എഞ്ചൽ ജെറോമിന് പ്രത്യാശയോടെ യാത്രാമൊഴി

കടമ്മനിട്ട: നിറഞ്ഞ പ്രത്യാശയും പ്രാർത്ഥനകളെയും സാക്ഷിയാക്കി എഞ്ചൽ ജെറോം (28) ദൈവസന്നിധിയിലേക്ക് മടങ്ങി.

News Middle Advt Banner

യുകെയിലെ ബാസിൽഡണ്ണിൽവെച്ച് അപ്രതീക്ഷിതമായി പ്രവാസജീവിതം അവസാനിപ്പിച്ച് നിത്യതയിലേക്ക് യാത്രയായ എഞ്ചൽ ജെറോമിന്റെ സംസ്കാരം ഉറ്റവരുടെയും ഉടയവരുടെയും കണ്ണീരിനും പ്രാർത്ഥനകൾക്കുമിടയിൽ സഭാ സെമിത്തേരിയിൽ പൂർത്തിയായി.

അമ്മയുടെ സ്നേഹവും വാത്സല്യവും തിരിച്ചറിയാൻ പോലും പ്രായമാകാത്ത ഒമ്പതുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തനിച്ചാക്കിയാണ് എഞ്ചൽ യാത്രയായത്. അമ്മയുടെ കരുതലും സ്നേഹവും ഏറെ ആവശ്യമുള്ള ആ കുഞ്ഞിന് അമ്മയുടെ വേർപാട് തീരാനഷ്ടമായി മാറി.

പാറേൽ മാത്യു ജോർജിന്റെയും (മോനി) മിനിമോളിന്റെയും പ്രിയമകളായ എഞ്ചൽ, ആനന്ദപ്പള്ളി സ്വദേശിയായ ഭർത്താവ് ജെറോമിന്റെ പ്രിയപ്പെട്ട ജീവിതപങ്കാളിയായിരുന്നു. കണ്ടനെല്ലൂർ ജെറിയുടെയും മോനിയമ്മയുടെയും മരുമകളുമായിരുന്നു.

കണ്ണീരോടെ അവസാനമായി ഒരു നോക്ക്

ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ നടന്ന പൊതുദർശനത്തിൽ നാടൊന്നാകെ കണ്ണീരോടെ പ്രിയപ്പെട്ട എഞ്ചലിന് ആദരാഞ്ജലികൾ അർപ്പിച്ചു.

അപ്രതീക്ഷിതമായ വേർപാടിന്റെ വേദനയിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശ്വാസവാക്കുകൾ പോലും അന്യമായ നിമിഷങ്ങളായിരുന്നു.

തുടർന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണിക്ക് ഐപിസി ആനന്ദപ്പള്ളി അഗാപ്പേ ചർച്ചിന്റെ നേതൃത്വത്തിൽ മണക്കാല വെള്ളക്കുളങ്ങര മൗണ്ട് ഒലിവ് മാർത്തോമ പാരിഷ് ഹാളിൽ യാത്രാമൊഴി ശുശ്രൂഷകൾ ആരംഭിച്ചു. പ്രാർത്ഥനകളുടെയും കണ്ണീരിന്റെയും അകമ്പടിയോടെ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് എഞ്ചലിന്റെ ഭൗതികശരീരം സഭാ സെമിത്തേരിയിൽ സംസ്കരിച്ചത്.

അന്യനാട്ടിലെ തണുത്തുറഞ്ഞ ദിനങ്ങളിൽ നിന്ന് ജനിച്ചുവളർന്ന നാടിന്റെ സ്നേഹമണ്ണിലേക്ക് എഞ്ചൽ മടങ്ങിയെത്തി. ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ ബാക്കിവെച്ച് കടന്നുപോയ ഏഞ്ചലിന്റെ ഓർമ്മകൾ ഇനി പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ മാത്രം.

അമ്മയുടെ സ്നേഹം അറിയാൻ പോലും പ്രായമാകാത്ത ആ പിഞ്ചോമനയ്ക്കും, പ്രിയപ്പെട്ടവളുടെ വേർപാടിൽ തകർന്നുനിൽക്കുന്ന ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഈ തീരാനഷ്ടം താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെ..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading