ലേഖനം : ക്രിസ്തീയ പാട്ടുകളും – ഇന്നത്തെ നവീന പ്രവണതകളും

പാസ്റ്റർ. ബൈജു സാം നിലമ്പൂർ.

കർത്താവിൽ എന്റെ പ്രിയ സഹോദരങ്ങൾ ഒന്നും ചിന്തിക്കരുത് കുറച്ച് കാര്യങ്ങൾ ഞാൻ ഇവിടെ കുറിക്കട്ടെ. ഭക്തൻമാരായ കെ വി സൈമൺ,നാഗൽ സായിപ്പ്,കൊച്ചുഞ്ഞുപദേശി,എം ഇ ചെറിയാൻ………ആദിയായ ദൈവഭൃത്യരുടെ ഗാനങ്ങൾ ആശയ സംമ്പുഷ്ടവും, വേദശാസ്ത്രപരവും ആത്മസംവേദനങ്ങളുമാണ്. മഹാകവി കെ വി സൈമണിന്റെ ഗാനങ്ങൾ മിക്കതും വിശ്വാസികളെ മാത്രമല്ല ക്രൈസ്തവേതര വിശ്വാസികളേയും ഗാന രചയിതാക്കളെയും പോലും ആകർഷിച്ചിട്ടുണ്ട്. പഴയ ഗാനങ്ങളും ഇന്നത്തെ തട്ടു പൊളിപ്പൻ ഗാനങ്ങളും ഒരു നിരുപണത്തിന് വിധേയമാക്കണം.

ഭാഷ പ്രയോഗങ്ങളുടെ ദൗർബല്യം,ആശയ ദാരിദ്ര്യം ,ആത്മീയ സംബന്ധമായ കാര്യങ്ങളുടെ പിശുക്ക്,എന്നിവ ഇന്നത്തെ പാട്ടുകളിൽ കാണാൻ സാധിക്കും.
പത്താം ക്ലാസിൽ ഒ എൻ വി കുറുപ്പിന്റെയും,തുഞ്ചത്തെഴുത്തച്ചന്റെയും അർത്ഥഗാഭീര്യവും,വൃത്താലാങ്കാര ലക്ഷണങ്ങൾ കൊണ്ട് നിബിഡമാക്കപ്പെട്ട, ആശയ സംവേദനങ്ങളായ,പദ്യങ്ങൾ കേട്ടു വളരുന്ന ഒരാൾക്ക് ഒന്നാം ക്ലാസിൽ പിള്ളാരെ പഠിപ്പിക്കുന്ന ”കാക്കേ കാക്കേ കൂടെവിടെ………”എന്നു പാടി കേൾപ്പിച്ചാൽ എങ്ങനെ ഇരിക്കും ? ഇതിനും സമാനമായ കാര്യങ്ങളാണ് ഇന്നത്തെ തൊണ്ണൂറു ശതമാനം ഗാനങ്ങളിലും കാണാൻ സാധിക്കുന്നത്. പത്തു ശതമാനം നല്ല ഗാനങ്ങൾ ഉണ്ട് എന്നുള്ളത് വിസ്മരിക്കുന്നില്ല.

കഴിഞ്ഞ ദിനങ്ങളിൽ ഈയുളളവന്റെ ചർച്ചിൽ ഒരു പുതിയ പാട്ട് പാടി. അതിന്റെ ലൈൻ ഇങ്ങനെയാണ്..
നിന്നെ ആരാധിക്കുന്നാണെന്റെ ആശ
നിന്നെ സ്തുതിക്കുന്നതാണെന്റെ വാഞ്ച……..അങ്ങനെ പോകുന്നു.. പാടിയ ആളോട് പറഞ്ഞു ഈ സ്റ്റൈലിൽ അമ്പത് ലൈൻ ഞാൻ എഴുതി തരാംമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുച്ചുകൊണ്ട് പോയി.
ഇന്നത്തെതു പോലെയുള്ള ഗാനങ്ങൾ എഴുതാൻ വലിയ കഴിവൊ കൃപയൊന്നു വേണ്ട. പിന്നെ ദൈവത്തെ ആദ്യമായി കേൾക്കുന്നവരുടെ നടുവിലും, ആത്മീയ വളർച്ച ഇല്ലാത്തവരുടെ നടുവിലും പാടാൻ കൊള്ളാം ഇന്നത്തെ ചില പുതിയ പാട്ടുകൾ. ചിലത് അതിനു പോലും കൊള്ളുകയില്ല. ദേഹം,ദേഹി ഘടകങ്ങളെ പരിപോഷിപ്പിക്കുന്നവയും, ലൗകീക വ്യപാര മണ്ഡലത്തിൽ വ്യവഹരിക്കാൻ പ്രചോദനം നൽകുന്നവയും ഇന്നത്തെ പാട്ടുകളിൽ ഉണ്ട് എന്നു പറഞ്ഞാൽ അതിശയോക്തി അല്ല.

 

ഇന്നത്തെ തൊണ്ണൂറു ശതമാനം ഗാനങ്ങളും ഒരർതഥവും കഥയും ഇല്ലാത്ത ഗാനങ്ങൾ തന്നെയാണ്. അതറിയണമെങ്കിൽ പഴയ ഗാനങ്ങൾ മനസ്സിലാക്കണം.കഠിന ശോധയുടെ നടുവിൽ ആത്മ പ്രചോദനങ്ങളാൽ എഴുതപ്പെട്ടവയാണ് അവയിൽ ഭൂരിഭാഗവും. അത്തരം ഗാനങ്ങൾ കേട്ട് ആത്മ പ്രചോദനം ഉൾകൊണ്ടിട്ടുള്ളവർക്ക് ഇപ്പോഴത്തെ പാട്ടുകളെ ദയനീയ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നും.വൃത്തം,സാഹിത്യം, അർത്ഥഗാഭീര്യത, പ്രത്യാശ നിർഭരം എന്നിവ പഴയ ഗാനങ്ങളുടെ പ്രത്യേകതകളാണ്. ഇന്ന് കുറെ പാട്ട് ഇറങ്ങിയിട്ടുണ്ട് അവയുടെ സാരാംശം തന്നെ വളരെ വിചിത്രമാണ് സങ്കടം മാറും, ദുഃഖം മാറും,വിടുതൽ വരുന്നു,ഒരായിരം നന്ദി ,ഇങ്ങനെ കുറെ വാക്കുകൾ കാണാം.

അനുഭവങ്ങളുടെ മൂശയിൽ നിന്ന് തനദായ ശൈലിയിൽ,സ്വയം ഈണം നൽകി, വിരജിതമാക്കപ്പെട്ട പഴയ ഗാനങ്ങളെ വികലമാക്കുന്നതാണ് അതിലേറെ കഷ്ടം. സിനിമാറ്റിക്,റോക്ക്,ഹിപ്പ് ഹോപ്പ് ,തുടങ്ങി ക്രസ്തീയേതര നവഗാന സമുച്ചയങ്ങളുടെ താളത്തിന് ഒപ്പിച്ച് ഭക്തൻമാരുടെ ഗാനങ്ങളെ വലിച്ചിഴക്കുന്നത് അവരോട് കാണിക്കുന്ന അപരാധം തന്നെ ആണ്. അവ നിരുത്സാഹപ്പെടുത്തപ്പെടേണ്ടതാണ്.

പാസ്റ്റർ. ബൈജു സാം നിലമ്പൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.