ലേഖനം: അസാധ്യങ്ങളെ സാധ്യമാക്കുന്ന വിശ്വാസം | ദീന ജെയിംസ്

ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയും ആത്മീയ വളർച്ചയുടെ പ്രധാന ഘടകവുമാണ് വിശ്വാസം. പ്രതീക്ഷകൾ തകരുകയും പ്രതിസന്ധികൾ ജീവിതത്തെ കീഴടക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലും മുന്നോട്ട് പോകാനുള്ള ധൈര്യം വിശ്വാസം നൽകുന്നു. ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുകയും, അവിടുത്തെ വാഗ്ദാനങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസത്തിന്റെ യഥാർത്ഥ ശക്തി അനുഭവവിക്കാൻ കഴിയുന്നത്. വിശ്വാസം വെറും വാക്കുകളിലോ ചിന്തകളിലോ ഒതുങ്ങുന്നതല്ല; അത് നമ്മുടെ ജീവിതത്തിലും പ്രവൃത്തികളിലും പ്രകടമാകേണ്ടതാണ്. ദൈവവുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ധൈര്യം നൽകുകയും ചെയ്യുന്ന അമൂല്യമായ ആത്മീയ ശക്തിയാണ് വിശ്വാസം.

News Middle Advt Banner

വിശുദ്ധ വേദപുസ്തകത്തിൽ വിശ്വാസത്താൽ ദൈവശക്തി അനുഭവിച്ചറിഞ്ഞ അനേകരെ കാണാൻ സാധിക്കും. മത്തായി 9:18 മുതൽ 31 വരെയുള്ള വാക്യങ്ങളിൽ വിശ്വാസത്താൽ ദൈവിക അത്ഭുതങ്ങളുടെ സാക്ഷികളായ മൂന്നുപേരെ കാണാം ; ഒരു പ്രമാണി, രക്തസ്രവക്കാരി സ്ത്രീ, രണ്ടു കുരുടന്മാർ. മൂന്നുപേരുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരുന്നു, സാധ്യതകൾ ഇല്ലാത്തതുമായിരുന്നു. എങ്കിലും യേശുവിലുള്ള അവരുടെ വിശ്വാസം അടിയുറച്ചതായിരുന്നു.

മകൾ മരിച്ച വേദനയിലും യേശു വന്നു അവളുടെമേൽ കൈവച്ചാൽ അവൾ ജീവിക്കും എന്ന് വിശ്വസിക്കാൻ കഴിഞ്ഞ പ്രമാണിയുടെ വിശ്വാസം പ്രശംസനീയമാണ്!

ആ ഉറച്ച വിശ്വാസം ദൈവപ്രവർത്തിക്ക് മുഖാന്തിരമായി.

പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള സ്ത്രീ താൻ യേശുവിന്റെ വസ്ത്രം മാത്രം ഒന്നുതൊട്ടാൽ സൗഖ്യമാകുമെന്ന് വിശ്വസിച്ചു. അവളുടെ രോഗത്തിന്റെ തീവ്രതയേക്കാൾ തീവ്രമായിരുന്നു ദൈവത്തിലുള്ള വിശ്വാസം അത് അവളിൽ അത്ഭുതസൗഖ്യമായി വെളിപ്പെട്ടു!! യേശുവിന്റെ അടുക്കൽ എത്തിയ രണ്ടു കുരുടന്മാർ യേശുവിനു തങ്ങളെ സൗഖ്യമാക്കാൻ കഴിയുമെന്ന് വിശ്വസിച്ചു അവരുടെ വിശ്വാസം അവരുടെ കണ്ണുകൾ തുറന്നു അവർ കാഴ്ച പ്രാപിച്ചു!!

പ്രതീക്ഷയില്ലാത്ത സാഹചര്യങ്ങളിലും യേശുവിൽ വിശ്വാസമർപ്പിച്ചവർ വിടുതൽ നേടി! അവരുടെ വിശ്വാസം സാഹചര്യങ്ങളെക്കാൾ വലുതായിരുന്നു. ഇന്നും ജീവിതത്തിലെ പ്രതിസന്ധികളിലും അസാധ്യതകളിലും യേശുവിൽ പൂർണ്ണമായി വിശ്വസിക്കുമ്പോൾ അസാധ്യങ്ങൾ സാധ്യതകളായി മാറും! സാഹചര്യങ്ങളെ നോക്കി നെടുവീർപ്പെടുന്നതല്ല ദൈവത്തിന്റെ ശക്തിയെ തിരിച്ചറിയുന്നതാണ് വിശ്വാസം. സാഹചര്യങ്ങൾ എത്ര ദുഷ്കരമായാലും വിശ്വാസം കൈവിടാതെ ദൈവത്തോട് അടുത്ത് ചെന്നാൽ അവന്റെ മഹത്വം നമ്മിലൂടെ വെളിപ്പെടും!!

വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപാരിക്കുന്ന ദൈവശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും!!

ദൈവത്തിൽ വിശ്വാസമുള്ളവരാകാം…

 

ദീന ജെയിംസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading