ലേഖനം: വരുന്നു പാലസ്തീനിന്റെ ഈറ്റുനോവ് | പാസ്റ്റർ സണ്ണി പി സാമുവൽ

ഗലീലക്കടലിന്റെ പുനരുജ്ജീവനത്തിനും നിലനില്പിനും വേണ്ടി ശുദ്ധീകരിച്ച കടൽവെള്ളം യാന്ത്രിക സഹായത്താൽ അതിലേക്കു പമ്പുചെയ്യുന്നതു നാം കണ്ടുവല്ലോ. എന്നാൽ മനുഷ്യനിർമ്മിതമായ ഈ പദ്ധതിയ്ക്കു ബദലായി ഭാവിയിൽ ദൈവദത്തമായി തികെച്ചും സ്വാഭാവികമായ ശക്തിയേറിയ ഒരു നീരുറവും അതിലൂടെ യെരൂശലേമിൽനിന്നു മദ്ധ്യധരണ്യാഴിയിലേക്കു ഒഴുകുന്ന ഒരു വലിയ നദീതടവും താഴ്‌വരയും ഉണ്ടാകുമെന്നു ബൈബിൾ പ്രവചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഗർഭവതിയായ ഒരു സ്ത്രീ പ്രസവിക്കുമ്പോൾ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങൾ പോലെ; പുതിയ നദീതടവും അതിന്റെ താഴ്‌വാരവും രൂപപ്പെടണമെങ്കിൽ പാലസ്തീൻ ഭൂമിശാസ്ത്രപരമായി കഠിനമായ ഭൂകമ്പങ്ങളെയും മലക്കം മറിച്ചിലുകളെയും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ സംഭവിക്കുക എന്നതു പ്രവചന നിവൃത്തിയാണ്. ഈ കാര്യം ബൈബിളിൽ മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കുന്നു.

News Middle Advt Banner

“അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നിൽക്കും; ഒലിവുമല കിഴക്കു പടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്‌വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും (സെഖ:14:4). എന്നാൽ മലകളുടെ താഴ്‌വര ആസൽവരെ എത്തും. അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും (സെഖ:14:8). ദേശം മുഴുവനും മാറി ഗേബ മുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻ ഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും (സെഖ:14:10).”

ഈ പ്രവചനങ്ങൾ നിവർത്തിക്കപ്പെടേണമെങ്കിൽ ഒരു വലിയ ഭൂകമ്പം അനദി വിദൂരഭാവിയിൽ പാലസ്തീനിൽ സംഭവിച്ച മതിയാകൂ. ഈ ഭൂകമ്പം ഉസ്സിയാവിന്റെ കാലത്തുണ്ടായ ഭൂകമ്പം പോലെ ആയിരിക്കുമെന്നാണു അഞ്ചാം വാക്യത്തിൽ പറയുന്നത്.

ഉസ്സീയാവിന്റെ കാലത്തെ ഭൂകമ്പത്തിന്റെ തീവ്രത

“യെഹൂദയിലെ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പത്തിനു മുമ്പു ഓടിപ്പോയതുപോലെ” ജനങ്ങൾ ഓടിപ്പോകുമെന്നു സെഖര്യാവു പറയുമ്പോൾ, പ്രവാചകൻ വളരെ നിർദ്ദിഷ്ടവും ഭയാനകവുമായ ഒരു ചരിത്ര നാഴികക്കല്ലിനെയാണു പരാമർശിക്കുന്നത്. ആധുനിക പുരാവസ്തുശാസ്ത്രവും പാലിയോസീസ്മോളജിയും ഈ സംഭവം കൃത്യമായി സ്ഥിരീകരിച്ചിട്ടുണ്ട്. യിസ്രായേലിൽ ഉടനീളം -വടക്കേ അറ്റത്തുള്ള ഹാസോർ മുതൽ യെരൂശലേമിലെ ദാവീദിന്റെനഗരം വരെ- ഉൽഖനനം നടത്തിയ ശാസ്ത്രജ്ഞർ; 8-ാം നൂറ്റാണ്ടു ബി.സി.യുടെ മദ്ധ്യത്തിൽ അതിശക്തമായി തകർന്ന മതിലുകളും തകർന്ന പാത്രങ്ങളും അടങ്ങുന്ന നാടകീയവും ഏകീകൃതവുമായ ഒരു നാശപാളി കണ്ടെത്തി. ഉസ്സിയാവിന്റെ കാലത്തുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.8 മുതൽ 8.2 വരെ തീവ്രത രേഖപ്പെടുത്തിയ ഒരു വിനാശകരമായ ഭൂകമ്പമായിരുന്നുവെന്നു ഇതിലൂടെ ഭൂമിശാസ്ത്രജ്ഞർ കണക്കാക്കുന്നു, ഇതു പുരാതന ലെവാന്റിലെ ഏറ്റവും ശക്തവും അവിസ്മരണീയവുമായ ടെക്റ്റോണിക് സംഭവങ്ങളിലൊന്നായി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം ഒരെണ്ണം ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു.

ടെക്റ്റോണിക് ഫോൾട്ട് ലൈനിന്റെ വിഭജനം

ഉസ്സിയാവിന്റെ കാലത്തെ ഭൂകമ്പത്തെ തൊട്ടുപറഞ്ഞതിനാൽ, ഭാവിയിലെ സംഭവം ഒരു ചെറിയ കുലുക്കമായിരിക്കില്ല; അതു അഭൂതപൂർവ്വമായ, അതിബീഭത്സമായ അളവിലുള്ള (പ്ലേറ്റ്) ടെക്റ്റോണിക് മാറ്റമായിരിക്കും എന്നു സെഖര്യാവു ചൂണ്ടിക്കാണിക്കുന്നു. ഭൂമിശാസ്ത്രപരമായി, യെരൂശലേംപർവ്വതനിരയും ഒലിവുമലയും ഭൂമിയിലെ ഏറ്റവും വലിയ പ്ലേറ്റ് അതിർത്തികളിലൊന്നായ ഡെഡ് സീ ട്രാൻസ്ഫോം (DST) ഫോൾട്ട് ലൈനിനോടു തൊട്ടുപിന്നിലായി സ്ഥിതിചെയ്യുന്നു. മശിഹായുടെ പാദങ്ങൾ ഒലിവുമലയിൽ സ്പർശിക്കുന്ന മാത്രയിൽ അതു കിഴക്കുനിന്നു പടിഞ്ഞാറോട്ടു പിളരുകയും ചെയ്യുമ്പോൾ, അതു സൃഷ്ടിക്കുന്നതു ഒരു ഹൈപ്പർ-പിളർപ്പു ആയിരിക്കും.

