറുപുഴ

“അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു”എന്നു പറഞ്ഞു” (മത്തായി 18-21:22). ഇംഗ്ലീഷിലും മറ്റു പരിഭാഷയിലും “കർത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?” എന്നും വായിക്കാം.

എല്ലാ യുഗങ്ങളിലും വിശ്വസ്തതയുടെ അർത്ഥവ്യാപ്തി എന്താണെന്ന് വിശ്വാസി മറക്കുന്ന നിമിഷങ്ങളുണ്ട്. വിശ്വാസത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ടവർ അത് മറന്നു മത്സരിക്കാനും ഇടറുവാനും തുടങ്ങുമ്പോൾ, വിലകെട്ടുപോകുന്നതും, കർത്തൃമഹിമ നശിപ്പിക്കുന്നതും തകർക്കുന്നതും അതിനു ചുറ്റും നിർമ്മിച്ച സഭാ ഘടനകളെയുമാണ്. ഒരിക്കൽ പ്രാർത്ഥനയുടെ കൈകൾ താഴുമ്പോൾ ശത്രുതയിൽ അകപ്പെടുകയും സ്തുതിക്കുവേണ്ടിയുള്ള ശബ്ദങ്ങൾ കുറ്റാരോപണം കൊണ്ട് മൂർച്ചയേറിയതായി മാറുകയും ചെയ്യുന്നു. ഇത്തരം നിമിഷങ്ങളിലാണ് ക്രിസ്തു വചനങ്ങൾ വീണ്ടും ക്ഷമയുടെയും സമാധാന പാലനത്തിന്റെയും സഹനപോരാട്ടത്തിന്റെയും നന്മയുടെയും ഒാർമപ്പെടുത്തലാകുന്നത്; വീണ്ടും പ്രതിധ്വനിക്കുന്നത്: “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു.” ഇത് ഒരു സംഖ്യയല്ല; പാപസഖ്യത്തിന്റെ തകർച്ചയാണ്. അളക്കുക, കണക്കാക്കുക, നീരസത്തെ ന്യായീകരിക്കുക എന്നീ മനുഷ്യ സഹജാവബോധത്തിന്റെ തകർച്ച. അധികാരത്തിന്റെ ഗണിതത്തിൽ നിന്ന് പുറത്തുകടന്ന് കൃപയുടെ അളക്കാനാവാത്ത ആഴത്തിലേക്ക് ചുവടുവെക്കാനുള്ള ആഹ്വാനമാണിത്.

വിശ്വാസികൾ വിശ്വാസികളോട് മത്സരിച്ചാൽ എന്തു നേട്ടമാണുള്ളത്? സത്യം പങ്കുവയ്ക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും ആയ ഒരു സ്വത്താണെന്ന കാര്യം സഭകൾ മറക്കുമ്പോൾ; അധികാരികൾ താഴ്മയ്ക്ക് പകരം നിയന്ത്രണം വിടാൻ തുടങ്ങുമ്പോൾ; ഈ പോരാട്ടങ്ങൾ ഉപദേശവും ബോധ്യവും നീതിയും നശിപ്പിച്ച് തേരോട്ടം തുടങ്ങിയേക്കാം. ഈ പ്രക്രിയയിൽ നഷ്ടപ്പെടുന്നത് നേടിയതിനേക്കാൾ വളരെ വലുതാണ്. ഒരു ഭിന്നത, അസ്വാരസ്യം, ഭിന്നാഭിപ്രായം, തെറ്റിദ്ധാരണ, ഇനി ഒരു തകർച്ച തന്നെ ഉണ്ടായാൽ അതിനെ ക്ഷമിച്ചു സഹിച്ച് പരിഹരിക്കുന്നതിനു പകരം; സമൂഹ മാധ്യമങ്ങളിലും മറ്റു പ്രസ്ഥാനങ്ങളിലും സഭകളിലും പടർത്തുവാൻ ശ്രമിക്കുന്ന അപകടകരവും നാശകാരണവും ആയ ഒരു പ്രവണത വർദ്ധിച്ചുവരുന്നു. പ്രചരിക്കുന്ന വീഡിയോകളധികവും തന്ത്രപരമായി ഇല്ലാവചനം പ്രചരിപ്പിക്കുവാനും നശിപ്പിക്കുവാനും അപകീർത്തിപ്പെടുത്തുവാനും ഉള്ള വിധത്തിൽ എഡിറ്റ് ചെയ്ത് ചെറുകഷണങ്ങളാക്കി പ്രചരിപ്പിക്കുന്നവയും ഉണ്ട്. ഇത് പലപ്പോഴും പറഞ്ഞ അർത്ഥത്തിലും മാനത്തിലും വിപരീതം ആകുന്നു. പഴമൊഴി പോലെ സത്യത്തെ വക്രീകരിക്കുമ്പോൾ, സത്യം ചെരുപ്പ് ധരിച്ച് ഇറങ്ങുമ്പോഴത്തേക്കും തിന്മ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും. ഒരു പ്രശ്നം, കലഹം ഉടൻ പ്രചരിപ്പിക്കുമ്പോൾ; പിന്നെ അവർ ആ വിഷയത്തെ, പ്രശ്നത്തെ പരിഹരിച്ച് തെറ്റ് മനസിലാക്കി രമ്യതപ്പെട്ടാലും പ്രചരിച്ച വാർത്തയും വീഡിയോയും ദുർമാതൃകയായും പരിഹാസ്യമായും സമൂഹത്തിൽ കിടക്കും.

