ലേഖനം: പെരുംകള്ളന്റെ മൊഴികൾ | രാജൻ പെണ്ണുക്കര
അടുത്തയിടെ വായിച്ചതിൽ ഏറ്റവും ചിന്തനീയവും ഹൃദയസ്പർശിയുമായ കുറിപ്പ്, അവൻ പുണ്യാളൻ അല്ല, വീട്ടിലും പള്ളിയിലും കയറ്റുവാൻ കൊള്ളാത്തവൻ അന്ന് കോൺവെന്റിൽ കയറിയത് പ്രാർത്ഥിക്കാനോ പുണ്യപ്രവർത്തി ചെയ്യാനോ ആയിരുന്നില്ല. മോഷണം തൊഴിലാക്കിയവന്റെ കൈകൾ കൊണ്ട് അപ്പം നുറുക്കിയിട്ടില്ല, കൈവെപ്പു ശുശ്രൂഷ ചെയ്തിട്ടില്ല, കയ്യടിച്ച് ആരാധിച്ചിട്ടില്ല, പക്ഷെ പലവട്ടം പള്ളിയുടെ ഭണ്ടാരം കുത്തിപൊളിച്ചിട്ടുണ്ട്, പള്ളിയിൽ മോഷണം നടത്തിയിട്ടുണ്ട്. എന്നാൽ അന്ന് കോൺവെന്റിൽ വെച്ച് ദൈവത്തിന്റെ കയ്യൊപ്പ് പോലെ വേറാരും കാണാത്ത ചിലതൊക്കെ കാണേണ്ടി വന്നു. വൻപന്മാരുടെ കോടികളുടെ വാഗ്ദാനത്തിൽ ഭാര്യക്ക് ജോലിയും പുതിയ വീടുമെല്ലാം… പിന്നെ അതിക്രൂരമായ മർദ്ദനവും, എന്നിട്ടും അണുവിട മാറാതെ തന്റെ മൊഴിയിൽ ഉറച്ചു നിന്ന സത്യസന്ധനായ പെരുംകള്ളൻ. കേരള മനസാക്ഷിയെയും നാടിനെയും കരയിപ്പിച്ച കൊലപാതകത്തിന്റെ ദൃക്സാക്ഷി മൊഴി മാറ്റി പറയണം എന്ന പലവിധ സമ്മർദ്ദം ഉണ്ടായിട്ടും ഇരുപത്തിയെട്ട് വർഷം നീണ്ടുനിന്ന നിയമ യുദ്ധത്തിനിടയിൽ മിക്കവരും കാലുമാറിയിട്ടു പോലും സ്വന്തം മനസാക്ഷിയെ വഞ്ചിക്കാൻ തയ്യാറാകാതെ, മനസാക്ഷി വിറ്റ് ഞാൻ ഒന്നും ചെയ്യില്ല എന്ന ഉറച്ച തീരുമാനം എടുത്ത അടയ്ക്ക രാജു എന്ന കള്ളന്റെ ലേബൽ ഉള്ള യഥാർത്ഥ മനുഷ്യൻ. നാവുകൊണ്ടു കുരള പറയുന്നവനും വെടിപ്പില്ലാത്ത കൈയ്യുള്ളവനും പറഞ്ഞത്, “ഞാൻ കള്ളനാണ് സാറേ പക്ഷെ കൊലപാതകിയല്ല, കണ്ടത് ഞാൻ മാറ്റിപ്പറയില്ല ആ കുഞ്ഞിന് നീതി ലഭിക്കണം” എന്നു മാത്രമായിരുന്നു. നിയമത്തിന്റെയും നാട്ടുകാരുടെയും മുന്നിൽ അയാളൊരു കള്ളനായിരിക്കാം എന്നാൽ മനുഷ്യമനഃസാക്ഷിയുടെ കോടതിൽ അയാളൊരു പുണ്യാളനാണ്. കാരണം പുറമെയുള്ള ലേബൽ അല്ല, അകമെയുള്ള ലേബൽ ആണ് ഒരുവനെ മനുഷ്യൻ ആക്കുന്നതെന്ന ഗുണപാഠം പള്ളിക്കാരെയും സമൂഹത്തേയും പഠിപ്പിച്ച കള്ളൻ.

