ലേഖനം: അത്ഭുകരമായ ക്ഷമ | റോയി ഇ. ജോയി
വ്യാഴാഴ്ച സന്ധ്യ:
– യേശു ശിഷ്യന്മാരോടൊത്ത് അന്ത്യ അത്താഴം കഴിക്കുന്നു
– യേശു ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നു
– യേശുവും ശിഷ്യന്മാരും ഒലിവു മലയിലേക്കു അഥവാ ഗെത്സമനാതോട്ടത്തിലേക്കു പോകുന്നു
– യേശു അറസ്റ്റുചെയ്യപ്പെടുന്നു. യേശു സൻഹിദ്രീമിനു മുന്നിൽ, ഒരു മൂട്ട് കോർട്ട്. കോടതിയിലുള്ള എല്ലാവരും തെളിയിക്കപ്പെടുന്നു, യേശു ഒഴികെ
– പത്രൊസ് യേശുവിനെ മുന്നു തവണ തള്ളിപ്പറയുന്നു
– പടയാളികൾ യേശുവിനെ പരിഹസിക്കുന്നു
വെള്ളിയാഴ്ച:
യേശു പീലാത്തോസിനും ഹെരോദാവിനും മുന്നിൽ
– യേശു കുരിശും വഹിച്ചു കാൽവറിമലയിലേക്ക്/കുറെനക്കാരനായ ശിമെയോൻ്റെ സഹായത്താൽ കുരിശ് തലയോടിടത്തേക്ക് കൊണ്ടുപോകുന്നു
– യേശുവിനെ രണ്ടു കള്ളന്മാരുടെ നടുവിൽ ക്രൂശിക്കുന്നു
ക്രിസ്ത്യാനിത്വം പോലെ ക്ഷമയ്ക്ക് ഊന്നൽ കൊടുക്കുന്ന മറ്റൊരു മതമുണ്ടോ?
നമ്മുടെ കർത്താവിനെ ഏകദേശം 9-മണിയായപ്പോൾ ക്രൂശിച്ചു. അവൻ ക്രൂശിൽതന്നെ 3-മണിവരെ കിടന്നു. ആ ക്രൂരമായ ആറു മണിക്കൂറുകൾ ക്രൂശിൽ കിടന്നുകൊണ്ട് ഏഴു മൊഴികൾ അവൻ പറഞ്ഞു. ലോകത്തിലുള്ള ഏഴ് അത്ഭുതങ്ങളെക്കാൾ മഹാത്ഭുതമായ ഏഴുമൊഴികൾ. ഇതാണ് യേശു പറഞ്ഞ ആദ്യത്തെ അത്ഭുതകരമായ മൊഴി: “പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ” (ലൂക്കൊസ് 23.34). ഇത് കുരിശിലെ അത്ഭുതകരമായ മൊഴിയാണ്. ഇത് ഒരിക്കലും മറന്നുപോകാനാകാത്ത പ്രാർത്ഥനയാണ്. ക്രൂശിതനായ ഒരു വ്യക്തിയിൽനിന്ന് പുറത്തുവരുന്ന അസാധാരണമായ ഒരു മൊഴി. സാധാരണ ക്രൂശിക്കപ്പെടുന്ന വ്യക്തികൾ അതി ക്രൂരവും അസഹനീയവുമായ വേദനയാൽ ചുറ്റിലും നിൽക്കുന്ന വ്യക്തികളെ ശപിക്കുകയും അസഭ്യം പറയുകയുമാണ് ചെയ്യുന്നത്. യേശു മറ്റുള്ളവരെപോലെ ആയിരുന്നില്ല, തൻ്റെ ക്രൂരവും ദയയില്ലാത്തവരുമായ പീഡകരെ ഓർത്തു പ്രാർത്ഥിച്ചു, അവർ കരുണ ലവലേശമില്ലാതെ നീണ്ടു കൂർത്തുമൂർത്ത ആണികൾ അവൻ്റെ കൈയിലും കാലിലും ആഞ്ഞ് അടിച്ചു കയറ്റുകയായിരുന്നു. പാവനമായ, പവിത്രമായ രക്തം പ്രവഹിക്കുന്നതോടൊപ്പം ഏറ്റവും പവിത്രമായ പ്രാർത്ഥന അവർക്കുവേണ്ടി ഉയർന്നു. അവന്റെ പ്രാർത്ഥന യെഹൂദ നേതാക്കൾക്കും റോമൻ പടയാളികൾക്കും അവനെ പരിഹസിക്കുന്ന ജനക്കൂട്ടത്തിനുമായിരുന്നു. അവരുടെ പാപം അവർ അറിഞ്ഞോ അറിയാതെയോ ദൈവപുത്രനെ ക്രൂശിക്കുന്നതായിരുന്നു. ഈ പ്രാർത്ഥനയും മറ്റുവാക്കുകളും കുരിശിലെ ഒരു കള്ളനെ വല്ലാതെ സ്വാധീനിച്ചു. അതുകൊണ്ട് രാജത്വം പ്രാപിച്ചു വരുമ്പോൾ തന്നെയും ഓർത്തുകൊള്ളണമേ എന്ന് ഒരു എളിയ യാചന അവൻ നടത്തി. ക്രൂശീകരണം പൂർത്തിയായപ്പോഴേക്കും ഒരു റോമൻ ശതാധിപന് ഉറപ്പായിരുന്നു യേശു നിരപരാധി ആയിരുന്നുവെന്ന്. അതിനാലവൻ പറഞ്ഞു, “ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു” (ലൂക്കൊസ് 23.47) എന്ന്. ഈ ചരിത്രത്തെ ആസ്പദമാക്കിയുള്ള ഒരു നോവലാണ്, ‘ദി റോബ്’ എന്നത്. ‘ദി റോബ്’, യേശുവിന്റെ വസ്ത്രം ചീട്ടിട്ട് എടുത്ത പടയാളിക്കുറിച്ചുള്ളതാണ്. പെന്തെക്കോസ്തു ദിനം വന്നപ്പോൾ രക്ഷിക്കപ്പെട്ട മൂവായിരം പേരിൽ യേശുവിന്റെ ക്രൂശീകരണം കണ്ട ചിലരും ഉണ്ടായിരുന്നിരിക്കണം. പിന്നീട് “പുരോഹിതൻമാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു” (അപ്പൊ. 6.7). അവർക്ക് തീർച്ചയായും അറിയാമായിരുന്നു യേശു എന്താണ് ചെയ്തതെന്നും പറഞ്ഞതെന്നും.
സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ സ്തെഫാനോസിൽ യേശുവിന്റെ ഈ പ്രാർത്ഥനയുടെ വലിയൊരു സ്വാധീനം കാണാം. അവനെ ജനങ്ങൾ എല്ലാം ചേർന്ന് കല്ലെറിഞ്ഞു കൊല്ലുമ്പോൾ അവൻ പ്രാർഥിച്ചു, “കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ” (അപ്പൊ. 7.60). ഈ പ്രാർത്ഥനയുടെ ഫലമായി ശൗൽ എന്ന ബാല്യക്കാരൻ്റെ, ഈ കൊലപാതകത്തിന് ഉത്തരവാദിയായവൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു. അതുപോലെ ഞാനും നിങ്ങളും ഉൾപ്പെടെ എത്രായിരം പേരുടെ പാപങ്ങൾ ക്ഷമിച്ചു രക്ഷിക്കപ്പെടുത്തിയിരിക്കുന്നു. ഈ ജനങ്ങളെല്ലാം സ്വർഗരാജ്യത്തിന് അവകാശികളായി എന്തുകൊണ്ടെന്നാൽ യേശുക്രിസ്തു പിതാവിനോടു പ്രാർഥിച്ചു നമ്മുടെ പാപങ്ങളെല്ലാം ക്ഷമിച്ചു തന്നു.
ക്ഷമയെക്കുറിച്ച് പ്രസംഗിക്കാനും എഴുതാനും എന്തു മനോഹരമാണ്. അത് പ്രവർത്തിയിൽ വരുത്തുന്നത് അല്പം പ്രയാസമാണ്. ഈ ലേഖകനോടൊന്ന് ക്ഷമ പ്രവർത്തിയിൽ വരുത്താമോ എന്നു ചോദിച്ചാൽ ഞാനങ്ങ് അപ്രത്യക്ഷനായിപ്പോകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല! എന്നാൽ യേശു അങ്ങനെ ചെയ്യത്തില്ല. യേശു തൻ്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ ശിഷ്യന്മാരോടു പറഞ്ഞു, “കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ…നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ…” (മത്തായി 5.43,44). യേശു ക്രൂശിന്മേൽ ചെയ്തതും അതായിരുന്നു.
ദൈവികകോപത്തിൻ്റെ സുനാമിപ്രളയം ഈയൊരു പ്രാർത്ഥന തടഞ്ഞുനിർത്തി എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. എബ്രായർ 10.29-31 വരെ എന്താണ് പറയുന്നത്? “ദൈവപുത്രനെ ചവിട്ടിക്കളകയും…കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്ന് വിചാരിപ്പിൻ.” ജോനാഥാൻ എഡ്വേർഡ്സ് 18-ാം നൂറ്റാണ്ടിൽ ‘Sinners in the hands of an angry God’ (കോപിഷ്ഠനായ ദൈവത്തിന്റെ കരങ്ങളിൽ പാപികൾ) എന്ന് ആവർത്തനം 32.35 ആസ്പദമാക്കി പ്രസംഗിച്ചു. അനവധി പാപികൾ കരച്ചിലോടും കണ്ണീരോടും കൂടെ അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെട്ടു എന്ന് ഞാൻ വായിച്ചിട്ടുണ്ട്. അനവധി പേർ തങ്ങളുടെ പാപം നിമിത്തം അവിടെയുള്ള തൂണുകളിലൊക്കെ കെട്ടിപിടിച്ചത്രേ തങ്ങളെ ഇപ്പോൾ കൊല്ലരുതേ എന്നു പറഞ്ഞുകൊണ്ട്. ക്രിസ്തുവിന്റെ ഈ പ്രാർഥനയാൽ സംഭവിച്ച അത്ഭുതമെന്താണന്നറിയില്ലേ? നിത്യതയോളം നാം ഈ പ്രാർത്ഥനയുടെ ആഴവും അർഥവും അത്ഭുതവും അറിയില്ല.
യേശുവിനെ അവർ എങ്ങനെയാണ് കൈകാര്യം ചെയ്തത്? അങ്ങേയറ്റം ദ്രോഹിയായ ഒരു ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെയായിരുന്നു. അവൻ പടയാളികളാലും യെഹൂദ നേതാക്കളാലും പരിഹസിക്കപ്പെട്ടു. ഇങ്ങനെയോ അവനെ കൈകാര്യം ചെയ്യുന്നത്? അവനാരാണ്? “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു” ദൈവപുത്രൻ, ദൈവത്തിന്റെ കുഞ്ഞാട്…. ഇപ്പോൾ അവന്റെ കരങ്ങളും കാലുകളും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ടിലെ പ്രശസ്തനായ ഒരു ക്രിസ്തീയ പാട്ടുകാരനായിരുന്നു, ഗ്രഹാം കെൻഡ്രിക്സ്. അദ്ദേഹം മനോഹരമായ ഒരു പാട്ടെഴുതി, “From heaven you came helpless babe…, Hands that flung stars into space, to cruel nails surrendered.” (സ്വർഗ്ഗത്തിൽനിന്നു വന്ന നിസ്സഹായനായ കുഞ്ഞേ,…. അനന്തവിഹായസിൽ നക്ഷത്രങ്ങൾ ആ കരങ്ങൾ വാരിയെറിഞ്ഞു, എത്രയും ക്രൂരമായ ആണികളടിച്ചുവല്ലോ).
മധുരപ്രതികാരത്തെക്കുറിച്ച് ആളുകൾ പറയാറുണ്ട്. അവർ തങ്ങളുടെ ശത്രുക്കളെ എങ്ങനെ നിശബ്ദരാക്കിയെന്ന് പൊങ്ങച്ചം തട്ടിവിടാറുണ്ട്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ എതിരാളികളെ എങ്ങനെ പരാജയപ്പെടുത്തി എന്ന് വീമ്പിളക്കാറുണ്ട്. സ്പോർട്സ് ടീമുകൾ തങ്ങളുടെ എതിർ ടീമിനെ എങ്ങനെ തോല്പിച്ചു എന്ന് ആത്മാഭിമാനത്തോടെ സംസാരിക്കാറുണ്ട്. തങ്ങളുടെ ഇരകളോട് ഒട്ടും ദയ കാണിക്കാത്ത ക്രിമിനലുകൾക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ബഹളം വെയ്ക്കാറുണ്ട്. കുറ്റകൃത്യങ്ങൾക്ക് പരമാവധി കഠിനമായ ശിക്ഷ പ്രതിവിധിയായി കൊടുക്കണമെന്നാണ് മിക്ക ഭരണഘടനകളും സർക്കാരുകളും പറയുന്നത്. എന്നാൽ ക്രൈസ്തവർക്ക് ക്ഷമിക്കുവാനുള്ള ഭരണഘടനയാണ് ഉള്ളത്.
ആസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനേയും പത്തും ആറും വയസ്സുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും 1999-ൽ ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ക്രൈസ്തവ വിരോധികൾ നിർദയം ജീവനോടെ ദഹിപ്പിച്ചു. അതിനിഷ്കരുണമായ ഈ കൊലപാതകത്തെ ഇന്ത്യയിലെ എല്ലാ മതേതര വിശ്വാസികളും അപലപിച്ചു. ചില ആഴ്ചകൾക്കുശേഷം വിധവയായ ഗ്ലാഡിസ് സ്റ്റെയിൻസ് തൻ്റെ ഭർത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നവരോട് അവരെ താൻ ക്ഷമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. തങ്ങളെ പീഡിപ്പിച്ചവരോട് ക്ഷമിച്ച യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും പിന്നീടുള്ള അനവധി ശിഷ്യന്മാരുടെയും പാതയിലൂടെയാണ് അവൾ മുന്നേറിയത്.
നമ്മെ മനഃപൂർവം വേദനിപ്പിക്കുന്നവരോട് നമുക്ക് ക്ഷമിക്കാനൊക്കുമോ? നിങ്ങൾക്കു ശത്രുക്കളാണോ മിത്രങ്ങളാണോ കൂടുതൽ? (അറിയില്ല എങ്കിൽ ഏതെങ്കിലും ഒരു കമ്മറ്റിയിലേക്കു മത്സരിച്ചാൽ മതി, അപ്പോഴറിയാം!) നമ്മുടെ ക്ഷമ പലപ്പോഴും പല്ലുവേദനപോലെയാണ്. പല്ലുവേദന അനുഭവിക്കുന്നവർ ആ വേദന പ്രസവേദനപോലെയെന്നു പറയുന്നു. എനിക്കറിയില്ല! പല്ലുവേദനയുള്ളവർ ദന്തഡോക്ടറുടെ അടുത്ത് ചെന്ന് വേദനയുള്ള പല്ല് എന്നെന്നേക്കും എടുത്തു മാറ്റാൻ ശ്രമിക്കും. ദന്തഡോക്ടർ വേദനയുള്ള ദന്തം എടുത്തു മാറ്റുന്നു. രോഗി ഒരു ജ്ഞാനപ്പല്ല് കുറവുള്ളവനായി ഭവനത്തിൽ തിരിച്ചുവരുന്നു. ഒരു ദിവസം ഒരൊറ്റ മനുഷ്യരോട് സംസാരിക്കുകയില്ല. ഭൂമിയിൽ സമാധാനം! ഇപ്പോൾ അത് താങ്കൾക്ക് പതിവായി വേദന തന്നിരുന്ന വ്യക്തിയോട് ക്ഷമിച്ചതുപോലെയാണ്. ചിലപ്പോൾ ദന്തിസ്റ്റിൻ്റെ അബദ്ധത്താൽ എടുത്തുകളഞ്ഞ പല്ലിന്റെ ഒരു ശിഷ്ടം അവിടെ ശേഷിക്കുന്നത് സമയമാകുമ്പോൾ പൊങ്ങിവരും. പല ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം അതു വീണ്ടും പൊങ്ങിവന്ന് വലിയ വേദന ഉളവാക്കും. ശരിയായ ക്രിസ്തീയ ആത്മാവിൽ നിങ്ങൾ ജനങ്ങളോട് ക്ഷമിക്കും, എന്നാൽ അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ കഷണം അവിടെ വിട്ടേക്കും. നിങ്ങളുടെ പങ്കാളിയോടോ മറ്റാരെങ്കിലുമോടോ ഒരു വാദവിവാദം ഉണ്ടായാൽ സത്യത്തിന്റെ ആ കഷണം വീണ്ടും പൊങ്ങിവരും. അത് നിങ്ങളുടെ നാവിൽ തട്ടുകയും പിച്ചും പേയും പറയുകയും ചെയ്യും.
ക്ഷമിക്കുക എന്നത് വിലയേറിയ ഒരു കാര്യമാണ്. അത് കർത്താവിന്റെ പ്രാർത്ഥനയെ പ്രായോഗികമാക്കുകയാണ്. “ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ…” (മത്തായി 6.12). അത് തൻ്റെ പക്കൽനിന്ന് ഒരു ലക്ഷമോ കൂടുതലോ കടം മേടിച്ചവനോടു തിരികെത്താടാ എന്നു പറയാത്തതുപോലെയാണ്. അത് തന്നെ മുറിവേല്പിച്ചവനെ മുറിവേല്പിക്കാത്തതുപോലെയാണ്. അത് തനിക്കു തിന്മ ചെയ്തവനോട് തിന്മ ചെയ്യാത്തതുപോലെയാണ്. പക്ഷേ, ബാങ്കിൽനിന്ന് നിങ്ങൾ ലോണെടുത്തിട്ടുങ്കിൽ അത് തിരിച്ചടക്കണം. അവര് അങ്ങനെ ക്ഷമിക്കത്തൊന്നുമില്ല.
ക്ഷമിക്കുന്നതിന് മറ്റൊരു മാനം കൂടെയുണ്ട്. നമ്മോടു ക്ഷമിക്കുവാൻ പറഞ്ഞു, എന്നാൽ മറ്റുള്ളവരുടെ അടുത്തുപോയി ക്ഷമ ചോദിക്കുന്നത് എങ്ങനെ ഇരിക്കും? ഗോല്യാത്തുപോലെയൊരുവൻ എന്റെ മൂക്ക് ഇടിച്ചു ചപ്പാത്തിപരുവം ആക്കിയാലെന്തു ചെയ്യും? എനിക്കവനെ തിരിച്ചടിക്കാനൊക്കാത്തതിനാൽ അവനോടു ക്ഷമിച്ചേക്കാം അല്ലേ? എന്നാൽ എന്നെക്കാൾ ബലഹീനനായ ഒരാളെ ഞാൻ നോവിച്ചാൽ, ഞാനവൻ്റെ അടുത്തുപോയി ക്ഷമ ചോദിക്കുമോ? ഇത് ഇക്കാലത്ത് ഏറെ അത്യാവശ്യമായി വരുന്നു. ക്ഷമിക്കുവാൻ കഴിയാത്തതിനാൽ എത്രയോ തകർന്ന കുടുംബങ്ങൾ നമുക്ക് ചുറ്റിനുമുണ്ട്. ഒരു വഴക്കുണ്ടായതിനുശേഷം അത് പരിഹരിക്കുവാൻ കുരിശിൻ്റെ ചുവട്ടിൽ പോകാതെ നേരെ കോടതിയിൽ പോകുന്നു. കുരിശിന്മേലെന്താണ് സംഭവിച്ചത്? രക്തം ധാരയായി ഒഴുകുമ്പോൾ, അവൻ കഠിനമായ വേദനതിന്നുമ്പോൾ യേശു ക്ഷമിച്ചു. ഇത്തരം കഠിനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ക്ഷമ എന്ന വാക്ക് ഉച്ചരിക്കാനാവില്ല. യേശു ഈ സമയത്ത് തികഞ്ഞ ബോധത്തോടുകൂടെയാണ് സംസാരിച്ചത്.
ബൈബിൾ ക്ഷമയെ ഊന്നിപ്പറയുന്നു. മത്തായി 18.21-35 വരെ നാം ക്ഷമയുടെ ഒരു കഥ കാണുന്നു. ക്ഷമിക്കുവാൻ മനസ്സില്ലാതെ കൂട്ടുദാസൻ്റെ കൊംഗായ്ക്കു പിടിക്കുന്നതാണ് കഥ. “കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴച്ചാൽ ക്ഷമിക്കേണം?…യേശു അവനോട്: ഏഴുവട്ടമല്ല, ഏഴ് എഴുപതുവട്ടം….” ഏഴ് എഴുപതുവട്ടം എത്തിക്കഴിഞ്ഞാൽ വീണ്ടും ഏഴ് എഴുപതുവട്ടം ശ്രമിക്കണം. വാസ്തവത്തിൽ യേശു പത്രൊസിനോടു പറയുവാൻ ശ്രമിച്ചത് നീ ‘എന്നെന്നേക്കുമായി’ ക്ഷമിക്കണം എന്നത്രേ.
നിങ്ങൾക്ക് ചന്ദനമരത്തെക്കുറിച്ച് അറിയാമല്ലോ. ആ മരക്കഷണം അതിന്റെ സുഗന്ധം കൊണ്ട് അമൂല്യമാണ്. അത് എത്ര മുറിക്കുന്നുവോ അത്രയും സുഗന്ധം പടരും. ദശാബ്ദങ്ങളോളം അതിന്റെ സുഗന്ധം മങ്ങിപ്പോകയില്ല. യേശു ഒരു പച്ചമരം പോലെ (ലൂക്കൊസ് 23.31) മുറിവേല്പിക്കപ്പെട്ടപ്പോൾ അതിസുന്ദരമായ സുഗന്ധം പരന്നു. രണ്ടായിരത്തി ഇരുപത്തിയഞ്ച് വർഷങ്ങൾക്കുശേഷവും യേശുവിന്റെ ആ പ്രാർത്ഥന സുഗന്ധം പരത്തുന്നു. നാം മുറിവേല്ക്കുമ്പോൾ കൂടുതലായി സുഗന്ധം പരത്തുവാൻ നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ ക്ഷമിക്കുന്ന മനോഭാവം ഒരു അരോമാതെറാപ്പിപോലെ നമ്മുടെ ചുറ്റുമുള്ളവർക്ക് ഭവിക്കട്ടെ. ആമേൻ!
റോയി ഇ. ജോയി

- Advertisement -



Comments are closed, but trackbacks and pingbacks are open.