കിഴക്കു-പടിഞ്ഞാറൻ മലയിടുക്ക്

ഭൂകമ്പത്തിലൂടെ പർവ്വതത്തിന്റെ വിഭജനം നടന്നാൽ സംജാതമാകുന്ന വിള്ളൽ ആസൽ വരെ നീളുന്ന ഒരു അടിയന്തര ജലനിർഗ്ഗമനപാതയായി വർത്തിക്കുന്ന ഒരു വലിയ താഴ്‌വര സൃഷ്ടിക്കും എന്നാണു പ്രവചനം. ഈ സ്ഥലം ഏതാണെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആസൽ എന്ന എബ്രായവാക്കിന്റെ അർത്ഥം ആയ “സമീപം, അടുത്തുവരെ” എന്നീ വാക്കുകളിലേക്കാണു ഭാഷാ വിദഗ്ദ്ധന്മാർ നിഗമനത്തിലെത്തുന്നത്. ഇപ്പോൾ യെരൂശലേമിലെ യെഹൂദ്യമലനിരകളിൽനിന്നു (വടക്കു പടിഞ്ഞാറു ഭാഗം) ഉത്ഭവിച്ചു ഷെഫീലയിലൂടെ ഒഴുകി മെഡിറ്ററേനിയൻ നിപതിക്കുന്ന സോരെക്നദീതടതാഴ്‌വര ഉണ്ട്. സോരെക്നദിയുടെ ആകെ നീളം ഏകദേശം 70 കിലോമീറ്ററാണ്. ആയിരമാണ്ടു വാഴ്ചക്കാലത്തു ദൈവാലയത്തിൽ നിന്നും പുറപ്പെടുന്ന ജീവജലത്തിന്റെ ഉറവ കിഴക്കോട്ടൊഴുകി എന്നാണു യെഹെസ്കേൽ 47:1-12 വരെയുള്ള ഭാഗത്തു നാം കാണുന്നത്. ഈ പ്രവചനം നിറവേറണമെങ്കിൽ കെദ്രോൻതോടു ഉൾപ്പെട്ട സമതലം സോരെക് താഴ്‌വരയുമായി ഒന്നായി ചേർന്നുവരണം. രണ്ടു സമതലങ്ങൾക്കും മദ്ധ്യേ 40 മുതൽ 48 കിലോമീറ്റർവരെ യെഹൂദ്യമലനിരകളുടെ തടസ്സം ഉണ്ട്. ഗേബമുതൽ രിമ്മോൻവരെ ഏകദേശം 66 കിലോമീറ്റർ ഉണ്ട്. യെരൂശലേമിനു 10 കിലോമീറ്റർ വടക്കു-പടിഞ്ഞാറാണു ഗേബ സ്ഥിതിചെയ്യുന്നത്. ഗേബമുതൽ തെക്കു റിമ്മോൻവരെ 66 കിലോമീറ്ററും. ഇവിടെയാണു ആസൽ എന്ന വാക്കിന്റെ അർത്ഥത്തിന്റെ പ്രാധാന്യം. യെരൂശലേം നഗരത്തെ അഥവാ ആലയം സ്ഥിതിചെയ്യുന്ന പർവ്വതത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ അതിന്റെ സമീപത്തുകൂടെ ഒരു വലിയ താഴ്‌വര ഉണ്ടാവുകയും യെഹൂദ്യമലനിരകൾ ഇല്ലാതെയായി തീരുകയും ചെയ്യും. അങ്ങനെ കെദ്രോൻസമതലവും സോറെക് സമതലവും ഒന്നായിത്തീരും. അതിനായി രണ്ടിനും മദ്ധ്യേയുള്ള മലനിരകൾ 400-മുതൽ 600-വരെ അടി (120-230മീറ്റർ) താഴേക്കു സമുദ്രനിരപ്പിലേക്കു ഇരുത്തിപ്പോകേണ്ടതായിട്ടുണ്ട്.

എൻഡോർഹൈക് തടത്തിൽ വിള്ളൽ

കടലിലേക്കോ സമുദ്രത്തിലേക്കോ ഒഴുകിപ്പോകാതെ, വെള്ളം ഉള്ളിൽത്തന്നെ കെട്ടിക്കിടക്കുന്ന അടഞ്ഞ നദീതടമാണു എൻഡോർഹൈക്. ചാവുകടൽത്തടം ഇത്തരം ഒരേണ്ണമാണ്. ഈ വലിയ ഭൂകമ്പം ചാവുകടൽത്തടത്തിന്റെ തെക്കൻ അരികിനെയും തകർക്കും. ചരിത്രപരമായി പ്രകൃതിദത്ത പ്ലഗ് പോലെ പ്രവർത്തിക്കുന്ന വലിയ മലനിരകൾ -അരാബാ റിഡ്ജ്- ഉണ്ട്. ഈ മലനിരയാണു ചാവുകടലിലെ ഹൈപ്പർ-സലൈൻ ജലത്തെ സ്ഥാനത്തു നിർത്തുകയും കരയാൽ ചുറ്റപ്പെട്ട അവസ്ഥയിൽ അതിനെ കുടുക്കുകയും ചെയ്യുന്നത്. ചാവുകടലിനും ചെങ്കടലിനും (അഥവാ അക്വാബാ കടൽ) മദ്ധ്യേയുള്ള 206 മീറ്റർ ഉയരമുള്ള ഈ മലനിരകൾ 750 അടി അഥവാ 230 മീറ്റർ താഴേക്കു വരുമെന്നു പ്രവചനം. അരാബമുതൽ ചാവുകടൽവരെ 166 കിലോമീറ്റർ ദൂരമുണ്ട്. യോർദ്ദാൻനദിയുടെ സ്വാഭാവിക ആഴം മഴക്കാലത്തു പരമാവധി 12 അടിവരെ മാത്രമാണ്, വീതി പരമാവധി 100 അടി വരെയും. ഈ രീതിയിൽ ചാവുകടലും അക്വാബ ഉൾക്കടലും തമ്മിൽ മാനുഷികമായി ബന്ധിപ്പിച്ചാൽ ചെങ്കടലിലെ ഉപ്പുവെള്ളം ചാവുകടലിലേക്കു കുതിച്ചെത്തും. ഇത്തരം ഒരു പദ്ധതിക്കു ജോർദ്ദാൻ രാജ്യം ശ്രമിച്ചുവെങ്കിലും പിന്നീടു ഉപേക്ഷിച്ചു.

എന്നാൽ ദൈവികപദ്ധതിപ്രകാരം ആലയത്തിൽ നിന്നു കുതിച്ചെത്തുന്ന ജീവജലനദി ഭൂമിശാസ്ത്രപരമായ തടസ്സത്തെ തകർത്തുകളയുക മാത്രമല്ല; സൊദോം-ഗൊമോറ നാശത്തിലൂടെ ചാവുകടൽ രൂപപ്പെടുന്നതിനുമുമ്പു യോർദ്ദാൻനദി അരാബ താഴ്‌വരയിലൂടെ അക്വാബയിലേക്കു ഒഴുകിയിരുന്ന പണ്ടത്തെ സഞ്ചാരപാതയും പഴയ അടിത്തട്ടും വീണ്ടെടുക്കുകയും ചെയ്യും. കുതിച്ചുകയറുന്ന ജീവജലം ആയിരക്കണക്കിനു വർഷത്തെ മണൽനിക്ഷേപം നീക്കം ചെയ്യുക മാത്രമല്ല, ചെങ്കടലിന്റെ ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റത്തെ പിന്നോട്ടു പായിക്കുകയും ചെയ്യും. ആമസോൺ നദി അറ്റ്ലാൻ്റിക് മഹാസമുദ്രത്തിലെ ഉപ്പുവെള്ളത്തെ കടലിലേക്ക് ഏകദേശം 150 മുതൽ 320 കിലോമീറ്റർ വരെ (100 – 200 മൈൽ) ദൂരത്തേക്ക് ശക്തമായി തള്ളിമാറ്റുന്നതുപോലെയായിരിക്കും ഇത്. ആമസോൺനദിയുടെ ഒഴുക്ക് അത്രമേൽ ശക്തമായതിനാൽ നദി കടലിൽ ചെന്നുചേരുന്ന ഭാഗത്ത് (Estuary) ഉപ്പുവെള്ളത്തിന് ഒട്ടുംതന്നെ പ്രവേശിക്കാൻ കഴിയില്ല

സെഖര്യാവ് 14:5-ൽ പ്രതിപാദിക്കുന്ന ഭൂകമ്പം വമ്പിച്ച ടെക്റ്റോണിക് സ്ഥാനചലനവുമായി സംയോജിച്ചു മേഘവിസ്ഫോടനത്തിലെ കുത്തൊഴുക്കുപോലെ ഒഴുകുന്ന ജീവജലത്തിന്റെ മർദ്ദം ഒരു ദിവ്യ ഹൈഡ്രോളിക് എക്‌സ്‌കവേറ്റർ പോലെ പ്രവർത്തിക്കും. അരാബ മരുഭൂമിയുടെ കർക്കശമായ വരണ്ട താഴ്‌വരയുടെ പുരാതന അടിത്തട്ടു തുറന്നുവരുമ്പോൾ, ചാവുകടലിനെ ചെങ്കടലുമായി (അക്വാബ) ബന്ധിപ്പിക്കുന്ന ആഴക്കടൽ കപ്പൽ കടലിടുക്കാക്കി ഇതു പൂർണ്ണമായും മാറും. ഇതു മുഴുവൻ ഭൂമിശാസ്ത്രപരവും ബൈബിൾ പ്രവചനപരവുമായ വിഷയങ്ങളെയും കുറ്റമറ്റ ഐക്യത്തിലേക്കു കൊണ്ടുവരുന്നു. വെള്ളം വെള്ളത്തെ സുഖപ്പെടുത്തും. പക്ഷേ ഭൂകമ്പമായിരിക്കും പാതയെ വിശാലമായി തുറക്കുന്നത്. യെരൂശലേംനഗരം സ്ഥിതി ചെയ്യുന്ന മലനിരകളുടെ അടിവാരത്തുനിന്നു വെറും 24 കിലോമീറ്റർ കിഴക്കുമാറിയാണു ചാവുകടൽ സ്ഥിതി ചെയ്യുന്നത്. യെരൂശലേമിന്റെ ഏറ്റവും ഉയരമുള്ള സ്ഥലം സമുദ്രനിരപ്പിൽനിന്നു ഏകദേശം 826 മീറ്റർ (2,710 അടി) ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഭൂപ്രകൃതി അതിന്റെ പ്രശസ്തമായ കുന്നുകളിലുടനീളം വ്യത്യാസപ്പെട്ടിരിക്കുമ്പോൾ, മദ്ധ്യ യെരൂശലേമിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽനിന്നു ഏകദേശം 785 മീറ്റർ (2,575 അടി) ആണ്. നഗരത്തിൽ നിന്നു ഒരു നദി പുറപ്പെട്ടാൽ സ്വാഭാവികമായും അതു കുന്നുകളിലൂടെ താഴേക്കു ഒഴുകി ഉപ്പുകടലിൽ പതിക്കുമല്ലോ.

ചാവുകടലിന്റെ ശാപമോക്ഷം

ചാവുകടലിന്റെ ഉപ്പുസാന്ദ്രത 342 ഗ്രാം/ലിറ്റർ ആണ്. അതിൽ ആകെ 39 ബില്യൻ മെട്രിക് ടൺ ഉപ്പുനിക്ഷേപമുണ്ട്. ലോകത്തിലെ മറ്റു സമുദ്രങ്ങളിലെ ഉപ്പുസാന്ദ്രത ശരാശരി 35 ഗ്രാം/ലിറ്റർ ആണ്. ചാവുകടലിലെ മൊത്തം ഉപ്പും ലോകത്തിലെ ആകെയുള്ള കടൽജലത്തിലേക്കു സമീകൃതമായി വിന്യസിച്ചിൽ സമുദ്രജലത്തിന്റെ സാന്ദ്രത 35.000029 ഗ്രാം/ലിറ്ററായി മാത്രമേ ഉയരൂ എന്നു ശാസ്ത്രക്കണക്കുകൾ പറയുന്നു!

“അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും (യെഹെ: 47:8).” ഇവിടെ പറയുന്ന കടൽ ചെങ്കടലാണല്ലോ. എന്നാൽ ഇവിടെപ്പറയുന്ന ഗലീല എന്ന വാക്കു വിവർത്തനപ്പിശകാണ്. [In Hebrew, the root word הַגְּלִילָה (ha-Gelilah). is used here. In Hebrew, the root word galil or gelilah literally means a “circuit,” “district,” “boundary,” or “rolling region].” അതിനാൽ “കിഴക്കേ അതിർത്തിയിലേക്കു” എന്നതാണു കൃത്യമായ മൊഴിമാറ്റം. കാരണം ഗലീല യെരൂശലേമിനു വടക്കാണല്ലോ.

ആഫ്രിക്ക പിളരുന്നു.

ആഫ്രിക്ക ടെക്റ്റോണിക് തലത്തിൽ വിഭജിക്കപ്പെടുകയാണ്. ആഫ്രിക്കൻ പ്ലെയ്റ്റും നൂബിയൻ പ്ളെയ്റ്റും തമ്മിൽ വിഘടിച്ചുമാറുന്നു. ആ പിളർപ്പു അരാബയിലേക്കു നീളുന്നുവെന്നു ശാസ്ത്രം പറയുന്നു. പിളർന്നഭാഗം യഥാർത്ഥത്തിൽ ഏഷ്യയിൽ ലയിക്കേണ്ടതിനുപകരം അറേബ്യൻ ഉപദ്വീപിൽ നിന്നും അകന്നുപോകുകയാണ്. ചെങ്കടൽ മുതൽ മൊസാംബിക്ക് വരെ വ്യാപിച്ചുകിടക്കുന്ന 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു വലിയ വിള്ളലായ ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റത്തിൽ (EARS) അതിഭീമമായ ഭൂമിശാസ്ത്രപ്രതിഭാസം സംഭവിക്കുന്നു. അടുത്ത 5 മുതൽ 10 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ, ഈ പ്രക്രിയ ഭൂപടത്തെ പൂർണ്ണമായും പുനർനിർമ്മിക്കും. ഒടുവിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തെ ഒരു പുതിയ സമുദ്രതടംകൊണ്ടു വിഭജിക്കുന്ന രണ്ടു വ്യത്യസ്ത കരഭാഗങ്ങളായി മാറിയിരിക്കും. പുതിയ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള വിള്ളലിന്റെ വീതി 64 കിലോമീറ്റർവരെ ആകും എന്നാണു ശാസ്ത്രലോകം പറയുന്നത്. ചിത്രം സുവ്യക്തമല്ലേ? നാം 50 ലക്ഷം വർഷം ഒന്നും കാത്തിരിക്കേണ്ട. ഈ തലമുറയിൽ അതുസംഭവിക്കും. ജീവജലത്തിന്റെ ഉറവ യോർദ്ദാൻനദിയുടെ പുരാതനപാത വീണ്ടെടുക്കുമ്പോൾ ഈ വിള്ളലിലേക്കായിരിക്കും അരാബ മരുഭൂമിയിലെ കോടിക്കണക്കിനു ടൺ മണ്ണും മണലും പാറയും ചെന്നു പതിക്കുന്നത്. പുതുതായി തുറക്കപ്പെട്ട നദീതടങ്ങളിലൂടെ ചെങ്കടലിൽനിന്നും മെഡിറ്ററേനിയൻ കടലിൽനിന്നും മത്സ്യസമ്പത്തും മറ്റു കടൽജീവികളും ചാവുകടലിലേക്കു കുതിച്ചെത്തും.

“എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ളയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും (യെഹെ: 47:9-11).” ഇതു ചാവുകടലിന്റെ ശാപമോക്ഷം ആയിരിക്കും. അന്നാളിൽ ഇന്നത്തെ മരുഭൂമിയായിരിക്കുന്ന നെഗേവു മലർവാടിയായിത്തീരും.

അതിനായി, “എല്ലാ താഴ്‌വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം (യെശയ്യാവ് 40:4). പാലസ്തീനിനായി ഒരു ഈറ്റുനോവു കാത്തിരിക്കുന്നു..

 

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading