ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സൺഡേസ്കൂൾ താലന്ത് പരിശോധന സമാപിച്ചു
മുതുകുളം ഐ.പി.സി പ്രയർ സെന്ററിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ചേപ്പാട്: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സൺഡേസ്കൂൾസ് അസോസിയേഷന്റെ 2026-ലെ താലന്ത് പരിശോധന ഓഗസ്റ്റ് 25ന് ചേപ്പാട് ‘പ്രത്യാശ ദീപം’ ഓഡിറ്റോറിയത്തിൽ വിജയകരമായി സമാപിച്ചു. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിച്ച മത്സരങ്ങൾക്ക് 9.15ന് ഉദ്ഘാടന സമ്മേളനത്തോടെ തുടക്കമായി.

ഡിസ്ട്രിക്ട് സൂപ്രണ്ട് ബ്രദർ അനിൽ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഗോഡ്ലി സി. ഉതുപ്പിന്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. പാസ്റ്റർ ബിജോയ് കെ. ജെ. സങ്കീർത്തനം വായിച്ചു. ഡിസ്ട്രിക്ട് സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ ജോയ് തോമസ് സ്വാഗതം പറഞ്ഞു. ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു എബ്രഹാം പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ താലന്ത് കമ്മിറ്റി കൺവീനർ സിസ്റ്റർ പ്രയ്‌സി മാത്യു നൽകി.
ഡിസ്ട്രിക്ടിലെ 24 സൺഡേസ്കൂളുകളിൽ നിന്നായി ആറ് വിഭാഗങ്ങളിലായി 160-ലധികം വിദ്യാർത്ഥികളും അധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തു. മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളുടെ മൂല്യനിർണയം ആറ് വിധികർത്താക്കൾ നിർവഹിച്ചു.
മുതുകുളം ഐ.പി.സി പ്രയർ സെന്റർ 104 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 95 പോയിന്റുമായി ഐ.പി.സി പെനിയേൽ, പത്തിയൂർ ഓവറോൾ റണ്ണർ അപ്പായി. ആറാട്ടുവഴി പ്രയർ സെന്റർ 88 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.
വ്യക്തിഗത വിഭാഗത്തിൽ ബെറ്റിന കെ. സാബു (പെനിയേൽ, പത്തിയൂർ) 41 പോയിന്റോടെ ചാമ്പ്യനായി. ഡാനിയേൽ മാത്യു (ചുങ്കം) 40 പോയിന്റോടെ റണ്ണർ അപ്പായി. ഡിസ്ട്രിക്ട് സൺഡേസ്കൂൾ എക്സിക്യൂട്ടീവുകളായ പാസ്റ്റർ കെ. രമേശ്, പാസ്റ്റർ സാബു തോമസ്, ബ്രദർ പി. വി. സാം, പാസ്റ്റർ സാജൻ ഈശോ, ബ്രദർ ജോബി ജോൺ എന്നിവരും കമ്മിറ്റി അംഗങ്ങളായ ബ്രദർ പി. സി. ജോയ്, സിസ്റ്റർ ബാബിന ജോസഫ്, സിസ്റ്റർ വിജി മനു എന്നിവരും സംഘാടനത്തിന് നേതൃത്വം നൽകി. ടാബുലേഷൻ പ്രവർത്തനങ്ങൾ ബ്രദർ ഫെബിൻ ജെ. മാത്യു നിർവഹിച്ചു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികച്ച പങ്കാളിത്തവും സംഘാടകരുടെ ക്രമബദ്ധമായ പ്രവർത്തനങ്ങളും താലന്ത് പരിശോധനയുടെ വിജയത്തിന് കാരണമായി.

- Advertisement -


Comments are closed.