പരിഹരിക്കാത്ത വിഭജനം മതിലുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നില്ല അത് പ്രകടവും അനുഭവവും ഒാർമ്മയുമായി അവശേഷിക്കുന്നു. തളർന്നുപോകുകയോ, തകരുകയോ, വിശ്വാസത്തിന്റെ ഉമ്മറപ്പടിയിൽ നിൽക്കുകയോ ചെയ്യുന്നവർ കൃപയുടെ പ്രതിഫലനമല്ല, മറിച്ച് സംഘർഷത്തിന്റെ പ്രകടനമാണ് വെളിവാക്കുന്നത്. അവർ സ്നേഹ സന്ദേശത്തിൽ നിന്ന് തന്നെ അല്ല, മറിച്ച് അത് വഹിക്കുന്ന നന്മയിൽ നിന്ന് വ്യതിചലിക്കുന്നു. ആ കൂട്ടത്തിൽ ഉള്ളവർ ക്ഷീണിതരാകുന്നു; അവരുടെ വിശ്വാസം ശക്തിപ്പെടുന്നതിനുപകരം പിരിമുറുക്കം, ആശയക്കുഴപ്പം, വിശ്വാസഭംഗം എന്നിവയാൽ ഭാരമുള്ളതായി മാറുന്നു. അതിനാൽ, പോരാട്ടം തന്നിലും സഭയിലും മാത്രമല്ല, അത് വിശ്വാസികളെയും വിശ്വാസത്തെയും സൂക്ഷിക്കുന്നതിനെയും പുതിയവരെ സ്വാഗതം ചെയ്യുന്നതിനെയും നശിപ്പിക്കാൻ തുടങ്ങുന്നു. വിശ്വാസ സമൂഹങ്ങൾ ദുർബലമാകുന്നത് ക്രിസ്തീയ സത്യം പരാജയമായതുകൊണ്ടല്ല, മറിച്ച് അതിന്റെ സാക്ഷ്യം നാം കാരണം മറഞ്ഞുപോയതിനാൽ ആണ്. വിശ്വാസം ഒരിക്കലും അഹങ്കാരത്തിന്റെ യുദ്ധക്കളമല്ല.

