മതപരിവർത്തന കേസ് ഒഴിവാക്കാൻ മഹാരാഷ്ട്രയിൽ സമ്മതപത്രം സഭകൾ നിർബന്ധമാക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ മതസ്വാതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ ഒഴിവാക്കുന്നതിനായി പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽനിന്ന് സമ്മതപത്രം വാങ്ങാൻ ക്രൈസ്തവ സഭകൾ. മുംബൈ, വസായി, വിരാർ, മീരാ-ഭയന്ദർ, താനെ, പാൽഘർ മേഖലകളിലെ ചില സഭകളാണ് മുൻകരുതൽ നടപടിയായി സ്വയം പ്രഖ്യാപന രേഖകൾ തയ്യാറാക്കുന്നത്.

പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കുന്നത് പൂർണമായും സ്വമേധയാ ആണെന്നും, ആരും നിർബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് സമ്മതപത്രം. ചില സഭകൾ വിശ്വാസികളുടെ ഫോട്ടോ, ആധാർ, പാൻ കാർഡ് വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകളും ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലിജൻ ആക്ട് 2026 പ്രകാരം ബലം, ഭീഷണി, വഞ്ചന, പ്രലോഭനം, വ്യാജ വാഗ്ദാനം തുടങ്ങിയ മാർഗങ്ങളിലൂടെ നടത്തുന്ന മതപരിവർത്തനം കുറ്റകരമാണ്. മതം മാറാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ജില്ലാ അധികാരിക്ക് അറിയിപ്പ് നൽകണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. നിയമലംഘനങ്ങൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം.
പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ, സാധാരണ പ്രാർത്ഥനാ യോഗങ്ങളെയും സാമൂഹിക സേവന പ്രവർത്തനങ്ങളെയും മതപരിവർത്തന ശ്രമങ്ങളായി തെറ്റിദ്ധരിക്കപ്പെടുമെന്ന ആശങ്കയാണ് സഭകൾക്കുള്ളത്. അടുത്തിടെ ചില പ്രദേശങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തിയ സംഭവങ്ങളും പൊലീസ് കേസുകളും ഉണ്ടായ സാഹചര്യത്തിലാണ് സമ്മതപത്രം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതെന്ന് സഭാ നേതാക്കൾ പറയുന്നു.
നിയമം നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ളതാണെന്ന് സർക്കാർ വ്യക്തമാക്കുമ്പോൾ, ന്യൂനപക്ഷ മതസ്ഥാപനങ്ങൾക്കിടയിൽ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള ആശങ്കയും ശക്തമാണ്. ഓഗസ്റ്റ് 28 മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് പല സഭകളും രേഖകൾ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ശക്തമാക്കുന്നത്.

- Advertisement -


Comments are closed.