വീണ്ടുവിചാരം: വിവാഹത്തിന് മുൻപ്…| ജെ പി വെണ്ണിക്കുളം

വിവാഹത്തിന് മുൻപ് HIV ടെസ്റ്റ്‌ നടത്തണമെന്ന് മാർത്തോമ്മാ സഭാ വൈദിക ട്രസ്റ്റി റവ. കെ തോമസ് പറഞ്ഞതും അതിനെ സഭ തള്ളിയതും വാർത്തയായതു നമ്മൾ കണ്ടല്ലോ. സൗദി, യു എ ഇ, ബഹ്‌റൈൻ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഈ പരിശോധന നിയമപരമായി നടക്കുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് ഇതുവരെ കാര്യമായ നിയമം ഉള്ളതായി അറിവില്ല. മാറിവരുന്ന ലോകസാഹചര്യങ്ങളിൽ കുട്ടികൾ തെറ്റായ വഴികളിൽ എത്തിപ്പെടുന്നത് ഇന്ന് സാധാരണമായിക്കഴിഞ്ഞു. വിവാഹത്തിന് മുൻപേ അവർ എങ്ങനെ ആയിരുന്നു എന്നോ എങ്ങനെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കണമെന്നോ വ്യക്തമായ ധാരണയില്ലാത്ത നിരവധി ചെറുപ്പക്കാരുണ്ട്. അടുത്ത കാലങ്ങളിലായി പെന്തെക്കോസ്ത് സമൂഹത്തിൽ വിവാഹ പൂർവ കൗൺസിലിംഗ് (pre marital counseling) നിർബന്ധമാക്കിയിട്ടുണ്ട്. അത് എല്ലാ സഭകളും നിർബന്ധമാക്കുന്നത് നല്ലതാണ്. വിവാഹത്തിലേക്കു പ്രവേശിക്കും മുന്നേ അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് നേടുക തന്നെ വേണം. പലപ്പോഴും ഈ പറയുന്ന കൗൺസിലിംഗോ തുറന്നു സംസാരിക്കാനുള്ള മറ്റേതെങ്കിലും അവസരങ്ങളോ ലഭിക്കാത്തത് വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കും മുൻപ് അവർക്കു ശാരീരികമായോ മാനസികമായോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? എത്രയോ വീട്ടുകാർ ഇതൊക്കെ മറച്ചുവച്ചു കുട്ടികളുടെ ഭാവി നശിപ്പിക്കുന്നു. പല പ്രശ്നങ്ങളും അറിയുന്നത് വിവാഹ ശേഷമാണ്. അതുണ്ടാക്കുന്ന ‘ഭൂകമ്പം’ ചെറുതല്ല എന്നതും വിസ്മരിച്ചുകൂടാ. ആരോഗ്യകരമായ കുടുംബ ജീവിതം ഉണ്ടാകുന്നതിനു മുന്നേ കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾ ഈ വിഷയത്തെ ഓർത്തു ആത്മാർഥമായി പ്രാർത്ഥിച്ചിരിക്കണം. മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവർ ആരെയും വഞ്ചിക്കാതെ, സ്വാർത്ഥലാഭത്തിനു വേണ്ടി കുട്ടികളുടെ ജീവിതം ഹോമിക്കരുത്. ഒരു ജീവിതം ജീവിക്കേണ്ട തലമുറകളാണ്, പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ, ഒന്ന് പറഞ്ഞു രണ്ടാമത്തതിന് വിവാഹമോചനം ആഗ്രഹിക്കുന്ന കുട്ടികളാണവർ. മാതാപിതാക്കൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും വിവാഹജീവിതത്തിലെ പരിപാവനതയുമൊന്നും കുട്ടികൾക്ക് അത്ര വിഷയമൊന്നുമല്ല. അവരൊക്കെ ദൈവവഴികളിൽ സഞ്ചരിക്കുന്നവരാണെന്നു നമ്മൾ വിശ്വസിക്കുന്നു. ആ വിശ്വാസം ശരിയായിരിക്കട്ടെ എന്നാണ് പ്രാർത്ഥനയും. എന്നാൽ പല വിഷയങ്ങളുടെയും നിമിത്തം പിന്നീട് ദുഖിക്കുന്ന അനേകം കുടുംബങ്ങളുണ്ട്. മറ്റുചിലർക്ക് ഇതൊന്നും വിഷയവുമില്ല, ഒന്നല്ലെങ്കിൽ മറ്റൊന്ന് അവർ തിരഞ്ഞെടുക്കുന്നു. കുട്ടികളെ അവർ നടക്കേണ്ട വഴിയിൽ തന്നെ അഭ്യസിപ്പിക്കുക. കുടുംബ ജീവിതത്തിന്റെ പ്രാധാന്യം, ബൈബിൾ അതിനെക്കുറിച്ചു എന്ത് പറയുന്നു ഇതെല്ലാം അവർ അറിയണം. അതിനെക്കുറിച്ചു കൃത്യമായ ബോധ്യം അവർക്കു നൽകണം. വഴിതെറ്റിക്കുന്ന സൗഹൃദം അവർക്കു ഉണ്ടായേക്കാം. എന്നാൽ അതുണ്ടാകാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്.

 

News Middle Advt Banner

ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading