ഫീച്ചർ: തെരുവിൽ ലജ്ജയില്ലാതെ സുവിശേഷത്തെ ഉയർത്തുന്ന ബേബിക്കുട്ടി ഉപദേശി | തയ്യാറാക്കിയത്: രാജൻ പെണ്ണുക്കര
പദവിയോ സ്ഥാനമാനങ്ങളോ പ്രശസ്തിയോ ലാഭേച്ഛയോ ധനമോഹമോ മാറിമാറിയെത്തുന്ന ആഡംബര വാഹനങ്ങളുടെ മോടിയോ വർണപ്പകിട്ടാർന്ന പന്തലുകളുടെ അലങ്കാരമോ ഒന്നുമില്ലാതെ സുവിശേഷം പ്രസംഗിക്കുന്നതിൽ വിശ്വസ്തതയുടെ പര്യായമായി മാറിയ വ്യക്തിയാണ് ബേബിക്കുട്ടി ഉപദേശി.

കഴിഞ്ഞ ഇരുപത്തിമൂന്നിലധികം വർഷമായി നിരന്തരം പരസ്യയോഗ ശുശ്രൂഷകളിൽ സജീവമായ അദ്ദേഹം, പ്രത്യേകിച്ച് ഇപ്പോൾ ചെങ്ങന്നൂർ നഗരത്തിന്റെ തെരുവീഥിയിൽ, അനേക പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസിദ്ധമായ വെറൈറ്റി സ്റ്റോഴ്സിന്റെ ഭിത്തിയോട് ചേർന്നിരുന്ന് തന്റെ ജീവിതസമ്പാദ്യമായ ഇരുചക്രവാഹനത്തിൽ സ്ഥിരമായി ഘടിപ്പിച്ച മെഗാഫോണിലൂടെ നിർഭയം സുവിശേഷം വിളിച്ചുപറയുകയാണ്.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും, കാലാവസ്ഥയുടെ വ്യത്യാസങ്ങളൊന്നും വകവയ്ക്കാതെ, മണിക്കൂറുകളോളം ഉച്ചത്തിൽ സുവിശേഷം പ്രസംഗിക്കുമ്പോഴും അത് ഒരു ശല്യമായി തോന്നാതിരിക്കാൻ അദ്ദേഹത്തിന് ഇടവും പിന്തുണയും നൽകിയ വെറൈറ്റി സ്റ്റോഴ്സ് കുടുംബത്തിനും സമീപത്തെ മറ്റു വ്യാപാരസ്ഥാപന ഉടമകൾക്കും നന്ദി പറയേണ്ടതുണ്ട്. പലപ്പോഴും ക്രിസ്തുവിരോധികളുടെ ഭീഷണികൾക്കു മുന്നിലും അചഞ്ചലനായി നിന്ന ക്രിസ്തുഭക്തനാണ് ബേബിക്കുട്ടി ഉപദേശി.
അവധി ദിവസങ്ങളിൽ നാട്ടിലെത്തുമ്പോഴും പിന്നീട് സ്ഥിരതാമസമാക്കിയ ശേഷവും ചെങ്ങന്നൂരിന്റെ വീഥികളിൽ കാലുകുത്തുമ്പോൾ കേൾക്കുന്ന സുപരിചിതമായ ശബ്ദമായി അദ്ദേഹം മാറിയിരിക്കുന്നു. കർത്താവിന്റെ വരവിനെക്കുറിച്ചും സുവിശേഷത്തിന്റെ സന്ദേശത്തെക്കുറിച്ചും നിർബാധം വിളിച്ചുപറയുന്ന അദ്ദേഹത്തെ വഴിയാത്രക്കാർ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിന്റെ ശുശ്രൂഷയെ തടസ്സപ്പെടുത്താതെ, എപ്പോഴെങ്കിലും കാണുമ്പോൾ െ കൈ കൊടുത്തും പിന്തുണ നൽകിയും കടന്നുപോകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്.
മധ്യതിരുവിതാംകൂറിൽ പന്തളത്തിന് പടിഞ്ഞാറുള്ള മാങ്കാക്കുഴി സ്വദേശിയായ ബേബിക്കുട്ടി ഉപദേശിക്ക് ഇപ്പോൾ 66 വയസ്സാണ്. ഇതിനകം ഏകദേശം ഇരുപതിനായിരത്തിലധികം പരസ്യയോഗ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം സുവിശേഷപ്രവർത്തനത്തിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ഭാര്യ ലില്ലിക്കുട്ടിയും ഏകമകൾ ബിൻസിയും ഈ ആത്മീയ ശുശ്രൂഷയിൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു. ബിൻസിയുടെ ഭർത്താവ് പാസ്റ്റർ ജോൺസൺ കണ്ണൂർ മണിക്കടവ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ്. ബിൻസിയും പതിനയ്യായിരത്തിലധികം പരസ്യയോഗങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുള്ളതായി കുടുംബം വ്യക്തമാക്കുന്നു.
കത്തോലിക്കാ സഭയിൽ ജനിച്ചുവളർന്ന ബേബിക്കുട്ടി ഉപദേശി 38-ാം വയസ്സിൽ വിശ്വാസസ്നാനം സ്വീകരിച്ചു. കഴിഞ്ഞ 28 വർഷമായി മാങ്കാക്കുഴി അപ്പോസ്തലിക് പെന്തെക്കോസ്ത് സഭയിലെ (ACOP) വിശ്വാസിയാണ്. യുവാവായിരുന്ന കാലം മുതൽ തിരുവനന്തപുരം, കൊല്ലം, പുനലൂർ, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പരസ്യയോഗ ശുശ്രൂഷകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
വാർധക്യത്തിന്റെ പരിമിതികളെ മാനിച്ച് പിന്നീട് ശുശ്രൂഷാ മേഖലകൾ കല്ലുമല, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചുരുക്കി. ആരോഗ്യപ്രശ്നങ്ങൾ കാരണം മൈക്രോഫോൺ ഉപയോഗത്തിന് ഡോക്ടർമാർ നിയന്ത്രണം നിർദേശിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ഇപ്പോൾ ചെങ്ങന്നൂരിൽ മാത്രം കേന്ദ്രീകരിച്ച് രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ പരസ്യയോഗ ശുശ്രൂഷ തുടരുകയാണ്.
പേരിന് മുന്നിലും പിന്നിലും അലങ്കാരിക ഇംഗ്ലീഷ് അക്ഷരങ്ങൾ നിരത്തിവെക്കാനോ തന്റെ പേരും സ്ഥാനവും വിളിച്ചുപറയാനോ താൽപര്യമില്ലാത്ത ലളിതനായ സുവിശേഷകനാണ് ബേബിക്കുട്ടി ഉപദേശി. വേദിയിലെ ആരവങ്ങളോ കാതടപ്പിക്കുന്ന സംഗീതമോ ആഡംബരങ്ങളോ ഇല്ലാതെ, നശിച്ചുപോകുന്ന ആത്മാക്കൾക്കായുള്ള ഭാരത്തോടെ സുവിശേഷം പ്രസംഗിക്കുകയാണ് അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ മുഖമുദ്ര.
“എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു” എന്ന പൗലോസിന്റെ ആത്മീയ ദർശനത്തെ ജീവിതത്തിലൂടെ പകർത്തുന്ന ഒരാളായി ബേബിക്കുട്ടി ഉപദേശിയുടെ ശുശ്രൂഷയെ കാണാം. പ്രശസ്തിയേക്കാളും പദവിയേക്കാളും സുവിശേഷദൗത്യത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം ലളിതമായ ജീവിതങ്ങളും സമർപ്പിത ശുശ്രൂഷകളുമാണ് സഭയുടെയും സമൂഹത്തിന്റെയും ശ്രദ്ധ അർഹിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബേബിക്കുട്ടി ഉപദേശിയെ 75580 84186 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
തയ്യാറാക്കിയത്: രാജൻ പെണ്ണുക്കര

- Advertisement -


Comments are closed.