പരിധിയില്ലാതെ ക്ഷമിക്കാനുള്ള കൽപ്പന ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്. അഹങ്കാരത്തിന്റെ കീഴടങ്ങൽ, പരാതികൾ പരിഹരിക്കൽ, സ്വയം ന്യായീകരണത്തിന്റെ ആയുധങ്ങൾ താഴെ വെക്കാനുള്ള സൗമ്യത എന്നിവ അത് ആവശ്യപ്പെടുന്നു. നേതൃത്തങ്ങളോട് അത് ആവശ്യപ്പെടുന്നത് ആധിപത്യത്തിലൂടെയല്ല, മറിച്ച് മാതൃകയിലൂടെയാണ്; അധികാരം ഉറപ്പിച്ചുകൊണ്ട് അല്ല, മറിച്ച് കാരുണ്യം ഉൾക്കൊള്ളുന്നതിലൂടെയാണ്.

ഏഴു എഴുപതു വട്ടം (എഴുപത്തിയേഴ് തവണ) ക്ഷമിക്കുന്നത് ക്ഷമയ്ക്കുള്ള, സ്നേഹത്തിനുള്ള ആഹ്വാനത്തേക്കാൾ വലിയ പ്രാധാന്യം ഒരു സ്ഥാപനത്തിനും, ഒരു സ്ഥാനത്തിനും, ഒരു വ്യക്തിക്കും ഇല്ലെന്ന് ഓർക്കണം. ലൗകിക കാര്യങ്ങളുടെ പേരിൽ വിശ്വാസികൾ പരസ്പരം ഭിന്നിക്കുമ്പോൾ; പദവി, സ്വാധീനം, അംഗീകാരം, വിശ്വാസം, വിശ്വസ്തത എന്നിവ മറക്കുന്നു. അവർ വിശ്വാസത്തെ പ്രഖ്യാപിക്കുകയല്ല, മറിച്ച് അതിനെ മറയ്ക്കുന്നു. വിശ്വാസത്തിന്റെ കാതൽ അനുകമ്പയിലൂടെയാണ് തെളിയിക്കപ്പെടുന്നത്. സംരക്ഷിക്കപ്പെടുന്നത് വാദങ്ങളിലൂടെയല്ല, മറിച്ച് ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിലൂടെയാണ്. അധികാരത്തിലൂടെയല്ല, ത്യാഗത്തിലൂടെയാണ്.

സഭകൾ ഓർക്കട്ടെ; ഐക്യം എന്നത് ഏകതയല്ല, മറിച്ച് സാർവത്രികമാണ്; സമർപ്പണമാണ്. അധികാരികൾ ഓർക്കണം; നേതൃത്വം എന്നത് ഉടമസ്ഥതയല്ല, മറിച്ച് കാര്യനിർവഹണമാണ്. ഓരോ വിശ്വാസിയും ഓർക്കണം; വിശ്വാസം മറ്റുള്ളവരെക്കാൾ സ്വയം ഉയർത്താനുള്ള ഒരു ഉപകരണമല്ല, മറിച്ച് നമ്മെ താഴ്മയിലേക്ക് താഴ്ത്തുന്ന ഒരു പാതയാണ്. “നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” (മത്തായി 23:10-12).

യഥാർത്ഥത്തിൽ പ്രധാന്യമുള്ളവയായി നാം അനുഗമിച്ചവയെ മറക്കാൻ പഠിക്കുന്ന ജീവിതത്തിന്റെ തുടക്കമാണ്. കാരണം, ആത്യന്തികമായി നിലനിൽക്കുന്നത് നമ്മുടെ സ്ഥാനമാനങ്ങളുടെ ശക്തിയല്ല, മറിച്ച് നമ്മുടെ കരുണയുടെ ത്യാഗത്തിന്റെ ആഴമായിരിക്കും. നാം നിർമ്മിച്ച മതിലുകളല്ല, മറിച്ച് പുനഃസ്ഥാപിക്കാൻ തിരഞ്ഞെടുത്ത രമ്യതയുടെ പാലങ്ങളാണ്. നാം കൈവശം വച്ചിരുന്ന ശക്തിയല്ല, മറിച്ച് നാം നൽകാൻ തയ്യാറാകുന്ന ക്ഷമയാണ്; കൃപയാണ്.

 

റോജി തോമസ്, ചെറുപുഴ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.