ഒന്ന് ചോദിക്കട്ടെ, ചില നേട്ടങ്ങൾക്കും സ്ഥാനമാനത്തിലും പദവിക്കും കസേരക്കും വേണ്ടി വിശുദ്ധർ, ആത്മീകർ എന്ന് സ്വയം അഭിമാനിക്കുന്നവർ പറഞ്ഞു നാക്ക് അകത്തിടുന്നതിനു മുൻപ് എത്രവട്ടം സ്വന്തം വാക്കുകൾ നിഷേധിക്കുകയും മാറ്റിയും പറഞ്ഞിട്ടുണ്ട്. ചിലതൊക്കെ ഉറപ്പിക്കാൻ മറ്റുള്ളവരുടെ അവകാശം സ്വന്തം ആക്കാൻ ചിലരെ പുറത്താക്കാൻ എത്രവട്ടം കള്ളത്തരങ്ങളും കൗശലങ്ങളും കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. പറഞ്ഞതും കേട്ടതും കണ്ടതും സത്യം സത്യം ആണെന്ന് സ്വന്തം മനസ്സ് മന്ത്രിക്കുമ്പോഴും നന്നായി ബോധ്യവും ഓർമ്മയും ഉള്ളപ്പോഴും എനിക്ക് ഒന്നും ഓർമ്മയില്ല എന്ന സ്ഥിരം പല്ലവി പറഞ്ഞു മനസാക്ഷിയെയും സമൂഹത്തേയും ദൈവത്തേയും വഞ്ചിച്ചിട്ടുണ്ട്. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു”.. ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും” ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു” (മത്താ 5:37, 2 കൊരി 1:19). ചിലപ്പോൾ സാഹചര്യങ്ങളുടെ സമ്മർദ്ദം വരാം പദവി നഷ്ടമാകാം കസേര തെറിച്ചു എന്നു വരാം എന്നാൽ സത്യത്തിൽ ഉറച്ചു നിൽക്കുന്ന യേശുവിന്റെ സ്വഭാവത്തിന് അനുരൂപരായ ആരെങ്കിലും ഉണ്ടോ എന്ന് കാണ്മാൻ സ്വർഗ്ഗത്തിലെ കണ്ണുകൾ ഭൂമിയിൽ ഊടാടി സഞ്ചരിക്കുന്ന സത്യം മറന്നുപോകരുത്.
കൈയിൽ കത്തുന്ന ടോർച്ചിന്റെ വെളിച്ചം ആണ് മുന്നിൽ നടക്കുന്നവരെ വഴി കാണിക്കുന്നതെങ്കിലും ടോർച്ച് തെളിച്ചു കാട്ടുന്നവൻ ഇരുട്ടിൽ ആണ് അപ്പോഴും നിൽക്കുന്ന സത്യം മറന്നുപോകരുത്. അങ്ങനെ സ്വർഗ്ഗം രാജ്യത്തിന്റെ വഴികാണിക്കുന്നവരും ഇരുളിന്റെ പാതക്ക് വെളിച്ചം പകരുന്നവരും പലപ്പോഴും ഇരുളിന്റെ അവസ്ഥയിൽ അകപ്പെടുന്ന ശോചനീയമായ കാഴ്ച്ച കണ്ട് മൂകസാക്ഷിയായി നിൽക്കാനേ കഴിയുന്നുള്ളു. നാം ഇരുളിന്റെ മക്കൾ അല്ല ഇരുൾ നമ്മേ വിഴുങ്ങുവാൻ ഒരിക്കലും അനുവദിക്കരുതെന്നെ സത്യം മറക്കരുത്. നിയമങ്ങളും തത്വങ്ങളും സ്വന്തം താല്പര്യങ്ങൾക്കായി വളച്ചൊടിക്കുന്നവർ ഓർക്കുക സ്വർഗ്ഗത്തിൽ എഴുതി വെച്ചിരിക്കുന്ന നിയമവും, സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ, കൂടാതെ അടയ്ക്ക രാജുവിന്റെ കണ്ണിനേക്കാൾ തീഷ്ണത ഉള്ള കണ്ണും എല്ലാം കാണുന്നുണ്ട്. പല അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ തോന്നിപോകും സ്വർഗ്ഗരാജ്യം തരിശായി കിടക്കും പക്ഷെ എത്ര പേര് അതിൽ കടക്കും.. രണ്ടുതരം സ്വർഗ്ഗീയ നീതിയും ഓൾ പാസ്സ് (All Pass) ഉം സ്വർഗ്ഗത്തിൽ ഇല്ല. ഘോരഘോരം പ്രസംഗപീഠത്തിൽ വാചാലരാകുന്നവർ പോലും സകലതും ഒളിപ്പിച്ച് അനന്യാസും സഫീറയും ആയി മാറുന്നു. യേശു നികുതി കൊടുത്തിട്ടും ആ ശ്രേണിയിൽ വരുന്നവർ എല്ലാകണക്കും മറച്ചുവെച്ച് നികുതി വെട്ടിച്ച് സമൂഹത്തേയും സ്വർഗ്ഗത്തേയും സ്വന്തം മനസാക്ഷിയേയും വഞ്ചിച്ച് സ്വർഗ്ഗരാജ്യത്തിന്റെ ചൂണ്ടുപലക പിടിക്കുന്നത് കാണുമ്പോൾ അടയ്ക്ക രാജു ആണ് യഥാർത്ഥ പുണ്യാളൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. “അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു” (റോമ: 13:6) എന്ന വാക്യം സത്യമോ?. അടയ്ക്ക രാജു കള്ളന് കഞ്ഞിവെച്ച മഹാകള്ളൻ ആണെന്നും അവന്റെ കയ്യും നാവും പ്രവർത്തിയും വിശുദ്ധമല്ല എന്നും നാം പറയുമായിരിക്കും, എന്നാൽ വിശുദ്ധ ശുശ്രുഷകൾ ചെയ്യുന്ന നമ്മുടെ കയ്യും നാവും വിശുദ്ധമോ എന്നതാണ് ഉത്തരം ലഭിക്കാത്ത ചോദ്യം. അപ്പോൾ ഇതിൽ ആരാണ് പെരുംകള്ളൻ. നമ്മുടെ പുറമെയുള്ള ലേബലും അകമെയുള്ള ലേബലും തമ്മിൽ എന്തെങ്കിലും പൊരുത്തം ഉണ്ടോ എന്ന് ശോധന ചെയ്യാം.
രാജൻ പെണ്ണുക്കര

- Advertisement -


Comments are closed.